5800 കോടിയിലധികം രൂപയുടെ വിവിധ ശാസ്ത്രപദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
വിശാഖപട്ടണത്തെ ഹോമി ഭാഭ അർബുദ ആശുപത്രിയും ഗവേഷണകേന്ദ്രവും നവി മുംബൈയിലെ സ്ത്രീകളുടെയും കുട്ടികളുടെയും അർബുദ ആശുപത്രി കെട്ടിടവും രാഷ്ട്രത്തിനു സമർപ്പിച്ചു
നവി മുംബൈയിലെ ദേശീയ ഹാഡ്രോൺ ബീം തെറാപ്പി സൗകര്യവും റേഡിയോളജിക്കൽ ഗവേഷണ യൂണിറ്റും നാടിനു സമർപ്പിച്ചു
മുംബൈയിലെ ഫിഷൻ മോളിബ്ഡിനം-99 ഉൽപ്പാദനകേന്ദ്രവും വിശാഖപട്ടണത്തെ റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ് പ്ലാന്റും നാടിനു സമർപ്പിച്ചു
ജട്നിയിലെ ഹോമി ഭാഭ അർബുദ ആശുപത്രിയും ഗവേഷണകേന്ദ്രവും, മുംബൈയിലെ ടാറ്റ സ്മാരക ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് എന്നിവയ്ക്കു തറക്കല്ലിട്ടു
ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി ഇന്ത്യക്ക് (എൽഐജിഒ-ഇന്ത്യ) തറക്കല്ലിട്ടു
25-ാം ദേശീയ സാങ്കേതികവിദ്യാദിനത്തിൽ സ്മരണിക സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു
"ഇന്ത്യയുടെ വിജയകരമായ ആണവപരീക്ഷണത്തിന്റെ പ്രഖ്യാപനം അടൽജി നടത്തിയ ദിവസം എനിക്ക് ഒരിക്കലും മറക്കാനാകില്ല"
"അടൽജിയുടെ വാക്കുകളിൽ പറഞ്ഞാൽ, ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ യാത്ര അവസാനിപ്പിച്ചിട്ടില്ല, ഞങ്ങളുടെ വഴിയിൽ വന്ന ഒരു വെല്ലുവിളിക്കും കീഴടങ്ങിയിട്ടില്ല"
"രാജ്യത്തെ നമുക്കു വികസിതവും സ്വയംപര്യാപ്തവുമാക്കണം"
"ഇന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും അഭിനിവേശവും ഊർജവും കഴിവുകളുമാണ് ഇന്ത്യയുടെ വലിയ ശക്തി"
"ഇന്ത്യയിലെ ടിങ്കർ-പ്രണർമാർ ഉടൻ ലോകത്തെ മുൻനിര സംരംഭകരായി മാറും"
"ഇന്നത്തെ ഇന്ത്യ സാങ്കേതികമേഖലയിൽ മുൻനിരയിലെത്താൻ ആവശ്യമായ എല്ലാ ദിശകളിലും മുന്നേറുകയാണ്"

2023ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനിയിൽ മെയ് 11 മുതൽ 14 വരെ നടക്കുന്ന ദേശീയ സാങ്കേതികവിദ്യാദിനത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ആരംഭം കൂടിയാണ് ഈ പരിപാടി. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട 5800 കോടി രൂപയിലധികം മൂല്യമുള്ള വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സ്വയംപര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത്.

ഹിംഗോളിയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി - ഇന്ത്യ (എൽഐജിഒ-ഇന്ത്യ); ‌ഒഡിഷയിലെ ജട്നിയിലെ ഹോമി ഭാഭ അർബുദ ആശുപത്രിയും ഗവേഷണകേന്ദ്രവും; മുംബൈയിലെ ടാറ്റ സ്മാരക ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് എന്നിവ തറക്കല്ലിടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

 

ഫിഷൻ മോളിബ്ഡിനം-99 പ്രൊഡക്ഷൻ ഫെസിലിറ്റി, മുംബൈ; റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ് പ്ലാന്റ്, വിശാഖപട്ടണം; നാഷണൽ ഹാഡ്രോൺ ബീം തെറാപ്പി ഫെസിലിറ്റി, നവി മുംബൈ; റേഡിയോളജിക്കൽ റിസർച്ച് യൂണിറ്റ്, നവി മുംബൈ; ഹോമി ഭാഭ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, വിശാഖപട്ടണം; നവി മുംബൈയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്യാൻസർ ആശുപത്രി കെട്ടിടം എന്നിവ രാജ്യത്തിന് സമർപ്പിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

അടുത്ത കാലത്തായി ഇന്ത്യയിലുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന എക്സ്‌പോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സ്മരണിക സ്റ്റാമ്പും നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ദിനങ്ങളിലൊന്നാണ് മെയ് 11 എന്ന് സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവൻ അഭിമാനിക്കുന്ന തരത്തിൽ പൊഖ്‌റാനിൽ ഇന്ത്യയുടെ ശാസ്ത്രജ്ഞർ അവിസ്മരണീയമായ നേട്ടം കൈവരിച്ച ദിനമാണ് ഇന്നെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യയുടെ വിജയകരമായ ആണവപരീക്ഷണ പ്രഖ്യാപനം അടൽജി നടത്തിയ ദിവസം എനിക്ക് ഒരിക്കലും മറക്കാനാകില്ല" - പ്രധാനമന്ത്രി പറഞ്ഞു. പൊഖ്‌റാൻ ആണവ പരീക്ഷണം ഇന്ത്യയുടെ ശാസ്ത്രീയ കഴിവുകൾ തെളിയിക്കാൻ സഹായിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആഗോള യശസ് ഉയർത്തുകയും  ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. "അടൽജിയുടെ വാക്കുകളിൽ പറഞ്ഞാൽ, ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ യാത്ര നിർത്തിയില്ല. ഞങ്ങളുടെ വഴിയിൽ വന്ന ഒരു വെല്ലുവിളിക്കും കീഴടങ്ങിയിട്ടുമില്ല." - പ്രധാനമന്ത്രി പറഞ്ഞു. ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

 

ഇന്ന് ഉദ്ഘാടനം ചെയ്ത ഭാവിപദ്ധതികളെക്കുറിച്ചു പരാമർശിക്കവേ, ദേശീയ ഹാഡ്രോൺ ബീം തെറാപ്പി ഫെസിലിറ്റി, മുംബൈയിലെ റേഡിയോളജിക്കൽ റിസർച്ച് യൂണിറ്റ്, ഫിഷൻ മോളിബ്ഡിനം-99 പ്രൊഡക്ഷൻ ഫെസിലിറ്റി, വിശാഖപട്ടണത്തെ റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ് പ്ലാന്റ്, വിവിധ അർബുദ ഗവേഷണ ആശുപത്രികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.  ആണവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തിന്റെ പുരോഗതിക്ക് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു. എൽഐജിഒ-ഇന്ത്യയെക്കുറിച്ച് സംസാരിക്കവേ, 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക സംരംഭങ്ങളിലൊന്നാണ് എൽഐജിഒ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നിരീക്ഷണാലയം വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷണത്തിന് പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന്, അമൃതകാലത്തിന്റെ പ്രാരംഭ കാലഘട്ടത്തിൽ, 2047ന്റെ ലക്ഷ്യങ്ങൾ നമുക്ക് മുന്നിൽ വ്യക്തമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. “നമുക്ക് രാജ്യത്തെ വികസിതവും സ്വയംപര്യാപ്തവുമാക്കേണ്ടതുണ്ട്”. വളർച്ചയ്ക്കും നവീകരണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുമായി സമഗ്രമായ ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. ഓരോ ഘട്ടത്തിലും സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ട അദ്ദേഹം, ഇക്കാര്യത്തിൽ സമഗ്രവും 360 ഡിഗ്രി സമീപനവുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു. "ഇന്ത്യ സാങ്കേതികവിദ്യയെ രാജ്യത്തിന്റെ പുരോഗതിയുടെ ഉപകരണമായാണു കണക്കാക്കുന്നത്. ആധിപത്യം സ്ഥാപിക്കാനുള്ള മാർഗമായിട്ടല്ല" - പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ പരിപാടിയുടെ പ്രമേയമായ ‘സ്കൂളിൽനിന്നു സ്റ്റാർട്ടപ്പുകളിലേക്ക്- നവീകരണത്തിനായി യുവമനസ്സുകളെ ജ്വലിപ്പിക്കുക’ എന്നതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഇന്നത്തെ യുവാക്കളും കുട്ടികളുമാണെന്ന് വ്യക്തമാക്കി. ഇന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും അഭിനിവേശവും ഊർജവും കഴിവുകളുമാണ് ഇന്ത്യയുടെ വലിയ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ഉദ്ധരിച്ച് അറിവിനൊപ്പം അറിവിന്റെ പ്രാധാന്യവും അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, വിജ്ഞാന സമൂഹമായി ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുന്നത‌ിനാൽ തുല്യ ശക്തിയോടെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പറഞ്ഞു. യുവമനസ്സുകളെ ജ്വലിപ്പിക്കുന്നതിനായി കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട ശക്തമായ അടിത്തറയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

700 ജില്ലകളിലായി പതിനായിരത്തിലധികം അടൽ ടിങ്കറിങ് ലാബുകൾ ഇന്നൊവേഷൻ നഴ്സറികളായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിലും പ്രധാനം, ഈ ലാബുകളിൽ 60 ശതമാനവും ഗവണ്മെന്റ്, ഗ്രാമീണ സ്കൂളുകളിലാണ് എന്നതാണ്. അടൽ ടിങ്കറിങ് ലാബിൽ 12 ലക്ഷത്തിലധികം നൂതന പദ്ധതികളിൽ 75 ലക്ഷത്തിലധികം വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. യുവ ശാസ്ത്രജ്ഞർ സ്കൂളിൽ നിന്ന് പുറത്തിറങ്ങി രാജ്യത്തിന്റെ വിദൂര കോണുകളിൽ എത്തുന്നതിന്റെ സൂചനയാണിത്. അവരെ കൈപിടിച്ചുയർത്തുകയും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും അവരുടെ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ അവരെ സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അടൽ നൂതനാശയ കേന്ദ്രങ്ങളിൽ (എഐസി) രൂപപ്പെടുത്തിയെടുത്ത നൂറുകണക്കിന് സ്റ്റാർട്ടപ്പുകളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഇത് 'ന്യൂ ഇന്ത്യ'യുടെ പുതിയ ലബോറട്ടറികളായി ഉയർന്നുവരുകയാണെന്നും പറഞ്ഞു. "ഇന്ത്യയിലെ ടിങ്കർ-പ്രണർമാർ ഉടൻ തന്നെ ലോകത്തെ മുൻനിര സംരംഭകരായി മാറും" - പ്രധാനമന്ത്രി പറഞ്ഞു.

 

 

കഠിനാധ്വാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മഹർഷി പതഞ്ജലിയെ ഉദ്ധരിച്ചുകൊണ്ട്, 2014-ന് ശേഷം സ്വീകരിച്ച നടപടികൾ ശാസ്ത്ര സാങ്കേതിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. "സ്റ്റാർട്ടപ്പ് ഇന്ത്യ കാമ്പെയ്‌ൻ, ഡിജിറ്റൽ ഇന്ത്യ, ദേശീയ വിദ്യാഭ്യാസ നയം എന്നിവ ഈ രംഗത്ത് പുതിയ ഉയരങ്ങൾ കൈവരിക്കാൻ ഇന്ത്യയെ സഹായിക്കുന്നു" - അദ്ദേഹം പറഞ്ഞു. ശാസ്ത്രം പുസ്തകങ്ങളിൽ നിന്ന് പുറത്തുവരികയും പരീക്ഷണങ്ങളിലൂടെ പേറ്റന്റുകളായി മാറുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “പേറ്റന്റുകളുടെ എണ്ണം 10 വർഷം മുമ്പ് പ്രതിവർഷം 4000 ആയിരുന്നത് ഇന്ന് 30,000 ആയി വർധിച്ചു. രൂപകൽപ്പനകളുടെ രജിസ്ട്രേഷൻ ഇതേ കാലയളവിൽ 10,000ൽ നിന്ന് 15,000 ആയി ഉയർന്നു. വ്യാപാരമുദ്രകളുടെ എണ്ണം 70,000-ത്തിൽ നിന്ന് 2,50,000-ലധികമായി വർധിച്ചു” - പ്രധാനമന്ത്രി അറിയിച്ചു.

"ഇന്നത്തെ ഇന്ത്യ സാങ്കേതികമേഖലയിൽ മുൻനിരയിലെത്താൻ ആവശ്യമായ എല്ലാ ദിശകളിലും മുന്നേറുകയാണ്" - ശ്രീ മോദി പറഞ്ഞു. 2014-ൽ ഏകദേശം 150 ആയിരുന്ന രാജ്യത്തെ ടെക് ഇൻകുബേഷൻ സെന്ററുകളുടെ എണ്ണം ഇന്ന് 650-ലധികമായി വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ യുവജനങ്ങൾ സ്വന്തമായി ഡിജിറ്റൽ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും സ്ഥാപിക്കുന്നിടത്ത് ഇന്ത്യയുടെ ആഗോള ഇന്നൊവേഷൻ സൂചിക റാങ്ക് 81ൽ നിന്ന് 40-ലേക്ക് എത്തിയതായും പ്രധാനമന്ത്രി പരാമർശിച്ചു. 2014-ലെ നൂറെണ്ണത്തിൽ നിന്ന് രാജ്യത്തെ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് ഒരു ലക്ഷമായി വർധിച്ചിട്ടുണ്ടെന്നും അത് ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യയെ മാറ്റിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയുടെ കഴിവും വൈദഗ്ധ്യവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോകം സാമ്പത്തിക അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്ന സമയത്താണ് ഈ വളർച്ചയുണ്ടായതെന്ന് വ്യക്തമാക്കി. നയരൂപകർത്താക്കൾക്കും ശാസ്ത്രസമൂഹത്തിനും രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഗവേഷണ ലാബുകൾക്കും സ്വകാര്യ മേഖലയ്ക്കും ഈ നിമിഷം അത്യധികം വിലപ്പെട്ടതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സ്കൂളിൽനിന്നു സ്റ്റാർട്ടപ്പിലേക്കുള്ള യാത്ര വിദ്യാർഥികളുടേതാണെങ്കിലും, എല്ലായ്പ്പോഴും അവരെ നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതു പങ്കാളികളാണെന്ന് ആവർത്തിച്ചു. ഈ ആവശ്യത്തിന് പ്രധാനമന്ത്രി പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു.

സാങ്കേതിക വിദ്യയുടെ സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് നാം നീങ്ങുമ്പോൾ, സാങ്കേതികവിദ്യ ശാക്തീകരണത്തിന്റെ ശക്തമായ ഉപകരണമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ഉപകരണമായി ഇത് മാറുന്നു. സാങ്കേതികവിദ്യ സാധാരണ പൗരന്മാർക്ക് അപ്രാപ്യമായിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ളവ സ്റ്റാറ്റസ് ച‌ിഹ്നങ്ങളായിരുന്നു. എന്നാൽ ഇന്ന്, യുപിഐ അതിന്റെ ലാളിത്യം കാരണം സാധാരണമായി മാറിയിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഗ്രാമീണ ഉപയോക്താക്കളുടെ എണ്ണം നഗര ഉപയോക്താക്കളെ മറികടന്നു. ജെഎഎം സംവിധാനം, ജിഇഎം പോർട്ടൽ, കോവിൻ പോർട്ടൽ, ഇ-നാം എന്നിവ സാങ്കേതികവിദ്യയെ ഉൾച്ചേർക്കലിന്റെ ഏജന്റാക്കി മാറ്റുന്നു.

 

സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗം സമൂഹത്തിന് പുതിയ കരുത്ത് നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങൾ നൽകുന്നതിന് ഗവണ്മെന്റ് ഇന്ന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഓൺലൈൻ ജനന സർട്ടിഫിക്കറ്റുകൾ, ഇ-പാഠശാല, ദിക്ഷ ഇ-പഠനവേദികൾ, സ്കോളർഷിപ്പ് പോർട്ടൽ, തൊഴിൽ കാലയളവിലെ യൂണിവേഴ്‌സൽ ആക്സസ് നമ്പർ, വൈദ്യചികിത്സയ്ക്കായി ഇ-സഞ്ജീവനി, വയോജനങ്ങൾക്കുള്ള ജീവൻ പ്രമാൺ എന്നിങ്ങനെയുള്ള പരിഹാരങ്ങൾ ഓരോ ഘട്ടത്തിലും പൗരനെ സഹായിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ഉദാഹരണങ്ങളായി  എളുപ്പത്തിൽ പാസ്പോർട്ടുകൾ ലഭ്യമാകുന്നതിനെയും ഡിജി യാത്രയെയും ഡിജിലോക്കറിനെയും അദ്ദേഹം പരാമർശിച്ചു.

സാങ്കേതികവിദ്യയുടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ പരാമർശിച്ചുകൊണ്ട്, ഈ വേഗതയുമായി പൊരുത്തപ്പെടുന്നതിലും അതിനെ മറികടക്കുന്നതിലും ഇന്ത്യയിലെ യുവാക്കൾ രാജ്യത്തെ നയിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന നിർമ‌‌ിതബുദ്ധി ഉപകരണങ്ങൾ, ആരോഗ്യമേഖലയിലെ അനന്തസാധ്യതകൾ, ഡ്രോൺ സാങ്കേതികവിദ്യയിലും ചികിത്സാമേഖലയിലും നടക്കുന്ന പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവയെക്കുറിച്ചു പരാമർശിച്ച അദ്ദേഹം അത്തരം വിപ്ലവകരമായ സാങ്കേതികവിദ്യയിൽ ഇന്ത്യ നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ടു. സ്വയംപര്യാപ്ത പ്രതിരോധമേഖലയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെക്കുറിച്ചു പരാമർശിക്കവേ, പ്രതിരോധ മികവിനായുള്ള നവീകരണം അഥവാ ഐഡെക്സ് (iDEX) എന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രാലയം 350 കോടി രൂപയിലധികം വിലമതിക്കുന്ന 14 കണ്ടുപിടുത്തങ്ങൾ ഐഡെക്സിൽ നിന്ന് സംഭരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. ഐ-ക്രിയേറ്റ്, ഡിആർഡിഒ യുവ ശാസ്ത്രജ്ഞരുടെ ലാബുകൾ തുടങ്ങിയ സംരംഭങ്ങളെക്കുറ‌ിച്ചു പരാമർശിച്ച പ്രധാനമന്ത്രി ഈ ശ്രമങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയാണെന്നും പറഞ്ഞു. ബഹിരാകാശ മേഖലയിലെ പുതിയ പരിഷ്കാരങ്ങളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഇന്ത്യ ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണെന്നു വ്യക്തമാക്കുകയും എസ്എസ്എൽവി, പിഎസ്എൽവി ഓർബിറ്റൽ പ്ലാറ്റ്‌ഫോമുകൾ പോലുള്ള സാങ്കേതികവിദ്യകൾ എടുത്തുകാട്ടുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ യുവാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ അവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു, കോഡിങ്, ഗെയിമിങ്, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ മുൻകൈ എടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സെമികണ്ടക്ടറുകൾ പോലെയുള്ള പുതിയ മാർഗങ്ങളിൽ ഇന്ത്യ സാന്നിധ്യം വർധിപ്പിക്കുമ്പോൾ, പിഎൽഐ പദ്ധതിപോലുള്ള നയതല സംരംഭങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

 

നൂതനാശയങ്ങളിലും സുരക്ഷയിലും ഹാക്കത്തോണുകളുടെ പങ്കിനെക്കുറിച്ച് വെളിച്ചം വീശിയ പ്രധാനമന്ത്രി, വിദ്യാർഥികൾ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്ന ഹാക്കത്തോൺ സംസ്കാരത്തെ ഗവണ്മെന്റ് തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനായി കൈകോർക്കേണ്ടതിന്റെയും ചട്ടക്കൂട് സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകതയ്ക്കും ഊന്നൽ നൽകി. അടൽ ടിങ്കറിങ് ലാബിൽ നിന്ന് പുറത്തിറങ്ങുന്ന യുവാക്കളെ അഭിസംബോധന ചെയ്യാൻ വ്യവസ്ഥാപിത സംവിധാനം ഏർപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. “യുവാക്കൾ നയിക്കുന്ന ഇതുപോലെ വിവിധ മേഖലകളിലുള്ള 100 ലാബുകൾ നമുക്ക് തിരിച്ചറിയാനാകുമോ?” എന്ന് പ്രധാനമന്ത്രി ആരാഞ്ഞു. സംശുദ്ധ ഊർജം, പ്രകൃതിദത്തകൃഷി എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി, ഗവേഷണവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകി. ഈ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിൽ ദേശീയ സാങ്കേതികവിദ്യാ വാരത്തിന്  പ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്, പേഴ്‌സണൽ - പബ്ലിക് ഗ്രീവൻസ് - പെൻഷൻ വകുപ്പ് സഹമന്ത്രി ശ്രീ ജിതേന്ദ്ര സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ വികസിപ്പിക്കുന്ന എൽഐജിഒ-ഇന്ത്യ, ലോകത്തു വിരലിലെണ്ണാവുന്ന ലേസർ ഇന്റർഫെറോമീറ്റർ ഗുരുത്വാകർഷണ തരംഗ നിരീക്ഷണാലയങ്ങളിൽ ഒന്നായിരിക്കും. തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ തുടങ്ങിയ ഭീമാകാരമായ അന്തരീക്ഷ വസ്തുക്കളുടെ ലയന സമയത്ത് ഉണ്ടാകുന്ന ഗുരുത്വാകർഷണ തരംഗങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള 4 കിലോമീറ്റർ നീളമുള്ള വളരെപെട്ടെന്നു പ്രതികരിക്കുന്ന ഇന്റർഫെറോമീറ്ററാണ് ഇത്. എൽഐജിഒ-ഇന്ത്യ അമേരിക്കയിൽ പ്രവർത്തിക്കുന്ന അത്തരം രണ്ട് നിരീക്ഷണശാലകളുമായി സമന്വയിച്ചു പ്രവർത്തിക്കും. ഇവയിൽ ഒന്ന് വാഷിങ്ടണിലെ ഹാൻഫോർഡിലും മറ്റൊന്ന് ലൂസിയാനയിലെ ലിവിങ്സ്റ്റണിലുമാണ്.

ഭൂമിയിലെ അപൂർവമായ സ്ഥിര കാന്തങ്ങൾ പ്രധാനമായും വികസിത രാജ്യങ്ങളിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. വിശാഖപട്ടണത്തെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ ക്യാമ്പസിലാണ് റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ് നിർമിക്കാനുള്ള സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയും തദ്ദേശീയ വിഭവങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത തദ്ദേശീയ റെയർ എർത്ത് വസ്തുക്കൾ ഉപയോഗിച്ചുമാണ് ഈ സൗകര്യം സ്ഥാപിച്ചിരിക്കുന്നത്. ഈ സൗകര്യത്തോടെ, റെയർ എർത്ത് പെർമനെന്റ് മാഗ്നറ്റ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളുടെ ഭാഗമാകും ഇന്ത്യയും.

നവി മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിന്റെ നാഷണൽ ഹാഡ്രോൺ ബീം തെറാപ്പി ഫെസിലിറ്റി, ട്യൂമറിലേക്ക് വളരെ കൃത്യമായ റേഡിയേഷൻ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യമാണ്. ടിഷ്യുവിലേക്ക് കൃത്യമായ ഡോസ് വിതരണം ചെയ്യുന്നത് റേഡിയേഷൻ ച‌ികിത്സയുടെ ആദ്യകാലത്തും അവസാനകാലങ്ങളിലുമുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറയ്ക്കുന്നു.

ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ ട്രോംബെ കാമ്പസിലാണ് ഫിഷൻ മോളിബ്ഡിനം-99 പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്. അർബുദം, ഹൃദ്‌രോഗം മുതലായവ നേരത്തേ കണ്ടെത്തുന്നതിനുള്ള 85% ഇമേജിങ് നടപടിക്രമങ്ങളിലും ഉപയോഗിക്കുന്ന ടെക്‌നീഷ്യം-99എമ്മിന്റെ പാരന്റാണ് മോളിബ്ഡിനം-99. ഈ സൗകര്യം പ്രതിവർഷം 9 മുതൽ 10 ലക്ഷം വരെ രോഗികളുടെ സ്കാനിങ്ങിനു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിരവധി അർബുദ ആശുപത്രികളുടെയും സൗകര്യങ്ങളുടെയും തറക്കല്ലിടലും സമർപ്പണവും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലോകോത്തര അർബുദ പരിചരണം വ്യാപിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.

 

അടൽ ഇന്നൊവേഷൻ ദൗത്യവും മറ്റ് ഘടകങ്ങളും

2023 ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളിലും ആഘോഷങ്ങള‌ിലും അടൽ ഇന്നൊവേഷൻ ദൗത്യം (എഐഎം) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വർഷത്തെ ദേശീയ സാങ്കേതികവിദ്യാ ദിനത്തിന്റെ പ്രമേയം ഉയർത്തിക്കാട്ടുന്ന എഐഎം പവലിയൻ  നൂതനമായ വിവിധ പദ്ധതികൾ പ്രദർശിപ്പിക്കും. സന്ദർശകർക്ക് തത്സമയ ടിങ്കറിങ് സെഷനുകൾക്കു സാക്ഷ്യം വഹിക്കുന്നതിനും, ടിങ്കറിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, സ്റ്റാർട്ടപ്പുകളുടെ മികച്ച കണ്ടുപിടിത്തങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിനും അവസരമൊരുക്കും.  എആർ/വിആർ, ഡിഫൻസ് ടെക്, ഡിജിയാത്ര, ടെക്സ്റ്റൈൽ, ലൈഫ് സയൻസസ് തുടങ്ങിയ വിവിധ മേഖലകളിലാകും ഇവ.

സമീപകാലത്ത് ഇന്ത്യയിലുണ്ടായ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന എക്സ്‌പോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്മരണിക സ്റ്റാമ്പും നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.

ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്കായി പ്രവർത്തിക്കുകയും 1998 മെയിൽ പൊഖ്‌റാൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തുകയും ചെയ്ത ഇന്ത്യൻ ശാസ്ത്രജ്ഞർ, എൻജിനിയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ആദരിക്കാനായി 1999-ൽ മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയാണ് ദേശീയ സാങ്കേതികവിദ്യാദിനാചരണം ആരംഭിച്ചത്. അതിനുശേഷം, ദേശീയ സാങ്കേതികവിദ്യാ ദിനം എല്ലാ വർഷവും മെയ് 11ന് ആചരിക്കുന്നു. എല്ലാ വർഷവും പുതിയതും വ്യത്യസ്തവുമായ പ്രമേയത്തോടെയാണ് ഇത് ആഘോഷിക്കുന്നത്. ‘സ്കൂളിൽനിന്നു സ്റ്റാർട്ടപ്പുകളിലേക്ക്- നവീകരണത്തിനായി യുവമനസ്സുകളെ ജ്വലിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Income inequality declining with support from Govt initiatives: Report

Media Coverage

Income inequality declining with support from Govt initiatives: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chairman and CEO of Microsoft, Satya Nadella meets Prime Minister, Shri Narendra Modi
January 06, 2025

Chairman and CEO of Microsoft, Satya Nadella met with Prime Minister, Shri Narendra Modi in New Delhi.

Shri Modi expressed his happiness to know about Microsoft's ambitious expansion and investment plans in India. Both have discussed various aspects of tech, innovation and AI in the meeting.

Responding to the X post of Satya Nadella about the meeting, Shri Modi said;

“It was indeed a delight to meet you, @satyanadella! Glad to know about Microsoft's ambitious expansion and investment plans in India. It was also wonderful discussing various aspects of tech, innovation and AI in our meeting.”