മേഖലയിലെ നഗരചലനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ഠാണെയില്‍ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിച്ചു.
കേന്ദ്ര ഗവണ്‍മെന്റ് മറാത്തിക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കിയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ഇത് മഹാരാഷ്ട്രയോടും മറാഠി ഭാഷയോടുമുള്ള ബഹുമാനം മാത്രമല്ല, ഇന്ത്യയ്ക്ക് വിജ്ഞാനത്തിന്റെയും തത്ത്വചിന്തയുടെയും, ആത്മീയതയുടെയും സാഹിത്യത്തിന്റെയും സമ്പന്നമായ സംസ്‌കാരം നല്‍കിയ പാരമ്പര്യത്തിനുള്ള ആദരവാണെന്നും ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമുള്ള മറാത്തി സംസാരിക്കുന്ന എല്ലാവരെയും ശ്രീ മോദി അഭിനന്ദിക്കുകയും ചെയ്തു.
നവരാത്രിയുടെ വേളയില്‍ നിര്‍വഹിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നേരത്തെ വാഷിം സന്ദര്‍ശിച്ചതിനെ കുറിച്ചും, അവിടെ രാജ്യത്തെ 9.5 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വിതരണം ചെയ്യുകയും നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തതും സൂചിപ്പിച്ചു. മഹാരാഷ്ട്രയുടെ ആധുനിക വികസനത്തിലേക്കുള്ള പുതിയ നാഴികക്കല്ലുകള്‍ ഠാണെയില്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, ഇന്നത്തെ ഈ സന്ദര്‍ഭം സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയുടെ ഒരു നേര്‍ക്കാഴ്ച നല്‍കുന്നുവെന്നത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 30,000 കോടി രൂപയിലധികം ചെലവുള്ള മുംബൈ എം.എം.ആര്‍ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചതായും 12,000 കോടിയിലധികം രൂപയുടെ ഠാണെ ഇന്റഗ്രല്‍ റിംഗ് മെട്രോ റെയില്‍ പദ്ധതിക്ക് ഇന്ന് തറക്കല്ലിട്ടതായും ശ്രീ മോദി അറിയിച്ചു. ഇവ മുംബൈയ്ക്കും ഠാണെയ്ക്കും ആധുനിക സ്വത്വം നല്‍കുമെന്ന് ഇന്നത്തെ വികസന പദ്ധതികളെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
മുംബൈയിലെ ആരെ മുതല്‍ ബി.കെ.സി വരെയുള്ള അക്വാ ലൈന്‍ മെട്രോയ്ക്കും ഇന്ന് സമാരംഭം കുറിയ്ക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. മുംബൈയിലെ ജനങ്ങള്‍ വളരെക്കാലമായി ഈ മെട്രോ പാത പ്രതീക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്വാ മെട്രോ ലൈനിന് നല്‍കിയ പിന്തുണക്ക് ജപ്പാന്‍ ഗവണ്‍മെന്റിനും ജപ്പാനീസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിക്കും (ജൈക്ക) ശ്രീ മോദി നന്ദി രേഖപ്പെടുത്തി. അതിനാല്‍, ഇന്ത്യ-ജപ്പാന്‍ സൗഹൃദത്തിന്റെ പ്രതീകമാണ് ഈ മെട്രോ പാതയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ബാലാ സാഹിബ് താക്കറെക്ക് ഠാണെയോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അന്തരിച്ച ശ്രീ ആനന്ദ് ദിഗെയുടെ നഗരവും ഠാണെയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായ ഡോ. ആനന്ദി ഭായ് ജോഷിയെ സംഭാവന ചെയ്തത് ഠാണെയായിരുന്നു'', ശ്രീ മോദി ഉദ്ഘോഷിച്ചു. ഇന്നത്തെ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഈ ദാര്‍ശനികരുടെയെല്ലാം സ്വപ്‌നങ്ങള്‍ നാം സാക്ഷാത്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഠാണെ, മുംബൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
