പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗിൽ സംഘടിപ്പിച്ച ദീപാവലി മിലനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎംഒ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഈ അവസരത്തിൽ എല്ലാവർക്കും ഊഷ്മളമായ ദീപാവലി ആശംസകൾ അദ്ദേഹം അറിയിച്ചു.
മഹാമാരിക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മുഖമില്ലാത്ത ശത്രുവിനെതിരെ പോരാടുന്നതിൽ രാജ്യം എങ്ങനെയാണ് ഐക്യവും സാഹോദര്യവും പ്രകടിപ്പിച്ചതെന്ന് അദ്ദേഹം അടിവരയിട്ടു. ഫലമായി സമൂഹത്തിലും ഭരണത്തിലും വന്ന നല്ല മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ഈ മാറ്റങ്ങൾ സമൂഹങ്ങളെ കൂടുതൽ കരുത്തുറ്റതാക്കിയെന്നും കൂട്ടിച്ചേർത്തു.
ആളുകൾ, പ്രക്രിയകൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കിടയിലുള്ള അന്തർലീനമായ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിലേക്ക് പ്രയാസകരമായ സമയങ്ങൾ എങ്ങനെ നയിക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ മനോഭാവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ പിഎംഒ ഉദ്യോഗസ്ഥരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
2047-ലും അതിനുശേഷവും രാഷ്ട്രത്തിന് ശക്തമായ അടിത്തറ പാകുന്നതിനുള്ള ഈ ദശകത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, പിഎംഒയിലെ എല്ലാപേരും തങ്ങളുടെ പരമാവധി കഴിവുകളോടെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്താൻ സഹായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.