പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് 7ല്‍ ക്രിസ്ത്യന്‍ സമൂഹവുമായി സംവദിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്തു. സ്‌കൂള്‍ കുട്ടികളുടെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു.
ഏവര്‍ക്കും, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗങ്ങൾക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സവിശേഷവും പവിത്രവുമായ ഈ അവസരത്തില്‍ തന്നോടൊപ്പം ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ക്രിസ്മസ് ഒരുമിച്ച് ആഘോഷിക്കാനുള്ള ഇന്ത്യന്‍ ന്യൂനപക്ഷ ഫൗണ്ടേഷന്റെ നിര്‍ദ്ദേശം സ്വീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇതിന് മുന്‍കൈയെടുത്തതിന് അവരോട് നന്ദി പറയുകയും ചെയ്തു. ദീര്‍ഘകാലമായി ക്രിസ്ത്യന്‍ സമൂഹവുമായുള്ള അടുപ്പത്തിലേക്കും ഊഷ്മളവുമായ ബന്ധത്തിലേക്കും വെളിച്ചം വീശി, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ ക്രിസ്ത്യന്‍ സമൂഹവുമായും അവരുടെ നേതാക്കളുമായും പതിവായി കൂടിക്കാഴ്ചകള്‍ നടത്തിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ മാര്‍പാപ്പയുമായി നടത്തിയ ആശയവിനിമയം അവിസ്മരണീയമായ നിമിഷമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സാമൂഹിക ഐക്യം, ആഗോള സാഹോദര്യം, കാലാവസ്ഥാ വ്യതിയാനം, ഭൂമിയെ മികച്ച ഇടമാക്കുന്നതിനുള്ള സമഗ്രവികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എടുത്തുപറഞ്ഞു.
ക്രിസ്മസ് കേവലം യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കാനുള്ള ദിവസം മാത്രമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും മൂല്യങ്ങളും സ്മരിക്കാനുള്ള ദിവസമാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യേശു ജീവിച്ച അനുകമ്പയുടെയും സേവനത്തിന്റെയും മൂല്യങ്ങള്‍ എടുത്തുകാട്ടി. ഏവരെയും ഉള്‍ക്കൊള്ളുന്ന, ഏവര്‍ക്കും നീതി നടപ്പാക്കുന്ന സമൂഹം സൃഷ്ടിക്കാനാണ് യേശു പ്രവര്‍ത്തിച്ചതെന്നും ഈ മൂല്യങ്ങളാണ് ഇന്ത്യയുടെ വികസന യാത്രയില്‍ വഴികാട്ടിയായി വെളിച്ചം വീശുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ സേവനത്തിന് ഊന്നല്‍ നല്‍കുന്ന വിശുദ്ധ ബൈബിളിന്റെ ഉദാഹരണം നല്‍കിക്കൊണ്ട് നമ്മെ ഒന്നിപ്പിക്കുന്ന സാമൂഹിക ജീവിതത്തിന്റെ വിവിധ ധാരകള്‍ തമ്മിലുള്ള മൂല്യങ്ങളുടെ സമാനത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “സേവനമാണ് പരമോന്നത മതം. വിശുദ്ധ ബൈബിളില്‍ സത്യത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സത്യം മാത്രമേ നമുക്ക് രക്ഷയിലേക്കുള്ള വഴി കാണിച്ചു തരൂ എന്നാണു പറയുന്നത്” - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മെത്തന്നെ മോചിപ്പിക്കുന്നതിനുള്ള പരമമായ സത്യത്തെ അറിയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എല്ലാ വിശുദ്ധ ഉപനിഷത്തുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മൂല്യങ്ങളിലും പൈതൃകത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കൂട്ടായ പരിശ്രമത്തിന്റെ ഈ സഹകരണവും ഐക്യവും ചൈതന്യവും ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും” – അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിച്ച വിശുദ്ധ മാര്‍പാപ്പയുടെ ക്രിസ്മസ് പ്രസംഗങ്ങളിലൊന്നിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ദാരിദ്ര്യം വ്യക്തികളുടെ അന്തസ്സിനെ ദോഷകരമായി ബാധിക്കുന്നു എന്ന ആശയത്തിലാണ് പരിശുദ്ധ മാർപാപ്പ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പ്രയത്നം’ എന്നീ തത്വങ്ങളുമായി പ്രതിധ്വനിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടക്കാട്ടി. “വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഞങ്ങളുടെ ഗവണ്‍മെന്റ് ഉറപ്പാക്കുന്നു, ആരെയും വിട്ടുപോകുന്നില്ല”- ' പ്രധാനമന്ത്രി പറഞ്ഞു. നിരവധി ക്രൈസ്തവ വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് ദരിദ്ര വിഭാഗങ്ങള്‍ക്ക്, ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളെ രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിക്കുകയും വിവിധ ബൗദ്ധിക ചിന്തകരെയും നേതാക്കളെയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ സുശീല്‍ കുമാര്‍ രുദ്രയുടെ രക്ഷാകര്‍തൃത്വത്തിലാണ് നിസ്സഹകരണ പ്രസ്ഥാനം വിഭാവനം ചെയ്തതെന്ന് ഗാന്ധിജിതന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന് ദിശാബോധം നല്‍കുന്നതില്‍ ക്രൈസ്തവ സമൂഹം വഹിക്കുന്ന നിര്‍ണായക പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമുള്ള സാമൂഹിക സേവനത്തിലെ സജീവ പങ്കാളിത്തക്കുറിച്ചും പരാമര്‍ശിച്ചു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ സുപ്രധാന മേഖലകളിലെ അവരുടെ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.
2047 ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയവും ഈ യാത്രയില്‍ യുവാക്കളുടെ പ്രാധാന്യവും ആവര്‍ത്തിച്ച പ്രധാനമന്ത്രി യുവാക്കളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ശാരീരികക്ഷമതയുടെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. ശാരീരികക്ഷമത, ധാന്യങ്ങള്‍, പോഷകാഹാരം, മയക്കുമരുന്നിനെതിരായ പ്രചാരണം എന്നിവ ജനപ്രിയമാക്കുന്നതിനുള്ള പ്രസ്ഥാനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം സമുദായ നേതാക്കളോട് അഭ്യര്‍ഥിച്ചു.
ക്രിസ്മസിന് സമ്മാനങ്ങള്‍ നല്‍കുന്ന പാരമ്പര്യം ചൂണ്ടിക്കാട്ടി, വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ഭൂമി സമ്മാനിക്കണമെന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകി. സുസ്ഥിര ജീവിതശൈലിയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം, സുസ്ഥിരമായ ജീവിതശൈലി നയിക്കുക എന്നത് ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പ്രസ്ഥാനമായ ‘ലൈഫ്’ ദൗത്യത്തിന്റെ മുഖ്യസന്ദേശമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഗ്രഹസൗഹൃദ ജീവിതശൈലി സ്വീകരിക്കാന്‍ ഈ യജ്ഞം ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പുനരുപയോഗവും പുനഃചംക്രമണവും, ജീർണിക്കുന്ന വസ്തുക്കളുടെ ഉപയോഗം, ചെറുധാന്യങ്ങള്‍ തിരഞ്ഞെടുകക്കൽ, കുറഞ്ഞ കാര്‍ബണ്‍ പാദമുദ്രകളുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങല്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. സാമൂഹിക ബോധമുള്ള ക്രൈസ്തവ സമൂഹത്തിന് ഈ ദൗത്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വോക്കല്‍ ഫോര്‍ ലോക്കലിനെ കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ''പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ നാം പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ അംബാസഡര്‍മാരാകുന്നതും രാജ്യത്തിനുള്ള ഒരു സേവനമാണ്. പ്രാദേശികര്‍ക്ക് വേണ്ടി കൂടുതല്‍ ശബ്ദമുയര്‍ത്താനും ഞാന്‍ ക്രിസ്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു'', അദ്ദേഹം പറഞ്ഞു.
ഉത്സവകാലം രാജ്യത്തെ ഒന്നായി ഒന്നിപ്പിക്കുന്നുവെന്നും എല്ലാ പൗരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്നുവെന്നും പ്രധാനമന്ത്രി ആശംസിച്ചു. ''നമ്മുടെ നാനാത്വത്തിലും നമ്മെ ഒന്നിപ്പിക്കുന്ന ബന്ധം ഈ ഉത്സവം ശക്തിപ്പെടുത്തട്ടെ. ഈ ക്രിസ്മസ് വേളയില്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷം നിറയട്ടെ. വരുന്ന വര്‍ഷം നമുക്കെല്ലാവര്‍ക്കും സമൃദ്ധിയും സന്തോഷവും സമാധാനവും നല്‍കട്ടെ'', പ്രധാനമന്ത്രി ഉപസംഹരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുത്തു. റോമന്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കര്‍ദ്ദിനാളും ബോംബെ ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയുടെ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുമുള്ള കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിന് നന്ദി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കുന്ന ദിനമാണെന്നും സൂചിപ്പിച്ച അദ്ദേഹം, മറ്റുള്ളവരുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള യേശുക്രിസ്തുവിന്റെ ദര്‍ശനങ്ങളുമായി സാമ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് സദ്ഭരണത്തോടുണ്ടായിരുന്ന അഭിനിവേശത്തെക്കുറിച്ചും സംസാരിച്ചു. രാജ്യത്തിനും ക്രിസ്ത്യന്‍ സമൂഹത്തിനും ലോകത്തിനും വേണ്ടിയുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നന്ദി പറഞ്ഞു.
തന്റെ നീണ്ട കായിക ജീവിതത്തിനിടയില്‍ കായികരംഗത്തിനുണ്ടായ പരിവര്‍ത്തനത്തെക്കുറിച്ച് പ്രശസ്ത സ്‌പോര്‍ട്‌സ് ഐക്കണ്‍ അഞ്ജു ബോബി ജോര്‍ജ്ജ് പരാമര്‍ശിച്ചു. രാജ്യവും നേതൃത്വവും ഇന്നത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതെങ്ങനെയെന്നും തന്റെ കാലത്തെ ശുഷ്‌കമായ പ്രതികരണത്തെക്കുറിച്ചും അവര്‍ അനുസ്മരിച്ചു. കായികമേഖലയെ കുറിച്ച് ഖേലോ ഇന്ത്യയിലൂടെയും ഫിറ്റ് ഇന്ത്യയിലൂടെയും സംസാരിക്കുന്നുണ്ടെന്നതും ഇന്ത്യന്‍ കായികതാരങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് മികച്ച പ്രകടനം നടത്തുന്നുണ്ടെന്നതും അവര്‍ അംഗീകരിച്ചു. പരിവര്‍ത്തനത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അവര്‍ പ്രശംസിച്ചു. സ്ത്രീ ശാക്തീകരണം എങ്ങനെ യാഥാര്‍ത്ഥ്യമാകുന്നു എന്നതിലും അവര്‍ സ്പര്‍ശിച്ചു. ''എല്ലാ ഇന്ത്യന്‍ പെണ്‍കുട്ടികളും സ്വപ്‌നം കാണാന്‍ തയ്യാറാണ്, ഒരു ദിവസം അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് അവര്‍ക്കറിയാം'', 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രമുഖ അത്‌ലറ്റ് പറഞ്ഞു.
ക്രിസ്മസ് വേളയില്‍ പ്രധാനമന്ത്രിയുടെ സാനുകമ്പമായ സാന്നിദ്ധ്യത്തിന് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഡല്‍ഹി രൂപതയുടെ ബിഷപ്പ് റവ. ഡോ. പോള്‍ സ്വരൂപ് നന്ദി രേഖപ്പെടുത്തി. സുവിശേഷത്തിന്റെ കഥയും യേശുക്രിസ്തുവിന്റെ ആഗമനവും അനുസ്മരിച്ച ഡോ. സ്വരൂപ്, യേശുക്രിസ്തു ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഉയര്‍ത്തികാണിക്കുകയും സമൂഹത്തോടും ജനങ്ങളോടുമുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളില്‍ അതിന്റെ സാദൃശ്യം വരച്ചുകാട്ടുകയും ചെയ്തു. ക്രിസ്മസ് വേളയില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം ആശംസകളും അറിയിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും (എന്‍.ഇ.പി) മറ്റ് നയങ്ങളിലും പ്രതിഫലിക്കുന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തെയും നിശ്ചയദാര്‍ഢ്യത്തെയും ഹൃദയവിശാലതയെയും വിദ്യാഭ്യാസ സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗീസ് അഭിനന്ദിച്ചു. എന്‍.ഇ.പി യുടെ കാഴ്ചപ്പാടിന്റെ പ്രാദേശികവും ആഗോളവുമായ വശങ്ങള്‍ എടുത്തുകാണിച്ച പ്രിന്‍സിപ്പല്‍ എന്‍.ഇ.പി സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നല്‍കുന്ന ശ്രദ്ധയെ പ്രശംസിക്കുകയും ചെയ്തു. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുക, ബോര്‍ഡ് പരീക്ഷകള്‍ 12-ാം ക്ലാസിലേക്ക് മാത്രം പരിമിതപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകളേയും പുരോഗമന നടപടികളായി അദ്ദേഹം പരാമര്‍ശിച്ചു. വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനെയും മികച്ചപ്രകടനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള സ്വയംഭരണ വാഗ്ദാനത്തെയും ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രശംസിച്ചു. നൂതനാശയങ്ങള്‍, ആരോഗ്യം, കായികരംഗം എന്നിവ സമീപകാലത്തുണ്ടാക്കിയിട്ടുള്ള മുന്നേറ്റത്തെയും അദ്ദേഹം പ്രശംസിച്ചു. സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ യംഗ് ലീഡേഴ്‌സ് നെയ്ബര്‍ഹുഡ് ഫസ്റ്റ് ഫെലോഷിപ്പ് പ്രോഗ്രാമിനെക്കുറിച്ച് അറിയിച്ച ശ്രീ ജോണ്‍ വര്‍ഗീസ്, ഇത് പ്രധാനമന്ത്രിയുടെ അയല്‍പക്കം ആദ്യം എന്ന നയ കാഴ്ചപ്പാടിന് അനുസൃതമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ വിജയകരമായ ജി 20 ഉച്ചകോടി നേതൃത്വത്തില്‍ സ്പര്‍ശിച്ച ശ്രീ വര്‍ഗീസ് ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി മാറിയതിന് പ്രധാനമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. ''ഇന്ത്യ ഒരു മഹത്തായ നാഗരികതയാണ്, നിങ്ങളുടെ ചുവടുകളും നയങ്ങളും മികച്ച ഫലങ്ങള്‍ കാണിച്ചു. ഡിജിറ്റല്‍ ഇന്ത്യ, ദേശീയ വിദ്യാഭ്യാസം, അയല്‍പക്കം ആദ്യം നയം എന്നിങ്ങനെ താങ്കള്‍ തുടക്കം കുറിച്ച ഇന്ത്യയെ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്ന നടപടികളിലൂടെ നമ്മുടെ യുവജനങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഒരു അദ്ധ്യാപകനെന്ന നിലയില്‍, ഞാന്‍ കാണുന്നു'', അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി കോളേജ് ചാപ്പലില്‍ നടന്ന പ്രാർത്ഥനയിൽ രാജ്യത്തിന്റെ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയതായും അദ്ദേഹം അറിയിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയോടുള്ള പ്രധാനമന്ത്രിയുടെ ഇഷ്ടം ചൂണ്ടിക്കാട്ടിയ പ്രിന്‍സിപ്പല്‍ തന്റെ പരാമര്‍ശം തമിഴില്‍ അവസാനിപ്പിച്ചത് പ്രധാനമന്ത്രിയെ സന്തോഷിപ്പിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ നന്ദി പറഞ്ഞു. ഇത് ക്രൈസ്തവ സമൂഹത്തിന് വെറുമൊരു ആഘോഷമല്ല, അതിനപ്പുറം ഒരു ദേശീയ ഉല്‍സവമാണ് എന്ന പ്രാധാന്യമുണ്ട്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വര്‍ധിപ്പിച്ചുകൊണ്ട്, രാജ്യത്തെ എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനും പ്രധാനമന്ത്രിയുടെ, 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും ക്ഷേമത്തിന്' എന്ന സന്ദേശത്തിന്റെ പൂര്‍ത്തീകരണത്തിനും അദ്ദേഹം ആശംസിച്ചു. ക്രൈസ്തവ സമൂഹം എല്ലായ്പ്പോഴും രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഇന്ത്യയുടെ വികസനത്തിനും ഐക്യത്തിനും പുരോഗതിക്കും തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി. രാജ്യത്തിനും ആഗോള തലത്തിലും മഹത്തായ നേതൃത്വം നല്‍കി മുന്നോട്ട് പോകാനുള്ള ജ്ഞാനത്തിനും ദൈവാനുഗ്രഹത്തിനും ശക്തിക്കും അദ്ദേഹം പ്രധാനമന്ത്രിയെ അനുഗ്രഹിച്ചു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുകയും രാജ്യത്തിനും പൗരന്മാര്‍ക്കും തുടര്‍ന്നും വിജയങ്ങള്‍ നേരുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ചടങ്ങിനോടനുബന്ധിച്ച് സംസാരിച്ച റവ. ഡോ. പോള്‍ സ്വരൂപ്, പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ക്രിസ്മസ് ആഘോഷിച്ചതിന്റെ സന്തോഷം ആവര്‍ത്തിച്ചു. ക്രിസ്തുമസിന്റെ സുപ്രധാന അവസരത്തില്‍ തന്നോട് സംഭാഷണത്തിലും സംവാദത്തിലും ഏര്‍പ്പെടാന്‍ അവസരം നല്‍കിയതിന് ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ ഓരോ ഇന്ത്യക്കാരനിലേക്കും വ്യാപിക്കുന്നുണ്ടെന്നും നമ്മുടെ രാജ്യം ലോകത്തിലെ മുന്‍നിര രാജ്യമാകുമെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും ക്ഷേമത്തിന് എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്നീ മന്ത്രങ്ങളുമായി പ്രധാനമന്ത്രി ആഗോള വേദിയില്‍ നമ്മുടെ രാജ്യത്തിന് നേതൃത്വം നല്‍കുന്നതില്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ സന്തോഷം പ്രകടിപ്പിച്ചു. 'ഇന്ത്യ ജയിച്ചാല്‍ ലോകം വിജയിക്കും' എന്ന് സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗീസ് ഒരിക്കല്‍ കൂടി പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് എംഡി അലക്‌സാണ്ടര്‍ ജോര്‍ജ്, ക്രിസ്ത്യന്‍ സമൂഹം മാത്രമല്ല, ഇന്ത്യയിലെ എല്ലാ സമൂഹവും സാക്ഷ്യം വഹിക്കുന്ന രാഷ്ട്രത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ണായക പങ്കും മികച്ച ഭാവിയുടെ വാഗ്ദാനവും എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ ലളിതവും സൗഹൃദപരവുമായ വ്യക്തിത്വത്തെ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് വര്‍ഗീസ് ആലുക്കാസ് പ്രശംസിച്ചു. ബഹ്റൈനില്‍ നിന്നുള്ള എന്‍ആര്‍ഐ വ്യവസായിയായ കുര്യന്‍ വര്‍ഗീസ്, ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, ലോകമെമ്പാടും ഇന്ത്യക്ക് അനുകൂലമായ കാഴ്ചപ്പാട് സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെക്കുറിച്ചു ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ മികച്ച നേതാവെന്ന് വിളിച്ച കായികതാരം അഞ്ജു ബോബി ജോര്‍ജ്, കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ തീക്ഷ്ണതയെ പ്രശംസിച്ചു. ''സമീപ ഭാവിയില്‍ തന്നെ നാം ഉയരങ്ങളിൽ എത്തുമെന്ന് ഞാന്‍ കരുതുന്നു,'' അവര്‍ പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് പ്രധാനമന്ത്രി നല്‍കിയ സംഭാവനകളെ അഭിനന്ദിച്ച നടന്‍ ഡിനോ മോറിയ, ജനങ്ങള്‍ക്കൊപ്പം രാജ്യം ശരിയായ ദിശയിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ലോകമെമ്പാടും മഹത്തരമാണെന്നും ഇന്ത്യയ്ക്ക് വലിയ ആകര്‍ഷണം സൃഷ്ടിച്ചിട്ടുണ്ടെന്നും QS-ആഫ്രിക്ക, മധ്യേഷ്യ, ദക്ഷിണേഷ്യ മേഖലാ ഡയറക്ടര്‍ അശ്വിന്‍ ജെറോം ഫെര്‍ണാണ്ടസ് പറഞ്ഞു. ഹോളി സീ വത്തിക്കാന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി കെവിന്‍ ജെ. കിംറ്റിസ് ജനങ്ങള്‍ക്കുള്ള സേവനം ഗവണ്‍മെന്റിന്റ മുന്‍ഗണനയായി കാണുന്ന പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ ജനതയോടുള്ള സമര്‍പ്പണത്തിന് അടിവരയിട്ടു സംസാരിച്ചു. ആദ്യമായി ഒരു പ്രധാനമന്ത്രി തന്റെ വസതിയില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ ക്രിസ്ത്യന്‍ സമൂഹത്തെ ക്ഷണിച്ചതില്‍ ബിഷപ്പ് സൈമണ്‍ ജോണ്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെ ദയയുള്ള മനുഷ്യനായാണ് താന്‍ കാണുന്നതെന്നും ആശയവിനിമയത്തിനുള്ള അവസരത്തിന് നന്ദിയുണ്ടെന്നും അപ്പോളോ 24*7-ന്റെ സിഇഒ ആന്റണി ജേക്കബ് പറഞ്ഞു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റര്‍ സണ്ണി ജോസഫ് ഈ അവസരത്തില്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സന്ദേശവും എല്ലാവരുടെയും ആത്മാഭിമാനം ഉയര്‍ത്തിയെന്നു പറയുകയും ചെയ്തു. മാറ്റം ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ ഡല്‍ഹി വെല്‍സ് ഫാര്‍ഗോ ബാങ്ക് എംഡി യാക്കൂബ് മാത്യു അഭിനന്ദിച്ചു.
A few years ago, I had the privilege of meeting The Holy Pope. It was a moment that left a lasting impression on me: PM @narendramodi pic.twitter.com/3UQz1EnJly
— PMO India (@PMOIndia) December 25, 2023
Christmas is the day when we celebrate the birth of Jesus Christ. This is also a day to remember his life, message and values. pic.twitter.com/3KZmh3POuk
— PMO India (@PMOIndia) December 25, 2023
We believe in the mantra of 'Sabka Saath, Sabka Vikas, Sabka Vishwas, Sabka Prayas': PM @narendramodi pic.twitter.com/ygjHqcYqab
— PMO India (@PMOIndia) December 25, 2023
India's youth are the most important partners in the country's development journey: PM @narendramodi pic.twitter.com/N6zWrBgerX
— PMO India (@PMOIndia) December 25, 2023
Let us gift a better planet to the coming generations: PM @narendramodi pic.twitter.com/Y3vZwoomga
— PMO India (@PMOIndia) December 25, 2023