പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ 'മഹാബാഹു-ബ്രഹ്മപുത്ര' ഉദ്ഘാടനം ചെയ്യുകയും മറ്റ് രണ്ട് പാലങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി; കേന്ദ്ര നിയമ, നീതി, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് ; തുറമുഖം, ഷിപ്പിംഗ്, ജലപാതകള്‍ക്കായുള്ള സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. മന്‍സൂഖ് മാണ്ഡവ്യ, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മേഘാലയ മുഖ്യമന്ത്രി ശ്രീ.കോണ്‍ട്രാഡ് സംഗ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'മഹാബാഹു-ബ്രഹ്മപുത്ര' സമാരംഭിക്കുന്നതിന്റെ ഭാഗമായി, നീമാതി-മജുളി ദ്വീപ്, വടക്കന്‍ ഗുവാഹത്തി-തെക്കന്‍ ഗുവാഹത്തി, ദുബ്രി-ഹത്സിംഗിമാരി എന്നിവയ്ക്കിടയിലുള്ള റോ-പാക്‌സ് കപ്പല്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജോഗിഖോപയിലെ ഉള്‍നാടന്‍ ജലഗതാഗത (ഐ.ഡബ്ല്യു.ടി) ടെര്‍മിനലിന്റെയും ബ്രഹ്മപുത്ര നദിയിലെ വിവിധ ടൂറിസ്റ്റ് ജെട്ടികളുടെയും ശിലാസ്ഥാപനവും അദ്ദേഹം നടത്തി.
ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളും അദ്ദേഹം പുറത്തിറക്കി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഇന്നലെ ആഘോഷിച്ച അലി-അയേ-ലിഗാങ് ഉത്സവത്തിന് പ്രധാനമന്ത്രി മിസിംഗ് സമൂഹത്തിന് ആശംസകള്‍ നേര്‍ന്നു. വര്‍ഷങ്ങളായി ഈ പുണ്യനദി സാമൂഹികവല്‍ക്കരണത്തിന്റെയും ബന്ധപ്പെടലിന്റെയും പര്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുത്രയിലെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട അത്രയും ജോലികള്‍ നേരത്തെ നടന്നിട്ടില്ലെന്ന് അദ്ദേഹം അപലപിച്ചു. ഇക്കാരണത്താല്‍ അസമിലും വടക്ക് കിഴക്കിന്റെ മറ്റ് പ്രദേശങ്ങളിലും കണക്റ്റിവിറ്റി എല്ലായ്‌പ്പോഴും ഒരു വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തെ ഭൂമി ശാസ്ത്രപരമായും സാംസ്‌കാരികമായും ഉള്ള ദൂരം കുറയ്ക്കുന്നതിനായി ഇപ്പോള്‍ പദ്ധതികള്‍ ത്വരിതഗതിയില്‍ ആക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ മേഖലയിലെ ഭൗതികവും സാംസ്‌കാരികവുമായ സംയോജനം അടുത്ത കാലത്തായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ഭൂപെന്‍ ഹസാരിക സേതു, ബോഗിബീല്‍ പാലം, സരായിഘട്ട് തുടങ്ങിയ നിരവധി പാലങ്ങള്‍ ഇന്ന് അസമിന്റെ ജീവിതം സുഗമമാക്കുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുന്നുവെന്നും നമ്മുടെ സൈനികര്‍ക്ക് വലിയ സൗകര്യമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമിനെയും വടക്ക് കിഴക്കിനെയും ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണം ഇന്ന് മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ്. ഇത് നേടുന്നതിനായുള്ള അസം മുഖ്യമന്ത്രിയുടേയും ഗവണ്‍മെന്റിന്റെയും ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. മജൂളിക്ക് അസമിന്റെ ആദ്യത്തെ ഹെലിപാഡ് ലഭിച്ചു. കാലിബാരിയെ ജോര്‍ഹട്ടുമായി ബന്ധിപ്പിക്കുന്ന 8 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഭൂമി പൂജയോടെ വേഗതയേറിയതും സുരക്ഷിതവുമായ റോഡ് മാര്‍ഗ്ഗമെന്ന ദീര്‍ഘകാലമായുള്ള മജൂളിയയുടെ ആവശ്യം നിറവേറുകയാണ്. ''ഇത് സൗകര്യങ്ങളുടെയും സാധ്യതകളുടെയും പാലമായിരിക്കും'', പ്രധാനമന്ത്രി പറഞ്ഞു.
അതുപോലെ ദുബാരി മുതല്‍ മേഘാലയയിലെ ഫുള്‍ബാരി വരെയുള്ള 19 കിലോമീറ്റര്‍ നീളമുള്ള പാലം ബരാക് താഴ്‌വരയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഘാലയ, മണിപ്പൂര്‍, മിസോറം, അസം എന്നിവ തമ്മിലുള്ള ദൂരം കുറയ്ക്കുകയും ചെയ്യും. ഇന്ന് മേഘാലയെയും അസമും തമ്മില്‍ റോഡ് മാര്‍ഗമുള്ള ദൂരം 250 കിലോമീറ്ററാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ഇത് വെറും 19-20 കിലോമീറ്ററായി കുറയും.
മഹാബാഹു ബ്രഹ്മപുത്ര പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, തുറമുഖങ്ങളുടെ നേതൃത്വത്തിലുള്ള വികസനത്തിലൂടെ ബ്രഹ്മപുത്രയിലെ ജലം വഴിയുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ന് സമാരംഭിച്ച മൂന്ന് റോ-പാക്‌സ് സേവനങ്ങള്‍ അസമിനെ വന്‍ തോതില്‍ റോ-പാക്‌സ് സേവനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മുന്‍നിര സംസ്ഥാനമായി മാറ്റുന്നു. ഇത് നാല് ടൂറിസ്റ്റ് ജെട്ടികള്‍ക്കൊപ്പം വടക്കുകിഴക്കന്‍ മേഖലയുമായുള്ള അസമിന്റെ ബന്ധം ഗണ്യമായി മെച്ചപ്പെടുത്തും.
കണക്റ്റിവിറ്റിയില്‍ കാലകാലങ്ങളായുള്ള അവഗണന സംസ്ഥാനത്തിന്റെ അഭിവൃദ്ധിയെ നഷ്ടപ്പെടുത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങള്‍ വഷളാവുകയും ജലപാതകള്‍ ഏതാണ്ട് നാമവശേഷമാകുകയും ചെയ്തത് അശാന്തിയിലേക്ക് നയിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണ് തിരുത്തല്‍ നടപടികള്‍ ആരംഭിച്ചതെന്ന് ശ്രീ മോദി പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍, അസമില്‍ മള്‍ട്ടി-മോഡല്‍ കണക്റ്റിവിറ്റി പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അസമിനെയും, വടക്ക് കിഴക്കിനേയും മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ സാംസ്‌കാരിക, ബിസിനസ് ബന്ധങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
ഉള്‍നാടന്‍ ജലപാതകളുടെ പ്രവര്‍ത്തനം ഇവിടെ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജല ബന്ധം മെച്ചപ്പെടുത്തുന്നതിനായി ബംഗ്ലാദേശുമായി അടുത്തിടെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൂഗ്ലി നദിക്ക് കുറുകെയുള്ള ഇന്തോ-ബംഗ്ലാദേശ് പ്രോട്ടോക്കോള്‍ റൂട്ടില്‍ ബ്രഹ്മപുത്രയെയും ബരാക് നദിയെയും ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വടക്ക് കിഴക്കിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ, കണക്റ്റിവിറ്റിയ്ക്കായി ഇടുങ്ങിയ ഭാഗങ്ങളുള്ള പ്രദേശങ്ങളെ ആശ്രയിക്കുന്നത് കുറയും. ജോഗിഖോപ ഐഡബ്ല്യുടി ടെര്‍മിനല്‍ അസമിനെ ഹാല്‍ദിയ തുറമുഖവും കൊല്‍ക്കത്തയുമായി ജലപാതയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ബദല്‍ മാര്‍ഗ്ഗം ശക്തിപ്പെടുത്തും. ഈ ടെര്‍മിനലില്‍ നിന്ന് ഭൂട്ടാന്‍, ബംഗ്ലാദേശ് ചരക്കുകള്‍ക്കും ജോഗിഖോപ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിലെ ചരക്കുകള്‍ക്കും ബ്രഹ്മപുത്ര നദിയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള സൗകര്യങ്ങള്‍ ലഭിക്കും.
സാധാരണക്കാരുടെ സൗകര്യത്തിനും മേഖലയുടെ വികസനത്തിനും വേണ്ടിയാണ് പുതിയ റൂട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മജൂളിയും നിമാതിയും തമ്മിലുള്ള റോ-പാക്‌സ് സര്‍വീസ് 425 കിലോമീറ്ററില്‍ നിന്ന് 12 കിലോമീറ്ററായി കുറയ്ക്കും. ഈ പാതയില്‍ രണ്ട് കപ്പലുകള്‍ സര്‍വീസ് നടത്തുന്നു, അത് 1600 യാത്രക്കാരെയും ഡസന്‍ കണക്കിന് വാഹനങ്ങളെയും ഒറ്റയടിക്ക് എത്തിക്കും. ഗുവാഹത്തിയില്‍ ആരംഭിച്ച സമാനമായ സൗകര്യം വടക്കും തെക്കും ഗുവാഹത്തി തമ്മിലുള്ള ദൂരം 40 കിലോമീറ്ററില്‍ നിന്ന് 3 കിലോമീറ്ററായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇ-പോര്‍ട്ടലുകള്‍ ഇന്ന് ആരംഭിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ജലപാതയിലെ എല്ലാ ചരക്ക്, ക്രൂയിസ് നീക്കങ്ങളുടെ തത്സമയ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കാര്‍-ഡി പോര്‍ട്ടല്‍ സഹായിക്കും. ജലപാതയുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇത് നല്‍കും. ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യ മാപ്പ് പോര്‍ട്ടല്‍ ബിസിനസിനായി ഇവിടെ വരാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലപാതയ്ക്കും, റെയില്‍വേയ്ക്കും, ഹൈവേ കണക്റ്റിവിറ്റിയ്ക്കുമൊപ്പം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും വടക്ക് കിഴക്ക് മേഖലയ്ക്കും അസമിനും ഒരുപോലെ പ്രധാനമാണെന്നും ഇത് സംബന്ധിച്ച് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപത്തോടെ വടക്ക് കിഴക്കിന്റെ ആദ്യത്തെ ഡാറ്റാ സെന്റര്‍ ഗുവാഹത്തിയില്‍ നിര്‍മ്മിക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്റര്‍ 8 സംസ്ഥാനങ്ങളുടെ ഡാറ്റാ സെന്റര്‍ ഹബ് ആയി പ്രവര്‍ത്തിക്കും. ഐടി സേവന അധിഷ്ഠിത വ്യവസായം, ബിപിഒ ഇക്കോസിസ്റ്റം, അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവ ഇ-ഗവേണന്‍സിലൂടെ ശക്തിപ്പെടുത്തും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ് എന്നിവരുടെ കാഴ്ചപ്പാടോടെയാണ് ഗവണ്‍മെന്റ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മജൂളി മേഖലയുടെ സാംസ്‌കാരിക വൈവിധ്യവും സമൃദ്ധിയും, അസമീസ് സംസ്‌കാരം, പ്രാദേശിക ജൈവ വൈവിധ്യവും അദ്ദേഹം എടുത്തു പറഞ്ഞു. സാംസ്‌കാരിക സര്‍വകലാശാല സ്ഥാപിക്കല്‍, മജൂളിയ്ക്ക് ജൈവവൈവിധ്യ പൈതൃക പദവി, തേജ്പൂര്‍-മജുളി-ശിവസാഗര്‍ പൈതൃക സര്‍ക്യൂട്ട്, നമാമി ബ്രഹ്മപുത്ര, നമാമി ബരാക് തുടങ്ങിയ ആഘോഷങ്ങള്‍ മുതലായവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ നടപടികള്‍ അസാമിന്റെ സ്വത്വത്തെ കൂടുതല്‍ സമ്പന്നമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ഉദ്ഘാടനങ്ങള്‍ ടൂറിസത്തിന്റെ പുതിയ വഴികള്‍ തുറക്കുമെന്നും ക്രൂയിസ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി അസം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അസമിനെയും വടക്കു കിഴക്കിനെയും ആത്മിര്‍ഭര്‍ ഭാരത്തിന്റെ ശക്തമായ സ്തംഭമാക്കി മാറ്റാന്‍ നാം കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.