''ഇന്നത്തെ ഓരോ ഭാരതീയന്റെയും ലക്ഷ്യമാണ് വികസിത് ഭാരത്'', ശ്രീ മോദി ഉദ്ഘോഷിച്ചു. ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ഓരോ തീരുമാനങ്ങളും പ്രതിജ്ഞകളും സ്വപ്‌നങ്ങളും വികസിത് ഭാരതിന് സമര്‍പ്പിതമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത് ഭാരതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, മുംബൈ, ഠാണെ തുടങ്ങിയ നഗരങ്ങളെ ഭാവിയിലേയ്ക്ക് സജ്ജമാക്കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുന്‍ ഗവണ്‍മെന്റുകളുടെ വീഴ്ചകള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം വികസനവും ശ്രദ്ധിക്കേണ്ടതിനാല്‍ ഗവണ്‍മെന്റിന് അതിന്റെ ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഗവണ്‍മെന്റുകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, മുംബൈയില്‍ ജനസംഖ്യയും ഗതാഗത സാന്ദ്രതയും വര്‍ദ്ധിച്ചിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗവു സ്വീകരിച്ചില്ലെന്നും പറഞ്ഞു. വളര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ സ്തംഭനാവസ്ഥയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്കയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഗവണ്‍മെന്റ് ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇന്ന് 300 കിലോമീറ്ററിന്റെ മെട്രോ ശൃംഖല വികസിപ്പിക്കുകയാണെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. മറൈന്‍ ഡ്രൈവില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള യാത്രാ സമയം തീരദേശ റോഡ് 12 മിനിറ്റായി കുറച്ചു, അതോടൊപ്പം ഉത്തര ദക്ഷിണ മുംബൈകള്‍ തമ്മിലുള്ള ദൂരം അടല്‍ സേതുവും കുറച്ചു. ഓറഞ്ച് ഗേറ്റ് മുതല്‍ മറൈന്‍ ഡ്രൈവ് വരെയുള്ള ഭൂഗര്‍ഭ തുരങ്ക പദ്ധതിയും വേഗത കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെര്‍സോവ മുതല്‍ ബാന്ദ്ര കടല്‍പ്പാലം വരെയുള്ള പദ്ധതി, ഈസേ്റ്റണ്‍ ഫ്രീ-വേ, ഠാണെ-ബോരിവാലി ടണല്‍, താനെ സര്‍ക്കുലര്‍ മെട്രോ റെയില്‍ പദ്ധതി തുടങ്ങി നഗരത്തിലെ വിവിധ പദ്ധതികളുടെ പട്ടിക നിരത്തിയ ശ്രീ മോദി, വികസന പദ്ധതികള്‍ മുംബൈയുടെ മുഖച്ഛായ മാറ്റുകയാണെന്നും മുംബൈയിലെയും ചുറ്റുമുള്ള നഗരങ്ങളിലെയും പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ട് ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും ഊന്നിപ്പറഞ്ഞു. വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം പുതിയ തൊഴിലവസരങ്ങളും ഈ പദ്ധതികള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയുടെ വികസനം മാത്രമാണ് ഇപ്പോഴത്തെ സംസ്ഥാന ഗവണ്‍മെന്റിന്റെ ഏകലക്ഷ്യമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. മുംബൈ മെട്രോ 2.5 വര്‍ഷത്തോളം വൈകിപ്പിച്ച് ചെലവ് 14,000 കോടി രൂപ കവിയുന്നതിലേക്ക് നയിച്ച മുന്‍ ഗവണ്‍മെന്റുകളുടെ പ്രകടമായ സമീപനവും അദ്ദേഹം സൂചിപ്പിച്ചു. ''മഹാരാഷ്ട്രയിലെ കഠിനാദ്ധ്വാനികളായ നികുതിദായകരുടേതാണ് ഈ പണം'', പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
തങ്ങള്‍ വികസന വിരുദ്ധരാണെന്നതിന് മുന്‍ ഗവണ്‍മെന്റിന്റെ ട്രാക്ക് റെക്കോര്‍ഡ് തന്നെ തെളിവാണെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി, അടല്‍ സേതുവിനെതിരായ പ്രതിഷേധം, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ അടച്ചുപൂട്ടാനുള്ള ഗൂഢാലോചന, വരള്‍ച്ച പ്രദേശങ്ങളിലെ ജലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സ്തംഭിപ്പിക്കല്‍ തുടങ്ങിയ ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. ഭൂതകാലത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണമെന്നും പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
സത്യസന്ധവും സുസ്ഥിരവുമായ നയങ്ങളുള്ള ഒരു ഗവണ്‍മെന്റ് രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി ഉണ്ടാകാതേണ്ടതിന്റെ ആവശ്യകത പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നിലവിലെ ഗവണ്‍മെന്റ് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഹൈവേകള്‍, അതിവേഗപാതകള്‍, റെയില്‍വേകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ വികസനത്തിലും ഞങ്ങള്‍ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചു, മാത്രമല്ല, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തു. നമുക്ക് രാജ്യത്തെ ഇനിയും കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്'', മഹാരാഷ്ട്രയിലെ ഓരോ പൗരനും ഈ പ്രതിജ്ഞയ്‌ക്കൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി.പി രാധാകൃഷ്ണന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
മേഖലയിലെ നഗര സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന മുന്നേറ്റത്തിന്റെ ഭാഗമായി, പ്രധാന മെട്രോ, റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏകദേശം 14,120 കോടി രൂപ ചെലവുവരുന്ന മുംബൈ മെട്രോ ലൈനിലെ ബി.കെ.സി മുതല്‍ ആരെ ജെ.വി.എല്‍.ആര്‍ വരെയുള്ള ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ വിഭാഗത്തിലുള്ള 10 സ്‌റ്റേഷനുകളില്‍, 9 എണ്ണവും ഭൂഗര്‍ഭമായിരിക്കും. മുംബൈ നഗരത്തിനും നഗരപ്രാന്തപ്രദേശള്‍ക്കുമിടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്ന ഒരു പ്രധാന പൊതുഗതാഗത പദ്ധതിയാണ് മുംബൈ മെട്രോ ലൈന്‍ - 3. പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്ന ലൈന്‍-3 പ്രതിദിനം ഏകദേശം 12 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏകദേശം 12,200 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഠാണെ ഇന്റഗ്രല്‍ റിംഗ് മെട്രോ റെയില്‍ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 20 എലവേറ്റഡ് സ്‌റ്റേഷനുകളും 2 ഭൂഗര്‍ഭ സ്റ്റേഷനുകളുമുള്ള പദ്ധതിയുടെ ആകെ ദൈര്‍ഘ്യം 29 കിലോമീറ്ററാണ്. മഹാരാഷ്ട്രയിലെ പ്രധാന വ്യാവസായിക വാണിജ്യ കേന്ദ്രമായ ഠാണെയുടെ വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മുന്‍കൈയാണ് ഈ മഹത്തായ അടിസ്ഥാന സൗകര്യ പദ്ധതി.
ഛേദാ നഗര്‍ മുതല്‍ ഠാണെ ആനന്ദ് നഗര്‍ വരെയുള്ള ഏകദേശം 3,310 കോടി രൂപ ചെലവുവരുന്ന എലിവേറ്റഡ് ഈസേ്റ്റണ്‍ ഫ്രീവേ എക്‌സ്റ്റന്‍ഷന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ദക്ഷിണ മുംബൈയില്‍ നിന്ന് ഠാണെയിലേക്ക് തടസ്സരഹിത ബന്ധിപ്പിക്കല്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.
അതിനുപുറമെ, ഏകദേശം 2,550 കോടി രൂപയുടെ നവി മുംബൈ എയര്‍പോര്‍ട്ട് ഇന്‍ഫ്‌ളുവന്‍സ് നോട്ടിഫൈഡ് ഏരിയ (നൈന) പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രധാന ആര്‍ട്ടീരീയല്‍ റോഡുകള്‍, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, അടിപാതകള്‍, സംയോജിത പൊതു ഉപയോഗ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പദ്ധതിയില്‍ ഉള്‍പ്പെടും.
700 കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഠാണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഠാണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉന്നത നിലവാരമുള്ള ഭരണനിര്‍വഹണമന്ദിരം, മിക്ക മുനിസിപ്പല്‍ ഓഫീസുകളും കേന്ദ്രീകൃതമായി ഒരു കെട്ടിടത്തില്‍ ഉള്‍ക്കൊള്ളുന്നത് ഠാണെയിലെ പൗരന്മാര്‍ക്കു പ്രയോജനമേകും.
Click here to read full text speech
आज हर देशवासी का एक ही लक्ष्य है- विकसित भारत! pic.twitter.com/IBz8AHDLOU
— narendramodi_in (@narendramodi_in) October 5, 2024
काँग्रेस और महाअघाड़ी वाले लोग विकास के काम को ठप्प कर देते हैं। pic.twitter.com/KMVrLY3KLH
— narendramodi_in (@narendramodi_in) October 5, 2024
कांग्रेस, भारत की सबसे बेईमान और भ्रष्ट पार्टी है। pic.twitter.com/iVz1J2qg0l
— narendramodi_in (@narendramodi_in) October 5, 2024
लूट, झूठ और कुशासन का ये पूरा पैकेज कांग्रेस की पहचान है। pic.twitter.com/KAIqRyst2c
— narendramodi_in (@narendramodi_in) October 5, 2024
काँग्रेस को अब अर्बन नक्सल का गैंग चला रहा है। pic.twitter.com/Re36pzwIi4
— narendramodi_in (@narendramodi_in) October 5, 2024