“നാം അമൃതകാലത്തെ 'കർത്തവ്യകാലം' എന്നാണു വിളിക്കുന്നത്. പ്രതിജ്ഞകളിൽ നമ്മുടെ ആത്മീയ മൂല്യങ്ങളുടെ മാർഗനിർദേശവും ഭാവിയിലേക്കുള്ള തീരുമാനങ്ങളും ഉൾപ്പെടുന്നു”
“ആത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പുനരുജ്ജീവനം നടക്കുമ്പോഴും, സാങ്കേതികവിദ്യയിലും സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യ മുന്നിലാണ്”
“രാജ്യത്തു കണ്ട പരിവർത്തനം ഓരോ സാമൂഹിക വിഭാഗത്തിന്റെയും സംഭാവനകളുടെ ഫലമാണ്”
“എല്ലാ സന്ന്യാസിമാരും ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയിൽ 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവം പരിപോഷിപ്പിച്ചിട്ടുണ്ട്”
“ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, മതപരവും ആത്മീയവുമായ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും സാമൂഹ്യ ക്ഷേമത്തിന്റെ കേന്ദ്രമാണ്”
“സത്യസായി ജില്ല സമ്പൂർണ ഡിജിറ്റലാക്കുമെന്നു നാം പ്രതിജ്ഞയെടുക്കണം”
“പരിസ്ഥിതി, സുസ്ഥിര ജീവിതശൈലി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന നേതൃത്വത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളിലും സത്യസായി ട്രസ്റ്റ് പോലുള്ള സാംസ്കാരികവും ആത്മീയവുമായ സ്ഥാപനങ്ങൾക്കു വലിയ പങ്കുണ്ട്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുനിന്നും വിശിഷ്ടാതിഥികളും  ഭക്തരുടെയും ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, തിരക്കുകൾ കാരണം നേരിട്ടെത്താൻ കഴിഞ്ഞില്ലെന്നും പരിപാടിക്കെത്തിയ ഏവരെയും അ‌ഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. "ശ്രീ സത്യസായിയുടെ അനുഗ്രഹങ്ങളും പ്രചോദനങ്ങളും ഇന്ന് നമ്മോടൊപ്പമുണ്ട്", തന്റെ ദൗത്യം ഇന്ന് വിപുലീകരിക്കുന്നതിലും സായി ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ എന്ന പേരിൽ രാജ്യത്തിന് ഒരു പുതിയ കൺവെൻഷൻ സെന്റർ ലഭിക്കുന്നതിലും  ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. പുതിയ കേന്ദ്രം ആത്മീയതയുടെ അ‌നുഭവവും ആധുനികതയുടെ പ്രൗഢിയും സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സാംസ്കാരിക വൈവിധ്യവും ആശയപരമായ മഹത്വവും ഉൾക്കൊള്ളുന്ന ഈ കേന്ദ്രം പണ്ഡിതരും വിദഗ്ധരും ഒത്തുചേരുന്ന ആത്മീയതയെക്കുറിച്ചുള്ള ചർച്ചകളുടെയും വിദ്യാഭ്യാസ പരിപാടികളുടെ കേന്ദ്രബിന്ദുവായും മാറുമെന്നും അദ്ദേഹം പറഞ്ഞു. 

ഏതൊരു ആശയവും പ്രവർത്തനത്തിന്റെ രൂപത്തിൽ മുന്നോട്ട് പോകുമ്പോൾ അത് ഏറ്റവും ഫലപ്രദമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്ററിന്റെ സമർപ്പണത്തിന് പുറമെ ശ്രീ സത്യസായി ഗ്ലോബൽ കൗൺസിലിന്റെ നേതൃ സമ്മേളനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പരിശീലിക്കുക, പ്രചോദിപ്പിക്കുക’ എന്ന സമ്മേളനത്തിന്റെ പ്രമേയത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും അതിനെ ഫലപ്രദവും പ്രസക്തവും എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സമൂഹം അവരെ പിന്തുടരുന്നതിനാൽ സമൂഹത്തിലെ നേതാക്കളുടെ നല്ല പെരുമാറ്റത്തിന്റെ പ്രാധാന്യത്തിനു ശ്രീ മോദി ഊന്നൽ നൽകി. ശ്രീ സത്യസായിയുടെ ജീവിതമാണ് ഇതിന് ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ഇന്ത്യയും അതിന്റെ ചുമതലകൾക്ക് മുൻഗണനനൽകി മുന്നേറുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ടിലേക്ക് നീങ്ങുമ്പോൾ നാം അമൃതകാലത്തിന് 'കർത്തവ്യകാലം' എന്ന് പേരിട്ടു. ഈ പ്രതിജ്ഞകളിൽ നമ്മുടെ ആത്മീയ മൂല്യങ്ങളുടെ മാർഗനിർദേശവും ഭാവിയിലേക്കുള്ള തീരുമാനങ്ങളും ഉൾപ്പെടുന്നു. ഇതിന് 'വികാസ്' (വികസനം), 'വിരാസത്ത്' (പൈതൃകം) എന്നിവയുണ്ട്.

ആത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കുമ്പോഴും സാങ്കേതികവിദ്യയിലും സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യ മുന്നിലാണെന്ന് അ‌ദ്ദേഹം പറഞ്ഞു. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്  ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ, 5ജി തുടങ്ങിയ മേഖലകളിൽ ലോകത്തെ മുൻനിര രാജ്യങ്ങളുമായി ഇന്ത്യ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്ത് നടക്കുന്ന തത്സമയ ഓൺലൈൻ പണമിടപാടുകളുടെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പുട്ടപർത്തി ജില്ലയെ സമ്പൂർണ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റാൻ ഭക്തരോട് അഭ്യർഥിച്ചു. ഈ തീരുമാനം സാക്ഷാത്കരിക്കാൻ എല്ലാവരും ഒത്തുചേർന്നാൽ, ശ്രീ സത്യസായി ബാബയുടെ അടുത്ത ജന്മവാർഷികത്തോടെ ജില്ല സമ്പൂർണ ഡിജിറ്റലായി മാറ്റാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

"രാജ്യം സാക്ഷ്യം വഹിച്ച പരിവർത്തനം ഓരോ സാമൂഹ്യ വിഭാഗത്തിന്റെയും സംഭാവനകളുടെ ഫലമാണ്" -  ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനും ലോകവുമായി ബന്ധപ്പെടാനുമുള്ള ഫലപ്രദമായ മാധ്യമമാണ് ഗ്ലോബൽ കൗൺസിൽ പോലുള്ള സംഘടനകളെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചു പരാമർശിക്കവേ, വിശുദ്ധർ ഒഴുകുന്ന വെള്ളം പോലെയാണ് കണക്കാക്കപ്പെടുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അവർ ഒരിക്കലും ചിന്തകൾ അവസാനിപ്പിക്കുന്നില്ലെന്നും അവരുടെ പ്രവൃത്തികളിൽ തളരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “സന്ന്യാസിമാരുടെ ജീവിതം നിർവചിക്കുന്നത് അവരുടെ നിരന്തരമായ ഒഴുക്കും പ്രയത്നവുമാണ്” - ശ്രീ മോദി പറഞ്ഞു. ഒരു സന്ന്യാസിയുടെ ജന്മസ്ഥലമല്ല അദ്ദേഹത്തിന്റെ അനുയായികളെ നിർണ്ണയിക്കുന്നതെന്നും അദ്ദേഹം പരാമർശിച്ചു. ഭക്തരെ സംബന്ധിച്ചിടത്തോളം, ഏതൊരു യഥാർത്ഥ സന്ന്യാസിയും അവരിൽ ഒരാളായി മാറുന്നു, അദ്ദേഹം അവരുടെ വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രതിനിധിയായി മാറുന്നു. എല്ലാ സന്ന്യാസിമാരും ഇന്ത്യയിൽ ആയിരക്കണക്കിന് വർഷങ്ങളായി 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവം പരിപോഷിപ്പിച്ചിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു. ശ്രീ സത്യസായി ബാബ ജനിച്ചത് പുട്ടപർത്തിയിലാണെങ്കിലും, അദ്ദേഹത്തിന്റെ അനുയായികളെ ലോകമെമ്പാടും കണ്ടെത്താനാകും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ആശ്രമങ്ങളും കാണാനാകും. ഭാഷയ്ക്കും സംസ്‌കാരത്തിനും അ‌തീതമായി എല്ലാ ഭക്തരും പ്രശാന്തി നിലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതാണ് ഒരൂ നൂലിഴയിൽ കോർത്ത് ഇന്ത്യയെ അനശ്വരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സേവനത്തിന്റെ കരുത്തിന്റെ കാര്യത്തിൽ സത്യസായിയെ പ്രധാനമന്ത്രി ഉദ്ധരിച്ചു. അദ്ദേഹവുമായി ഇടപഴകാനും സത്യസായിയുടെ അനുഗ്രഹത്തിന്റെ തണലിൽ കഴിയാനും ലഭിച്ച അവസരം പ്രധാനമന്ത്രി നന്ദിയോടെ സ്മരിച്ചു. ശ്രീ സത്യസായി ആഴത്തിലുള്ള സന്ദേശങ്ങൾ കൈമാറുന്നത് എത്ര ലാളിത്യത്തോടെയാണെന്നു ശ്രീ മോദി അ‌നുസ്മരിച്ചു. ‘എല്ലാവരെയും സ്നേഹിക്കുക എല്ലാവരെയും സേവിക്കുക’,  ‘എല്ലാവരെയും സഹായിക്കുക, ആരെയും വേദനിപ്പിക്കാതിരിക്കുക', ‘കുറച്ചു സംസാരം, കൂടുതൽ ജോലി’; 'ഓരോ അനുഭവവും ഒരു പാഠമാണ്-ഓരോ നഷ്ടവും നേട്ടമാണ്' തുടങ്ങിയ കാലത്തെ അ‌തിജീവിക്കുന്ന ഉപദേശങ്ങൾ അദ്ദേഹം അനുസ്മരിച്ചു; "ഈ ശിക്ഷണങ്ങൾക്ക് സംവേദനക്ഷമതയും ജീവിതത്തിനായുള്ള ആഴത്തിലുള്ള തത്ത്വചിന്തയും ഉണ്ട്"- പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഭൂകമ്പ സമയത്ത് അദ്ദേഹം നൽകിയ മാർഗനിർദേശവും സഹായവും പ്രധാനമന്ത്രി അ‌നുസ്മരിച്ചു. ശ്രീ സത്യസായിയുടെ കാരുണ്യപൂർവമായ അനുഗ്രഹങ്ങളെ അനുസ്മരിച്ച ശ്രീ മോദി, അ‌ദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മാനവസേവനം ദൈവസേവനമാണെന്നും വ്യക്തമാക്കി.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മതപരവും ആത്മീയവുമായ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും സാമൂഹ്യ ക്ഷേമത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമൃതകാലത്തിന്റെ ദൃഢനിശ്ചയങ്ങളിലൂടെ ഇന്ന് നാം വികസനത്തിനും പൈതൃകത്തിനും ആക്കം കൂട്ടുമ്പോൾ സത്യസായി ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് അതിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബാല വികാസ് പോലുള്ള പരിപാടികളിലൂടെ സത്യസായി ട്രസ്റ്റിന്റെ ആത്മീയ വിഭാഗം പുതുതലമുറയിൽ സാംസ്കാരിക ഭാരതം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. രാഷ്ട്രനിർമാണത്തിലും സമൂഹത്തിന്റെ ശാക്തീകരണത്തിലും സത്യസായി ട്രസ്റ്റിന്റെ പ്രയത്‌നങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, പ്രശാന്തി നിലയത്തിലെ ഹൈടെക് ആശുപത്രിയെക്കുറിച്ചും വർഷങ്ങളായി സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്‌കൂളുകളെയും കോളേജുകളെയും കുറിച്ചും പരാമർശിച്ചു. സത്യസായിയുമായി ബന്ധപ്പെട്ട, അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സംഘടനകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 'ജൽ ജീവൻ ദൗത്യ'പ്രകാരം രാജ്യം എല്ലാ ഗ്രാമങ്ങളെയും ശുദ്ധജല വിതരണവുമായി ബന്ധിപ്പിക്കുന്നതിനാൽ വിദൂര ഗ്രാമങ്ങളിൽ സൗജന്യ ജലവിതരണം നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളിൽ സത്യസായി സെൻട്രൽ ട്രസ്റ്റ് പങ്കാളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഷൻ ലൈഫ്, ജി-20 അ‌ധ്യക്ഷപദം തുടങ്ങി കാലാവസ്ഥാ സംരംഭങ്ങൾക്ക് ആഗോളതലത്തിൽ ലഭിച്ച അംഗീകാരത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഇന്ത്യയോടുള്ള താൽപ്പര്യം വർധിച്ചുവരുന്നതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, യുഎൻ ആസ്ഥാനത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ യോഗയ്ക്കായി ഒത്തുചേർന്നതുമായി ബന്ധപ്പെട്ട ലോക റെക്കോർഡിനെക്കുറിച്ചും സംസാരിച്ചു.  ജനങ്ങൾ യോഗയ്‌ക്കൊപ്പം ആയുർവേദവും സുസ്ഥിരമായ ജീവിതശൈലിയും ഇന്ത്യയിൽ നിന്ന് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. ഇന്ത്യയിൽനിന്നു കടത്തിയ പുരാവസ്തുക്കൾ സമീപകാലത്തു തിരികെ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "ഇന്ത്യയുടെ ഈ ശ്രമങ്ങൾക്കും നേതൃത്വത്തിനും പിന്നിൽ, നമ്മുടെ സാംസ്കാരിക ചിന്തയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയായി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ, സത്യസായി ട്രസ്റ്റ് പോലുള്ള സാംസ്കാരികവും ആത്മീയവുമായ സ്ഥാപനങ്ങൾക്ക് അത്തരം എല്ലാ ശ്രമങ്ങളിലും വലിയ പങ്ക് വഹിക്കാനുണ്ട്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ‘പ്രേം തരു’ സംരംഭത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വൃക്ഷത്തൈ നട്ടുപിടിപ്പിക്കലാകട്ടെ, പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ എന്ന പ്രമേയമാട്ടെ, ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ശ്രീ മോദി അഭ്യർഥിച്ചു. സൗരോർജം, സംശുദ്ധ ഊർജം എന്നിവ തെരഞ്ഞെടുക്കുന്നതിനായി പ്രചോദിതരാകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

ആന്ധ്രയിലെ 40 ലക്ഷത്തോളം വിദ്യാർഥികൾക്ക് ശ്രീ അന്ന റാഗി-ജാവയിൽ നിന്നുണ്ടാക്കിയ ഭക്ഷണം നൽകുന്ന സത്യസായി സെൻട്രൽ ട്രസ്റ്റിന്റെ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശ്രീ അന്നയുടെ ആരോഗ്യ നേട്ടങ്ങൾക്ക് അടിവരയിട്ട അ‌ദ്ദേഹം, ഇത്തരം സംരംഭങ്ങളുമായി മറ്റ് സംസ്ഥാനങ്ങളും ബന്ധപ്പെട്ടാൽ രാജ്യത്തിന് വലിയ നേട്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. “ശ്രീ അന്നയിൽ ആരോഗ്യമുണ്ട്. അതിനുള്ള സാധ്യതകളും ഉണ്ട്. നമ്മുടെ എല്ലാ ശ്രമങ്ങളും ആഗോള തലത്തിൽ ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കുകയും ഇന്ത്യയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുകയും ചെയ്യും” - അദ്ദേഹം കൂട്ടിച്ചേർത്തു.

“സത്യസായിയുടെ അനുഗ്രഹം നമുക്കെല്ലാവർക്കുമൊപ്പമുണ്ട്. ഈ ശക്തി ഉപയോഗിച്ച് നാം ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയും ലോകത്തെ മുഴുവൻ സേവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം നിറവേറ്റുകയും ചെയ്യും” - പ്രധാനമന്ത്രി പറഞ്ഞു.

പശ്ചാത്തലം

ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ എന്ന പുതിയ സംവിധാനമൊരുക്കി. ശ്രീ സത്യസായി ബാബയുടെ പ്രധാന ആശ്രമമാണ് പ്രശാന്തി നിലയം. മനുഷ്യസ്‌നേഹിയായ ശ്രീ റ്യൂക്കോ ഹിറ സംഭാവന ചെയ്ത കൺവെൻഷൻ സെന്റർ സാംസ്‌കാരിക വിനിമയം, ആത്മീയത, ആഗോള ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടിന്റെ തെളിവാണ്. വൈവിധ്യമാർന്ന പശ്ചാത്തലത്തിലുള്ള ജനങ്ങൾക്ക് ഒത്തുചേരാനും ബന്ധപ്പെടാനും ശ്രീ സത്യസായി ബാബയുടെ ശിക്ഷണങ്ങൾ ചർച്ചചെയ്യാനുമുള്ള അ‌ന്തരീക്ഷം ഇത് പ്രദാനം ചെയ്യുന്നു. അതിന്റെ ലോകോത്തര സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സമ്മേളനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സുഗമമാക്കുകയും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള വ്യക്തികൾക്കിടയിൽ സംഭാഷണവും ധാരണയും വളർത്തുകയും ചെയ്യും. വിശാലമായ സമുച്ചയത്തിൽ ധ്യാന ഹാളുകൾ, ശാന്തമായ പൂന്തോട്ടങ്ങൾ, താമസത്തിനുള്ള സൗകര്യങ്ങൾ എന്നിവയുമുണ്ട്. 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."