മഹാരാഷ്ട്രയിൽ പിഎംഎവൈ-നഗര പദ്ധതിയിൽ പൂർത്തിയാക്കിയ 90,000-ത്തിലധികം വീടുകൾ രാഷ്ട്രത്തിനു സമർപ്പിച്ചു
സോലാപുരിലെ റായ്‌നഗർ ഹൗസിങ് സൊസൈറ്റിയുടെ 15,000 വീടുകൾ നാടിനു സമർപ്പിച്ചു
പിഎം-സ്വനിധിയുടെ 10,000 ഗുണഭോക്താക്കൾക്ക് ആദ്യ രണ്ടു തവണകളുടെ വിതരണത്തിനു തുടക്കംകുറിച്ചു
“ശ്രീരാമന്റെ ആദർശങ്ങൾ പിന്തുടർന്ന് രാജ്യത്തു സദ്ഭരണം ഉറപ്പാക്കാനും, സത്യസന്ധതയാണ് രാജ്യത്തു വാഴുന്നതെന്ന് ഉറപ്പാക്കാനുമാണ് ഞങ്ങളുടെ ഗവണ്മെന്റ് ആദ്യ ദിനം മുതൽ ശ്രമിക്കുന്നത്”
“ആയിരക്കണക്കിനു കുടുംബങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുകയും അവരുടെ അനുഗ്രഹങ്ങൾ എന്റെ ഏറ്റവും വലിയ സമ്പത്തായി മാറുകയും ചെയ്യുമ്പോൾ, അതു വളരെയേറെ സംതൃപ്തി പകരുന്നു”
“ജനുവരി 22ന്റെ രാംജ്യോതി ദാരിദ്ര്യത്തിന്റെ അന്ധകാരം അകറ്റാനുള്ള പ്രചോദനമാകും”
“‘അധ്വാനത്തിന്റെ അന്തസ്സ്’, ‘സ്വയംപര്യാപ്തതയുള്ള തൊഴിലാളി’, ‘പാവപ്പെട്ടവരുടെ ക്ഷേമം’ എന്നിവയാണു ഗവണ്മെന്റിന്റെ പാത”
“പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട്, ശൗചാലയം, വൈദ്യുതി കണക്ഷൻ, വെള്ളം എന്നിവ ലഭിക്കണം; അത്തരം സൗകര്യങ്ങളെല്ലാമാണ് സാമൂഹ്യനീതിയുടെ ഉറപ്പ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ സോലാപുരിൽ ഇന്ന് ഏകദേശം 2000 കോടി രൂപയുടെ 8 അമൃത് (അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതികൾക്കു തറക്കല്ലിട്ടു. മഹാരാഷ്ട്രയിലെ പിഎംഎവൈ-നഗര പദ്ധതിപ്രകാരം പൂർത്തിയാക്കിയ 90,000-ത്തിലധികം വീടുകളും സോലാപുരിലെ റായ്‌നഗർ ഹൗസിങ് സൊസൈറ്റിയുടെ 15,000 വീടുകളും ശ്രീ മോദി രാജ്യത്തിനു സമർപ്പിച്ചു. ആയിരക്കണക്കിനു കൈത്തറിത്തൊഴിലാളികളും കച്ചവടക്കാരും യന്ത്രത്തറി തൊഴിലാളികളും ചപ്പുചവറുകൾ ശേഖരിക്കുന്നവരും ബീഡിത്തൊഴിലാളികളും ഡ്രൈവർമാരും ഉൾപ്പെടെ ഇതിന്റെ ഗുണഭോക്താക്കളാണ്. മഹാരാഷ്ട്രയിലെ പിഎം-സ്വനിധിയുടെ 10,000 ഗുണഭോക്താക്കൾക്കുള്ള ആദ്യ രണ്ടു തവണകളുടെ വിതരണത്തിനും പരിപാടിയിൽ അദ്ദേഹം തുടക്കംകുറിച്ചു.

 

ജനുവരി 22ന് അയോധ്യാധാമിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ‘പ്രാൺ പ്രതിഷ്ഠ’യുടെ പശ്ചാത്തലത്തിൽ രാജ്യം ഭക്തിയുടെ മാനസികാവസ്ഥയിലാണെനന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. “ഒരു കൂടാരത്തിൽ ശ്രീരാമദർശനം നടത്തിയിരുന്നതിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള വേദന ഇപ്പോൾ അകലും”- ശ്രീ മോദി പറഞ്ഞു. സന്ന്യാസിമാരുടെയും ദാർശനികരുടെയും മാർഗനിർദേശപ്രകാരം 11 ദിവസത്തെ അനുഷ്ഠാനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും താൻ തികഞ്ഞ അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പാലിക്കുന്നുണ്ടെന്നും എല്ലാ പൗരന്മാരുടെയും അനുഗ്രഹത്തോടെ ‘പ്രാൺപ്രതിഷ്ഠ’ നടത്തുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാഷിക്കിലെ പഞ്ചവടിയിലാണ് തന്റെ 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾക്ക് തുടക്കംകുറിച്ചത് എന്നതു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭക്തിയുടെ ഈ നിമിഷത്തിൽ മഹാരാഷ്ട്രയിലെ ഒരുലക്ഷത്തിലധികം കുടുംബങ്ങൾ അവരുടെ ‘ഗൃഹപ്രവേശം’ നടത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. “ജനുവരി 22നു വൈകിട്ട് ഈ ഒരുലക്ഷം കുടുംബങ്ങൾ അടച്ചുറപ്പുള്ള അവരുടെ വീടുകളിൽ രാമജ്യോതി തെളിക്കും എന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്” - അദ്ദേഹം പറഞ്ഞു. ശ്രീ മോദിയുടെ അഭ്യർഥന മാനിച്ച്, ജനങ്ങൾ അവരുടെ മൊബൈൽ ഫ്ലാഷുകൾ ഓണാക്കി രാമജ്യോതി പ്രതിജ്ഞ ചെയ്തു.

ഇന്ന് ആരംഭിച്ച പദ്ധതികളിൽ ഈ മേഖലയിലെയും മഹാരാഷ്ട്രയിലാകെയുമുള്ള ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ കഠിനാധ്വാനത്തെയും മഹാരാഷ്ട്രയുടെ മഹത്വത്തിനായുള്ള സംസ്ഥാനത്തെ പുരോഗമനാത്മക ഗവണ്മെന്റിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

 

“നമ്മുടെ വാക്കുകളോടും വാഗ്ദാനങ്ങളോടും സത്യസന്ധത പുലർത്താൻ രാമൻ എല്ലായ്പോഴും നമ്മെ പഠിപ്പിച്ചു” – സോലാപൂരിലെ ആയിരക്കണക്കിനു പാവപ്പെട്ടവർക്കായി എടുത്ത പ്രതിജ്ഞ ഇന്നു യാഥാർഥ്യമാകുന്നതിൽ സന്തോഷം പ്രകടിപ്പിചച്ച് പ്രധാനമന്ത്രി പറഞ്ഞു. പിഎം ആവാസ് യോജനയ്ക്ക് കീഴിലുള്ള ഏറ്റവും വലിയ സമൂഹം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്ന് വികാരാധീനനായി പറഞ്ഞ പ്രധാനമന്ത്രി, അത്തരം വീടുകളിൽ ജീവിക്കാനുള്ള തന്റെ കുട്ടിക്കാലത്തെ ആഗ്രഹവും അനുസ്മരിച്ചു. “ആയിരക്കണക്കിനു കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുകയും അവരുടെ അനുഗ്രഹങ്ങൾ എന്റെ ഏറ്റവും വലിയ സമ്പത്തായി മാറുകയും ചെയ്യുമ്പോൾ അതു വളരെയേറെ സംതൃപ്തി പകരുന്നു”- നിറമിഴികളോടെ പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി പൂർത്തിയാകുമ്പോൾ വീടുകളുടെ താക്കോൽ കൈമാറാൻ മോദിതന്നെ എത്തുമെന്നു ശിലാസ്ഥാപന ഉറപ്പുനൽകിയത് അദ്ദേഹം അനുസ്മരിച്ചു. “ഇന്ന് മോദി തന്റെ ഉറപ്പു നിറവേറ്റിയിരിക്കുന്നു. മോദിയുടെ ഉറപ്പെന്നാൽ ഉറപ്പിന്റെ പൂർത്തീകരണമാണ്” – ശ്രീ മോദി പറഞ്ഞു. വീടില്ലാത്ത അവസ്ഥമൂലം, ഇന്നു വീടുകൾ ലഭിച്ചവർക്കും അവരുടെ തലമുറകൾക്കും മുമ്പ് കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഷ്ടപ്പാടുകളുടെ ശൃംഖല ഇപ്പോൾ തകരുകയാണെന്നും ഭാവിതലമുറയ്ക്ക് ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലെന്നും പ്രത്യാശ പ്രകടിപ്പിച്ചു. “ജനുവരി 22ന്റെ രാമജ്യോതി തെളിക്കൽ ദാരിദ്ര്യത്തിന്റെ അന്ധകാരം അകറ്റാനുള്ള പ്രചോദനമായി മാറും” - പ്രധാനമന്ത്രി പറഞ്ഞു. ഏവർക്കും സന്തോഷം നിറഞ്ഞ ജീവിതം അദ്ദേഹം ആശംസിച്ചു.

ഇന്നു പുതിയ വീടുകൾ ലഭിക്കുന്ന കുടുംബങ്ങളുടെ ഐശ്വര്യത്തിനും സന്തോഷത്തിനുമായി പ്രധാനമന്ത്രി പ്രാർഥിച്ചു. “ശ്രീരാമന്റെ ആദർശങ്ങൾ പിന്തുടർന്ന് രാജ്യത്ത് സദ്ഭരണം ഉറപ്പാക്കാനും സത്യസന്ധതയാണു രാജ്യത്ത് വാഴുന്നതെന്ന് ഉറപ്പാക്കാനുമാണ് ഞങ്ങളുടെ ഗവണ്മെന്റ് ആദ്യ ദിനം മുതൽ ശ്രമിക്കുന്നത്. ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പ്രയത്നം’ എന്നീ തത്വങ്ങൾക്ക് പ്രചോദനമായത് രാമരാജ്യമാണ്” - പ്രധാനമന്ത്രി പറഞ്ഞു. രാംചരിത മാനസിനെ ഉദ്ധരിച്ച്, പാവപ്പെട്ടവരുടെ ക്ഷേമത്തിലാണ് ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ മോദി ആവർത്തിച്ചു.

 

അടച്ചുറപ്പുള്ള വീട്, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്താൽ പാവപ്പെട്ടവർക്ക് അന്തസ്സ് നഷ്ടപ്പെട്ടിരുന്ന കാലം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതു നിലവിലെ ഗവണ്മെന്റ് വീടുകളുടെയും ശൗചാലയങ്ങളുടെയും പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായി. 10 കോടി ‘ഇസ്സത്ത് ഘർ’, 4 കോടി അടച്ചുറപ്പുള്ള വീടുകൾ എന്നിവ ദൗത്യമെന്ന നിലയിൽ നൽകാനും ഇതു കാരണമായി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതല്ല; മറിച്ച്, ‘അധ്വാനത്തിന്റെ അന്തസ്സ്’, ‘സ്വയംപര്യാപ്തതയുള്ള തൊഴിലാളി’, ‘ദരിദ്രരുടെ ക്ഷേമം’ എന്നിവയാണു ഗവണ്മെന്റിന്റെ പാതയെന്നും പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾ വലിയ സ്വപ്നം കാണുന്നു. നിങ്ങളുടെ സ്വപ്നങ്ങളാണ് എന്റെ തീരുമാനം” - പ്രധാനമന്ത്രി ഉറപ്പുനൽകി. കുടിയേറ്റ തൊഴിലാളികൾക്കായി നഗരങ്ങളിലുള്ള താങ്ങാനാകുന്ന വീടുകളുടെയും ന്യായമായ വാടക ഈടാക്കുന്ന സൊസൈറ്റികളുടെയും കാര്യം അദ്ദേഹം പരാമർശിച്ചു. “ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം താമസസൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണു ഞങ്ങൾ” - അദ്ദേഹം പറഞ്ഞു.

സോലാപുർ നഗരം അഹമ്മദാബാദിനെപ്പോലെ ‘തൊഴിലാളികളുടെ’ നഗരമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ‘പൂർവാശ്രമ’ത്തിൽ സോലാപുർ നഗരവുമായുള്ള തന്റെ ബന്ധം ഉയർത്തിക്കാട്ടുകയും, ജീവിത സാഹചര്യങ്ങൾ മോശമായിരുന്നിട്ടും പദ്മശാലി കുടുംബങ്ങളാണു തനിക്കു ഭക്ഷണം നൽകിയതെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച അഭിഭാഷകനായ ലക്ഷ്മണറാവു ഇനാംദാർ നെയ്തെടുത്ത കലാസൃഷ്‌ടി സമ്മാനിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. അത് ഇന്നും ജീവിതത്തിന്റെ പ്രധാന ഭാഗമായി തുടരുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

ശരിയായ ലക്ഷ്യമില്ലായ്മയും ഇടനിലക്കാരുടെ ചൂഷണവും കാരണം നേരത്തെ നടപ്പാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ  ഫലവത്താകാതെ പോയത്‌ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംശുദ്ധമായ ഉദ്ദേശ്യം, പാവപ്പെട്ടവരുടെ ശാക്തീകരണത്തിന് അനുകൂലമായ നയങ്ങൾ, രാഷ്ട്രത്തോടുള്ള പ്രതിബദ്ധത എന്നിവ കാരണം സർക്കാർ പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള ഉറപ്പ് മോദി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 30 ലക്ഷം കോടിയിലധികം രൂപ സ്ത്രീകൾ, കർഷകർ, യുവാക്കൾ, പാവപ്പെട്ടവർ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൻധൻ-ആധാർ-മൊബൈൽ എന്ന ജാം ത്രയങ്ങൾ (JAM Trinity) ഉപയോഗിച്ച് 10 കോടി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

ഒന്നിലധികം പദ്ധതികൾ ആവിഷ്‌കരിച്ച് ദരിദ്രരുടെ ക്ഷേമത്തിന് മുൻഗണന നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അറിയിച്ചു. 10 വർഷത്തെ തപസ്യയുടെയും പാവപ്പെട്ടവരോടുള്ള യഥാർത്ഥ സമർപ്പണത്തിന്റെയും ഫലമാണിതെന്ന് പ്രധാനമന്ത്രി പ്രത്യേകം ഓർമിപ്പിച്ചു . ദാരിദ്ര്യത്തെ തോൽപ്പിക്കാൻ ഇത് മറ്റുള്ളവരെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാക്കിയാൽ ദരിദ്രർക്ക് ദാരിദ്ര്യത്തെ മറികടക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. അതിനാൽ, നിലവിലെ സർക്കാർ, വിഭവങ്ങളും സൗകര്യങ്ങളും നൽകുകയും ദരിദ്രരുടെ ക്ഷേമത്തിനായി സത്യസന്ധമായ ശ്രമങ്ങൾ നടത്തുകയും ചെയ്തു. ദരിദ്രരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം രണ്ടുനേരത്തെ ഭക്ഷണമായിരുന്ന കാലത്തെ അനുസ്മരിച്ചുകൊണ്ട്, ഒരു പാവപ്പെട്ടവനും വെറുംവയറ്റിൽ ഉറങ്ങാതിരിക്കാൻ സർക്കാർ ആരംഭിച്ച സൗജന്യ റേഷൻ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. കൊറോണ കാലത്ത് ആരംഭിച്ച പദ്ധതി ഇപ്പോൾ 5 വർഷത്തേക്ക് കൂടി നീട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ 25 കോടി ജനങ്ങൾ ഭാവിയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ വീഴാതിരിക്കാൻ അവരെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ 25 കോടി ജനങ്ങളും എന്റെ ദൃഢനിശ്ചയം നിറവേറ്റാനുള്ള അർപ്പണബോധത്തോടെയാണ് മുന്നോട്ട് പോകുന്നത്, ഞാൻ അവർക്കൊപ്പം നിൽക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം ഒരു റേഷൻ കാർഡിനെ പരാമർശിച്ചുകൊണ്ട്, സ്വന്തം സ്ഥലം വിട്ട് മറ്റിടങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്ക് സ്ഥിരമായ റേഷൻ വിതരണം ഇത് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനും അവർക്ക്  ദാരിദ്ര്യത്തെ മറികടക്കുന്നതിനുള്ള  ബുദ്ധിമുട്ടിന്റെ  പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയതും അവർ അഭിമുഖീകരിക്കുന്ന ചികിത്സാ ചെലവുകളെയാണ്.  ഇത് പരിഹരിക്കാൻ, 5 ലക്ഷം രൂപ വരെ ചികിത്സ നൽകുന്ന ആയുഷ്മാൻ കാർഡ് സർക്കാർ പുറത്തിറക്കി, ഇത് ചികിത്സാ ചെലവിൽ ഒരു ലക്ഷം കോടി രൂപ ലാഭിച്ചു. അതുപോലെ, ജൻ ഔഷധി കേന്ദ്രത്തിൽ 80 ശതമാനം കിഴിവിൽ മരുന്നുകൾ ലഭ്യമായത് പാവപ്പെട്ട രോഗികളുടെ 30,000 കോടി രൂപ ലാഭിക്കുന്നു. ജലജന്യ രോഗങ്ങളിൽ നിന്ന് പൗരന്മാരെ രക്ഷിക്കുകയാണ് ജൽ ജീവൻ മിഷൻ. ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ പിന്നാക്ക, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു. പാവപ്പെട്ടവർക്ക് ഒരു വീട്, ടോയ്‌ലറ്റ്, വൈദ്യുതി കണക്ഷൻ, വെള്ളം എന്നിവ ലഭിക്കണം, അത്തരം സൗകര്യങ്ങളെല്ലാം സാമൂഹിക നീതിയുടെ ഉറപ്പ് കൂടിയാണ്, പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.

ദരിദ്രര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണം. ഇതും 'മോദിയുടെ ഗ്യാരൻ്റി' ആണ്, അപകടങ്ങള്‍ക്കും ലൈഫ് ഇന്‍ഷുറന്‍സിനുമായി 2 ലക്ഷം രൂപയുടെ കവറേജുളള പാവപ്പെട്ടവര്‍ക്കായുള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് പരാമര്‍ശിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദരിദ്രരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ സമയത്ത് ഇന്‍ഷുറന്‍സ് രൂപത്തില്‍ 16,000 കോടി രൂപ എത്തിയതായി അദ്ദേഹം അറിയിച്ചു.

 

മോദിയുടെ ഗ്യാരൻ്റി, പ്രത്യേകിച്ച് ബാങ്ക് ഗ്യാരന്റി ഇല്ലാത്തവര്‍ക്ക് ഒരു അനുഗ്രഹമായി മാറുകയാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു പറഞ്ഞു. ബാങ്ക് അക്കൗണ്ടില്ലാത്തവരെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ബാങ്ക് വായ്പ ലഭിക്കുന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ട് തുറന്ന് 50 കോടി ദരിദ്രരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ച ജന്‍ധന്‍ യോജനയെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും പ്രധാനമന്ത്രി സ്വനിധിക്ക് കീഴില്‍ 10,000 ഗുണഭോക്താക്കള്‍ക്ക് ബാങ്ക് സഹായം ലഭിച്ച ഇന്നത്തെ അവസരത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുക്കാന്‍ വിപണിയെ ആശ്രയിക്കേണ്ടി വന്ന വഴിയോരക്കച്ചവടക്കാര്‍ക്കും മറ്റ് കച്ചവടക്കാര്‍ക്കും ഇപ്പോള്‍ യാതൊരു ജാമ്യവുമില്ലാതെ ബാങ്ക് വായ്പ നല്‍കുന്നുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. ''ഇതുവരെ ആയിരക്കണക്കിന് കോടിയുടെ വായ്പ അവര്‍ക്ക് വിതരണം ചെയ്തു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാപൂര്‍ ഒരു വ്യവസായ നഗരമാണെന്നും തൊഴിലാളികളുടെ നഗരമാണെന്നും തുണിത്തരങ്ങള്‍ക്ക് പേരുകേട്ടതാണെന്നും പറഞ്ഞ പ്രധാനമന്ത്രി, സ്‌കൂള്‍ യൂണിഫോം നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും വലിയ എം എസ് എം ഇ ക്ലസ്റ്ററാണ് നഗരമെന്നും ചൂണ്ടിക്കാട്ടി. യൂണിഫോം തുന്നലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകർമകരെ മനസ്സില്‍ വെച്ചുകൊണ്ട്, വായ്പയും പരിശീലനവും ആധുനിക ഉപകരണങ്ങളും നല്‍കുന്നതിന് പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതിയുമായി ഗവണ്‍മെന്റ് രംഗത്തെത്തി. 'മോദിയുടെ ഗ്യാരൻ്റി വാഹനം' രാജ്യത്തുടനീളം എത്തുന്നതിനാല്‍ അര്‍ഹരായ ഉദ്യോഗാര്‍ഥികളോട് എൻറോൾ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ദൗത്യത്തില്‍ ചെറുകിട, കുടില്‍ വ്യവസായങ്ങളുടെ പങ്ക് അടിവരയിട്ടു. എം എസ് എം ഇകളെ പിന്തുണയ്ക്കുന്നതിനുള്ള നടപടികള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി മോദി, മഹാമാരിയുടെ സമയത്ത് പ്രഖ്യാപിച്ച ഒരു ജില്ല ഒരു ഉല്‍പ്പന്നം (One District One Product) പാക്കേജിനെക്കുറിച്ചും പരാമര്‍ശിച്ചു. വോക്കല്‍ ഫോര്‍ ലോക്കല്‍, മെയ്ഡ് ഇന്‍ ഇന്ത്യ തുടങ്ങിയ പ്രചാരണങ്ങള്‍ കൊണ്ട്, മെച്ചപ്പെട്ട പ്രൊഫൈലിലൂടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

നിലവിലെ സര്‍ക്കാരിന്റെ മൂന്നാം ടേം, ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ''ഞാന്‍ ഇത് പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്, ഇതും നിറവേറ്റപ്പെടും,'' അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വിപുലീകരണത്തില്‍ സോലാപൂര്‍ പോലുള്ള നിരവധി നഗരങ്ങളുടെ പങ്ക് അദ്ദേഹം എടുത്തുകാട്ടി, ഈ നഗരങ്ങളിലെ വെള്ളവും മാലിന്യ സംസ്‌ക്കരണം പോലുള്ള സൗകര്യങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തിയതിന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനെ അദ്ദേഹം പ്രശംസിച്ചു. നല്ല റോഡുകള്‍, റെയില്‍വേ, എയര്‍വേകള്‍ എന്നിവയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''അത് സന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗോ സന്ത് തുക്കാറാം പാല്‍ഖി മാര്‍ഗോ ആകട്ടെ, ഇവയുടെ പണിയും അതിവേഗം പുരോഗമിക്കുകയാണ്. രത്നഗിരി, കോലാപ്പൂര്‍, സോലാപൂര്‍ എന്നീ നാലുവരി പാതയുടെ പ്രവൃത്തിയും ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പൗരന്മാര്‍ സര്‍ക്കാരിനെ തുടര്‍ന്നും അനുഗ്രഹിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇന്ന് സ്ഥിരമായി ഒരു വീട് ലഭിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. 

 

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബൈസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, ശ്രീ അജിത് പവാര്‍, റായ്‌നഗര്‍ ഫെഡറേഷന്‍ സ്ഥാപകന്‍ ശ്രീ നര്‍സയ്യ ആദം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi