കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് അവര്‍ ആശയങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവെച്ചു
അസോചം, ഫിക്കി, സി.ഐ.ഐ., രാജ്യത്തെ 18 നഗരങ്ങളിലെ പ്രാദേശിക ചേംബറുകള്‍ എന്നിവയിലെ അംഗങ്ങളായ വ്യവസായ മേഖലയുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.
രാജ്യത്തിന്റെ വളര്‍ച്ചയിലുണ്ടായ ഇടിവു നികത്താന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരുന്നതിനിടെ കോവിഡ്-19ന്റെ പേരില്‍ അപ്രതീക്ഷിതമായ കടമ്പ സമ്പദ്‌വ്യവസ്ഥയ്ക്കു മുന്നില്‍ വന്നുപെട്ടിരിക്കുകയാണ്. മഹാവ്യാധി സൃഷ്ടിച്ച വെല്ലുവിളി ലോക മഹായുദ്ധങ്ങള്‍ ഉയര്‍ത്തിയതിലും വലുതാണെന്നും രോഗം പടരാതിരിക്കാന്‍ നാം സദാ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം വിശ്വാസ്യതയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസ്യതയ്ക്കു സവിശേഷമായ മാനദണ്ഡമുണ്ട്- ബുദ്ധിമുട്ടേറിയതും വെല്ലുവിളി ഉയരുന്നതുമായ കാലത്ത് അതു നേടിയെടുക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യാം. സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ വി്ശ്വാസ്യതയുടെ മാനകങ്ങള്‍ അപകടകരമായ ദശാസന്ധിയിലാണ്. വിനോദസഞ്ചാരം, നിര്‍മാണം, ആതിഥ്യം തുടങ്ങിയ മേഖലകള്‍ക്കും അസംഘടിത മേഖല ഉള്‍പ്പെടെ നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ്-19 തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയ്ക്കു സംഭവിച്ച തിരിച്ചടി കുറച്ചുകാലം നിലനില്‍ക്കും.
മുന്നില്‍നിന്നു നയിക്കുന്നതിനും വെല്ലുവിളിയെ നേരിടുന്നതിനായി വേഗമേറിയതും മുന്നോട്ടുള്ള ചുവടുകള്‍ നിറഞ്ഞതുമായ നടപടികള്‍ കൈക്കൊള്ളുന്നതിനും പ്രധാനമന്ത്രിയെ വ്യവസായമേഖലാ പ്രതിനിധികള്‍ നന്ദി അറിയിച്ചു. അവശ്യവസ്തുക്കളുടെയും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദ്യ സംവിധാനങ്ങളുടെയും വിതരണ ശൃംഖല നിലനിര്‍ത്തുന്നതിനും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ടാക്കുന്നതില്‍ സഹായിക്കുന്നതിനും കോവിഡ്-19നെ നേരിടുന്നതിനു സി.എസ്.ആര്‍. ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനും കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്കു സഹായമേകുന്നതിനും കൈക്കൊണ്ട നടപടികള്‍ അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ബാങ്കിങ്, ധനകാര്യം, ആതിഥ്യം, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകള്‍ നേരിടുന്ന പ്രത്യേക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത അവര്‍, ഇവ പരിഹരിക്കുന്നതിനു സാമ്പത്തിക സഹായം തേടുകയും ചെയ്തു. വൈറസ് പടരുന്നതു തടയുന്നതിനായി സാമ്പത്തിക നഷ്ടത്തെ കുറിച്ചു ചിന്തിക്കാതെ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ അംഗീകരിച്ച വ്യവസായ മേഖലാ പ്രതിനിധികള്‍, ഇത്തരം നടപടി കൈക്കൊള്ളുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.
അസംഘടിത മേഖലയിലുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ഒറ്റ ശബ്ദത്തില്‍ പ്രതികരിച്ചതിനു പ്രധാനമന്ത്രി വ്യവസായ മേഖലയെ അഭിനന്ദിച്ചു. ഇതു സാമൂഹിക ഉദ്ഗ്രഥനത്തിന്റെ പുതിയ പ്രഭാതമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സാധ്യമാവുന്നിടത്തോളം ജീവനക്കാരെ വീട്ടില്‍നിന്നു ജോലി ചെയ്യാന്‍ അനുവദിക്കണമെന്നു ശ്രീ. മോദി ആവശ്യപ്പെട്ടു. മാനുഷികമായ സമീപനം വെച്ചുപുലര്‍ത്തണമെന്നും ബിസിനസ് തളര്‍ച്ച നേരിടുന്നതിന്റെ പേരില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അവശ്യവസ്തുക്കളുടെ ഉല്‍പാദനം കുറയുന്നില്ല എന്നതും കരിഞ്ചന്ത വില്‍പനയും പൂഴ്ത്തിവെപ്പും ഉണ്ടാവുന്നില്ല എന്നതും പ്രധാനമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ‘സ്വച്ഛത’യുടെയും പണിശാലകളിലും ഓഫീസുകളിലും തൊഴിലിടങ്ങളിലും കോവിഡ്-19നെ നേരിടുന്നതിനായുള്ള വൈദ്യോപദേശം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. വൈറസ് പടരുന്നതു പ്രതിരോധിക്കുന്നതിനുള്ള നമ്മുടെ ഏറ്റവും വലിയ ആയുധം സാമൂഹിക അകലം പാലിക്കലാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സി.എസ്.ആര്‍. ഫണ്ട് മഹാവ്യാധിയുമായി ബന്ധപ്പെട്ട മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, വ്യവസായ പ്രോല്‍സാഹന-ആഭ്യന്തര വ്യാപാര വകുപ്പു സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.