5 ദേശീയ പാത പദ്ധതികൾക്ക് തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു
ഇരട്ടിപ്പിച്ച 103 കി.മീ നീളമുള്ള റായ്പുർ - ഖരിയാർ റോഡ് റെയിൽ പാതയും ക്യോട്ടി - അന്താഗഢ് എന്നിവയെ ബന്ധിപ്പിക്കുന്ന 17 കി.മീ ദൈർഘ്യമുള്ള പുതിയ റെയിൽ പാതയും നാടിനു സമർപ്പിച്ചു
കോർബയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബോട്ടിലിംഗ് പ്ലാന്റ് സമർപ്പിച്ചു
വീഡിയോ സംവിധാനത്തിലൂടെ അന്താഗഢ് - റായ്പുർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
"മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ മതിയായ തൊഴിൽ നൽകുന്നതിനായി ഛത്തീസ്ഗഢിന് ഗവണ്മെന്റ് 25000 കോടിയിലധികം രൂപ അനുവദിച്ചു"
ആയുഷ്മാൻ ഭാരതിന് കീഴിൽ ഗുണഭോക്താക്കൾക്കുള്ള 75 ലക്ഷം കാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു
"ഇന്നത്തെ പദ്ധതികൾ ഛത്തീസ്ഗഢിലെ ഗോത്രമേഖലകളിൽ വികസനത്തിന്റെയും സൗകര്യത്തിന്റെയും പുതിയ യാത്രയ്ക്കു നാന്ദി കുറിക്കുന്നു"
"വികസനത്തിന്റെ കാര്യത്തിൽ പിന്നാക്കം നിൽക്കുന്ന പ്രത്യേക പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഗവണ്മെന്റ് മുൻഗണന നൽകുന്നത്"
"ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു"
"ഇന്ന് ഛത്തീസ്ഗഢ് രണ്ട് സാമ്പത്തിക ഇടനാഴികളുമായി സമ്പർക്കം പുലർത്തുന്നു"
"പ്രകൃതിസമ്പത്തിന്റെ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. 750 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ 103 കിലോമീറ്റർ ദൈർഘ്യമുള്ള റായ്പുർ - ഖരിയാർ റോഡ് റെയിൽ പാത, 290 കോടി രൂപ ചെലവിൽ വികസിപ്പിച്ച 17 കിലോമീറ്റർ നീളമുള്ള ക്യോട്ടി - അന്താഗഢ് റെയിൽ പാത എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.  പ്രതിവർഷം 60,000 മെട്രിക് ടൺ ശേഷിയുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോർബയിലെ ബോട്ടിലിംഗ് പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. വീഡിയോ സംവിധാനത്തിലൂടെ അന്താഗഢ് - റായ്പൂർ ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഗുണഭോക്താക്കൾക്കുള്ള 75 ലക്ഷം കാർഡുകളുടെ വിതരണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 

അടിസ്ഥാനസൗകര്യം, സമ്പർക്കസൗകര്യം തുടങ്ങിയ മേഖലകളിൽ 7000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ സംസ്ഥാനത്തിന് ലഭിക്കുന്നതിനാൽ ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നു തുടക്കംകുറിക്കുന്ന പദ്ധതികൾ ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും സംസ്ഥാനത്തെ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഛത്തീസ്ഗഢിലെ നെൽകർഷകർക്കും ധാതു വ്യവസായത്തിനും വിനോദസഞ്ചാര വ്യവസായത്തിനും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. "ഇന്നത്തെ പദ്ധതികൾ ഛത്തീസ്ഗഢിലെ ഗോത്രമേഖലകളിൽ വികസനത്തിന്റെയും സൗകര്യത്തിന്റെയും പുതിയ യാത്രയ്ക്കു നാന്ദികുറിക്കും" - പദ്ധതികൾക്ക് സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു.

ഏതൊരു പ്രദേശത്തിന്റെയും വികസനം വൈകുന്നത് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, വികസനത്തിന്റെ കാര്യത്തിൽ പിന്നാക്കം നിൽക്കുന്ന നിർദിഷ്ട പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഗവണ്മെന്റ് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. "അടിസ്ഥാനസൗകര്യങ്ങൾ എന്നതുകൊണ്ട് അർഥമാക്കുന്നത് ജീവിതം സുഗമമാക്കലും വ്യവസായനടത്തിപ്പു സുഗമമാക്കലും എന്നാണ്. അടിസ്ഥാനസൗകര്യങ്ങൾ എന്നാൽ തൊഴിലവസരങ്ങളും ദ്രുതഗതിയിലുള്ള വികസനവുമാണ്" - പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിനും ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നും കഴിഞ്ഞ ‌ഒമ്പതു വർഷത്തിനിടെ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയ്ക്ക് കീഴിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് ഗോത്ര ഗ്രാമങ്ങളിലേക്ക് റോഡ് സൗകര്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഏകദേശം 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാത പദ്ധതികൾക്ക് ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അതിൽ 3000 കിലോമീറ്ററോളം പൂർത്തിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റായ്പുർ-കൊദേബോഡ്, ബിലാസ്പുർ-പത്രാപാലി പാതകൾ ഇന്ന് ഉദ്ഘാടനം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു. “റെയിലോ റോഡോ ടെലികോമോ എന്തുമാകട്ടെ, എല്ലാത്തരം സമ്പർക്കസൗകര്യങ്ങളും വർധിപ്പിക്കുന്നതിന് കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ഛത്തീസ്ഗഢിൽ ഗവണ്മെന്റ് അഭൂതപൂർവമായ പ്രവർത്തനങ്ങൾ നടത്തി” - അദ്ദേഹം പറഞ്ഞു. 

ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ദരിദ്രർ, ദലിതർ, പിന്നാക്കക്കാർ, ഗോത്രവർഗക്കാർ എന്നിവരുടെ വാസസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളും റെയിൽവേ പാതകളും ഉൾപ്പെടെയുള്ള ഇന്നത്തെ പദ്ധതികൾ രോഗികൾക്കും സ്ത്രീകൾക്കും ആശുപത്രിയിലേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. ഒമ്പത് വർഷം മുമ്പ്, ഛത്തീസ്ഗഢിലെ 20 ശതമാനത്തിലധികം ഗ്രാമങ്ങളിൽ ഒരു തരത്തിലുള്ള മൊബൈൽ സൗകര്യവും ഉണ്ടായിരുന്നില്ല, എന്നാൽ ഇന്ന് ഈ എണ്ണം ഏകദേശം 6 ശതമാനമായി കുറഞ്ഞു. ഈ മേഖലയിലെ കർഷകരും തൊഴിലാളികളുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു. സമ്പർക്കസൗകര്യം മെച്ചപ്പെട്ട ഈ ഗോത്രഗ്രാമങ്ങളിൽ ഭൂരിഭാഗവും ഒരുകാലത്തു നക്സലൈറ്റ് ആക്രമണം നടക്കുന്നവയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച 4ജി സൗകര്യം ഉറപ്പാക്കാൻ ഗവണ്മെന്റ് 700-ലധികം മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്നൂറോളം ടവറുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. "ഒരിക്കൽ നിശ്ശബ്ദമായിരുന്ന ഗോത്ര ഗ്രാമങ്ങൾക്ക് ഇപ്പോൾ റിംഗ്‌ടോണുകളുടെ ശബ്ദം കേൾക്കാൻ കഴിയും"- അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈൽ സൗകര്യങ്ങൾ വന്നതു ഗ്രാമത്തിലെ ജനങ്ങളെ പല കാര്യങ്ങളിലും സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇതാണ് സാമൂഹ്യ നീതി. ഇതാണ് ഏവർക്കുമൊപ്പം ഏവരുടെയും വികസനം” - പ്രധാനമന്ത്രി പറഞ്ഞു. 

"ഇന്ന് ഛത്തീസ്ഗഢ് രണ്ട് സാമ്പത്തിക ഇടനാഴികളുമായി സമ്പർക്കം പുലർത്തുന്നു" - പ്രധാനമന്ത്രി പറഞ്ഞു. റായ്പുർ - ധൻബാദ് സാമ്പത്തിക ഇടനാഴിയും റായ്പുർ - വിശാഖപട്ടണം സാമ്പത്തിക ഇടനാഴിയും പ്രദേശത്തിന്റെയാകെ ഭാഗധേയം മാറ്റിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് പിന്നാക്കം എന്ന് വിളിക്കപ്പെട്ടിരുന്നതും അക്രമവും അരാജകത്വവും നിലനിന്നിരുന്നതുമായ, ഇന്ന് വികസനം കാംക്ഷിക്കുന്ന നിലയിലുള്ള ജില്ലകളിലൂടെയാണ് സാമ്പത്തിക ഇടനാഴികൾ കടന്നുപോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് തറക്കല്ലിട്ട റായ്പുർ-വിശാഖപട്ടണം സാമ്പത്തിക ഇടനാഴി ഈ മേഖലയുടെ പുതിയ ജീവനാഡിയായി മാറുമെന്നും റായ്പുരിനും വിശാഖപട്ടണത്തിനും ഇടയിലുള്ള യാത്ര പകുതിയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. ധംതരിയിലെ നെൽകൃഷി മേഖലയെയും കാങ്കറിലെ ബോക്സൈറ്റ് മേഖലയെയും കൊണ്ഡാഗാവിലെ കരകൗശലവസ്തുക്കളുടെ സമൃദ്ധിയെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ആറുവരിപ്പാതയെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി മേഖലയിലൂടെ ഈ റോഡ് കടന്നുപോകുന്നതിനാൽ വന്യജീവികളുടെ സൗകര്യാർഥം തുരങ്കങ്ങളും മൃഗങ്ങൾക്കായുള്ള വഴിയും നിർമിക്കുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. "ദല്ലി രാജ്ഹരയിൽ നിന്ന് ജഗ്ദൽപുരിലേക്കുള്ള റെയിൽ പാതയും അന്താഗഢിൽ നിന്ന് റായ്പുരിലേക്കുള്ള നേരിട്ടുള്ള ട്രെയിൻ സർവീസും ദൂരദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും"- ശ്രീ മോദി കൂട്ടിച്ചേർത്തു. 

"പ്രകൃതിസമ്പത്തിന്റെ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്", കഴിഞ്ഞ 9 വർഷമായി ഛത്തീസ്ഗഢിലെ വ്യവസായവൽക്കരണത്തിന് പുതിയ ഊർജം പകർന്ന ഈ ദിശയിലുള്ള  ശ്രമങ്ങൾ എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റിന്റെ നയങ്ങളാൽ  ഛത്തീസ്ഗഢിൽ വരുമാനത്തിന്റെ രൂപത്തിലുള്ള ഫണ്ടുകളുടെ വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. മൈൻസ് ആൻഡ് മിനറൽ ആക്ടിലെ മാറ്റത്തിന് ശേഷം. ഛത്തീസ്ഗഢിന് റോയൽറ്റി ഇനത്തിൽ കൂടുതൽ ഫണ്ട് ലഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പുള്ള നാല് വർഷങ്ങളിൽ, ഛത്തീസ്ഗഢിന് 1300 കോടി രൂപയാണു റോയൽറ്റിയായി ലഭിച്ചിരുന്നതെങ്കിൽ, 2015-16 മുതൽ 2020-21 വരെ സംസ്ഥാനത്തിന് 2800 കോടി രൂപ ലഭിച്ചെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജില്ലാ മിനറൽ ഫണ്ട് വർധിപ്പിച്ചതിന്റെ ഫലമായി ധാതുസമ്പത്തുള്ള ജില്ലകളിൽ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലായതായി അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുള്ള സ്കൂളുകളോ ലൈബ്രറികളോ റോഡുകളോ ജലസംവിധാനമോ എന്തുമാകട്ടെ, ഇപ്പോൾ ജില്ലാ മിനറൽ ഫണ്ടിന്റെ പണം ഇത്തരത്തിലുള്ള നിരവധി വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഢിൽ ആരംഭിച്ച 1.6 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകളിലായി ഇന്ന് 6000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അത് ഒരുകാലത്ത് മറ്റെവിടെയെങ്കിലും സൂക്ഷിക്കാൻ നിർബന്ധിതരായ പാവപ്പെട്ട കുടുംബങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കും അവകാശപ്പെട്ടതാണെന്നും പറഞ്ഞു. ഗവണ്മെന്റിൽ നിന്ന് നേരിട്ട് സഹായം ലഭ്യമാക്കാൻ ജൻധൻ അക്കൗണ്ടുകൾ പാവപ്പെട്ടവരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിലെ യുവാക്കൾക്ക് തൊഴിലും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്നതിനായി ഗവൺമെന്റ് തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, മുദ്ര യോജനയ്ക്ക് കീഴിൽ ഛത്തീസ്ഗഢിലെ യുവാക്കൾക്ക് 40,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും അത് ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളതുൾപ്പെടെയുള്ള നിരവധി ഗോത്രയുവാക്കൾക്കു സഹായകമായിട്ടുണ്ടെന്നും അറിയിച്ചു. കൊറോണക്കാലത്ത് രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ സഹായിക്കാൻ ഗവണ്മെന്റ് ലക്ഷക്കണക്കിന് കോടി രൂപയുടെ പ്രത്യേക പദ്ധതി ആരംഭിച്ചുവെന്നും ഛത്തീസ്ഗഢിലെ 2 ലക്ഷത്തോളം സംരംഭങ്ങൾക്ക് അതിലൂടെ ഏകദേശം 5000 കോടി രൂപയുടെ സഹായം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

തെരുവോരക്കച്ചവടക്കാർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പിഎം സ്വനിധി യോജനയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇതിന്റെ 60,000 ത്തിലധികം ഗുണഭോക്താക്കൾ ഛത്തീസ്ഗഢിൽ നിന്നുള്ളവരാണെന്ന് പരാമർശിച്ചു. ഗ്രാമങ്ങളിൽ എംഎൻആർഇജിഎയ്ക്ക് കീഴിൽ മതിയായ തൊഴിൽ നൽകുന്നതിനായി ഛത്തീസ്ഗഢിന് ഗവണ്മെന്റ് 25000 കോടിയിലധികം രൂപ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

75 ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആയുഷ്മാൻ കാർഡുകളുടെ വിതരണം നടന്നുവരികയാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ദരിദ്രർക്കും ഗോത്രകുടുംബങ്ങൾക്കും സംസ്ഥാനത്തെ 1500-ലധികം വലിയ ആശുപത്രികളിൽ പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി. ആയുഷ്മാൻ യോജന ദരിദ്ര, ഗോത്ര, പിന്നാക്ക, ദളിത് കുടുംബങ്ങൾക്കു സഹായകമാകുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. പ്രസംഗം ഉപസംഹരിക്കവേ, ഛത്തീസ്ഗഢിലെ എല്ലാ കുടുംബങ്ങളെയും ഒരേ സേവന മനോഭാവത്തോടെ സേവിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ഛത്തീസ്ഗഢ് ഗവർണർ ശ്രീ ബിശ്വഭൂഷൻ ഹരിചന്ദൻ, മുഖ്യമന്ത്രി ശ്രീ ഭൂപേഷ് ബാഘേൽ, ഉപമുഖ്യമന്ത്രി ശ്രീ ടി എസ് സിംഗ് ദിയോ, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഒരു പ്രധാന മുന്നേറ്റത്തിൽ, ഏകദേശം 6,400 കോടി രൂപയുടെ അഞ്ച് ദേശീയ പാത പദ്ധതികളുടെ  തറക്കലിടലും  സമർപ്പണവും  പ്രധാനമന്ത്രി നിർവ്വഹിച്ചു. ജബൽപുർ-ജഗ്ദൽപുർ ദേശീയ പാതയിൽ റായ്പുർ മുതൽ കോഡെബോഡ് വരെയുള്ള 33 കിലോമീറ്റർ ദൈർഘ്യമുള്ള 4 വരി പാതയും രാജ്യത്തിന് സമർപ്പിച്ചു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, അസംസ്‌കൃത ചരക്കുകളുടെ നീക്കത്തിനും ജഗ്ദൽപൂരിനടുത്തുള്ള സ്റ്റീൽ പ്ലാന്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും ഈ വിഭാഗം അവിഭാജ്യമാണ്. ഇരുമ്പയിര് മേഖലയിലേക്കും സമ്പർക്കസൗകര്യം നൽകുന്നു. എൻഎച്ച്-130-ലെ ബിലാസ്പുർ മുതൽ അംബികാപുർ വരെയുള്ള 53 കിലോമീറ്റർ നീളമുള്ള 4-വരി ബിലാസ്പുർ-പത്രാപാലി പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഛത്തീസ്ഗഢിന്റെ ഉത്തർപ്രദേശുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സമീപ പ്രദേശങ്ങളിലെ കൽക്കരി ഖനികളിലേക്ക് സമ്പർക്കസൗകര്യമൊരുക്കി കൽക്കരി നീക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

6 വരി ഗ്രീൻഫീൽഡ് റായ്പുർ - വിശാഖപട്ടണം ഇടനാഴിയുടെ ഛത്തീസ്ഗഢ് വിഭാഗത്തിനായുള്ള മൂന്ന് ദേശീയ പാത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. NH 130 CD യിൽ 43 കിലോമീറ്റർ നീളമുള്ള ആറുവരി ജാങ്കി-സർഗി ഭാഗത്തിന്റെ വികസനം ഇതിൽ ഉൾപ്പെടുന്നു; NH 130 സിഡിയിൽ 57 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാത സർഗി-ബസൻവാഹി ഭാഗം; NH-130 CD യുടെ 25 കിലോമീറ്റർ നീളമുള്ള ആറ് വരി ബസൻവാഹി-മരംഗ്‌പുരി ഭാഗം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഉദാന്തി വന്യജീവി സങ്കേത മേഖലയിൽ അനിയന്ത്രിതമായ വന്യജീവി സഞ്ചാരത്തിനായി മൃഗങ്ങൾക്കുള്ള വഴികളുള്ള 2.8 കിലോമീറ്റർ നീളമുള്ള 6-വരി തുരങ്കമാണ് ഒരു പ്രധാന ഘടകം. ഈ പദ്ധതികൾ ധംതരിയിലെ അരി മില്ലുകളിലേക്കും കാങ്കറിലെ ബോക്‌സൈറ്റ് സമ്പന്നമായ പ്രദേശങ്ങളിലേക്കും മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യും. കൂടാതെ കോണ്ഡഗാവിലെ കരകൗശല വ്യവസായത്തിനും പ്രയോജനം ചെയ്യും. മൊത്തത്തിൽ, ഈ പദ്ധതികൾ പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വലിയ ഊന്നൽ നൽകും.

750 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 103 കിലോമീറ്റർ നീളമുള്ള റായ്പൂർ - ഖരിയാർ റോഡ് റെയിൽ പാതയുടെ ഇരട്ടിപ്പിക്കലും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഛത്തീസ്ഗഢിലെ വ്യവസായങ്ങൾക്കായി തുറമുഖങ്ങളിൽ നിന്ന് കൽക്കരി, ഉരുക്ക്, വളം, മറ്റ് ചരക്കുകൾ എന്നിവയുടെ ഗതാഗതം ഇത് എളുപ്പമാക്കും. ക്യോട്ടി, അന്താഗഢ് എന്നിവയെ ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽവേ ലൈനും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. 290 കോടിരൂപ ചെലവിലാണ് ഇതു നിർമിച്ചത്. ദല്ലി രാജ്ഹാര, റൗഘട്ട് പ്രദേശങ്ങളിലെ ഇരുമ്പയിര് ഖനികൾക്ക് ഭിലായ് സ്റ്റീൽ പ്ലാന്റിലേക്ക് കണക്റ്റിവിറ്റി നൽകുന്ന പുതിയ പാത, ഇടതൂർന്ന വനങ്ങളിലൂടെ കടന്നുപോകുന്ന തെക്കൻ ഛത്തീസ്ഗഡിലെ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കും.

കോർബയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്രതിവർഷം 60,000 മെട്രിക് ടൺ ശേഷിയുള്ള, 130 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച, ബോട്ടിലിംഗ് പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൂടാതെ, ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഗുണഭോക്താക്കൾക്കുള്ള 75 ലക്ഷം കാർഡുകളുടെ വിതരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi