1.25 ലക്ഷത്തിലധികം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സമർപ്പിച്ചു
പിഎം-കിസാനു കീഴിൽ 14-ാം ഗഡു തുകയായി ഏകദേശം 17,000 കോടി രൂപ അനുവദിച്ചു
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ONDC) 1600 കാർഷികോൽപ്പാദന സംഘടനകൾ ഉൾപ്പെടുത്തുന്നതിനു തുടക്കമിട്ടു
സൾഫർ പൂശിയ യൂറിയ 'യൂറിയ ഗോൾഡ്' പുറത്തിറക്കി
5 പുതിയ മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനവും 7 മെഡിക്കൽ കോളേജുകളുടെ തറക്കല്ലിടലും നിർവഹിച്ചു
"കേന്ദ്രത്തിലെ ഗവണ്മെന്റ് കർഷകരുടെ വേദനകളും ആവശ്യങ്ങളും മനസ്സിലാക്കുന്നു"
"യൂറിയ വില നമ്മുടെ കർഷകരെ ബുദ്ധിമുട്ടിലാക്കാൻ ഗവണ്മെന്റ് അനുവദിക്കില്ല. ഒരു കർഷകൻ യൂറിയ വാങ്ങാൻ പോകുമ്പോൾ മോദിയുടെ ഉറപ്പ് ഉണ്ടെന്ന വിശ്വാസമുണ്ട്"
"വികസിത ഗ്രാമങ്ങള‌ിലൂടെ മാത്രമേ ഇന്ത്യക്ക് വികസിക്കാനാകൂ"
"രാജസ്ഥാനിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഞങ്ങളുടെ മുൻഗണന"
"ലോകമെമ്പാടും രാജസ്ഥാന്റെ അഭിമാനത്തിനും പൈതൃകത്തിനും നാമെല്ലാവരും പുതിയ പ്രതിച്ഛായ നൽകും"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 1.25 ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) രാജ്യത്തിന് സമർപ്പിക്കൽ, സൾഫർ പൂശിയ യൂറിയായ 'യൂറിയ ഗോൾഡ്' പുറത്തിറക്കൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1600 കാർഷികോൽപ്പാദന സംഘടനകളെ (എഫ്‌പിഒ)ഉൾപ്പെടുത്തൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കൾക്ക് അനുവദിക്കൽ എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ 5 പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ 7 മെഡിക്കൽ കോളേജുകൾക്കു തറക്കല്ലിട്ടു. ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 6 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

പിഎം കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെ മാതൃകപ്രധാനമന്ത്രി സന്ദർശിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നത്തെ പരിപാടിയിൽ പങ്കെടുത്ത കോടിക്കണക്കിന് കർഷകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഖാട്ടു ശ്യാംജിയുടെ നാട് ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഉള്ള തീർഥാടകരെ സമാശ്വസിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശെഖാവാട്ടിയുടെ വീരഭൂമിയിൽ നിന്ന് വിവിധ വികസന പരിപാടികൾ ആരംഭിക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പ്രകാരം കോടിക്കണക്കിന് കർഷക-ഗുണഭോക്താക്കൾക്ക് നേരിട്ട് തുക കൈമാറുന്നതിനെ കുറിച്ച് പരാമർശിക്കുകയും ചെയ്തു. രാജ്യത്തെ 1.25 ലക്ഷത്തിലധികം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സമർപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഗ്രാമ- ബ്ലോക്ക് തലങ്ങളിലുള്ള കോടിക്കണക്കിന് കർഷകർക്ക് ഇത് നേരിട്ട് പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കി. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻ‌ഡി‌സി) കാർഷികോൽപ്പാദന സംഘടനകൾ (എഫ്‌പി‌ഒ) ഉൾപ്പെടുത്തുന്നതിനെ  പരാമർശിച്ച അദ്ദേഹം, രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത് എളുപ്പമാകുമെന്നും പറഞ്ഞു. യൂറിയ ഗോൾഡ്, പുതിയ മെഡിക്കൽ കോളേജുകൾ, ഏകലവ്യ മോഡൽ സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്നത്തെ വികസന പദ്ധതികൾക്ക് ഇന്ത്യയിലെ ജനങ്ങളെയും കോടിക്കണക്കിന് കർഷകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

സീക്കർ, ശെഖാവാട്ടി പ്രദേശങ്ങളിലെ കർഷകരുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭൂപ്രദേശത്തിന്റെ പ്രയാസങ്ങൾക്കിടയിലും അവർ നടത്തുന്ന കഠിനാധ്വാനത്തെ പ്രശംസിച്ചു. കേന്ദ്രത്തിലെ നിലവിലെ ഗവണ്മെന്റ് കർഷകരുടെ വേദനകളും ആവശ്യങ്ങളും മനസ്സിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ വിത്ത് മുതൽ വിപണി വരെ (ബീജ് സെ ബസാർ തക്) പുതിയ സംവിധാനങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. 2015ൽ സൂറത്ത്ഗഢിൽ സോയിൽ ഹെൽത്ത് കാർഡ് പദ്ധതി ആരംഭിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. പദ്ധതിയിലൂടെ കോടിക്കണക്കിന് കർഷകർ മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നു. 1.25 പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) കർഷകരുടെ അഭിവൃദ്ധിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾക്കായി ഏകജാലക സംവിധാനമായാണ് ഈ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്. ഈ കേന്ദ്രങ്ങൾ കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നൂതന വിവരങ്ങൾ നൽകും. കൂടാതെ ഗവണ്മെന്റിന്റെ കാർഷിക പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഈ കേന്ദ്രങ്ങൾ സമയബന്ധിതമായി നൽകും. കേന്ദ്രങ്ങൾ തുടർച്ചയായി സന്ദർശിക്കാനും അവിടെ ലഭ്യമായ അറിവുകൾ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി കർഷകരോട് നിർദേശിച്ചു. ഈ വർഷാവസാനത്തോടെ 1.75 ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കർഷകരുടെ ചെലവ് കുറയ്ക്കുന്നതിനും അവശ്യസമയത്ത് അവരെ സഹായിക്കുന്നതിനുമായി ഇപ്പോഴത്തെ ഗവൺമെന്റ് ആത്മാർഥതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണിതെന്ന് പിഎം കിസാൻ സമ്മാൻ നിധിയെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ 14-ാം ഗഡു കൂടി ഉൾപ്പെടുത്തിയാൽ ഇതുവരെ 2,60,000 കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയതായി അദ്ദേഹം അറിയിച്ചു. ഗവണ്മെന്റ് കർഷകരുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഉദാഹരണമാണ് രാജ്യത്തെ യൂറിയയുടെ വിലയെന്നും അദ്ദേഹം പറഞ്ഞു. രാസവള മേഖലയിൽ വൻ തകർച്ചയുണ്ടാക്കിയ കൊറോണ വൈറസ് മഹാമാരിയെയും റഷ്യ-യുക്രൈൻ യുദ്ധത്തെയും പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ കർഷകരെ ഇതു ബാധിക്കാൻ നിലവിലെ ഗവണ്മെന്റ് അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയിൽ 266 രൂപ വിലയുള്ള യൂറിയയുടെ ഒരു ചാക്കിന് പാക്കിസ്ഥാനിൽ 800 രൂപയും ബംഗ്ലാദേശിൽ 720 രൂപയും ചൈനയിൽ 2100 രൂപയും യുഎസിൽ ഏകദേശം 3000 രൂപയുമാണ് വിലയെന്നും രാസവളങ്ങളുടെ നിരക്കിനെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. "യൂറിയ വില നമ്മുടെ കർഷകരെ ബുദ്ധിമുട്ടിക്കാൻ ഗവണ്മെന്റ് അനുവദിക്കില്ല. ഒരു കർഷകൻ യൂറിയ വാങ്ങാൻ പോകുമ്പോൾ, അത് മോദിയുടെ ഉറപ്പാണെന്ന് അയാൾക്ക് വിശ്വാസമുണ്ട്."- ശ്രീ മോദി പറഞ്ഞു.

 

ചെറുധാന്യങ്ങളുടെ പ്രോത്സാഹനത്തെക്കുറിച്ചും ചെറുധാന്യങ്ങളെ ശ്രീ അന്നയായി ബ്രാൻഡ് ചെയ്യുന്നതു പോലുള്ള നടപടികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ശ്രീ അന്നയുടെ പ്രോത്സാഹനത്തിലൂടെ അതിന്റെ ഉൽപ്പാദനവും സംസ്കരണവും കയറ്റുമതിയും വർധിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമീപകാല സന്ദർശനവേളയിൽ വൈറ്റ് ഹൗസിലെ ഔദ്യോഗിക വിരുന്നിൽ ചെറുധാന്യങ്ങളുടെ സാന്നിധ്യം അദ്ദേഹം അനുസ്മരിച്ചു.

“ഗ്രാമങ്ങൾ വികസിച്ചാൽ മാത്രമേ ഇന്ത്യയുടെ വികസനം സാധ്യമാകൂ. വികസിത ഗ്രാമങ്ങളിലൂടെ മാത്രമേ ഇന്ത്യയും വികസിതമാകൂ. അതുകൊണ്ടാണ് ഇതുവരെ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സൗകര്യങ്ങളും ഗ്രാമങ്ങളിലും ലഭ്യമാക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. 9 വർഷം മുമ്പ് രാജസ്ഥാനിൽ പത്ത് മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വർധിച്ചുവരുന്ന ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇത് 35 ആയി. ഇത് സമീപ പ്രദേശങ്ങളിലെ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു. ഇന്ന് ഉദ്ഘാടനവും തറക്കല്ലിടലും നടക്കുന്ന മെഡിക്കൽ കോളേജുകൾ സംസ്ഥാനത്ത് പലയിടത്തും വൈദ്യശാസ്ത്ര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം പ്രാപ്യമാക്കുമ്പോൾ, മാതൃഭാഷയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനും അതിനെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും പിന്നാക്ക വിഭാഗങ്ങൾക്ക് വഴികൾ തുറക്കാനുമുള്ള നടപടിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. “ഇംഗ്ലീഷ് അറിയാത്തതിനാൽ ഇപ്പോൾ ഒരു പാവപ്പെട്ടവന്റെ മകനോ മകൾക്കോ ഡോക്ടറാകാനുള്ള അവസരം നഷ്ടപ്പെടില്ല. ഇതും മോദിയുടെ ഉറപ്പാണ്.”

 

ഗ്രാമങ്ങളിൽ നല്ല സ്കൂളുകളുടെയും വിദ്യാഭ്യാസത്തിന്റെയും അഭാവം മൂലം പതിറ്റാണ്ടുകളായി, ഗ്രാമങ്ങളും ദരിദ്രരും പിന്നാക്കാവസ്ഥയിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, പിന്നാക്ക-ഗിരിവർഗ സമൂഹങ്ങളിലെ കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മാർഗമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. ഇപ്പോഴത്തെ ഗവണ്മെന്റ് വിദ്യാഭ്യാസത്തിനായുള്ള ബജറ്റും വിഭവങ്ങളും വർധിപ്പിക്കുകയും ഏകലവ്യ റസിഡൻഷ്യൽ സ്കൂളുകൾ തുറക്കുകയും ചെയ്തു.  അത് ഗിര‌ിവർഗ യുവാക്കൾക്ക് വൻതോതിൽ പ്രയോജനം ചെയ്തിട്ടുണ്ടെന്നും ശ്രീ മോദി പരാമർശിച്ചു.

"സ്വപ്നങ്ങൾ വലുതാകുമ്പോൾ മാത്രമേ വിജയം വലുതാകൂ"- പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജസ്ഥാനെ ആധുനിക വികസനത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുപോകുന്നതോടൊപ്പം നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ഊന്നൽ നൽകി. അതുകൊണ്ടാണ് രാജസ്ഥാനിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ട് ഹൈടെക് അതിവേഗപാതകൾ ഉദ്ഘാടനം ചെയ്തതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഡൽഹി-മുംബൈ അതിവേഗപാതയുടെയും അമൃത്‌സർ-ജാംനഗർ അതിവേഗപാതയുടെയും പ്രധാന ഭാഗത്തിലൂടെ രാജസ്ഥാൻ വികസനത്തിന്റെ പുതിയ ഗാഥ രചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തുനിന്ന് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അടിസ്ഥാനസൗകര്യങ്ങളിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഗവണ്മെന്റ് നിക്ഷേപം നടത്തുന്നുണ്ടെന്നും ഇത് രാജസ്ഥാനിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ശ്രീ മോദി പറഞ്ഞു. 'പധാരോ മഹാരേ ദേശ്' എന്ന് രാജസ്ഥാൻ വിളിക്കുമ്പോൾ അതിവേഗ പാതകളും മികച്ച റെയിൽ സൗകര്യങ്ങളും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശ് ദർശൻ പദ്ധതിക്കു കീഴിൽ ഖാട്ടു ശ്യാം ജി ക്ഷേത്രത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ശ്രീ ഖാട്ടു ശ്യാമിന്റെ അനുഗ്രഹത്താൽ രാജസ്ഥാന്റെ വികസനം കൂടുതൽ വേഗത കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "ലോകമെമ്പാടും രാജസ്ഥാന്റെ അഭിമാനത്തിനും പൈതൃകത്തിനും നാമെല്ലാവരും പുതിയ പ്രതിച്ഛായ നൽകും"- ശ്രീ മോദി പറഞ്ഞു.

 

പരിപാടിക്ക് വരാൻ കഴിയാതിരുന്ന, രോഗബാധിതനായ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ടിന് ആരോഗ്യാശംസകൾ നേർന്നാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര, കേന്ദ്ര കൃഷിമന്ത്രി ശ്രീ നരേന്ദ്ര സിങ് തോമർ, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, കേന്ദ്ര കൃഷി സഹമന്ത്രി ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

കർഷകർക്ക് പ്രയോജനപ്പെടുന്ന സുപ്രധാന നീക്കത്തിന്റെ ഭാഗമായി, ഒരു ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും ഒരിടത്തുതന്നെ പ്രതിവിധി ലഭ്യമാക്കുന്നതിനാണ് പിഎംകെഎസ്‌കെ വികസിപ്പിക്കുന്നത്.  കാർഷിക സാമഗ്രികളെക്കുറിച്ചുള്ള (വളം, വിത്തുകൾ, ഉപകരണങ്ങൾ) വിവരങ്ങൾ മുതൽ മണ്ണ്, വിത്ത്, വളം എന്നിവയുടെ പരിശോധനാ സൗകര്യങ്ങൾ വരെ, വിവിധ ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വരെ, രാജ്യത്തെ കർഷകർക്ക് വിശ്വസനീയമായ പിന്തുണാ സംവിധാനമായാണ് പിഎംകെഎസ്‌കെ വിഭാവനം ചെയ്യുന്നത്. ബ്ലോക്ക്/ജില്ലാതല ഔട്ട്‌ലെറ്റുകളിൽ രാസവളം ചില്ലറ വിൽപ്പനക്കാരുടെ പതിവുശേഷി വർധനയും അവ ഉറപ്പാക്കും.

സൾഫർ പൂശിയ യൂറിയയുടെ പുതിയ ഇനമായ യൂറിയ ഗോൾഡ് പ്രധാനമന്ത്രി പുറത്തിറക്കി. സൾഫർ പൂശിയ യൂറിയയുടെ വരവ് മണ്ണിലെ സൾഫറിന്റെ കുറവ് പരിഹരിക്കും. ഈ നൂതന വളം വേപ്പ് പൂശിയ യൂറിയയേക്കാൾ ലാഭകരവും കാര്യക്ഷമവുമാണ്. സസ്യങ്ങളിലെ നൈട്രജൻ ഉപയോഗം ഇതു കാര്യക്ഷമമാക്കും. രാസവളത്തിന്റെ ഉപഭോഗം കുറയ്ക്കും. വിളയുടെ ഗുണനിലവാരം വർധിപ്പിക്കും.

പരിപാടിയിൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1500 കാർഷികോൽപ്പാദന സംഘടനകളുടെ (എഫ്‌പിഒ) ഉൾപ്പെടുത്തൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മാർക്കറ്റിങ്, ഓൺലൈൻ പണമിടപാട്, ബിസിനസ്-ടു-ബിസിനസ് (B2B), ബിസിനസ്-ടു-കൺസ്യൂമർ  ഇടപാടുകൾ എന്നിവയിലേക്ക് നേരിട്ട് പ്രവേശനം നൽകി ഒഎൻഡിസി എഫ്‌പിഒകളെ ശാക്തീകരിക്കും. കൂടാതെ ഗ്രാമീണ മേഖലയിലെ ലോജിസ്റ്റിക്‌സിന്റെ വളർച്ചയ്ക്ക് ഉത്തേജനം നൽകി പ്രാദേശിക മൂല്യവർധന പ്രോത്സാഹിപ്പിക്കും.

കർഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ ഉദാഹരണമായി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് (പിഎം-കിസാൻ) കീഴിലുള്ള  14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടിയിലധികം ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ അനുവദിച്ചു.

ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ ഏഴ് മെഡിക്കൽ കോളേജുകൾക്ക് തറക്കല്ലിട്ടു. ഇതിലൂടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വലിയ വിപുലീകരണത്തിന് രാജസ്ഥാൻ സാക്ഷ്യം വഹിക്കും. "നിലവിലുള്ള ജില്ലാ/ റഫറൽ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള" കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അഞ്ച് മെഡിക്കൽ കോളേജുകൾ 1400 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ചവയാണ്. തറക്കല്ലിട്ട ഏഴ് മെഡിക്കൽ കോളേജുകൾ 2275 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. 2014 വരെ 10 മെഡിക്കൽ കോളേജുകൾ മാത്രമാണ് രാജസ്ഥാനിൽ ഉണ്ടായിരുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ പരിശ്രമ ഫലമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 250% വർധിച്ച് 35 ആയി ഉയർന്നു. ഈ 12 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2013-14 ലെ 1750ൽ നിന്ന് 258% വർധിപ്പിച്ച് 6275 ആയി ഉയർത്തും.

കൂടാതെ, ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ആറ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi