''ഇന്ത്യയുടെ അക്കാദമിക പൈതൃകത്തിന്റെയും ഊര്‍ജസ്വലമായ സാംസ്‌കാരിക വിനിമയത്തിന്റെയും പ്രതീകമാണു നാളന്ദ''
''നാളന്ദ എന്നതു വെറുമൊരു പേരല്ല. നാളന്ദ ഒരു സ്വത്വമാണ്, ആദരമാണ്, മൂല്യമാണ്, ഒരു മന്ത്രവും അഭിമാനവും ഇതിഹാസവുമാണ്''
''ഈ പുനരുജ്ജീവനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമാണ്''
''നാളന്ദ ഇന്ത്യയുടെ ഭൂതകാലത്തിന്റെ നവോത്ഥാനം മാത്രമല്ല; ലോകത്തിലെ പല രാജ്യങ്ങളുടെയും ഏഷ്യയുടെയും പൈതൃകം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു''
''നൂറ്റാണ്ടുകളായി ഇന്ത്യ സുസ്ഥിരത ഒരു മാതൃകയായി ജീവിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയും പരിസ്ഥിതിയും ഒത്തുചേര്‍ന്നു നാം മുന്നോട്ട് പോകുന്നു''
''ഇന്ത്യയെ ലോകത്തിന്റെ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കേന്ദ്രമാക്കി മാറ്റുക എന്നതാണ് എന്റെ ദൗത്യം. ലോകത്തെ ഏറ്റവും പ്രമുഖമായ വിജ്ഞാന കേന്ദ്രമായി ഇന്ത്യക്കു വീണ്ടും അംഗീകാരം ലഭ്യമാക്കുക എന്നതാണ് എന്റെ ദൗത്യം''
''ലോകത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ നൈപുണ്യ സംവിധാനവും ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യയില്‍ സൃഷ്ടിക്കുക എന്നതിനാണു ഞങ്ങളുടെ ശ്രമം''
''നാളന്ദ ആഗോളലക്ഷ്യങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്''

ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 10 ദിവസത്തിനുള്ളില്‍ നാളന്ദ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷവും നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയുടെ വികസന യാത്രയിലേക്കുള്ള മികച്ച സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ''നാളന്ദ എന്നത് വെറുമൊരു പേരല്ല, അതൊരു സ്വത്വമാണ്, കരുതലാണ്.  നാളന്ദ ഒരടിസ്ഥാനമാണ്, അതൊരു മന്ത്രമാണ്. പുസ്തകങ്ങള്‍ തീയില്‍ കത്തിയെരിഞ്ഞാലും അറിവിനെ നശിപ്പിക്കാനാകില്ലെന്ന സത്യത്തിന്റെ വിളംബരമാണു നാളന്ദ'' - പ്രധാനമന്ത്രി പറഞ്ഞു. പുതിയ നാളന്ദ സര്‍വകലാശാല സ്ഥാപിക്കലിലൂടെ ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തിനു നാന്ദി കുറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

പുരാതന ശേഷിപ്പുകള്‍ക്കടുത്തുള്ള നാളന്ദയുടെ പുനരുജ്ജീവനം ഇന്ത്യയുടെ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്തുമെന്നും, ശക്തമായ മാനുഷിക മൂല്യങ്ങളുള്ള രാഷ്ട്രങ്ങള്‍ക്ക് ചരിത്രത്തെ പുനരുജ്ജീവിപ്പിച്ച് മികച്ച ലോകം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ലോകത്തോട് വിളിച്ചോതുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാളന്ദ ലോകത്തിന്റെയും ഏഷ്യയുടെയും പല രാജ്യങ്ങളുടെയും പൈതൃകം വഹിക്കുന്നുണ്ടെന്നും അതിന്റെ പുനരുജ്ജീവനം ഇന്ത്യന്‍ വശങ്ങളുടെ പുനരുജ്ജീവനത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഉദ്ഘാടന ചടങ്ങില്‍ നിരവധി രാജ്യങ്ങളുടെ സാന്നിധ്യത്തില്‍ നിന്ന് ഇത് വ്യക്തമാണെന്നും നാളന്ദ പദ്ധതിയിലെ സൗഹൃദ രാജ്യങ്ങളുടെ സംഭാവനയെ  അംഗീകരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളന്ദയില്‍ പ്രതിഫലിക്കുന്ന മഹത്വം തിരികെ കൊണ്ടുവരാനുള്ള ബിഹാറിലെ ജനങ്ങളുടെ ദൃഢനിശ്ചയത്തെയും അദ്ദേഹം പ്രശംസിച്ചു.

ഒരുകാലത്ത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവസുറ്റ കേന്ദ്രമായിരുന്നു നാളന്ദയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും തുടര്‍ച്ചയായ ഒഴുക്കാണ് നാളന്ദയുടെ അര്‍ത്ഥമെന്നും ഇതാണ് വിദ്യാഭ്യാസത്തോടുള്ള ഇന്ത്യയുടെ സമീപനവും ചിന്തയുമെന്നും പറഞ്ഞു. ''വിദ്യാഭ്യാസം അതിരുകള്‍ക്കപ്പുറമാണ്. അത് മൂല്യങ്ങളെയും ചിന്തകളെയും രൂപപ്പെടുത്തുന്നു''- പൗരാണിക നാളന്ദ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വ്യക്തിത്വവും ദേശീയതയും പരിഗണിക്കാതെ പ്രവേശനം ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത നാളന്ദ സര്‍വകലാശാല ക്യാമ്പസില്‍ അതേ പുരാതന പാരമ്പര്യങ്ങള്‍ ആധുനിക രൂപത്തില്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നല്‍ നല്‍കി. 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനകം നാളന്ദ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ടെന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇത് 'വസുധൈവ കുടുംബക'ത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും പറഞ്ഞു.

 

വിദ്യാഭ്യാസത്തെ മാനവികക്ഷേമത്തിനുള്ള സങ്കേതമായി കണക്കാക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, യോഗാ ദിനം അന്താരാഷ്ട്ര ഉത്സവമായി മാറിയെന്നും പറഞ്ഞു. യോഗയുടെ നിരവധി ഇഴകള്‍ വികസിപ്പിച്ചിട്ടും ഇന്ത്യയില്‍ ആരും യോഗയുടെ മേല്‍ കുത്തകാവകാശം പ്രകടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ഇന്ത്യ ആയുര്‍വേദത്തെ ലോകമെമ്പാടും പങ്കിട്ടു- അദ്ദേഹം പറഞ്ഞു. സുസ്ഥിരതയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി മോദി, ഇന്ത്യയില്‍ നാം പുരോഗതിയും പരിസ്ഥിതിയും ഒരുമിച്ച് കൊണ്ടുപോയി എന്നും ചൂണ്ടിക്കാട്ടി. ഇത് 'ലൈഫ്' ദൗത്യം, അന്താരാഷ്ട്ര സൗരസഖ്യം തുടങ്ങിയ സംരംഭങ്ങള്‍ പ്രദാനം ചെയ്യാന്‍ ഇന്ത്യയെ അനുവദിച്ചു. നെറ്റ് സീറോ ഊര്‍ജം, നെറ്റ് സീറോ പുറന്തള്ളല്‍, നെറ്റ് സീറോ ജലം, നെറ്റ് സീറോ മാലിന്യമാതൃക എന്നിവയിലൂടെ നാളന്ദ ക്യാമ്പസ് സുസ്ഥിരതയുടെ മനോഭാവം മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ വികസനം സമ്പദ്‌വ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും വേരുകള്‍ ആഴത്തിലാക്കുന്നതിലേക്ക് നയിക്കുമെന്നതില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ആഗോള അനുഭവവും വികസിത രാജ്യങ്ങളുടെ അനുഭവവും ഇത് സ്ഥിരീകരിക്കുന്നു. 2047-ഓടെ വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ അതിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തുകയാണ് - പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് എന്റെ ദൗത്യം. ലോകത്തെ ഏറ്റവും പ്രമുഖമായ വിജ്ഞാന കേന്ദ്രമായി ഇന്ത്യക്കു വീണ്ടും അംഗീകാരം ലഭ്യമാക്കുക എന്നതാണ് എന്റെ ദൗത്യം. ഒരു കോടിയിലധികം കുട്ടികള്‍ക്ക് അടല്‍ ടിങ്കറിങ് ലാബുകള്‍ പോലുള്ള സംരംഭങ്ങള്‍ സേവനം നല്‍കുന്നതും, ചന്ദ്രയാനും ഗഗന്‍യാനും ശാസ്ത്രത്തോടു താല്‍പ്പര്യം സൃഷ്ടിച്ചതും, പത്തുവര്‍ഷം മുമ്പുണ്ടായിരുന്ന നൂറുകണക്കിനു സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 1.30 ലക്ഷം സ്റ്റാര്‍ട്ടപ്പുകളിലേക്കു കുതിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സഹായിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റെക്കോര്‍ഡ് എണ്ണം പേറ്റന്റുകളും ഗവേഷണ പ്രബന്ധങ്ങളും സമര്‍പ്പിച്ചതും ഒരു ലക്ഷം കോടിയുടെ ഗവേഷണ ഫണ്ടിന്റെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

 

ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണാധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തോടൊപ്പം ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ നൈപുണ്യ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആഗോള റാങ്കിങ്ങില്‍ ഇന്ത്യയിലെ സര്‍വകലാശാലകളുടെ മെച്ചപ്പെട്ട പ്രകടനവും അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ വിദ്യാഭ്യാസ-നൈപുണ്യ വികസന മേഖലയിലെ സമീപകാല നേട്ടങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ക്യുഎസ് റാങ്കിങ്ങില്‍ 9 ല്‍ നിന്ന് 46 ആയും ടൈംസ് ഉന്നത വിദ്യാഭ്യാസ സ്വാധീന റാങ്കിങ്ങില്‍ 13 ല്‍ നിന്ന് 100 ആയും ഉയര്‍ന്നതായി പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഓരോ ആഴ്ചയും ഓരോ സര്‍വകലാശാല സ്ഥാപിച്ചു, ഓരോ ദിവസവും ഓരോ പുതിയ ഐടിഐ സ്ഥാപിച്ചു, ഓരോ മൂന്നാം ദിവസവും ഓരോ അടല്‍ ടിങ്കറിങ് ലാബ് തുറന്നു, ഓരോ ദിവസവും രണ്ട് പുതിയ കോളേജുകള്‍ സ്ഥാപിച്ചു എന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ഇന്ന് 23 ഐഐടികളാണുള്ളത്. ഐഐഎമ്മുകളുടെ എണ്ണം 13ല്‍ നിന്ന് 21 ആയി ഉയര്‍ന്നു. എയിംസുകളുടെ എണ്ണം ഏകദേശം മൂന്നിരട്ടി എന്ന നിലയില്‍ 22 ആയി ഉയര്‍ന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''10 വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണവും ഏകദേശം ഇരട്ടിയായി''- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ പരാമര്‍ശിക്കവേ, പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍, വിദേശ സര്‍വകലാശാലകളുടെ സഹകരണത്തെക്കുറിച്ചും ഡീകിന്‍, വൊല്ലോങ്കോങ് തുടങ്ങിയ അന്താരാഷ്ട്ര സര്‍വകലാശാലകളുടെ പുതിയ ക്യാമ്പസുകള്‍ തുറക്കുന്നതിനെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. ''ഈ ശ്രമങ്ങളിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കുന്നു. ഇത് നമ്മുടെ മധ്യവര്‍ഗത്തിനു ചെലവു കുറയ്ക്കാനും സഹായിക്കുന്നു''- പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

പ്രമുഖ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ആഗോള ക്യാമ്പസുകള്‍ അടുത്തിടെ തുറന്നതിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, നാളന്ദയുടെ കാര്യത്തിലും അതേ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

ലോകത്തിന്റെ കണ്ണ് ഇന്ത്യയിലെ യുവാക്കള്‍ക്ക് നേരെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യ ബുദ്ധഭഗവാന്റെ രാജ്യമാണ്; ജനാധിപത്യത്തിന്റെ മാതാവിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടക്കാന്‍ ലോകം ആഗ്രഹിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന് ഇന്ത്യ പറയുമ്പോള്‍ ലോകം അതിനൊപ്പം നില്‍ക്കുന്നു.  'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന് ഇന്ത്യ പറയുമ്പോള്‍, അത് ലോകത്തിന്റെ ഭാവിയുടെ വഴിയായി കണക്കാക്കപ്പെടുന്നു. 'ഏക ഭൂമി ഏകാരോഗ്യം' എന്ന് ഇന്ത്യ പറയുമ്പോള്‍, ലോകം അതിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു - അദ്ദേഹം പറഞ്ഞു. ''ഈ സാര്‍വത്രിക സാഹോദര്യത്തിന്റെ വികാരത്തിന് പുതിയ മാനം നല്‍കാന്‍ നാളന്ദയുടെ മണ്ണിനു കഴിയും. അതിനാല്‍, നാളന്ദയിലെ വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വം ഏറെ വലുതാണ്'' - പ്രധാനമന്ത്രി മോദി പറഞ്ഞു.

നാളന്ദയിലെ വിദ്യാര്‍ഥികളെയും പണ്ഡിതരെയും ഇന്ത്യയുടെ ഭാവി എന്ന് വിളിച്ച പ്രധാനമന്ത്രി, അടുത്ത 25 വര്‍ഷത്തെ അമൃതകാലത്തിന്റെ പ്രാധാന്യം അടിവരയിടുകയും 'നാളന്ദ പാത'യും നാളന്ദയുടെ മൂല്യങ്ങളും അവരോടൊപ്പം കൊണ്ടുപോകാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ജിജ്ഞാസയുള്ളവരായിരിക്കാനും ധൈര്യമുള്ളവരായിരിക്കാനും എല്ലാത്തിനുമുപരിയായി, അവരുടെ ലോഗോയ്ക്ക് അനുസൃതമായി ദയ കാണിക്കാനും സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിനായി പ്രവര്‍ത്തിക്കാനും അവരോട് ആവശ്യപ്പെട്ടു.

 

നാളന്ദയുടെ അറിവ് മനുഷ്യരാശിക്ക് ദിശാബോധം നല്‍കുമെന്നും വരുംകാലത്ത് യുവജനങ്ങള്‍ ലോകത്തെയാകെ നയിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ''നാളന്ദ ആഗോളലക്ഷ്യങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്'' - പ്രധാനമന്ത്രി ഉപസംഹരിച്ചു.

ബിഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര മാര്‍ഗരിറ്റ, ബിഹാര്‍ ഉപമുഖ്യമന്ത്രിമാരായ ശ്രീ വിജയ് കുമാര്‍ സിന്‍ഹ, നാളന്ദ സര്‍വകലാശാല ചാന്‍സലര്‍ ശ്രീ സാമ്രാട്ട് ചൗധരി, പ്രൊഫ. അരവിന്ദ് പനഗരിയ, നാളന്ദ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അഭയ് കുമാര്‍ സിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

പശ്ചാത്തലം

നാളന്ദ സര്‍വകലാശാല ക്യാമ്പസില്‍ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളുണ്ട്. മൊത്തം 1900 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 300 സീറ്റുകള്‍ വീതമുള്ള രണ്ട് ഓഡിറ്റോറിയങ്ങളുണ്ട്. ഏകദേശം 550 വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം ഇവിടെയുണ്ട്. അന്താരാഷ്ട്ര കേന്ദ്രം, 2000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആംഫി തിയറ്റര്‍, ഫാക്കല്‍റ്റി ക്ലബ്, കായിക സമുച്ചയം എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളും ഇവിടെയുണ്ട്.

ക്യാമ്പസ് 'നെറ്റ് സീറോ' കാര്‍ബണ്‍ ബഹിര്‍ഗമനമുള്ള ഹരിത ക്യാമ്പസാണ്. സൗരോര്‍ജനിലയം, ഗാര്‍ഹിക-കുടിവെള്ള ശുദ്ധീകരണ നിലയം, മലിനജലം പുനരുപയോഗിക്കുന്നതിനുള്ള ജല പുനഃചംക്രമണ നിലയം എന്നിവയും 100 ഏക്കര്‍  ജലാശയങ്ങളും മറ്റ് നിരവധി പരിസ്ഥിതി സൗഹൃദ സൗകര്യങ്ങളും ഇവിടെയുണ്ട്. 

 

ചരിത്രവുമായി സര്‍വകലാശാലയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. ഏകദേശം 1600 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച യഥാര്‍ഥ നാളന്ദ സര്‍വകലാശാല പാര്‍പ്പിടസൗകര്യമുള്ള ലോകത്തിലെ ആദ്യത്തെ സര്‍വകലാശാലകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 2016-ല്‍ നാളന്ദയുടെ ശേഷിപ്പുകള്‍ യുഎന്‍ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.

 

Click here to read full text speech

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”