ഗുണഭോക്താക്കള്‍ക്ക് അരിവാള്‍ കോശ ജനിതക സ്ഥിതിവിവര കാര്‍ഡുകള്‍ വിതരണം ചെയ്തു
മദ്ധ്യപ്രദേശിലെ ഏകദേശം 3.57 കോടി എ.ബി-പി.എം.ജെ.എ.വൈ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു
റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികം ദേശീയ തലത്തില്‍ ആഘോഷിക്കും
''അരിവാള്‍കോശ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സംഘടിതപ്രവര്‍ത്തനം അമൃത് കാലിന്റെ പ്രധാന ദൗത്യമായി മാറും''
''ഞങ്ങളെ സംബന്ധിച്ചിടത്തോളം ആദിവാസി സമൂഹം ഒരു തെരഞ്ഞെടുപ്പ് സംഖ്യ മാത്രമല്ല, അത് വളരെ സംവേദനക്ഷമതയുടെയും വികാരത്തിന്റെയും വിഷയമാണ്''
'''നിയാത് മേ ഖോട്ട് ഔര്‍ ഗരീബ് പര്‍ ചോട്ട് (ദുഷ്ടമായ ഉദ്ദേശ്യങ്ങളും പാവപ്പെട്ടവരെ ദ്രോഹിക്കാനുള്ള പ്രവണതയും) ഉപയോഗിച്ച് ആളുകള്‍ നല്‍കുന്ന തെറ്റായ ഉറപ്പുകളെ സൂക്ഷിക്കുക''

മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ ദേശീയ അരിവാള്‍കോശ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് പ്രധാനമന്ത്രി ഇന്ന് സമാരംഭം കുറിയ്ക്കുകയും ഗുണഭോക്താക്കള്‍ക്ക് അരിവാള്‍ കോശ ജനിതക സ്ഥിതിവിവര കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഏകദേശം 3.57 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകളുടെ വിതരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പരിപാടിയില്‍, പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗോണ്ട്വാന ഭരിച്ചിരുന്ന രാജ്ഞിയായിരുന്ന റാണി ദുര്‍ഗ്ഗാവതിയെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു. 

റാണി ദുര്‍ഗ്ഗാവതിക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ദേശീയ അരിവാള്‍കോശ രോഗ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് ഇന്ന് തുടക്കം കുറിക്കുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. മദ്ധ്യപ്രദേശിലെ ജനങ്ങള്‍ക്കായി ഒരു കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗോണ്ട്, ഭില്‍, മറ്റ് ആദിവാസി സമൂഹങ്ങള്‍ എന്നിവരാണ് ഈ രണ്ട് പ്രധാന പരിശ്രമങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ അവസരത്തില്‍ മദ്ധ്യപ്രദേശിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനേയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഗോത്രവര്‍ഗ്ഗ സമൂഹങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിനും അരിവാള്‍കോശ രോഗത്തില്‍ നിന്നുള്ള മോചനത്തിനുള്ള ദൃഢനിശ്ചയത്തിനും, ഒപ്പം ഈ രോഗം ബാധിച്ചിട്ടുള്ള 2.5 ലക്ഷം കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവന്‍ രക്ഷിക്കുന്നതിനുമുള്ള ഒരു വലിയ പ്രതിജ്ഞയാണ് ഇന്ന് ഷാഹ്‌ദോലിന്റെ ഈ ഭൂമിയില്‍ നിന്ന് രാഷ്ട്രം ഏറ്റെടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുമായുള്ള തന്റെ വ്യക്തിപരമായ അനുഭവം അനുസ്മരിച്ചുകൊണ്ട്, അരിവാള്‍ കോശ രോഗത്തിന്റെ വേദനാജനകമായ ലക്ഷണങ്ങള്‍ക്കും ജനിതക ഉത്ഭവവത്തിനും പ്രധാനമന്ത്രി അടിവരയിട്ടു. 

ലോകത്തെ 50 ശതമാനത്തിലധികം അരിവാള്‍കോശ രോഗ കേസുകളും ഉണ്ടാകുന്നത് ഇന്ത്യയിലായിട്ടും കഴിഞ്ഞ 70 വര്‍ഷമായി അരിവാള്‍കോശ രോഗത്തിന്റെ പ്രശ്‌നത്തില്‍ ഒരു ശ്രദ്ധയും ചെലുത്തിയിട്ടില്ലെന്ന വസ്തുതയില്‍ പ്രധാനമന്ത്രി പരിവേദനപ്പെട്ടു. ആദിവാസി സമൂഹങ്ങളോടുള്ള മുന്‍ ഗവണ്‍മെന്റുകളുടെ നിസ്സംഗത ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ഇതിന് പരിഹാരം കാണാന്‍ പോകുന്നത് ഇപ്പോഴത്തെ ഗവണ്‍മെന്റാണെന്നും പറഞ്ഞു. ഇപ്പോഴത്തെ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ആദിവാസി സമൂഹം കേവലം തെരഞ്ഞെടുപ്പിനുള്ള ഒരു സംഖ്യ മാത്രമല്ല, വലിയ സംവേദനക്ഷമതയുടെയും വികാരത്തിന്റെയും വിഷയമാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ താന്‍ ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതായി പ്രധാനമന്ത്രി അറിയിച്ചു, താനും ഇപ്പോള്‍ മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആയിട്ടുള്ള ശ്രീ മംഗുഭായ് സി പട്ടേലും ചേര്‍ന്ന് ആദിവാസി സമൂഹങ്ങളെ സന്ദര്‍ശിച്ച് അരിവാള്‍ കോശരോഗത്തെക്കുറിച്ച് അവരില്‍ അവബോധം സൃഷ്ടിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് വിവിധ സംഘടിതപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും അദ്ദേഹം അനുസ്മരിച്ചു. അതിനുമപ്പുറത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ജപ്പാന്‍ സന്ദര്‍ശിച്ച വേളയില്‍ നൊബേല്‍ സമ്മാന ജേതാവായ ഒരു ശാസ്ത്രജ്ഞന്റെ സഹായം തേടിയതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

അരിവാള്‍ കോശ രോഗം ഇല്ലാതാക്കുന്നതിനുള്ള ഈ സംഘടിതപ്രവര്‍ത്തനം അമൃത് കാലിലെ പ്രധാന ദൗത്യമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ ആദിവാസി സമൂഹങ്ങളേയും രാജ്യത്തേയും അരിവാള്‍ കോശരോഗം എന്ന വിപത്തില്‍ നിന്ന് മോചിപ്പിക്കുമെന്നുള്ള ദൃഢനിശ്ചയവും അദ്ദേഹം പ്രകടിപ്പിച്ചു. ഗവണ്‍മെന്റിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും ആദിവാസികളുടേയും യോജിച്ച സമീപനത്തിന്റെ ആവശ്യകതയ്ക്കും അദ്ദേഹം അടിവരയിട്ടു. രോഗികള്‍ക്കായി രക്തബാങ്കുകള്‍ സ്ഥാപിക്കുമെന്നും മജ്ജ മാറ്റിവയ്ക്കുന്നതിനുള്ള ക്രമീകരണം മെച്ചപ്പെടുത്തുമെന്നും അരിവാള്‍കോശ രോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രോഗനിര്‍ണ്ണയ പരിശോധനയ്ക്കായി മുന്നോട്ടുവരാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

രോഗം കുടുംബത്തെ മഹാദാരിദ്ര്യത്തിന്റെ വലയിലേക്ക് തള്ളിവിടുമ്പോള്‍ കുടുംബത്തെ മൂഴുവന്‍ രോഗം ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഈ വേദന ഗവണ്‍മെന്റിന് അറിയാമെന്നും രോഗികളെ സഹായിക്കുന്നതില്‍ സംവേദനക്ഷമം ആണെന്നും പറഞ്ഞു. ഇത്തരം പരിശ്രമങ്ങള്‍ മൂലം ക്ഷയരോഗബാധിതരുടെ എണ്ണവും കുറയുന്നു, 2025 ഓടെ ക്ഷയരോഗം പൂര്‍ണമായി ഇല്ലാതാക്കാനാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ 11,000 കാലാ അസര്‍ (കരിമ്പനി) കേസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍, ആയിരത്തില്‍ താഴെയായി കുറഞ്ഞുവെന്ന് വിവിധ രോഗങ്ങള്‍ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 2013-ല്‍ 10 ലക്ഷം മലേറിയ കേസുകളുണ്ടായിരുന്നു, അത് ഇപ്പോള്‍ 2022-ല്‍ 2 ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. അതുപോലെ, കുഷ്ഠരോഗ കേസുകളും 1.25 ലക്ഷത്തില്‍ നിന്ന് 70-75 ആയിരമായി കുറഞ്ഞു. 

''അസുഖങ്ങള്‍ കുറയ്ക്കാന്‍ മാത്രമല്ല, ഏത് അസുഖത്തിനും വേണ്ടിവരുന്ന ചെലവ് കുറയ്ക്കാനും ഇപ്പോഴത്തെ ഗവണ്‍മെന്റ് ശ്രമിക്കുന്നു'', ചികിത്സാച്ചെലവ് മൂലം ജനങ്ങളുടെ മേലുണ്ടാകുന്ന സാമ്പത്തിക ഭാരം ഗണ്യമായി കുറച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു കോടി ഗുണഭോക്താക്കള്‍ക്ക് ഇന്ന് ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. ആശുപത്രി സന്ദര്‍ശിക്കുന്ന പാവപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ എ.ടി.എം കാര്‍ഡായി ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹംപറഞ്ഞു. '' ഇന്ത്യയുടെ ഏത് ഭാഗത്തുമായിക്കോട്ടെ, അവരെ നിങ്ങള്‍ക്ക് ഈ കാര്‍ഡ് കാണിച്ച് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നേടാം'', ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ആയുഷ്മാന്‍ പദ്ധതിക്ക് കീഴില്‍ രാജ്യത്താകമാനം 5 കോടിയോളം രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയെന്നും, ഇതിലൂടെ രോഗികള്‍ ഒരുലക്ഷം കോടിയിലധികം രൂപ ലാഭിച്ചുവെന്നു പ്രധാനമന്ത്രി അറിയിച്ചു. പാവപ്പെട്ടവരുടെ ഏറ്റവും വലിയ ദുഃഖം ഇല്ലാതാക്കുന്നതിനുള്ള ഉറപ്പാണ് ഈ ആയുഷ്മാന്‍ കാര്‍ഡ്. 5 ലക്ഷം രൂപയുടെ ഈ ഉറപ്പ് മുന്‍പ് ആരും നല്‍കിയിട്ടില്ല, അത് ഈ ഗവണ്‍മെന്റാണ്, മോദിയാണ്, ഈ ഉറപ്പ് നല്‍കിയത്'', പ്രധാനമന്ത്രി പറഞ്ഞു. 

വ്യാജ ഉറപ്പ് നല്‍കുന്നവരെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി, അവരുടെ കഴിവുകേടുകള്‍ തിരിച്ചറിയാനും ജനങ്ങളോട് ആവശ്യപ്പെട്ടു. സൗജന്യ വൈദ്യുതിയുടെ ഉറപ്പ് പരാമര്‍ശിച്ച പ്രധാനമന്ത്രി വൈദ്യുതിയുടെ വില ഉയരുമെന്നാണ് അത് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു. അതുപോലെ, ഒരു ഗവണ്‍മെന്റ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുമ്പോള്‍, സംസ്ഥാനത്തിന്റെ ഗതാഗത സംവിധാനം തകരാന്‍ പോകുന്നുവെന്നതാണ് അര്‍ത്ഥമാക്കുന്നത്, ഉയര്‍ന്ന പെന്‍ഷന്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍, ജീവനക്കാരുടെ ശമ്പളം വൈകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് അത് നല്‍കുന്നത്. കുറഞ്ഞ വിലയില്‍ പെട്രോള്‍ എന്ന വാഗ്ദാനത്തെ പരാമര്‍ശിച്ച അദ്ദേഹം, ഇത് ജനങ്ങളുടെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കും എന്നത് മാത്രമാണ് അര്‍ത്ഥമാക്കുന്നത് എന്നും പറഞ്ഞു. തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുമ്പോള്‍, പുതുതായി കൊണ്ടുവന്ന നയങ്ങള്‍ സംസ്ഥാനത്തിലെ വ്യവസായങ്ങളെ തകര്‍ക്കുമെന്നത് ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. '' ചില രാഷ്ട്രീയ പാര്‍ട്ടികളുടെ അര്‍ത്ഥം 'നിയത് മേ ഖോട്ട് ഔര്‍ ഗരീബ് പര്‍ ചോട്ട്' (ദുഷ്ടമായമായ ഉദ്ദേശ്യങ്ങളും പാവപ്പെട്ടവരെ ദ്രോഹിക്കാനുള്ള പ്രവണതയും ) എന്നാണ് . കഴിഞ്ഞ 70 വര്‍ഷമായി, മുന്‍ ഗവണ്‍മെന്റുകള്‍ക്ക് പാവപ്പെട്ടവരുടെ മേശപ്പുറപ്പ് ഭക്ഷണം വച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല, എന്നാല്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് ഗരീബ് കല്യാണ്‍ യോജനയിലൂടെ 80 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യത്തിന്റെ ഉറപ്പുനല്‍കി അവരുടെ മേശകളെ തിരിയ്ക്കുകയാണ്'' പ്രതിപക്ഷത്തിനെ രൂക്ഷമായ ആക്ഷേപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ യോജനയിലൂടെ 50 കോടി ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കുന്നതിനേയും, ഉജ്ജ്വല യോജനയിലെ 10 കോടി സ്ത്രീകള്‍ക്കുള്ള സൗജന്യ ഗ്യാസ് കണക്ഷനുകളേയും, മുദ്ര യോജന വഴി 8.5 കോടി ഗുണഭോക്താക്കള്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയതും അദ്ദേഹം സ്പര്‍ശിച്ചു.

മുന്‍കാലങ്ങളിലെ ഗോത്രവര്‍ഗ്ഗ വിരുദ്ധ നയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ മുമ്പിലുണ്ടായിരുന്ന ഭാഷയുടെ വെല്ലുവിളിയെ അഭിസംബോധനചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. തെറ്റായ ഉറപ്പ് നല്‍കി എന്‍.ഇ.പിയെ എതിര്‍ക്കുന്ന ആളുകളോട് അദ്ദേഹം പരിവേദനപ്പെട്ടു. ഗോത്രവര്‍ഗ്ഗ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന 400-ലധികം പുതിയ ഏകലവ്യ സ്‌കൂളുകളെക്കുറിച്ച് അദ്ദേഹം അറിയിച്ചു. മദ്ധ്യപ്രദേശില്‍ മാത്രം അത്തരത്തിലുള്ള 24,000 വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്. 

മുന്‍കാലങ്ങളിലുള്ള അവഗണനയ്ക്ക് വിരുദ്ധമായി, ആദിവാസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചും മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ചും നിലവിലെ ഗവണ്‍മെന്റ് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനാവകാശ നിയമപ്രകാരം 20 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. മുന്‍കാലങ്ങളിലെ കൊള്ളയില്‍ നിന്ന് വ്യത്യസ്തമായി, ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുകയും ആദി മഹോത്സവം പോലുള്ള പരിപാടികളിലൂടെ അവരുടെ പാരമ്പര്യങ്ങളെ ആദരിക്കുകയും ചെയ്തുവെന്നും ശ്രീ മോദി തുടര്‍ന്നു പറഞ്ഞു.

ഗോത്രവര്‍ഗ്ഗ പൈതൃകത്തെ ആദരിക്കുന്നതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ 9 വര്‍ഷമായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ന് ജന്‍ജാതിയ ഗൗരവ് ദിവസായി പ്രഖ്യാപിച്ചതും വിവിധ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി മ്യൂസിയങ്ങള്‍ സമര്‍പ്പിച്ചതിന്റെയും പട്ടികകള്‍ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ തെരഞ്ഞെടുക്കുന്നതിലുള്ള പല രാഷ്ട്രീയ പാര്‍ട്ടികളുടെ മനോഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ പോലും സ്ഥാപനങ്ങള്‍ക്ക് ഒരു കുടുംബത്തിന്റെ പേരിടുന്ന രീതിയിലെ പ്രാദേശിക ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി , ശിവരാജ് സിംഗ് ഗവണ്‍മെന്റ് ചിന്ദ്വാര സര്‍വകലാശാലയ്ക്ക് മഹാനായ ഗോണ്ട് വിപ്ലവനായ രാജാ ശങ്കര്‍ ഷായുടെ പേര് നല്‍കിയതും പതല്‍പാനി സ്‌റ്റേഷന് താന്ത്യ മാമയുടെ പേര് നല്‍കിയതുമായ ഉദാഹരണങ്ങളും എടുത്തുപറഞ്ഞു. ശ്രീ ദല്‍വീര്‍ സിങ്ങിനെപ്പോലുള്ള ഗോണ്ട് നേതാക്കളോടുണ്ടായിരുന്ന അവഗണനയും അനാദരവും നിലവിലെ ഗവണ്‍മെന്റ് തിരുത്തിയതായും അദ്ദേഹം പരാമര്‍ശിച്ചു.
റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മദിനം കേന്ദ്ര ഗവണ്‍മെന്റ് ദേശീയ തലത്തില്‍ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയും ഒരു സ്മാരക നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കുകയും ചെയ്യും. 

ഈ ശ്രമങ്ങള്‍ ഇനിയും തുടരുന്നതിന് ജനങ്ങളുടെ സഹകരണവും അനുഗ്രഹവും പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. റാണി ദുര്‍ഗ്ഗാവതിയുടെ അനുഗ്രഹവും പ്രചോദനവും മദ്ധ്യപ്രദേശിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനും ഒരുമിച്ച് വികസിത ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും പ്രാപ്തമാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് സി പട്ടേല്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര സഹമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മദ്ധ്യപ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, നിയമസഭാംഗങ്ങള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
അരിവാള്‍ കോശ രോഗം പ്രത്യേകിച്ച് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനെ അഭിസംബോധന ചെയ്യുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. 2047-ഓടെ അരിവാള്‍ കോശ രോഗത്തെ പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങളിലെ നിര്‍ണായക നാഴികക്കല്ലിനാണ് സമാരംഭം കുറിച്ചത്. 2023 ലെ കേന്ദ്ര ബജറ്റിലാണ് ദേശീയ അരിവാള്‍കോശ രോഗ നിര്‍മ്മാര്‍ജ്ജന മിഷന്‍ പ്രഖ്യാപിച്ചിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, അസം, ഉത്തര്‍പ്രദേശ്, കേരളം, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ അതിവശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 278 ജില്ലകളില്‍ ഇത് നടപ്പാക്കും. 

മദ്ധ്യപ്രദേശിലെ ഏകദേശം 3.57 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകളുടെ വിതരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. സംസ്ഥാനത്താകമാനമുള്ള നഗരതദ്ദേശ സ്ഥാപനങ്ങളിലും ഗ്രാമപഞ്ചായത്തുകളിലും വികസന ബ്ലോക്കുകളിലും ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണ ചടങ്ങ് സംഘടിപ്പിച്ചു. ക്ഷേമപദ്ധതികളുടെ 100 ശതമാനം പരിപൂര്‍ണ്ണത ഉറപ്പാക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ആയുഷ്മാന്‍ കാര്‍ഡ് വിതരണ സംഘടിതപ്രവര്‍ത്തനം.

പരിപാടിയില്‍ പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്നു റാണി ദുര്‍ഗ്ഗാവതിയെ പ്രധാനമന്ത്രി ആദരിച്ചു. സ്വാതന്ത്ര്യത്തിനായി മുഗളര്‍ക്കെതിരെ പോരാടിയ സാഹസികയും നിര്‍ഭയയും ധീരയുമായ പോരാളിയായാണ് അവര്‍ ഓര്‍മ്മിക്കപ്പെടുന്നത്. 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi met with the Prime Minister of Dominica H.E. Mr. Roosevelt Skeritt on the sidelines of the 2nd India-CARICOM Summit in Georgetown, Guyana.

The leaders discussed exploring opportunities for cooperation in fields like climate resilience, digital transformation, education, healthcare, capacity building and yoga They also exchanged views on issues of the Global South and UN reform.