വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടറിമാരായി ചുമതലയേറ്റ ഐഎഎസ് 2022 ബാച്ചിലെ 181 ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ ആശയവിനിമയം നടത്തി.
ആശയവിനിമയത്തിനിടയിൽ, വിവിധ ഉദ്യോഗസ്ഥർ പരിശീലനത്തിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു. 2022-ലെ ‘ആരംഭ്’ പരിപാടിയിൽ അവരുമായി താൻ നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പരിപാടിയെക്കുറിച്ചു സംസാരിക്കവെ, ഭരണസംവിധാനത്തിന്റെ മേൽത്തട്ടുമുതൽ താഴേത്തട്ടുവരെ യുവ ഉദ്യോഗസ്ഥർക്ക് അനുഭവപഠനത്തിനുള്ള അവസരം നൽകുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഉദാസീനമായ സമീപനത്തിൽ നവ ഇന്ത്യ തൃപ്തരല്ലെന്നും സജീവ നടപടികൾ ആവശ്യപ്പെടുന്നുണ്ടെന്നും എല്ലാ പൗരന്മാർക്കും സാധ്യമായ ഏറ്റവും മികച്ച ഭരണവും ഉൽപ്പാദനനിലവാരവും ജീവിത നിലവാരവും നൽകാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഖ്പതി ദീദി, ഡ്രോൺ ദീദി, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചു പരാമർശിക്കവേ, ഈ പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഏവരും പരിപൂർണതാസമീപനത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപൂർണതാസമീപനം സാമൂഹ്യനീതി ഉറപ്പാക്കുമെന്നും വിവേചനം തടയുമെന്നും അദ്ദേഹം പറഞ്ഞു. സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സ്പീഡ് ബ്രേക്കർ വേണോ അതിവേഗ പാത വേണോ എന്നതു നിങ്ങളുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രചോദനമേകുന്നവരാകണമെന്നും കൺമുന്നിൽ മാറ്റം സംഭവിക്കുന്നതു കാണുമ്പോൾ സംതൃപ്തി അനുഭവപ്പെടുമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടു പറഞ്ഞു.
‘ആദ്യം രാഷ്ട്രം’ എന്നതു വെറുമൊരു മുദ്രാവാക്യമല്ലെന്നും ജീവിതലക്ഷ്യമാണെന്നും പറഞ്ഞ പ്രധാനമന്ത്രി, ഈ യാത്രയിൽ തന്നോടൊപ്പം അണിചേരാൻ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. ഐഎഎസുകാരായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അവർക്കു ലഭിച്ച അംഗീകാരങ്ങൾ പഴയ കാര്യങ്ങളാണെന്നും ഭൂതകാലത്തിൽ നിൽക്കാതെ ഭാവിയിലേക്കു മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര (ഉദ്യോഗസ്ഥകാര്യ) സഹമന്ത്രി ശ്രീ ജിതേന്ദ്ര സിങ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി കെ മിശ്ര, ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ, ആഭ്യന്തര, ഉദ്യോഗസ്ഥകാര്യ-പരിശീലന സെക്രട്ടറി ശ്രീ എ കെ ഭല്ല എന്നിവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ആശയവിനിമയത്തിൽ പങ്കെടുത്തു.