പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ അംഗീകൃത വായ്പകളുടെ കൈമാറ്റത്തിന് തുടക്കം കുറിച്ചു
മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2എയും 7ഉം രാജ്യത്തിന് സമര്‍പ്പിച്ചു
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിന്റെയും ഏഴ് മലിനജല സംസ്‌കരണ പ്ലാന്റുകളുടെയും പുനര്‍വികസനത്തിന് തറക്കല്ലിട്ടു
20 ഹിന്ദുഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ ആപ്ല ദവാഖാന ഉദ്ഘാടനം ചെയ്തു
മുംബൈയില്‍ ഏകദേശം 400 കിലോമീറ്റര്‍ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
''ഇന്ത്യയുടെ ദൃഢനിശ്ചയത്തില്‍ ലോകം വിശ്വാസം പ്രകടിപ്പിക്കുന്നു''
''ഛത്രപതി ശിവാജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന, ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റില്‍ 'സൂരജി'ന്റെയും 'സ്വരാജി'ന്റെയും ആത്മാവ് ശക്തമായി പ്രകടമാണ്.
''ഒരു ഭാവി ചിന്തയോടെയും ആധുനിക സമീപനത്തോടെയുമാണ് ഇന്ത്യ അതിന്റെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവിടുന്നത്''
''ഇന്നത്തെ ആവശ്യങ്ങള്‍ക്കും ഭാവിയിലെ സാദ്ധ്യതകള്‍ക്കും വേണ്ട പ്രവര്‍ത്തികള്‍ നടക്കുന്നു''
''അമൃത കാലത്ത്, ഇന്ത്യയുടെ വളര്‍ച്ചയെ മഹാരാഷ്്രടയിലെ പല നഗരങ്ങളും നയിക്കും''
''നഗരങ്ങളുടെ വികസനത്തിനുള്ള ശേഷിക്കും രാഷ്ട്രീയ ഇച്ഛാശക്തിക്കും ഒരു കുറവുമില്ല''
''കേന്ദ്രവും സംസ്ഥാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മുംബൈയുടെ വികസനത്തിന് നിര്‍ണ്ണായകമാണ്''
'' 'സ്വാനിധി'ഒരു വായ്പാ പദ്ധതിയേക്കാളും വളരെയധികമാണ്; ഇത് വഴിയോരക്കച്ചവടക്കാരുടെ ആത്മാഭിമാനത്തിന്റെ അടിത്തറയാണ്''
'' സബ്ക പ്രയാസ്( എല്ലാവരുടെയും പ്രയത്‌നം) ഉണ്ടാകുമ്പോള്‍ അസാദ്ധ്യമായി ഒന്നുമില്ല എന്നതിന്റെ തത്സമയ ഉദാഹരണമാണ് ഡിജിറ്റല്‍ ഇന്ത്യ''

മുംബൈയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കുള്ള അംഗീകൃത വായ്പകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രധാനമന്ത്രി തുടക്കമിട്ടു. മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2എയും 7ഉം രാജ്യത്തിന് സമര്‍പ്പിക്കല്‍, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന്റെയും ഏഴ് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ളുടെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടല്‍, 20 ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ ആപ്ല ദവാഖാനകളുടെ ഉദ്ഘാടനം ചെയ്യല്‍, മുംബൈയിലെ ഏകദേശം 400 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തുടക്കം കുറിയ്ക്കല്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
 

