കോവിഡ് -19 പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മൂന്നു സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വെര്‍ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തി. ജിനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പൂനെ, ബയോളജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഹൈദരാബാദ് ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ലിമിറ്റഡ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ സംഘങ്ങള്‍.
കൊവിഡ്-19 കൈകാര്യം ചെയ്യുന്നതിനായി വാക്‌സിന്‍ നിർമ്മിക്കാൻ ഈ കമ്പനികളിലെ ശാസ്ത്രജ്ഞര്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വാക്‌സിന്‍ വികസനത്തിനുള്ള വിവിധ വേദികളുടെ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെട്ടു.
വാക്‌സിന്‍ നിയന്ത്രണ പ്രക്രിയകളെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് കമ്പനികള്‍ അവരുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വാക്‌സിനുകളെക്കുറിച്ചും അതിന്റെ ഫലപ്രാപ്തി പോലുള്ള കാര്യങ്ങളെക്കുറിച്ചും ലളിതമായ ഭാഷയില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ അവര്‍ കൂടുതല്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വാക്സിനുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള മുഴുവന്‍ കാര്യങ്ങളും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.
ചര്‍ച്ചയില്‍ വന്ന എല്ലാ വാക്‌സിനുകളും പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. വിശദമായ ഡാറ്റയും ഫലങ്ങളും അടുത്ത വര്‍ഷം ആദ്യം പ്രതീക്ഷിക്കുന്നു.
വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി ആശയവിനിമയം നടത്താനും രാജ്യത്തിന്റെയും ലോകത്തിന്റെയും മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഈ കമ്പനികളുടെ ശ്രമങ്ങള്‍ ഫലവത്താക്കാനും ആവശ്യമായ ഇടപെടലുകള്‍ക്ക് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു.