പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഏഷ്യൻ പാരാ ഗെയിംസ് സംഘവുമായി സംവദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കാനും ഭാവിയിലെ മത്സരങ്ങൾക്കായി അവരെ പ്രചോദിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഈ ഉദ്യമം.
പാരാ അത്‌ലറ്റുകളെ അഭിസംബോധന ചെയ്യവേ, അവരെ കാണാനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും താൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾ ഇവിടെ വരുമ്പോഴെല്ലാം പുതിയ പ്രതീക്ഷകളും പുതിയ ആവേശവും കൊണ്ടുവരുന്നു” - പ്രധാനമന്ത്രി പറഞ്ഞു. പാരാ അത്‌ലറ്റുകളുടെ വിജയങ്ങൾ അഭിനന്ദിക്കാൻ മാത്രമായാണു താൻ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാരാ ഏഷ്യൻ ഗെയിംസിലെ സംഭവവികാസങ്ങൾ താൻ സൂക്ഷ്മമായി നിരീക്ഷിക്കുക മാത്രമല്ല, അതിലൂടെ ജീവിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സംഭാവനകളെയും കായികതാരങ്ങളുടെ പരിശീലകരെയും കുടുംബങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തെ 140 കോടി ജനങ്ങൾക്കു വേണ്ടി ശ്രീ മോദി അവരോടു നന്ദി പറഞ്ഞു.
കായികരംഗത്തെ അങ്ങേയറ്റം മത്സരാധിഷ്ഠിതമായ പ്രകൃതത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കായികതാരങ്ങൾ പരസ്പരം മത്സരിക്കുമ്പോൾ അവർക്കുള്ളിലുണ്ടാകുന്ന ആഭ്യന്തര മത്സരത്തെക്കുറിച്ചും പരാമർശിച്ചു. കായികതാരങ്ങളുടെ അതികഠിനമായ പരിശീലനത്തെയും അർപ്പണബോധത്തെയും കുറിച്ച് അദ്ദേഹം പറഞ്ഞു. “നിങ്ങളേവരും ഇവിടെയുണ്ട്; ചിലർ വിജയികളായി തിരിച്ചെത്തി; ചിലർ അനുഭവജ്ഞാനം നേടി; പക്ഷേ പരാജയത്തോടെ ആരും തിരിച്ചുവന്നില്ല”- പ്രധാനമന്ത്രി പറഞ്ഞു. “കായികരംഗത്തു തോൽവിയില്ല; ഉള്ളത് ജയമോ പഠനമോ മാത്രം” – കായികരംഗത്ത് ഉൾപ്പെട്ടിരിക്കുന്ന പഠനപ്രക്രിയ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങളിൽനിന്നുള്ള തിരഞ്ഞെടുപ്പ് പാരാ അത്‌ലറ്റുകളെ സംബന്ധിച്ചു വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ വിജയം രാജ്യത്തെയാകെ പ്രചോദിപ്പിക്കുകയും ജനങ്ങൾക്കിടയിൽ അഭിമാനബോധം വളർത്തുകയും ചെയ്യുന്നു”- ആകെ മെഡലുകളുടെ എണ്ണം 111 എന്ന റെക്കോർഡ് നേട്ടം കൈവരിച്ചതു ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു.
കായികതാരങ്ങളുടെ റെക്കോർഡ് പ്രകടനത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ലോക്‌സഭയിൽ ഗുജറാത്തിൽ നിന്നുള്ള റെക്കോർഡ് തിരഞ്ഞെടുപ്പ് പ്രകടനത്തിന് ശ്രീ അടൽ ബിഹാരി വാജ്‌പേയി തന്നെ അഭിനന്ദിച്ചപ്പോഴുള്ള വികാരം അനുസ്മരിക്കുകയും ചെയ്തു. ഈ 111 മെഡലുകൾ വെറും അക്കങ്ങളല്ല, 140 കോടി സ്വപ്നങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ൽ നേടിയ മെഡലുകളുടെ മൂന്നിരട്ടിയാണിതെന്നും സ്വർണമെഡലുകളുടെ എണ്ണം പത്തിരട്ടിയാണെന്നും മെഡൽ പട്ടികയിൽ 15-ാം സ്ഥാനത്തുനിന്ന് ഇന്ത്യ ആദ്യ അഞ്ചിലേക്ക് മുന്നേറിയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കായികരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, “പാരാ ഏഷ്യൻ ഗെയിംസിലെ നിങ്ങളുടെ നേട്ടം വിജയമധുരത്തിന്റെ മാറ്റുകൂട്ടുന്നു”വെന്നും ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ, ഏഷ്യൻ ഗെയിംസിൽ പുരുഷ ബാഡ്മിന്റൺ ടീമിന്റെ ആദ്യ സ്വർണം, ടേബിൾ ടെന്നിസിൽ വനിതാ ജോഡിയുടെ ആദ്യ മെഡൽ, ബാഡ്മിന്റൺ പുരുഷ ടീമിന്റെ തോമസ് കപ്പ് വിജയം, ഏഷ്യൻ ഗെയിംസിലെ 28 സ്വർണമടക്കം 107 മെഡലുകൾ എന്ന റെക്കോർഡ്, ഏഷ്യൻ പാരാ ഗെയിംസിലെ വിജയകരമായ മെഡൽ നേട്ടം എന്നിവ അദ്ദേഹം പരാമർശിച്ചു.
ഒരു ദിവ്യാംഗിന്റെ കായിക വിജയം കായികരംഗത്ത് മാത്രം പ്രചോദനം നല്‍കുന്ന കാര്യമല്ലെന്നും അത് ജീവിതത്തിന് തന്നെ നല്‍കുന്ന പ്രചോദനമാണെന്നും, പാരാ ഗെയിംസിന്റെ പ്രത്യേകതയെ തിരിച്ചറിഞ്ഞുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ''ആഴത്തിലുള്ള നിരാശയുടെ പിടിയില്‍ കഴിയുന്ന ഏതൊരു വ്യക്തിയേയും പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങളുടെ പ്രകടനത്തിന് കഴിയും'', പ്രധാനമന്ത്രി മോദി പറഞ്ഞു. ഒരു കായിക സമൂഹമെന്ന നിലയിലെ ഇന്ത്യയുടെ പുരോഗതിയേയും അതിന്റെ കായിക സംസ്‌കാരത്തേയും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. 2030 ലെ യൂത്ത് ഒളിമ്പിക്‌സും 2036 ലെ ഒളിമ്പിക്‌സും സംഘടിപ്പിക്കാനാണ് നാം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കായികരംഗത്ത് കുറുക്കുവഴികളൊന്നുമില്ലെന്നും കളിക്കാര്‍ സ്വന്തം കഴിവിനെയാണ് ആശ്രയിക്കുന്നതെന്നും എന്നാല്‍ ചെറിയ സഹായത്തിന് പലതരം പ്രഭാവങ്ങള്‍ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങള്‍, സമൂഹം, സ്ഥാപനങ്ങള്‍, മറ്റ് പിന്തുണ പരിസ്ഥിതികള്‍ എന്നിവയുടെ കൂട്ടായ പിന്തുണയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കുടുംബങ്ങളില്‍ സ്‌പോര്‍ട്‌സിനോടുള്ള കാഴ്ചപ്പാട് മാറ്റുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
''മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കായികരംഗത്തെ സമൂഹം ഒരു പ്രൊഫഷനായി അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അത്‌ലറ്റുകള്‍ ഗവണ്‍മെന്റിന് എന്നതില്‍ നിന്ന് അത്‌ലറ്റുകള്‍ക്കായുള്ള ഗവണ്‍മെന്റ് എന്നതിലേക്ക് നിലവിലെ ഗവണ്‍മെന്റിന്റെ സമീപനത്തിലുണ്ടായ പരിവര്‍ത്തനത്തെ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം അത്‌ലറ്റുകളുടെ വിജയത്തിത്തോടുള്ള ഗവണ്‍മെന്റിന്റെ സംവേദനക്ഷമതയെ പ്രശംസിക്കുകയും ചെയ്തു. ''കായികതാരങ്ങളുടെ സ്വപ്‌നങ്ങളും പോരാട്ടങ്ങളും ഗവണ്‍മെന്റ് തിരിച്ചറിയുമ്പോള്‍ നയങ്ങളിലും സമീപനത്തിലും ചിന്തയിലും അതിന്റെ സ്വാധീനം കാണാനാകും'', പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലന സൗകര്യങ്ങള്‍, കായികതാരങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയില്‍ മുന്‍ ഗവണ്‍മെന്റുകളുടെ കാലത്തുണ്ടായ പോരായ്മകളില്‍ പരിവേദനപ്പെട്ട അദ്ദേഹം, അത് വിജയം കൈവരിക്കുന്നതിന് അവ വലിയ തടസ്സമായി മാറിയിരുന്നെന്നും പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷംകൊണ്ട്, പഴയ വ്യവസ്ഥയില്‍ നിന്നും സമീപനത്തില്‍ നിന്നും രാജ്യം മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് വിവിധ കായിക താരങ്ങള്‍ക്കായി 4-5 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. '' ഇന്നത്തെ ഗവണ്‍മെന്റിന്റെ സമീപനം കായികതാര കേന്ദ്രീകൃതമാണ്'', അത് തടസ്സങ്ങള്‍ നീക്കുകയും അവര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''പൊട്ടന്‍ഷ്യല്‍ പ്ലസ് പ്ലാറ്റ്‌ഫോം എന്നത് പ്രകടനത്തിന് തുല്യമാണ്. കാര്യശേഷിക്ക് അനുയോജ്യമായ വേദി കണ്ടെത്തുമ്പോള്‍ പ്രകടനത്തിന് ഉത്തേജനം ലഭിക്കുന്നു'' ഏറ്റവും താഴേതലങ്ങളില്‍ നിന്ന് കായികതാരങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ കഴിവുകള്‍ പരിപോഷിപ്പിച്ച് അവരെ വിജയത്തിലേക്ക് നയിക്കുന്ന ഖേലോ ഇന്ത്യ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. ടോപ്‌സ് മുന്‍കൈയെക്കുറിച്ചും, ഡിസെബിലിറ്റി സ്‌പോര്‍ട്‌സ് ട്രെയിനിംഗ് സെന്ററിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ബുദ്ധിമുട്ടുകള്‍ക്കിടയിലും കായികതാരങ്ങളുടെ പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് രാജ്യത്തിന് അവര്‍ നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറികടക്കാന്‍ കഴിയാത്ത പ്രതിബന്ധങ്ങളെ നിങ്ങള്‍ തരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രചോദനം എല്ലായിടത്തും അംഗീകരിക്കപ്പെട്ടിരിക്കുന്നു, സാമൂഹികമാധ്യമ വേദികളില്‍ പാരാ അത്‌ലറ്റുകള്‍ക്കുള്ള പ്രശംസ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗവും പാരാ അത്‌ലറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ''ഓരോ ടൂര്‍ണമെന്റിലെയും നിങ്ങളുടെ പങ്കാളിത്തം മനുഷ്യ സ്വപ്‌നങ്ങളുടെ വിജയമാണ്. ഇതാണ് നിങ്ങളുടെ ഏറ്റവും വലിയ പാരമ്പര്യം. അതുകൊണ്ടാണ് നിങ്ങള്‍ ഇതുപോലെ കഠിനാദ്ധ്വാനം ചെയ്യുകയും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുള്ളത്. ഞങ്ങളുടെ ഗവണ്‍മെന്റ് നിങ്ങളോടൊപ്പമുണ്ട്, രാജ്യം നിങ്ങളോടൊപ്പമുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.
നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് ആവര്‍ത്തിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഒരു നാഴികക്കല്ലിലും നാം അവസാനിപ്പിക്കില്ലെന്നും നേട്ടങ്ങളില്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ''നാം മികച്ച 5 സമ്പദ്‌വ്യവസ്ഥകളില്‍ എത്തിയിരിക്കുന്നു, ഈ ദശകത്തിനുള്ളില്‍ തന്നെ നാം മികച്ച 3 സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാകുമെന്നും 2047 ല്‍ ഈ രാജ്യം വികസിത് ഭാരത് ആയി മാറുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു, അദ്ദേഹം പറഞ്ഞു.
കേന്ദ്ര യുവജന കായിക കാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ശ്രീമതി. ദീപ മാലിക്, കേന്ദ്ര ഗോത്രവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ടെ, കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ 29 സ്വര്‍ണം ഉള്‍പ്പെടെ 111 മെഡലുകള്‍ ഇന്ത്യ നേടി. 2022ലെ ഏഷ്യന്‍ പാരാ ഗെയിംസിലെ മൊത്തം മെഡല്‍ നേട്ടം മുമ്പത്തെ മികച്ച പ്രകടനത്തേക്കാള്‍ (2018ല്‍) 54% വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു, മാത്രമല്ല 29 സ്വര്‍ണ മെഡല്‍ നേട്ടം എന്നത് 2018ല്‍ നേടിയതിന്റെ ഏതാണ്ട് ഇരട്ടിയുമാണ്.
കായികതാരങ്ങള്‍, അവരുടെ പരിശീലകര്‍, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ദേശീയ കായിക ഫെഡറേഷനുകളുടെ പ്രതിനിധികള്‍, കായിക,യുവജനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Achieving a total of 111 medals at the Asian Para Games is truly a remarkable accomplishment worth celebrating. pic.twitter.com/RjtCqcV96O
— PMO India (@PMOIndia) November 1, 2023
Your performance has left the entire nation thrilled: PM @narendramodi to Indian contingent for Asian Para Games pic.twitter.com/DptI3tRiJM
— PMO India (@PMOIndia) November 1, 2023
Nowadays, sports is also being accepted as a profession. pic.twitter.com/DZg9aCah5Z
— PMO India (@PMOIndia) November 1, 2023
Our Government's approach is athlete centric: PM @narendramodi pic.twitter.com/StqsblJY0D
— PMO India (@PMOIndia) November 1, 2023