ഇന്നത്തെ പദ്ധതികള്‍ മുംബൈയെ ഒരു മികച്ച മെട്രോപൊളിറ്റന്‍ ആക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഗുണഭോക്താക്കളെയും മുംബൈക്കാരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ''സ്വാതന്ത്ര്യത്തിന് ശേഷം തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയ്ക്ക് ധൈര്യം ലഭിക്കുന്നത് ഇതാദ്യമായാണ്'' പ്രധാനമന്ത്രിപറഞ്ഞു. ദാരിദ്ര്യം മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും ലോകത്തില്‍ നിന്ന് സഹായം ലഭിക്കുക ഏക താല്‍പര്യവും മാത്രമായിരുന്ന ഇന്ത്യയിലെ പൂര്‍വ്വകാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ലോകം വിശ്വാസം പ്രകടിപ്പിക്കുന്ന ആദ്യ സന്ദര്‍ഭമാണിതെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വികസിത ഇന്ത്യക്കായി ഇന്ത്യക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, ഇന്ത്യയെക്കുറിച്ചുള്ള അതേ ശുഭാപ്തിവിശ്വാസം ലോകത്തിലും കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിന്റെ കഴിവുകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്ന വിശ്വാസം കൊണ്ടാണ്, ഈ സുനിശ്ചിത്വമെന്ന് പ്രധാനമന്ത്രി പറഞ്ഞു. '' ഇന്ന് മുന്‍പൊരിക്കലുമില്ലാത്ത ആത്മവിശ്വാസം നിറഞ്ഞതാണ് ഇന്ത്യ . ഛത്രപതി ശിവാജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റില്‍, 'സൂരജി'ന്റെയും 'സ്വരാജി'ന്റെയും ആത്മാവ് ശക്തമായി പ്രകടമാണ്'', പ്രധാനമന്ത്രി പറഞ്ഞു.
 

രാജ്യത്തിനും കോടിക്കണക്കിന് പൗരന്മാര്‍ക്കും ദോഷമായി ഭവിച്ച അഴിമതികളുടെ കാലഘട്ടത്തെ പ്രധാനമന്ത്രി സ്മരിച്ചു. ''ഞങ്ങള്‍ ഈ ചിന്ത മാറ്റി, ഇന്ന് ഇന്ത്യ ഭാവിയോടുള്ള ചിന്തയും ആധുനിക സമീപനവും ഉപയോഗിച്ചാണ് അതിന്റെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവുചെയ്യുന്നത്, പ്രധാനമന്ത്രി പറഞ്ഞു. പാര്‍പ്പിടം, ശൗച്യാലയങ്ങള്‍, വൈദ്യുതി, വെള്ളം, പാചക വാതകം, സൗജന്യ ചികിത്സ, മെഡിക്കല്‍ കോളേജുകള്‍, എയിംസ്, ഐ.ഐ.ടി, ഐ.ഐ.എം എന്നിവ അതിവേഗം വികസിക്കുമ്പോള്‍, മറുവശത്ത് ആധുനിക ബന്ധിപ്പിക്കലിനും അതേ ഊന്നല്‍ നല്‍കുന്നുവെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. '' ഇന്നത്തെ ആവശ്യങ്ങളിലും ഭാവിയിലെ സാദ്ധ്യതകളിലും ഒരേപോലെ പ്രവര്‍ത്തികള്‍ നടക്കുന്നു'', അദ്ദേഹം പറഞ്ഞു. ദുഷ്‌കരമായ ഈ സമയത്തും ഇന്ത്യ 80 കോടി പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയും അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍പൊന്നുമില്ലാത്തവിധം നിക്ഷേപം നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''ഇത് ഇന്നത്തെ ഇന്ത്യയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതും, വികസിത ഭാരതം എന്ന ആശയത്തിന്റെ പ്രതിഫലനവുമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസിത ഭാരതം സൃഷ്ടിക്കുന്നതില്‍ നഗരങ്ങളുടെ പങ്ക് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അമൃത കാലത്ത് മഹാരാഷ്ട്രയിലെ പല നഗരങ്ങളും ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മുംബൈയെ ഭാവിയിലേക്ക് ഒരുക്കുക എന്നത് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനകളിലൊന്നായതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ മെട്രോയുടെ ഉദാഹരണം ശ്രീ മോദി ചൂണ്ടിക്കാട്ടി. 2014-ല്‍ മുംബൈയില്‍ 10-11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റൂട്ടാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിലൂടെ മെട്രോയ്ക്ക് പുതിയ വേഗതയും വര്‍ദ്ധനയും ഉണ്ടായി, മുംബൈയിലെ മെട്രോ 300 കിലോമീറ്റര്‍ ശൃംഖലയിലേക്ക് നീങ്ങുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ പുരോഗതിക്കായി രാജ്യത്തുടനീളം ദൗത്യ മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക്കയാണെന്നും മുംബൈ മെട്രോയ്ക്കും ലോക്കല്‍ ട്രെയിനുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വിഭവങ്ങള്‍ ഉള്ളവര്‍ക്കുമാത്രം അനുഭവേദ്യമായിരുന്ന അതേ ആധുനിക സേവനങ്ങളും വൃത്തിയും, യാത്രാ വേഗതയും സാധാരണ ജനങ്ങള്‍ക്കും നല്‍കുന്നതിനായി ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പരിശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി, ഇന്നത്തെ റെയില്‍വേ സ്‌റ്റേഷനുകളെ വിമാനത്താവളങ്ങള്‍ പോലെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ മുന്‍കൈയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ ഛത്രപതി മഹാരാജ് ടെര്‍മിനസിന്റെ മുഖഛായമാറ്റുമെന്നും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഉജ്ജ്വല മാതൃകയായി ഇതിനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയും യാത്രാനുഭവം സുഗമമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം'' അദ്ദേഹം വ്യക്തമാക്കി. റെയില്‍വേയുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ മാത്രമായി റെയില്‍വേ സ്‌റ്റേഷനെ പരിമിതപ്പെടുത്തില്ലെന്നും ബഹുമാതൃകാ ബന്ധിപ്പിക്കലിന്റെ കേന്ദ്രമായി അവ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''എല്ലാ ഗതാഗത മാതൃകകളും, ബസ്, മെട്രോ, ടാക്‌സി എന്നിവയോ അല്ലെങ്കില്‍ ഓട്ടോ തുടങ്ങിയ എല്ലാത്തരം ഗതാഗത മാര്‍ഗ്ഗങ്ങളേയും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ബന്ധിപ്പിക്കുകയും അതിലൂടെ എല്ലാ യാത്രക്കാര്‍ക്കും തടസ്സമില്ലാത്ത ബന്ധിപ്പിക്കല്‍ ലഭ്യമാക്കുകയും ചെയ്യും'' പ്രധാനമന്ത്രി പറഞ്ഞു. അത്തരം ബഹുമാതൃകാ ബന്ധിപ്പിക്കല്‍ കേന്ദ്രങ്ങള്‍ എല്ലാ നഗരങ്ങളിലും വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

മുംബൈ ലോക്കലിന്റെ സാങ്കേതിക മുന്നേറ്റം, മെട്രോ ശൃംഖലയുടെ വിപുലീകരണം, വന്ദേ ഭാരത് ട്രെയിനുകള്‍, ബുള്ളറ്റ് ട്രെയിനിനേക്കാള്‍ വേഗത്തിലുള്ള നൂതന ബന്ധിപ്പിക്കല്‍ എന്നിവയിലൂടെ വരുംവര്‍ഷങ്ങളില്‍ മുംബൈ നഗരത്തിന്റെ മുഖഛായ മാറുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''പാവപ്പെട്ട തൊഴിലാളികളും ജീവനക്കാരും മുതല്‍ കടയുടമകളും വന്‍കിട ബിസിനസ്സ് ഉടമകളും വരെ താമസിക്കുന്ന മുംബൈ എല്ലാവര്‍ക്കും സൗകര്യപ്രദമായിരിക്കും'', പ്രധാനമന്ത്രി പറഞ്ഞു. അയല്‍ ജില്ലകളില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്ര ഇനി എളുപ്പമാകുമെന്നും അദ്ദേഹം അറിയിച്ചു. തീരദേശ റോഡ്, ഇന്ദു മില്‍സ് സ്മാരകം, നവി മുംബൈ വിമാനത്താവളം, ഫ്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് തുടങ്ങിയ പദ്ധതികളും അത്തരത്തിലുള്ള മറ്റ് പദ്ധതികളും മുംബൈയ്ക്ക് പുതിയ കരുത്ത് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ധാരാവി പുനര്‍വികസനം, ഓള്‍ഡ് ചൗള്‍ വികസനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ വീണ്ടും ശരിയായപാതയിലേക്ക് വരുന്നതായി നിരീക്ഷിച്ച അദ്ദേഹം, ഈ ശ്രദ്ധേയമായ നേട്ടത്തിന് ശ്രീ ഏകനാഥ് ഷിന്‍ഡെയേയും സംഘത്തേയും അഭിനന്ദിച്ചു. മുംബൈയിലെ റോഡുകളുടെ നവീകരണത്തിനായി ഇന്ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി സ്പര്‍ശിക്കുകയും ഇത് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
 

ഇന്ത്യന്‍ നഗരങ്ങളെ സമ്പൂര്‍ണമായി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലിനീകരണം, ശുചിത്വം തുടങ്ങിയ വ്യാപകമായ നഗരപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തി. ഇലക്ട്രിക് ചലനക്ഷമത അടിസ്ഥാനസൗകര്യം, ജൈവ ഇന്ധന അധിഷ്ഠിത ഗതാഗത സംവിധാനം, ഹൈഡ്രജന്‍ ഇന്ധനത്തില്‍ ദൗത്യമാതൃകാ ശ്രദ്ധകേന്ദ്രീകരണം, മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്കുള്ള നീക്കം, നദികള്‍ ശുദ്ധമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ജല സംസ്‌കരണ പ്ലാന്റുകള്‍ എന്നിവ ഈ ദിശയിലെ ചില പ്രധാന ചുവടുവയ്പ്പുകളാണ്. ''നഗരങ്ങളുടെ വികസനത്തിനുള്ള ശേഷിക്കും രാഷ്ട്രീയ ഇച്ഛാശക്തിക്കും ഒരു കുറവുമില്ല. എന്നാലും നഗരതദ്ദേശസ്ഥാപനങ്ങളും അത്തരത്തിനുള്ള ദ്രുതവികസനത്തിന് മുന്‍ഗണന നല്‍കുന്ന സമയംവരെ, മുംബൈ പോലൊരു നഗരത്തില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് മുംബൈയുടെ വികസനത്തില്‍ പ്രാദേശിക നഗര തദ്ദേശസ്ഥാപനത്തിന്റെ പങ്ക് നിര്‍ണായകമാകുന്നത്'' പ്രധാനമന്ത്രി പറഞ്ഞു., മെട്രോപോളിറ്റന്‍ നഗരത്തിന് അനുവദിച്ച പണം ശരിയായ രീതിയില്‍ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വികസനത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 35 ലക്ഷം വഴിയോരകച്ചവടക്കാര്‍ക്ക് താങ്ങാനാകുന്നതും ആസ്തിരഹിതവുമായ വായ്പ നല്‍കിയ സ്വനിധി പോലുള്ള മുന്‍ പദ്ധതികളില്‍ മഹാരാഷ്ട്രയില്‍ നിന്ന് വെറും 5ലക്ഷം ഗുണഭോക്താക്കളെ ഉണ്ടായിരുന്നുള്ളുവെന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. രാഷ്ട്രീയകാരണങ്ങളാല്‍ മുന്‍പ് അത് തടയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തികഞ്ഞ ഏകോപനത്തിന്റെയും കേന്ദ്രം മുതല്‍ മഹാരാഷ്ട്രയും മുംബൈയും വരെ സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വനിധി ഒരു വായ്പാ പദ്ധതിയേക്കാള്‍ ഉപരിയായതാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഇത് വഴിയോരകച്ചവടക്കാരുടെ ആത്മാഭിമാനത്തിന്റെ അടിത്തറയാണെന്നും വിശേഷിപ്പിച്ചു.കുറഞ്ഞ സമയത്തിനുള്ളില്‍ 50,000 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയതിന് പ്രധാനമന്ത്രി ഗുണഭോക്താക്കളെ പ്രശംസിച്ചു. '' സബ്ക പ്രയാസ് (എല്ലാവരുടെയും പ്രയത്‌നം) ഉള്ളപ്പോള്‍ അസാദ്ധ്യമായി ഒന്നുമില്ല എന്നതിന്റെ തത്സമയ ഉദാഹരണമാണ് ഡിജിറ്റല്‍ ഇന്ത്യ'' അദ്ദേഹം പറഞ്ഞു.
 

''ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു. നിങ്ങള്‍ പത്ത് ചുവടുകള്‍ വച്ചാല്‍, പതിനൊന്ന് ചുവടുകള്‍ വയ്ക്കാന്‍ ഞാന്‍ തയാറാണ്'' പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി വഴിയോരക്കച്ചവടക്കാരോട് പറഞ്ഞു. രാജ്യത്തെ ചെറുകിട ഉടമകളുടെ അദ്ധ്വാനവും അര്‍പ്പണബോധവും കൊണ്ട് രാജ്യം പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്നും അത് വലിയ മാറ്റം സൃഷ്ടിക്കുമെന്നുമുള്ള വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ഇന്നത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുംബൈയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഷൈന്‍ ജിയുടെയും ദേവേന്ദ്ര ജിയുടെയും ജോഡി മഹാരാഷ്ട്രയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി.
മഹാരാഷ്ട്ര ഗവര്‍ണര്‍, ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രിമാരായ ശ്രീ പിയൂഷ് ഗോയല്‍, ശ്രീ നാരായണ്‍ റാണെ, കേന്ദ്ര സഹമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മഹാരാഷ്ട്ര ഗവണ്‍മെന്റിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
മുംബൈയില്‍ 38,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. തടസ്സങ്ങളില്ലാത്ത നഗര ചലനക്ഷമത നല്‍കുക എന്നത് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്, ഇതിന് അനുസൃതമായി, ഏകദേശം 12,600 കോടി രൂപയുടെ ചെലവില്‍ നിര്‍മ്മിച്ച മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2എയും 7ഉം അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. ദഹിസര്‍ ഇയേയും ഡി.എന്‍ നഗറിനെയും (മഞ്ഞ ലൈന്‍) ബന്ധിപ്പിക്കുന്ന മെട്രോ ലൈന്‍ 2 എയ്ക്ക് 18.6 കിലോമീറ്റര്‍ നീളമുണ്ട്, അതേസമയം അന്ധേരി ഇ - ദഹിസര്‍ ഇ (റെഡ് ലൈന്‍) എന്നിവയെ ബന്ധിപ്പിക്കുന്ന മെട്രോ ലൈന്‍ 7ന് ഏകദേശം 16.5 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഈ ലൈനുകള്‍ക്ക് 2015ല്‍ തറക്കല്ലിട്ടതും പ്രധാനമന്ത്രിയായിരുന്നു.

 

ഏകദേശം 17,200 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഏഴ് മലിനജല സംസ്‌കരണ പ്ലാന്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മലാഡ്, ഭാണ്ഡൂപ്പ്, വെര്‍സോവ, ഘാട്‌കോപ്പര്‍, ബാന്ദ്ര, ധാരാവി, വര്‍ളി എന്നിവിടങ്ങളിലാണ് ഈ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇവയ്ക്ക് ഏകദേശം 2,460 എം.എല്‍.ഡി ശേഷിയുണ്ടാകും.
മുംബൈയിലെ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി 20 ഹിന്ദുഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ ആപ്ല ദവാഖാനയും ഉദ്ഘാടനം ചെയ്തു. ഈ മൂന്‍കൈയിലൂടെ ജനങ്ങള്‍ക്ക് ആരോഗ്യ പരിശോധനകള്‍, മരുന്നുകള്‍, അന്വേഷണങ്ങളും രോഗനിര്‍ണയവും തുടങ്ങിയ അവശ്യ മെഡിക്കല്‍ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായി നല്‍കും. 360 കിടക്കകളുള്ള ഭാണ്ഡൂപ്പ് മള്‍ട്ടിസ്‌പെഷ്യാലിറ്റി മുനിസിപ്പല്‍ ഹോസ്പിറ്റല്‍, 306 കിടക്കകളുള്ള സിദ്ധാര്‍ത്ഥ് നഗര്‍ ഹോസ്പിറ്റല്‍, ഗോരെഗാവ് (പടിഞ്ഞാറ്), 152 കിടക്കകളുള്ള ഓഷിവാര മെറ്റേണിറ്റി ഹോം എന്നിങ്ങനെ മുംബൈയിലെ മൂന്ന് ആശുപത്രികളുടെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് ലക്ഷക്കണക്കിന് നഗരനിവാസികള്‍ക്ക് പ്രയോജനം ചെയ്യുകയും ഒപ്പം അവര്‍ക്ക് മികച്ച മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
മുംബൈയിലെ 400 കിലോമീറ്റര്‍ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിട്ടു. ഈ പദ്ധതിയുടെ വികസനത്തിനായി ഏകദേശം 6,100 കോടി രൂപയുടെ ചെലവാണ് വരിക. മുംബൈയില്‍ ഏകദേശം 2050 കിലോമീറ്ററോളം നീളുന്ന മൊത്തം റോഡുകളില്‍ 1200 കിലോമീറ്ററിലധികം റോഡുകള്‍ ഒന്നുകില്‍ കോണ്‍ക്രീറ്റുചെയ്തതോ അല്ലെങ്കില്‍ കോണ്‍ക്രീറ്റുചെയ്യുന്ന പ്രക്രിയയിലോ ആണ്. എന്നിരുന്നാലും, 850 കിലോമീറ്റര്‍ നീളമുള്ള ശേഷിക്കുന്ന റോഡുകള്‍ ഗതാഗതത്തെ സാരമായി ബാധിക്കുന്ന കുഴികളുടെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. ഈ വെല്ലുവിളി മറികടക്കുകയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ കോണ്‍ക്രീറ്റ് റോഡുകള്‍ മെച്ചപ്പെട്ട സുരക്ഷയ്‌ക്കൊപ്പം വേഗത്തിലുള്ള യാത്രയും ഉറപ്പാക്കും, അതോടൊപ്പം മികച്ച ഡ്രെയിനേജ് സൗകര്യങ്ങളും യൂട്ടിലിറ്റി ഡക്ടുകളും ഉറപ്പാക്കുന്നതിലൂടെ റോഡുകള്‍ പതിവായി കുഴിക്കുന്നത് ഒഴിവാക്കാനാകും.
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിന്റെ പുനര്‍വികസനത്തിനും അദ്ദേഹം തറക്കല്ലിട്ടു. ടെര്‍മിനസിന്റെ തെക്കന്‍ ഹെറിറ്റേജ് നോഡിലെ (പൈതൃക പര്‍വ്വം) തിരക്ക് കുറയ്ക്കുക, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മികച്ച ബഹുമാതൃക സംയോജനം, ലോകപ്രശസ്ത ഐക്കണിക് ഘടനയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് സംരക്ഷിച്ച് പുനഃസ്ഥാപിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുനര്‍വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. 1,800 കോടിയിലധികം രൂപയാണ് പദ്ധതിയുടെ ചെലവവ്. കൂടാതെ, പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ അംഗീകൃത വായ്പകളുടെ കൈമാറ്റത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi