“അത്ഭുതകരമായ ഇന്ത്യക്കു സമ്പൂർണമായി സാക്ഷ്യംവഹിക്കാൻ എല്ലാ അന്തർദേശീയ അതിഥികളോടും ഞാൻ അഭ്യർഥിക്കുന്നു”
“ഇന്ത്യയുടെ അധ്യക്ഷകാലയളവിൽ ആഫ്രിക്കൻ യൂണിയൻ ജി-20യുടെ ഭാഗമായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്”
“സ്വതന്ത്ര സ്വയംഭരണത്തിന്റെ അടിസ്ഥാനമാണു നീതി; നീതിയില്ലാതെ രാജ്യത്തിന്റെ നിലനിൽപ്പുപോലും സാധ്യമല്ല”
“നാം സഹകരിക്കുമ്പോൾ, നമ്മുടെ വ്യവസ്ഥകൾ പരസ്പരം നന്നായി മനസിലാക്കാനാകും. മികച്ച രീതിയിലുള്ള അവബോധം കൂട്ടായ പ്രവർത്തനത്തിനു മികവേകും. കൂട്ടായ പ്രയത്നം മെച്ചപ്പെട്ടതും വേഗതയേറിയതുമായ നീതിനിർവഹണം ഉറപ്പാക്കും”
“21-ാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങൾ 20-ാം നൂറ്റാണ്ടിലെ സമീപനത്താൽ കൈകാര്യം ചെയ്യാനാകില്ല. പുനർവിചിന്തനം, പുനർവിഭാവനം, പരിഷ്കരണം എന്നിവ വേണ്ടതുണ്ട്”
“നീതിനിർവഹണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന സങ്കേതമാണു നിയമവിദ്യാഭ്യാസം"
“നിലവിലെ യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഇന്ത്യയും നിയമങ്ങൾ ആധുനികമാക്കുന്നു”
“ഏവർക്കും കൃത്യസമയത്തു നീതി ലഭ്യമാക്കുകയും ആരും ഒഴിവാക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ലോകം നമുക്കു കെട്ടിപ്പടുക്കാം”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ (CLEA) - കോമൺവെൽത്ത് അറ്റോണീസ് ആൻഡ് സോളിസിറ്റേഴ്സ് ജനറൽ കോൺഫറൻസ് (CASGC) 2024’ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. “നീതിനിർവഹണത്തിലെ അതിർത്തികടന്നുള്ള വെല്ലുവിളികൾ” എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. ജുഡീഷ്യൽ പരിവർത്തനം, നിയമപരിശീലനത്തിന്റെ ധാർമികമാനങ്ങൾ; ഭരണനിർവഹണസമിതി ഉത്തരവാദിത്വം; ആധുനികകാലത്തെ നിയമവിദ്യാഭ്യാസത്തിന്റെ പുനഃപരിശോധന എന്നിവ പോലുള്ള നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

 

സദസിനെ അഭിസംബോധന ചെയ്യവേ, ലോകമെമ്പാടുമുള്ള പ്രമുഖ നിയമജ്ഞരുടെ പങ്കാളിത്തത്തിനു സാക്ഷ്യം വഹിക്കുന്ന ‘CLEA - കോമൺവെൽത്ത് അറ്റോണീസ് ആൻഡ് സോളിസിറ്റേഴ്സ് ജനറൽ കോൺഫറൻസ്’ ഉദ്ഘാടനം ചെയ്യുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 140 കോടി ഇന്ത്യക്കാർക്കുവേണ്ടി എല്ലാ അന്തർദേശീയ അതിഥികളെയും അദ്ദേഹം സ്വാഗതം ചെയ്തു. “അത്ഭുതകരമായ ഇന്ത്യക്കു സമ്പൂർണമായി സാക്ഷ്യംവഹിക്കാൻ എല്ലാ അന്തർദേശീയ അതിഥികളോടും ഞാൻ അഭ്യർഥിക്കുന്നു”- അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ ആഫ്രിക്കൻ പ്രതിനിധികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഫ്രിക്കൻ യൂണിയനുമായുള്ള ഇന്ത്യയുടെ പ്രത്യേക ബന്ധം എടുത്തുപറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷകാലയളവിൽ ആഫ്രിക്കൻ യൂണിയൻ ജി-20യുടെ ഭാഗമായതിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. ആഫ്രിക്കയിലെ ജനങ്ങളുടെ വികസനമോഹങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഇതു വളരെയധികം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകമെമ്പാടുമുള്ള നിയമസംവിധാനങ്ങളുമായി നടത്തിയ ആശയവിനിമയം അനുസ്മരിച്ച പ്രധാനമന്ത്രി, ഏതാനും ദിവസങ്ങൾക്കുമുമ്പ് ഇന്ത്യയുടെ സുപ്രീം കോടതി വജ്രജൂബിലി ആഘോഷിച്ചതിനെക്കുറിച്ചും സെപ്റ്റംബറിൽ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം നടന്നതിനെക്കുറിച്ചും പരാമർശിച്ചു. അത്തരം ഇടപെടലുകൾ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ ആഘോഷിക്കുന്നതിനും മെച്ചപ്പെട്ടതും കാര്യക്ഷമവുമായ നീതിനിർവഹണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മാധ്യമമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ചിന്തകളിലെ നീതിയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, പുരാതന ഇന്ത്യൻ പഴഞ്ചൊല്ലും പരാമർശിച്ചു. ‘ന്യായമൂലം സ്വരാജ്യം സ്യാത്’ – അതായത്, സ്വതന്ത്ര സ്വയംഭരണത്തിന്റെ അടിസ്ഥാനമാണു നീതി; നീതിയില്ലാതെ രാജ്യത്തിന്റെ നിലനിൽപ്പുപോലും സാധ്യമല്ല.

‘നീതിനിർവഹണത്തിലെ അതിർത്തികടന്നുള്ള വെല്ലുവിളികൾ’ എന്ന ഇന്നത്തെ സമ്മേളനത്തിന്റെ വിഷയം പരാമർശിച്ച പ്രധാനമന്ത്രി, അതിവേഗം മാറുന്ന ഇന്നത്തെ ലോകത്തിൽ ഈ വിഷയത്തിനു പ്രസക്തി ഏറെയാണെന്നു ചൂണ്ടിക്കാട്ടി. നീതിനിർവഹണം ഉറപ്പാക്കാൻ വിവിധ രാജ്യങ്ങൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പരാമർശിക്കുകയും ചെയ്തു. “നാം സഹകരിക്കുമ്പോൾ, നമ്മുടെ വ്യവസ്ഥകൾ പരസ്പരം നന്നായി മനസിലാക്കാനാകും. മികച്ച രീതിയിലുള്ള അവ​ബോധം കൂട്ടായ പ്രവർത്തനത്തിനു മികവേകും. കൂട്ടായ പ്രയത്നം മെച്ചപ്പെട്ടതും വേഗതയേറിയതുമായ നീതിനിർവഹണം ഉറപ്പാക്കും” - ഇത്തരം വേദികളും സമ്മേളനങ്ങളും പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

 

വ്യോമ-സമുദ്ര ഗതാഗതനിയന്ത്രണം പോലുള്ള സംവിധാനങ്ങളുടെ സഹകരണവും പരസ്പരാശ്രിതത്വവും പരാമർശിക്ക​വേ, അന്വേഷണത്തിനും നീതിനിർവഹണത്തിനും നാം സഹകരണം വിപുലീകരിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. അധികാരപരിധിയെ പരസ്പരം മാനിച്ചു സഹകരണം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. നാം ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ, അധികാരപരിധി കാലതാമസമില്ലാതെ നീതി ലഭ്യമാക്കുന്നതിനുള്ള സങ്കേതമായി മാറുന്നു.

കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും വ്യാപ്തിയിലും അടുത്ത കാലത്തുണ്ടായ സമൂലമാറ്റങ്ങളിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള കുറ്റവാളികൾ സൃഷ്ടിച്ച വിശാലമായ ശൃംഖലകളും, ധനസഹായത്തിലും പ്രവർത്തനങ്ങളിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗവും ചൂണ്ടിക്കാട്ടി. ഒരു പ്രദേശത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ മറ്റു പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകാൻ ഉപയോഗിക്കുന്നു എന്ന വസ്തുതയിലേക്കും ക്രിപ്റ്റോകറൻസിയുടെയും സൈബർ ഭീഷണികളുടെയും ഉയർച്ചയുടെ വെല്ലുവിളികളിലേക്കും അദ്ദേഹം ശ്രദ്ധയാകർഷിച്ചു. 21-ാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങൾ 20-ാം നൂറ്റാണ്ടിലെ സമീപനത്താൽ കൈകാര്യം ചെയ്യാനാകില്ല എന്നു വ്യക്തമാക്കിയ അദ്ദേഹം, പുനർവിചിന്തനം, പുനർവിഭാവനം, പരിഷ്കരണം എന്നിവയുടെ ആവശ്യകതയ്ക്കും ഊന്നൽ നൽകി.

 

സുഗമമായ നീതി ലഭ്യത നീതിന്യായത്തിന്റെ സ്തംഭമായതിനാല്‍ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കാതെ പരിഷ്‌കരണം സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സായാഹ്ന കോടതികള്‍ സ്ഥാപിച്ചത് ജനങ്ങള്‍ക്ക് അവരുടെ ജോലി സമയത്തിന് ശേഷം കേസിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ ഹാജരാകാന്‍ സഹായിച്ചുവെന്നതും ഇത് നീതി നല്‍കുകയും അതോടൊപ്പം സമയവും പണവും ലാഭിപ്പിച്ചുവെന്നും, ഇത് നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്തുവെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം അനുസ്മരിച്ചുകൊണ്ട്, അദ്ദേഹം പറഞ്ഞു.

ലോക് അദാലത്തുകള്‍ അല്ലെങ്കില്‍ ജനകീയ കോടതികള്‍ എന്ന സംവിധാനത്തെ കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഇത് പൊതുപയോഗ സേവനങ്ങളുമായി ബന്ധപ്പെട്ട ചെറിയ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സംവിധാനം നല്‍കുന്നുണ്ടെന്നും സുഗമമായ നീതി ലഭ്യമാക്കല്‍ ഉറപ്പാക്കികൊണ്ട് ആയിരക്കണക്കിന് കേസുകള്‍ നിയമവ്യവഹാരങ്ങള്‍ക്ക് മുന്‍പ് തന്നെ പരിഹരിക്കപ്പെടുന്ന ഒരു സേവനമാണെന്നും പറഞ്ഞു. ലോകത്തിന് വലിയ മൂല്യം നല്‍കുന്ന ഇത്തരം മുന്‍കൈകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

''നീതി വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ് നിയമ വിദ്യാഭ്യാസം'', യുവമനസ്സുകളില്‍ അഭിനിവേശവും പ്രൊഫഷണല്‍ കഴിവും വിദ്യാഭ്യാസത്തിലൂടെ പരിചയപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും സ്ത്രീകളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കിയ പ്രധാനമന്ത്രി മോദി, വിദ്യാഭ്യാസ തലത്തില്‍ എല്ലാ മണ്ഡലങ്ങളേയും ഉള്‍ച്ചേര്‍ക്കാനും നിര്‍ദ്ദേശിച്ചു. നിയമവിദ്യാലയങ്ങളില്‍ സ്ത്രീകളുടെ എണ്ണം ഉയരുന്നത് അഭിഭാഷകവൃത്തിയില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവിദ്യാഭ്യാസത്തിലേക്ക് കൂടുതല്‍ സ്ത്രീകളെ എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ കൈമാറാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

നിയമവിദ്യാഭ്യാസം മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും സാങ്കേതിക വിദ്യകള്‍ക്കും അനുസൃതമായി മാറേണ്ടതുണ്ടെന്ന് പ്രതിപാദിച്ച പ്രധാനമന്ത്രി വൈവിദ്ധ്യ മേഖലകളിൽ അറിവുള്ള യുവ നിയമ  മനസ്സുകളുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. കുറ്റകൃത്യങ്ങള്‍, അന്വേഷണം, തെളിവുകള്‍ എന്നിവയിലെ ഏറ്റവും പുതിയ പ്രവണതകള്‍ മനസ്സിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

യുവ നിയമ വിദഗ്ധരെ കൂടുതല്‍ അന്താരാഷ്ട്ര സമ്പര്‍ക്കത്തിന് സഹായിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യങ്ങള്‍ തമ്മിലുള്ള വിനിമയ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ നിയമ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു. ഫോറന്‍സിക് സയന്‍സിനായി സമര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക സര്‍വകലാശാല സ്ഥിതിചെയ്യുന്നത് ഇന്ത്യയിലാണെന്ന ഉദാഹരണം നല്‍കിയ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും നിയമ ഫാക്കല്‍റ്റികളെയും ജഡ്ജിമാരെ പോലും ഇവിടെ ഹ്രസ്വ കോഴ്‌സുകള്‍ പര്യവേക്ഷണം ചെയ്യുന്നതിന് സഹായിക്കണമെന്നും നിര്‍ദ്ദേശിച്ചു.

നീതി വിതരണവുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം നേടുന്നതിന് വികസ്വര രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതോടൊപ്പം ഇന്റേണ്‍ഷിപ്പുകള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുകയും അതുവഴി അന്താരാഷട്രീയമായ മികച്ച സമ്പ്രദായങ്ങളില്‍ നിന്ന് പഠിക്കാന്‍ നിയമസംവിധാനങ്ങളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ഇന്ത്യയുടെ നിയമസംവിധാനമെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെക്കോര്‍ഡ് പരിഷ്‌കാരങ്ങള്‍ക്ക് ഇത് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. കൊളോണിയല്‍ കാലം മുതലുള്ള കാലഹരണപ്പെട്ട ആയിരക്കണക്കിന് നിയമങ്ങള്‍ നിര്‍ത്തലാക്കിയതിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം അത് ജീവിത സൗകര്യവും വ്യാപാരം സുഗമമാക്കലും വര്‍ദ്ധിപ്പിച്ചുവെന്നതിന് അടിവരയിട്ടു. അവയില്‍ ചിലത് ആളുകളെ ഉപദ്രവിക്കാനുള്ള ഉപകരണങ്ങളായി മാറാന്‍ സാദ്ധ്യതയുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി ഇന്ത്യയും നിയമങ്ങളെ നവീകരിക്കുകയാണ്'', 100 വര്‍ഷത്തിലേറെ പഴക്കമുള്ള കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമായ പുതിയ മൂന്ന് നിയമനിര്‍മ്മാണങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് ശ്രീ മോദി പറഞ്ഞു. ''മുന്‍പ്, ശിക്ഷയിലും ശിക്ഷാവശങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോള്‍, നീതി ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍, പൗരന്മാര്‍ക്ക് ഭയത്തേക്കാള്‍ സ്ഥിരപ്രത്യാശയാണുള്ളത്'', അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക വിദ്യയ്ക്കും നീതിന്യായ വ്യവസ്ഥകളില്‍ നല്ല സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അടിവരയിട്ട്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്ഥലങ്ങള്‍ മാപ്പ് ചെയ്യുന്നതിനും ഗ്രാമീണര്‍ക്ക് വ്യക്തമായ ഭൂവുടമസ്ഥതാ കാര്‍ഡുകള്‍ നല്‍കുന്നതിനും, തര്‍ക്കങ്ങള്‍, വ്യവഹാര സാധ്യതകള്‍, നീതിന്യായ സംവിധാനത്തിലെ ഭാരം എന്നിവ കുറയ്ക്കുന്നതിനും ഇന്ത്യ ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഡിജിറ്റല്‍വല്‍ക്കരണം രാജ്യത്തെ പല കോടതികളെയും സഹായിച്ചിട്ടുണ്ട്, ഓണ്‍ലൈനില്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നു, ഇത് വിദൂര സ്ഥലങ്ങളില്‍ പോലും നീതി ലഭ്യമാകാന്‍ ആളുകളെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കുന്നതില്‍ ഇന്ത്യക്ക് സന്തോഷമുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ സമാന സംരംഭങ്ങളെ കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീതിയോടുള്ള അഭിനിവേശത്തിന്റെ മൂല്യം രാജ്യങ്ങള്‍ക്കിടയില്‍ പങ്കിട്ടാല്‍ നീതിന്യായ വിതരണത്തിലെ എല്ലാ വെല്ലുവിളികളും നേരിടാന്‍ കഴിയുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ''ഈ സമ്മേളനം ഈ ഉല്‍സാഹം ശക്തിപ്പെടുത്തട്ടെ. എല്ലാവര്‍ക്കും കൃത്യസമയത്ത് നീതി ലഭ്യമാകുന്ന, ആരും പിന്നിലായിപ്പോകാത്ത ലോകം നമുക്ക് കെട്ടിപ്പടുക്കാം,'' ശ്രീ മോദി പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡോ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്, അര്‍ജുന്‍ റാം മേഘ്വാള്‍,  അറ്റോര്‍ണി ജനറല്‍ ഡോ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ ശ്രീ തുഷാര്‍ മേത്ത, കോമണ്‍വെല്‍ത്ത് ലീഗല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ഡോ. എസ് ശിവകുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

വിവിധ അന്താരാഷ്ട്ര പ്രതിനിധികള്‍ക്കൊപ്പം ഏഷ്യ-പസഫിക്, ആഫ്രിക്ക, കരീബിയന്‍ എന്നിവിടങ്ങളിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍മാരുടെയും സോളിസിറ്റര്‍മാരുടെയും പങ്കാളിത്തത്തിന് ഈ സമ്മേളനം സാക്ഷ്യം വഹിച്ചു. കോമണ്‍വെല്‍ത്ത് നിയമ കൂട്ടായ്മയിലെ വ്യത്യസ്ത പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്നതിലൂടെ സമ്മേളനം ഒരു സവിശേഷ വേളയായി മാറുന്നു. നിയമവിദ്യാഭ്യാസത്തിലും രാജ്യങ്ങള്‍ക്കിടയിലെ നീതിന്യായ നടപ്പാക്കലിലുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സമഗ്രമായ ഒരു റോഡ്മാപ്പ് വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് അറ്റോര്‍ണിമാര്‍ക്കും സോളിസിറ്റേഴ്സ് ജനറലിനും അനുയോജ്യമായ ഒരു പ്രത്യേക വട്ടമേശ സമ്മേളനവും  ഇതില്‍ ഉള്‍പ്പെടുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."