സമർപ്പിത ചരക്ക് ഇടനാഴിയിൽ ന്യൂ ഖുർജയ്ക്കും ന്യൂ രെവാരിക്കുമിടയിൽ വൈദ്യുതവൽക്കരിച്ച 173 കിലോമീറ്റർ നീളമുള്ള ഇരട്ടപ്പാതാഭാഗം സമർപ്പിച്ചു.
മഥുര - പൽവാൽ ഭാഗത്തെയും ചിപിയാന ബുസുർഗ് - ദാദ്രി ഭാഗത്തെയും ബന്ധിപ്പിക്കുന്ന നാലാമത്തെ പാത സമർപ്പിച്ചു
വിവിധ റോഡ് വികസനപദ്ധതികൾ സമർപ്പിച്ചു
ഇന്ത്യൻ ഓയിലിന്റെ ടൂണ്ഡ്‌ല-ഗവാരിയ പൈപ്പ്ലൈൻ ഉദ്ഘാടനം ചെയ്തു
'ഗ്രേറ്റർ നോയിഡയിലെ ഏകീകൃത വ്യാവസായിക ടൗൺഷിപ്പ്' (IITGN) സമർപ്പിച്ചു
നവീകരിച്ച മഥുര മലിനജലപദ്ധതി ഉദ്ഘാടനം ചെയ്തു
''കല്യാൺ സിങ് തന്റെ ജീവിതം രാം കാജിനും രാഷ്ട്ര കാജിനുമായി സമർപ്പിച്ചു''
''യുപിയുടെ ദ്രുതഗതിയിലുള്ള വികസനമില്ലാതെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക സാധ്യമല്ല''
''കർഷകരുടെയും പാവപ്പെട്ടവരുടെയും ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ മുൻഗണന''
''ഗവൺമെന്റ് പദ്ധതികളുടെ പ്രയോജനം ഓരോ പൗരനും ലഭിക്കുമെന്നത് മോദിയുടെ ഗ്യാരൻ്റിയാണ്. ഇന്ന് രാജ്യം മോദിയുടെ ഗ്യാരൻ്റീനെ ഏതുറപ്പും നിറവേറ്റുന്നതിനുള്ള ഗ്യാരൻ്റിയായി കണക്കാക്കുന്നു''
''എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്റെ കുടുംബമാണ്. നിങ്ങളുടെ സ്വപ്നമാണ് എന്റെ തീരുമാനം''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. റെയിൽ, റോഡ്, എണ്ണയും വാതകവും, നഗരവികസനവും ഭവനനിർമാണവും തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.

സദസിനെ അഭിസംബോധന ചെയ്യവേ, ബുലന്ദ്ഷഹറിലെ ജനങ്ങൾ, പ്രത്യേകിച്ച് വലിയതോതിൽ എത്തിയ അമ്മമാരും സഹോദരിമാരും, കാണിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ജനുവരി 22-ന് ശ്രീരാമന്റെ ദർശനം ലഭിക്കാനും ഇന്നത്തെ അവസരത്തിൽ ഉത്തർപ്രദേശിലെ ജനങ്ങളുടെ സാന്നിധ്യം ലഭിക്കാനും ഭാഗ്യമുണ്ടായതിനു ശ്രീ മോദി നന്ദി പറഞ്ഞു. റെയിൽവേ, ദേശീയ പാത, പെട്രോളിയം പൈപ്പ്ലൈൻ, വെള്ളം, മലിനജലം, മെഡിക്കൽ കോളേജ്, വ്യാവസായിക ടൗൺഷിപ്പ് തുടങ്ങിയ മേഖലകളിൽ 19,000 കോടിയിലധികം രൂപയുടെ ഇന്നത്തെ വികസന പദ്ധതികൾക്ക് ബുലന്ദ്ഷഹറിലെയും പടിഞ്ഞാറൻ ഉത്തർപ്രദേശിലെയാകെയും ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യമുന, രാം ഗംഗ നദികളുടെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം പരാമർശിച്ചു.

 

രാം കാജിനും രാഷ്ട്ര കാജിനുമായി (രാമന്റെ ജോലിക്കും രാജ്യത്തിന്റെ ജോലിക്കും) ജീവിതം സമർപ്പിച്ച കല്യാൺ സിങ്ങിനെപ്പോലെ ഒരു പുത്രനെ ഈ പ്രദേശം രാജ്യത്തിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യധാമിൽ കല്യാൺ സിങ്ങിന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും സ്വപ്നം രാജ്യം സാക്ഷാത്കരിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ''ശക്തമായ രാഷ്ട്രത്തെയും യഥാർഥ സാമൂഹ്യനീതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നമുക്ക് കൂടുതൽ വേഗത കൈവരിക്കേണ്ടതുണ്ട്'' - പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യയിലെ 'പ്രാൺപ്രതിഷ്ഠാ' ചടങ്ങു പൂർത്തിയായതിനെ പരാമർശിച്ച പ്രധാനമന്ത്രി, 'രാഷ്ട്രപ്രതിഷ്ഠ'ക്ക് മുൻഗണന നൽകുന്നതിനും അതിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഊന്നൽ നൽകി. 2047-ഓടെ രാജ്യത്തെ വികസിത ഭാരതമാക്കി മാറ്റാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയം ഉയർത്തിക്കാട്ടി, ''ദേവനിൽനിന്നു ദേശത്തിലേക്കും രാമനിൽ നിന്നു രാഷ്ട്രത്തിലേക്കുമുള്ള പാതയ്ക്കു നാം ധൈര്യമേകണം''- ശ്രീ മോദി പറഞ്ഞു. ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കൂട്ടായ പരിശ്രമമെന്ന മനോഭാവത്തിനൊപ്പം ആവശ്യമായ എല്ലാ വിഭവങ്ങളും സമാഹരിക്കുന്നതിന് ഊന്നൽ നൽകി. ''വികസിതഭാരതം സൃഷ്ടിക്കുന്നതിന് ഉത്തർപ്രദേശിന്റെ ദ്രുതഗതിയിലുള്ള വികസനം അനിവാര്യമാണ്'' -  കൃഷി, ശാസ്ത്രം, വിദ്യാഭ്യാസം, വ്യവസായം, സംരംഭം തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ''ഇന്നത്തെ അവസരം ഈ ദിശയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്'' - അദ്ദേഹം കൂട്ടിച്ചേർത്തു.


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വികസനത്തിന്റെ പ്രാദേശിക അസന്തുലിതാവസ്ഥ പരാമർശിച്ചുകൊണ്ട്, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് അവഗണിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഭരണാധികാരി' മനോഭാവത്തെ വിമർശിച്ച പ്രധാനമന്ത്രി, മുൻകാലങ്ങളിൽ അധികാരത്തിനുവേണ്ടി സാമൂഹിക വിഭജനം വളർത്തിയെടുത്തത് സംസ്ഥാനത്തിനും രാജ്യത്തിനും വലിയ നഷ്ടമുണ്ടാക്കിയെന്നും, 'രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ദുർബലമാണെങ്കിൽ, രാജ്യം എങ്ങനെ ശക്തമാകുമെന്നും?', ചോദിച്ചു. 2017-ൽ ഉത്തർപ്രദേശിൽ ഇരട്ട എൻജിൻ ഗവൺമെന്റ് രൂപീകരിച്ചതോടെ, പഴയ വെല്ലുവിളികളെ നേരിടാൻ സംസ്ഥാനം പുതിയ വഴികൾ കണ്ടെത്തിയെന്നും സാമ്പത്തിക വികസനത്തിന് ഊർജം പകർന്നുവെന്നും ഇന്നത്തെ സന്ദർഭം ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സമീപകാല സംഭവവികാസങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയിലെ രണ്ട് പ്രതിരോധ ഇടനാഴികളിലൊന്നിന്റെ വികസനവും നിരവധി പുതിയ ദേശീയ പാതകൾ സൃഷ്ടിച്ചതിനെക്കുറിച്ചും പരാമർശിച്ചു. ആധുനിക അതിവേഗ പാതകളിലൂടെ ഉത്തർപ്രദേശിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമ്പർക്കസൗകര്യം വർധിപ്പിക്കൽ, ആദ്യത്തെ നമോ ഭാരത് ട്രെയിൻ പദ്ധതി ആരംഭിക്കൽ, നിരവധി നഗരങ്ങളിലെ മെട്രോ സമ്പർക്കസൗകര്യം, കിഴക്ക്- പടിഞ്ഞാറ് സമർപ്പിത ചരക്ക് ഇടനാഴികളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റൽ എന്നിവയ്ക്ക് ഗവൺമെന്റ് ഊന്നൽ നൽകുന്നു. 'ഈ വികസന പദ്ധതികൾ വരും നൂറ്റാണ്ടുകളിലും സ്വാധീനം ചെലുത്തു'മെന്നും പ്രധാനമന്ത്രി പറഞ്ഞു. ജേവർ വിമാനത്താവളം പൂർത്തിയാകുന്നതോടെ ഈ മേഖലയ്ക്ക് പുതിയ ശക്തിയും വിമാന സർവീസും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

'ഗവൺമെന്റിന്റെ ശ്രമഫലമായി പടിഞ്ഞാറൻ ഉത്തർപ്രദേശ് ഇന്ന് രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കളുടെ മേഖലകളിലൊന്നായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള നാല് വ്യാവസായിക സ്മാർട്ട് സിറ്റികൾക്കായി ഗവൺമെന്റ് പ്രവർത്തിക്കുകയാണെന്ന് ശ്രീ മോദി അറിയിച്ചു. ഈ നഗരങ്ങളിലൊന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ്. ഈ സുപ്രധാന ടൗൺഷിപ്പ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. ഇത് മേഖലയിലെ വ്യവസായത്തിനും ചെറുകിട-കുടിൽ വ്യാപാരങ്ങൾക്കും ഗുണം ചെയ്യും. കാർഷികാധിഷ്ഠിത വ്യവസായത്തിന് ടൗൺഷിപ്പ് പുതിയ വഴികൾ സൃഷ്ടിക്കുമെന്നും പ്രാദേശിക കർഷകർക്കും തൊഴിലാളികൾക്കും വലിയ നേട്ടം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻകാലങ്ങളിൽ സമ്പർക്കസൗകര്യത്തിന്റെ അഭാവം കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, പുതിയ വിമാനത്താവളത്തിലൂടെയും പുതിയ സമർപ്പിത ചരക്ക് ഇടനാഴിയിലൂടെയും ഇതിന് പരിഹാരം കാണാൻ കഴിയുമെന്ന് പറഞ്ഞു. കരിമ്പിന്റെ വില വർധിപ്പിച്ചതിനും കമ്പോളത്തിൽ  ഉൽപ്പന്നങ്ങൾ വിറ്റഴിച്ചുകഴിഞ്ഞാൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തുമെന്ന് ഉറപ്പാക്കിയതിനും ഇരട്ട എൻജിൻ ഗവൺമെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അതുപോലെ, എഥനോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരിമ്പ് കർഷകർക്ക് ആദായകരമാണെന്നും  തെളിഞ്ഞു.

'കർഷകക്ഷേമമാണ് ഗവൺമെന്റിന്റെ പ്രഥമ പരിഗണന' - ശ്രീ മോദി പറഞ്ഞു. കർഷകർക്കായി സംരക്ഷണ കവചം സൃഷ്ടിക്കാൻ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യൻ കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് വളങ്ങൾ ലഭ്യമാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇന്ത്യക്ക് പുറത്ത് 3000 രൂപ വിലയുള്ള ഒരു ചാക്ക് യൂറിയ, 300 രൂപയിൽ താഴെ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കിയെന്ന് അദ്ദേഹം അറിയിച്ചു. ഒരു ചെറിയ കുപ്പിയിൽനിന്ന് ഒരു ചാക്ക് വളം നിർമിക്കുന്ന നാനോ യൂറിയ ഉൽപ്പാദനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു, അതുവഴി ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം പണം ലാഭിക്കാനുമാകുന്നു. പിഎം കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2.75 ലക്ഷം കോടി രൂപ ഗവൺമെന്റ് കൈമാറിയതായി ശ്രീ മോദി കൂട്ടിച്ചേർത്തു.

 

കാർഷിക മേഖലയിലേക്കും കാർഷിക സമ്പദ്വ്യവസ്ഥയിലേക്കും കർഷകരുടെ സംഭാവനയെക്കുറിച്ച് അടിവരയിട്ട് കൊണ്ട് സഹകരണ സംഘങ്ങളുടെ തുടർച്ചയായ വിപുലീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ചെറുകിട കർഷകരെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളായി അദ്ദേഹം പിഎസികൾ, സഹകരണ സംഘങ്ങൾ, എഫ്പിഒകൾ എന്നിവ പട്ടികപ്പെടുത്തി. വിൽപ്പന, വാങ്ങൽ, വായ്പകൾ, ഭക്ഷ്യ സംസ്കരണം അല്ലെങ്കിൽ കയറ്റുമതി എന്നിവയ്ക്കായി സഹകരണ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. രാജ്യത്തുടനീളം കോൾഡ് സ്റ്റോറേജിന്റെ ശൃംഖല സൃഷ്ടിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സംഭരണവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു.


കാർഷിക മേഖലയെ നവീകരിക്കാനുള്ള ഗവൺമെന്റിന്റെ ഊന്നൽ  ആവർത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി നാരീ ശക്തിക്ക് ഇതിനുള്ള പാലമായി  പ്രവർത്തിക്കാൻ കഴിയുമെന്ന് അടിവരയിട്ട് പറയുകയും ചെയ്തു. ഡ്രോൺ പൈലറ്റുമാരാകാൻ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പരിശീലനം നൽകുന്ന നമോ ഡ്രോൺ ദീദി പദ്ധതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. "നമോ ഡ്രോൺ ദീദി" ഭാവിയിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും ഒരു വലിയ ശക്തിയായി മാറും", അദ്ദേഹം കൂട്ടിച്ചേർത്തു.ചെറുകിട കർഷകരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ 10 വർഷമായി നടപ്പാക്കിയ ജനക്ഷേമ പദ്ധതികളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, കോടിക്കണക്കിന് ഭവനങ്ങൾ , ശൗച്യാലയങ്ങൾ ,പൈപ്പ് വെള്ള കണക്ഷനുകൾ, കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ സൗകര്യങ്ങൾ, പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി എന്നിവയും പ്രധാനമന്ത്രി പരാമർശിച്ചു. വിളനാശമുണ്ടായാൽ കർഷകർക്ക് 1.5 ലക്ഷം കോടി രൂപ ഉറപ്പ് നൽകുകയും കൂടാതെ സൗജന്യ റേഷൻ പദ്ധതി, ആയുഷ്മാൻ ഭാരത് പദ്ധതി എന്നിവ കൈമാറുകയും ചെയ്തു. "ഒരു ഗുണഭോക്താവും  സർക്കാർ പദ്ധതികളിൽ നിന്ന് മാറ്റി നിർത്തപ്പെടാതിരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം, ഇതിനായി മോദി കി ഗ്യാരൻ്റി വാഹനങ്ങൾ എല്ലാ ഗ്രാമങ്ങളിലും എത്തുകയും ഉത്തർപ്രദേശിൽ തന്നെ ലക്ഷക്കണക്കിന് ആളുകളെ ചേർക്കുകയും ചെയ്യുന്നു", ശ്രീ മോദി കൂട്ടിച്ചേർത്തു. 'സർക്കാർ പദ്ധതികളുടെ പ്രയോജനം ഓരോ പൗരനും ലഭിക്കുമെന്നത് മോദിയുടെ ഉറപ്പാണ്. ഇന്ന് രാജ്യം മോദിയുടെ ഗ്യാരൻ്റിയെ എല്ലാ പദ്ധതികളുടെയും പൂർത്തീകരണത്തിന്റെ ഗ്യാരൻ്റി ആയി കണക്കാക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു. “സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താവിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ  ഇന്ന് എല്ലാ ശ്രമങ്ങളും നടത്തുകയാണ്. അതുകൊണ്ടാണ് മോദി പൂർണത ഗ്യാരൻ്റി നൽകുന്നത്. ഇത് 100 ശതമാനം ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്”, പ്രധാനമന്ത്രി പറഞ്ഞു. ഇത് വിവേചനത്തിന്റെയോ അഴിമതിയുടെയോ സാധ്യത ഇല്ലാതാക്കുന്നു. ഇതാണ് യഥാർത്ഥ മതേതരത്വവും സാമൂഹിക നീതിയും, അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും സ്വപ്‌നങ്ങൾ എല്ലാ സമൂഹത്തിലും ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ആത്മാർത്ഥമായ പരിശ്രമം മൂലം കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു .
 “എനിക്ക് നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളുടെ സ്വപ്നമാണ് എന്റെ തിരുമാനം", പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
 രാജ്യത്തെ സാധാരണ കുടുംബങ്ങളുടെ ശാക്തീകരണത്തിനൊപ്പമാണ് മോദിയുടെ സമ്പത്ത് നിലനിൽക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. ഗ്രാമങ്ങൾ, ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിങ്ങനെ എല്ലാവരെയും ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ  തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ ബ്രജേഷ് പതക്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി ജനറൽ (റിട്ട) വി കെ സിംഗ് തുടങ്ങിയവർ  ഈ അവസരത്തിൽ സന്നിഹിതരായിരുന്നു.

 

പശ്ചാത്തലം:


സമർപ്പിത ചരക്ക് ഇടനാഴിയിലെ (ഡിഎഫ്‌സി) ന്യൂ ഖുർജയ്ക്കും ന്യൂ റെവാരിക്കുമിടയിൽ 173 കിലോമീറ്റർ നീളമുള്ള വൈദ്യുതീകരിച്ച  ഇരട്ട റെയിൽവെ  ലൈൻ വീഡിയോ കോൺഫറൻസിംഗിലൂടെ രണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള ഗുഡ്‌സ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പടിഞ്ഞാറൻ, കിഴക്കൻ ഡിഎഫ്‌സികൾക്കിടയിൽ നിർണായക ബന്ധം സ്ഥാപിക്കുന്നതിനാൽ ഈ പുതിയ ഡിഎഫ്‌സി വിഭാഗം പ്രധാനമാണ്. കൂടാതെ, ഈ വിഭാഗം, എഞ്ചിനീയറിംഗിന്റെ ശ്രദ്ധേയമായ നേട്ടത്തിനും പേരുകേട്ടതാണ്. ഇതിന് ‘ഉയരം കൂടിയ വൈദ്യുത ലൈനുകളോടുകൂടിയ ഒരു കിലോമീറ്റർ നീളമുള്ള ഇരട്ടവരി റെയിൽ തുരങ്കം’ ഉണ്ട്, ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഡബിൾ സ്റ്റാക്ക് കണ്ടെയ്‌നർ ട്രെയിനുകൾ തടസ്സങ്ങളില്ലാതെ പ്രവർത്തിപ്പിക്കാനാണ് ഈ തുരങ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിഎഫ്‌സി ട്രാക്കിൽ ഗുഡ്‌സ് ട്രെയിനുകൾ മാറുന്നതിനാൽ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഈ പുതിയ ഡിഎഫ്‌സി വിഭാഗം സഹായിക്കും.


മഥുര-പൽവാൽ സെക്ഷനേയും  ചിപിയാന ബുസുർഗ്-ദാദ്രി സെക്ഷനേയും  ബന്ധിപ്പിക്കുന്ന നാലാമത്തെ ലൈനും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഈ പുതിയ ലൈനുകൾ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിന്നും രാജ്യത്തിന്റെ  ദക്ഷിണ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളുമായുള്ള റെയിൽ ബന്ധം മെച്ചപ്പെടുത്തും.

വിവിധ റോഡ് വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അലിഗഡ് മുതല്‍ ഭാദ്വാസ് വരെയുള്ള നാലുവരിപ്പാത പ്രവര്‍ത്തിയുടെ പാക്കേജ്-1 (എന്‍ എച്ച് 34ലെ അലിഗഡ്-കാണ്‍പൂര്‍ വിഭാഗത്തിലെ ഭാഗം); ഷാംലി വഴി മീററ്റ് മുതല്‍ കര്‍ണാല്‍ അതിര്‍ത്തി വരെ (എന്‍. എച്ച് 709എ) വീതി കൂട്ടല്‍; എന്‍ എച്ച് 709 എ.ഡി പാക്കേജ്-2 ന്റെ ഷാംലി-മുസാഫര്‍നഗര്‍ ഭാഗത്തിലെ നാലുവരിപ്പാത എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 5000 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച ഈ റോഡ് പദ്ധതികള്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

ഇന്ത്യന്‍ ഓയിലിന്റെ തുണ്ഡ്‌ല-ഗവാരിയ പൈപ്പ്‌ലൈനും പരിപാടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 255 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ് ലൈന്‍ പദ്ധതി നിശ്ചിത സമയത്തിനും വളരെ മുന്‍പ് തന്നെ പൂര്‍ത്തിയാക്കി. മഥുര, തുണ്ഡ്‌ല എന്നിവിടങ്ങളില്‍ പമ്പിങ് സൗകര്യത്തോടെയും തുണ്ഡ്‌ല, ലക്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ വിതരണ സൗകര്യത്തോടെയുമുള്ള ബറൗണി-കാണ്‍പൂര്‍ പൈപ്പ് ലൈനിലെ തുണ്ഡ്‌ലയില്‍ നിന്ന് ഗവാരിയ ടി-പോയിന്റിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് പദ്ധതി സഹായിക്കും.

 

ഗ്രേറ്റര്‍ നോയിഡയിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പും (ഐ.ഐ.ടി.ജി.എന്‍) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി-ഗതിശക്തിക്ക് കീഴില്‍ അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികള്‍ക്ക് സംയോജിത ആസൂത്രണവും ഏകോപിത നടപ്പാക്കലും വേണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. 747 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1,714 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പദ്ധതി, കിഴക്ക്, പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴികളുടേയും ദക്ഷിണ ഭാഗത്തേക്കളുള്ള ഈസേ്റ്റണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടേയും കിഴക്ക് ഭാഗത്തേക്കുള്ള ഡല്‍ഹി-ഹൗറ ബ്രോഡ് ഗേജ് റെയില്‍ പാതയുടേയും സംഗമ സ്ഥാനത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേ (5 കി.മീ), യമുന എക്‌സ്പ്രസ് വേ (10 കി.മീ), ഡല്‍ഹി വിമാനത്താവളം(60 കി.മീ), ജെവാര്‍ വിമാനത്താവളം (40 കി.മീ), അജയ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ (0.5 കി.മീ), ന്യൂ ദാദ്രി ഡി.എഫ്.സി.സി സ്‌റ്റേഷന്‍ (10 കി.മീ) എന്നിങ്ങനെ ബഹുമാതൃകാ ബന്ധിപ്പിക്കലിനുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഈ പദ്ധതിക്ക് സമീപമുള്ളതിനാല്‍ ഐ.ഐ.ടി.ജി.എന്നിന്റെ തന്ത്രപ്രധാനമായ സ്ഥാനം സമാനതകളില്ലാത്ത ബന്ധിപ്പിക്കല്‍ ഉറപ്പാക്കുന്നു. മേഖലയിലെ വ്യാവസായിക വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.

 

ഏകദേശം 460 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മലിനജല സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി) ഉള്‍പ്പെടെയുള്ള നവീകരിച്ച മഥുര മലിനജല പദ്ധതിയുടെ ഉദ്ഘാടനവും പരിപാടിയില്‍, പ്രധാനമന്ത്രി നിര്‍വഹിച്ചു. മസാനിയിലെ 30 എം.എല്‍.ഡി എസ്.ടി.പിയുടെ നിര്‍മ്മാണം, ട്രാന്‍സ് യമുനയില്‍ നിലവിലുള്ള 30 എം.എല്‍.ഡിയുടെയും, മസാനിയിലെ 6.8 എം.എല്‍.ഡിയുടെയും എസ്.ടി.പിയുടെ പുനരുദ്ധാരണം, 20 എം.എല്‍.ഡി ടെറിട്ടറി ട്രീറ്റ്‌മെന്റ് ആന്‍ഡ് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റിന്റെ (ടി.ടി.ആര്‍.ഒ പ്ലാന്റ് ) നിര്‍മ്മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മൊറാദാബാദ് (രാമഗംഗ) മലിനജല സംവിധാനവും എസ്.ടി.പി പ്രവൃത്തികളും (ഘട്ടം 1) അദ്ദേഹം ഉദ്ഘാടനം ചെയ്തു. 330 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പദ്ധതിയില്‍ 58 എം.എല്‍.ഡി എസ്.ടി.പി, മൊറാദാബാദിലെ രാംഗംഗ നദിയിലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള 264 കിലോമീറ്റര്‍ മലിനജല ശൃംഖല, ഒമ്പത് മലിനജല പമ്പിംഗ് സ്‌റ്റേഷനുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi