“ഞാൻ ഇവിടെ എത്തിയിരിക്കുന്നത് പ്രധാനമന്ത്രി എന്ന നിലയിലല്ല, നാല് തലമുറകളായി ഈ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു കുടുംബാംഗം എന്ന നിലയ്ക്കാണ്”
“മാറുന്ന കാലത്തിനും വികസനത്തിനും അനുസൃതമാണെന്ന് ദാവൂദി ബോറ സമുദായം തെളിയിച്ചു. അൽജാമിയ-തുസ്-സൈഫിയ പോലുള്ള സ്ഥാപനങ്ങൾ ഇതിന്റെ ജീവസുറ്റ ഉദാഹരണങ്ങളാണ്”
“അമൃതകാലത്തിന്റെ ദൃഢനിശ്ചയങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയം പോലുള്ള പരിഷ്കാരങ്ങളിലൂടെ രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നു”
“ഇന്ത്യയുടെ ധർമചിന്തയുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിന്റെ മുൻഗണന”
“ലോകത്തെ രൂപപ്പെടുത്താൻ പോകുന്ന യുവപ്രതിഭകളുടെ ശേഖരമായി ഇന്ത്യ മാറാൻ പോകുന്നു എന്നതിന് വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ വേഗതയും തോതും സാക്ഷ്യം വഹിക്കുന്നു”
“നമ്മുടെ യുവാക്കൾ ലോകത്തിലെ യഥാർഥ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുകയും സജീവമായി പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു”
“ഇന്ന്, രാജ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവർക്കൊപ്പം നിൽക്കുന്നു; വിശ്വാസത്തിന്റെ വ്യവസ്ഥിതി സൃഷ്ടിക്കപ്പെടുന്നു”
“ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് വികസനവും പൈതൃകവും ഒരുപോലെ പ്രധാനമാണ്”

മുംബൈയിലെ മാറോളിൽ അൽജാമിയ-തുസ്-സൈഫിയയുടെ (സൈഫി അക്കാദമി) പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദാവൂദി ബോറ സമുദായത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് അൽജാമിയ-തുസ്-സൈഫിയ. സയ്യിദ്‌ന മുഫദ്ദൽ സൈഫുദ്ദീന്റെ മാർഗനിർദേശപ്രകാരം, സമൂഹത്തിന്റെ പഠന പാരമ്പര്യവും സാഹിത്യ സംസ്കാരവും സംരക്ഷിക്കുന്നതിനായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു.

ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, മറിച്ച്, നാല് തലമുറകളായി ഈ കുടുംബവുമായി ബന്ധമുള്ള കുടുംബാംഗം എന്ന നിലയ്ക്കാണ് താൻ ഇവിടെയെത്തിയിരിക്കുന്നതെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ച് പ്രസക്തി നിലനിർത്താനുള്ള കഴിവ് കൊണ്ടാണ് ഓരോ സമുദായവും വിഭാഗവും സംഘടനയും അംഗീകരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “മാറുന്ന കാലത്തിനും വികസനത്തിനും അനുസൃതമാണ് തങ്ങളെന്ന് ദാവൂദി ബോറ സമുദായം തെളിയിച്ചു. അൽജാമിയ-തുസ്-സൈഫിയ പോലുള്ള സ്ഥാപനങ്ങൾ ഇതിന്റെ ജീവസുറ്റ ഉദാഹരണങ്ങളാണ്”- പ്രധാനമന്ത്രി പറഞ്ഞു.

ദാവൂദി ബോറ സമുദായവുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് വിശദീകരിച്ച  പ്രധാനമന്ത്രി, താൻ പോകുന്നിടത്തെല്ലാം സമുദായത്തിന്റെ സ്നേഹം തന്നിൽ പെയ്യുന്നുണ്ടെന്നു വ്യക്തമാക്കി. 99-ാം വയസ്സിൽ ഡോ. സയ്യിദ്‌ന പഠിപ്പിച്ച സന്ദർഭം അനുസ്മരിച്ച അദ്ദേഹം ഗുജറാത്തിലെ സമുദാദയവുമായുള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സൂറത്തിൽ നടന്ന ഡോ. സയ്യിദ്‌നയുടെ ശതാബ്ദി ആഘോഷം അനുസ്മരിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ ജലത്തിന്റെ സാഹചര്യത്തെക്കുറിച്ച് ആത്മീയ നേതാവിനുണ്ടായിരുന്ന പ്രതിബദ്ധത അനുസ്മരിക്കുകയും ജലത്തിന്റെ കാര്യത്തിൽ അവർ പ്രതിബദ്ധത തുടരുന്നതിൽ നന്ദി അറിയിക്കുകയും ചെയ്തു. പോഷകാഹാരക്കുറവും ജലദൗർലഭ്യവും പരിഹരിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സമൂഹവും ഗവണ്മെന്റും പരസ്പര പൂരകമാണെന്നതിന്റെ ഉദാഹരണമായി ശ്രീ മോദി ഇത് ചൂണ്ടിക്കാട്ടി.

“ഞാൻ രാജ്യത്ത് മാത്രമല്ല, വിദേശത്തും, എവിടെയെങ്കിലും പോകുമ്പോൾ, എന്റെ ബോറ സഹോദരീസഹോദരന്മാർ തീർച്ചയായും എന്നെ കാണാൻ വരും”- ബോറ സമുദായത്തിന്റെ ഇന്ത്യയോടുള്ള സ്നേഹവും കരുതലും വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു.

ശരിയായ ഉദ്ദേശ്യത്തോടെയുള്ള സ്വപ്നങ്ങൾ എപ്പോഴും സാക്ഷാത്കരിക്കപ്പെടുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, മുംബൈയിലെ അൽജാമിയ-തുസ്-സൈഫിയ എന്ന സ്വപ്നം സ്വാതന്ത്ര്യത്തിന് മുമ്പ് കണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ദണ്ഡി യാത്രയ്ക്കു മുമ്പ് മഹാത്മാഗാന്ധി ദാവൂദി ബോറ സമുദായ നേതാവിന്റെ വീട്ടിൽ താമസിച്ചിരുന്നതും ശ്രീ മോദി അനുസ്മരിച്ചു. തന്റെ അഭ്യർത്ഥന മാനിച്ച് ഈ വീട് മ്യൂസിയമായി പ്രഖ്യാപിക്കാൻ ഗവണ്മെന്റിനു നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ വീട് സന്ദർശിക്കാൻ ഏവരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

“പുതിയ ദേശീയ വിദ്യാഭ്യാസ നയം പോലുള്ള പരിഷ്കാരങ്ങളിലൂടെ രാജ്യം അമൃതകാലത്തിന്റെ ദൃഢനിശ്ചയങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്”- ആധുനിക വിദ്യാഭ്യാസത്തിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഭ്യമായ പുതിയ അവസരങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. അൽജാമിയ-തുസ്-സൈഫിയയും ഈ ഉദ്യമത്തിൽ മുന്നേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ധർമചിന്തയിൽ രൂപപ്പെടുത്തിയ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് രാജ്യം മുൻഗണനയേകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിച്ച നളന്ദ, തക്ഷശില തുടങ്ങിയ സ്ഥാപനങ്ങളോടെ ഇന്ത്യ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ യശസ് വീണ്ടെടുക്കണമെങ്കിൽ വിദ്യാഭ്യാസത്തിന്റെ മഹത്തായ വർഷങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 8 വർഷത്തിനിടയിൽ റെക്കോർഡ് എണ്ണം സർവകലാശാലകൾ ഉയർന്നു വന്നിട്ടുണ്ടെന്നും എല്ലാ ജില്ലയിലും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2004-2014 കാലയളവിൽ 145 കോളേജുകൾ സ്ഥാപിതമായപ്പോൾ 2014-2022 കാലയളവിൽ 260ലധികം മെഡിക്കൽ കോളേജുകൾ നിലവിൽ വന്നതായി അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ 8 വർഷത്തിനിടയിൽ, ഓരോ ആഴ്ചയും ഒരു സർവകലാശാലയും രണ്ട് കോളേജുകളും തുറന്നു”- പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തെ രൂപപ്പെടുത്താൻ പോകുന്ന ആ യുവപ്രതിഭകളുടെ ശേഖരമായി ഇന്ത്യ മാറാൻ പോകുന്നു എന്നതിന് ഈ വേഗതയും തോതും സാക്ഷ്യം വഹിക്കുന്നു”.

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഗണ്യമായ മാറ്റം എടുത്തുകാട്ടിയ പ്രധാനമന്ത്രി, വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രാദേശിക ഭാഷകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. എൻജിനിയറിങ്, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ ഇനി പ്രാദേശിക ഭാഷകളിൽ നടത്താമെന്ന് അദ്ദേഹം പറഞ്ഞു. പേറ്റന്റ് പ്രക്രിയ ലളിതമാക്കി പേറ്റന്റ് സംവിധാനത്തെ വളരെയധികം സഹായിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഉപയോഗം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്നത്തെ യുവാക്കൾക്ക് സാങ്കേതികവിദ്യയും നൂതനത്വവും കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യം ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. “നമ്മുടെ യുവാക്കൾ ലോകത്തിലെ യഥാർഥ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുകയും പരിഹാരം കണ്ടെത്താൻ സജീവമായി ശ്രമിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

കരുത്തുറ്റ വിദ്യാഭ്യാസ സമ്പ്രദായവും ശക്തമായ വ്യാവസായിക ആവാസവ്യവസ്ഥയും ഏതൊരു രാജ്യത്തിനും ഒരുപോലെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇവ രണ്ടും യുവാക്കളുടെ ഭാവിക്ക് അടിത്തറയിടുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ 8-9 വർഷത്തിനിടെ ‘വ്യാപാരനടത്തിപ്പു സുഗമ’മാക്കുന്നതിലെ ചരിത്രപരമായ പുരോഗതി ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്യം 40,000 ചട്ടങ്ങൾ പാലിക്കലുകൾ നിർത്തലാക്കുകയും നൂറുകണക്കിന് വ്യവസ്ഥകൾ കുറ്റകരമല്ലാതാക്കുകയും ചെയ്തുവെന്നു വ്യക്തമാക്കി. ഈ നിയമങ്ങൾ ഉപയോഗിച്ച് സംരംഭകരെ ഏതു രീതിയിലാണ് ഉപദ്രവിച്ചിരുന്നതെന്നും ഇത് അവരുടെ വ്യവസായത്തെ ഏതു രീതിയിലാണ് ബാധിച്ചിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. “ഇന്ന്, രാജ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവർക്കൊപ്പമാണ്”-  42 കേന്ദ്ര നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി അവതരിപ്പിച്ച ജൻ വിശ്വാസ് ബില്ലിനെക്കുറി‌ച്ചും വ്യാപാരികളിൽ ആത്മവിശ്വാസം വളർത്തുന്നതിനായുള്ള ‘വിവാദ് സേ വിശ്വാസ്’ പദ്ധതിയെക്കുറിച്ചും പരാമർശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ നികുതി നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ടെന്നും ഇത് ജീവനക്കാരുടെയും സംരംഭകരുടെയും കൈകളിലേക്ക് കൂടുതൽ പണം എത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

“ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് വികസനവും പൈതൃകവും ഒരുപോലെ പ്രധാനമാണ്”- രാജ്യത്തെ ഓരോ സമുദായത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും സവിശേഷതകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പൈതൃകത്തിന്റെയും ആധുനികതയുടെയും വികാസത്തിന്റെ സമൃദ്ധമായ പാതയാണ് ഈ സവിശേഷതയെന്ന് ശ്രീ മോദി പറഞ്ഞു. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നീ രണ്ട് മേഖലകളിലും രാജ്യം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാം പുരാതന പരമ്പരാഗത ഉത്സവങ്ങൾ ആഘോഷിക്കുകയും അതേ സമയം ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ബജറ്റിനെക്കുറിച്ചു പരാമർശിക്കവേ, പുതിയ സാങ്കേത‌ിക വിദ്യകളുടെ സഹായത്തോടെ പുരാതന രേഖകൾ ഡിജിറ്റൽവൽക്കരിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സമുദായങ്ങളിലെയും വിഭാഗങ്ങളിലെയും അംഗങ്ങൾ മുന്നോട്ട് വരാനും അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും പുരാതന ഗ്രന്ഥങ്ങൾ ഡിജിറ്റൽവൽക്കരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. യുവാക്കളെ ഈ യജ്ഞവുമായി ബന്ധപ്പെടുത്തുന്നതിലൂടെ ബോറ സമുദായത്തിന് നൽകാൻ കഴിയുന്ന സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. പരിസ്ഥിതി സംരക്ഷണം, ചെറുധാന്യങ്ങളുടെ പ്രോത്സാഹനം, ബോറ സമുദായത്തിന് പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദം തുടങ്ങിയ പരിപാടികളുടെ ഉദാഹരണങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

“വിദേശ രാജ്യങ്ങളിലെ ബോറ സമുദായത്തിലെ ജനങ്ങൾക്ക് തിളങ്ങുന്ന ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കാൻ കഴിയും. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലെത്തുന്നതിൽ ദാവൂദി ബോറ സമുദായം തുടർന്നും പ്രധാന പങ്ക് വഹിക്കും”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീൻ, മഹാരാഷ്ട്ര മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi