സംസ്ഥാനത്ത് ഏകദേശം 5 കോടി പേര്‍ക്ക് പിഎംജികെഎവൈയുടെ ആനുകൂല്യം ലഭിക്കുന്നു
പ്രളയത്തിലും മഴയിലും ഇന്ത്യാ ഗവണ്‍മെന്റും രാജ്യം മുഴുവനും മധ്യപ്രദേശിനൊപ്പമാണ്: പ്രധാനമന്ത്രി
കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്തപ്പോള്‍ ഇന്ത്യ മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്ക്: പ്രധാനമന്ത്രി
80 കോടിയിലധികം പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചുവെന്നു മാത്രമല്ല 8 കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിന്‍ഡറും ലഭ്യമാക്കി
20 കോടിയിലധികം സ്ത്രീകളുടെ ജന്‍-ധന്‍ അക്കൗണ്ടുകളിലേക്ക് 30,000 കോടി രൂപ നേരിട്ട് കൈമാറി.
ആയിരക്കണക്കിന് കോടി രൂപ തൊഴിലാളികളുടെയും കര്‍ഷകരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി, അടുത്ത ഗഡു അടുത്ത ദിവസം
'ഇരട്ട-എന്‍ജിന്‍ ഗവണ്‍മെന്റുകളുടെ' കാര്യത്തില്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുകയും മെച്ചപ്പെടുത്തുകയും അവരുടെ കരുത്തു വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍, 'ബിമാരു സംസ്ഥാന'മെന്ന പ്രതിച്ഛായ വളരെക്കാലം മുമ്പേ മധ്യപ്രദേശ് ഉപേക്ഷിച്ചു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള തീവ്രമായ പ്രചാരണം സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നു; അതിനാല്‍ അര്‍ഹരായ ആരും ഒഴിവാകില്ല. സംസ്ഥാനം 2021 ഓഗസ്റ്റ് 7 പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദിനമായി ആഘോഷിക്കുകയാണ്. മധ്യപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ ഏകദേശം 5 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, മധ്യപ്രദേശിലെ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ച കാര്യം സൂചിപ്പിച്ചാണു തുടങ്ങിയത്. പ്രയാസമേറിയ ഈ സമയത്ത് ഇന്ത്യാ ഗവണ്മെന്റും രാജ്യം മുഴുവനും അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കൊറോണ പകര്‍ച്ചവ്യാധിയെ നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന ദുരന്തമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, വെല്ലുവിളിക്കെതിരെ പോരാടാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണെന്നു പറഞ്ഞു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള നയങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആദ്യ ദിവസം മുതല്‍ തന്നെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ഭക്ഷണത്തിലും തൊഴിലിലും ശ്രദ്ധ ചെലുത്തി. 80 കോടിയിലധികം പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. മാത്രമല്ല 8 കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിന്‍ഡര്‍ ലഭിച്ചു. 20 കോടിയിലധികം സ്ത്രീകളുടെ ജന്‍-ധന്‍ അക്കൗണ്ടുകളിലേക്ക് 30,000 കോടി രൂപ നേരിട്ട് കൈമാറി. അതുപോലെ, ആയിരക്കണക്കിന് കോടി രൂപ തൊഴിലാളികളുടെയും കര്‍ഷകരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി. ഓഗസ്റ്റ് 9ന് ഏകദേശം 10-11 കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി ആയിരക്കണക്കിന് കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

50 കോടി വാക്‌സിന്‍ ഡോസുകള്‍ എന്ന സുപ്രധാന നേട്ടത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ലോകത്തിലെ പല രാജ്യങ്ങളുടെയും ജനസംഖ്യക്കു തുല്യം ജനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നുണ്ടെന്നു വ്യക്തമാക്കി. ''ഇത് നവ ഇന്ത്യയുടെ പുത്തന്‍ ശേഷിയാണ്; ഇന്ത്യ സ്വയംപര്യാപ്തമായിത്തീരുകയാണ്''- അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും കുത്തിവയ്പ്പ് കൂടുതല്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകമെമ്പാടും ഉപജീവനമാര്‍ഗത്തില്‍ അഭൂതപൂര്‍വമായ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വളരെക്കുറച്ചേ സംഭവിക്കൂവെന്ന് നിരന്തരം ഉറപ്പുവരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായം ലഭ്യമാക്കി. അതിനാല്‍, അവയുടെ പ്രവര്‍ത്തനം തുടരുന്നതിനും ഓഹരി ഉടമകള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുന്നതിനും സഹായിച്ചു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ന്യായമായ വാടകയ്ക്കുള്ള പദ്ധതി, പ്രധാനമന്ത്രി സ്വനിധി വഴി താങ്ങാവുന്നതും സുഗമവുമായ വായ്പ, അടിസ്ഥാനസൗകര്യ പദ്ധതികള്‍ എന്നിവ തൊഴിലാളി വര്‍ഗത്തെ വളരെയധികം സഹായിച്ചു.

സംസ്ഥാനത്തെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കുറഞ്ഞ താങ്ങുവിലയില്‍ റെക്കോര്‍ഡ് സംഭരണം നടത്തിയ സംസ്ഥാന ഗവണ്‍മെന്റിനെ പ്രശംസിച്ചു. മധ്യപ്രദേശ് ഈ വര്‍ഷം 17 ലക്ഷത്തിലധികം കര്‍ഷകരില്‍ നിന്ന് ഗോതമ്പ് വാങ്ങുകയും 25,000 കോടി രൂപ അവരുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയും ചെയ്തു. ഗോതമ്പ് വാങ്ങുന്നതിനായി സംസ്ഥാനം ഈ വര്‍ഷം പരമാവധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 'ഇരട്ട-എന്‍ജിന്‍ ഗവണ്‍മെന്റുകളുടെ' കാര്യത്തില്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുകയും മെച്ചപ്പെടുത്തുകയും അവരുടെ കരുത്തു വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍, 'ബിമാരു സംസ്ഥാന'മെന്ന പ്രതിച്ഛായ വളരെക്കാലം മുമ്പേ മധ്യപ്രദേശ് ഉപേക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ ഭരണത്തിന്‍ കീഴിലുള്ള ഗവണ്‍മെന്റ് പദ്ധതികളിലെ ദ്രുതഗതിയിലുള്ള വിതരണത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, മുന്‍കാലത്തെ ഗവണ്‍മെന്റ് സംവിധാനങ്ങളിലെ അപാകം ചൂണ്ടിക്കാട്ടി. ദരിദ്രരെക്കുറിച്ച് അവര്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നുവെങ്കിലും, ഗുണഭോക്താക്കളെ പരിഗണിക്കാതെ അവര്‍ സ്വയം മറുപടി നല്‍കാറാണുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, റോഡ്, പാചകവാതക കണക്ഷന്‍, ശുചിമുറി, പൈപ്പ് വെള്ളം, വായ്പകള്‍ തുടങ്ങിയ സൗകര്യങ്ങളില്‍ പ്രയോജനമേതുമില്ലെന്നാണ് പറയപ്പെട്ടിരുന്നത്  ഈ തെറ്റായ വിവരണം കാരണം പാവപ്പെട്ടവര്‍ക്ക് ഏറെക്കാലം ആനുകൂല്യങ്ങള്‍ നഷ്ടമായി. നിലവിലെ നേതൃത്വം, പാവപ്പെട്ടവരെപ്പോലെ, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുവന്നവരാണ്. അവര്‍ സാഹചര്യം മനസ്സിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത കാലത്തായി പാവപ്പെട്ടവര്‍ക്കു കരുത്തുപകരാനും അവരെ ശാക്തീകരിക്കാനും യഥാര്‍ത്ഥവും അര്‍ത്ഥവത്തായതുമായ ശ്രമങ്ങള്‍ നടക്കുന്നു. ഇന്ന് എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ എത്തുന്നു; പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരുന്നു; കര്‍ഷകര്‍ക്ക് കമ്പോളങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമായിത്തീര്‍ന്നിരിക്കുന്നു; രോഗം ബാധിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയുന്നു.

ദേശീയ കൈത്തറി ദിനമായ ഇന്ന്,  സ്വദേശി പ്രസ്ഥാനം 1905 ഓഗസ്റ്റ് 7ന് ആരംഭിച്ചതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ഗ്രാമീണരെയും പാവപ്പെട്ടവരെയും ഗോത്ര വിഭാഗങ്ങളെയും ശാക്തീകരിക്കാനുള്ള വലിയ പരിപാടി രാജ്യത്ത് നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ കരകൗശലം, കൈത്തറി, വസ്ത്രമേഖലയിലെ തൊഴില്‍ശക്തി എന്നിവയ്ക്കു പ്രചോദനമേകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികതയ്ക്കായി ശബ്ദമുയര്‍ത്താമെന്ന വികാരത്തോടെ ദേശീയ കൈത്തറി ദിനം ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഖാദിയെ പരാമര്‍ശിച്ചുകൊണ്ട്, വിസ്മൃതിയിലാണ്ട ഖാദി ഊര്‍ജ്ജസ്വലമായ ഒരു ബ്രാന്‍ഡായി ഇന്ന് ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ''സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തെ യാത്രയില്‍ നാം മുന്നോട്ട് പോകുമ്പോള്‍, ഖാദിയിലൂടെ സ്വാതന്ത്ര്യത്തിന്റെ ചൈതന്യത്തിനു കരുത്തുപകരേണ്ടതുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ഉത്സവകാലത്ത് കുറച്ച് പ്രാദേശിക കരകൗശല ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഉത്സവ വേളകളില്‍ കൊറോണയെക്കുറിച്ച് മറന്നുപോകരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മഹാമാരിയുടെ മൂന്നാം തരംഗത്തിനു തടയിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും മുന്‍കരുതലുകള്‍ പിന്തുടരാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ''ആരോഗ്യപൂര്‍ണമായ ഇന്ത്യയെക്കുറിച്ചും സമൃദ്ധമായ ഇന്ത്യയെക്കുറിച്ചും നാം പ്രതിജ്ഞയെടുക്കണം'', ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി അടുത്തിടെ ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും പിഎംജികെഎവൈ ഗുണഭോക്താക്കളുമായി സംവദിച്ചിരുന്നു.

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക "

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi