പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, സാബർമതി ആശ്രമം എപ്പോഴും സമാനതകളില്ലാത്ത ഊർജത്തിന്റെ ഊർജസ്വലമായ കേന്ദ്രമാണെന്നും ബാപ്പുവിന്റെ പ്രചോദനം നമ്മിൽത്തന്നെ അനുഭവപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “സാബർമതി ആശ്രമം ബാപ്പുവിന്റെ സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങൾ, രാഷ്ട്രസേവനം, നിരാലംബരെ സേവിക്കുന്നതിൽ ദൈവസേവനം ദർശിക്കൽ എന്നിവ സജീവമായി നിലനിർത്തുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു. സാബർമതിയിലേക്കു മാറുന്നതിനുമുമ്പു കോച്ച്‌രബ് ആശ്രമത്തിൽ ഗാന്ധിജി താമസിച്ചിരുന്ന കാലം പ്രധാനമന്ത്രി അനുസ്മരിച്ചു. പുനർവികസിപ്പിച്ച കോച്ച്‌രബ് ആശ്രമം ഇന്നു രാഷ്ട്രത്തിനു സമർപ്പിച്ചു. പ്രധാനമന്ത്രി ആദരണീയനായ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ഇന്നത്തെ സുപ്രധാനവും പ്രചോദനാത്മകവുമായ പദ്ധതികൾക്ക് ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ആദരണീയനായ ബാപ്പു ദണ്ഡിയാത്രയ്ക്കു തുടക്കം കുറിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ തീയതി സുവർണലിപികളാൽ രൂപപ്പെടുത്തുകയും ചെയ്ത മാർച്ച് 12 എന്ന ഇന്നത്തെ തീയതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി, ഈ ചരിത്രദിനം സ്വതന്ത്ര ഇന്ത്യയിൽ നവയുഗത്തിന്റെ തുടക്കത്തിനു സാക്ഷിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മാർച്ച് 12നു തന്നെ സാബർമതി ആശ്രമത്തിൽനിന്നാണു രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’നു തുടക്കമിട്ടതെന്നു പറഞ്ഞ പ്രധാനമന്ത്രി, നാടിന്റെ ത്യാഗങ്ങളെ അനുസ്മരിക്കുന്നതിൽ ഈ പരിപാടി നിർണായക പങ്കു വഹിച്ചുവെന്നു പറഞ്ഞു. “അമൃതമഹോത്സവം ഇന്ത്യക്ക് അമൃതകാലത്തേക്കു പ്രവേശിക്കുന്നതിനുള്ള കവാടം സൃഷ്ടിച്ചു”- ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്തു കണ്ടതിനു സമാനമായ അന്തരീക്ഷം ജനങ്ങൾക്കിടയിൽ ഇതു സൃഷ്ടിച്ചുവെന്നു നിരീക്ഷിച്ചു പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ആദർശങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാധീനവും അമൃതമഹോത്സവത്തിന്റെ വ്യാപ്തിയും അദ്ദേഹം എടുത്തുകാട്ടി. “‘ആസാദി കാ അമൃത് കാൽ’ പരിപാടിയിൽ മൂന്നുകോടിയിലധികംപേർ ‘പഞ്ച് പ്രാൺ’ പ്രതിജ്ഞയെടുത്തു” -പ്രധാനമന്ത്രി പറഞ്ഞു. രണ്ടുകോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച രണ്ടുലക്ഷത്തിലധികം അമൃതവാടികകളുടെ വികസനം, ജലസംരക്ഷണത്തിനായി 70,000-ത്തിലധികം അമൃതസരോവരങ്ങൾ സൃഷ്ടിക്കൽ, ദേശഭക്തിയുടെ പ്രകടനമായി മാറിയ ‘ഹർ ഘർ തിരംഗ’ യജ്ഞം, സ്വാതന്ത്ര്യസമരസേനാനികൾക്കു ജനങ്ങൾ ശ്രദ്ധാഞ്ജലിയർപ്പിച്ച ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അമൃതകാലത്തു സാബർമതി ആശ്രമത്തെ വികസിതഭാരത ദൃഢനിശ്ചയങ്ങളുടെ തീർഥാടനകേന്ദ്രമാക്കി മാറ്റിയ രണ്ടുലക്ഷത്തിലധികം പദ്ധതികളുടെ തറക്കല്ലിടലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
“പൈതൃകം സംരക്ഷിക്കാൻ കഴിയാത്ത രാജ്യത്തിന് അതിന്റെ ഭാവിയും നഷ്ടപ്പെടും. ബാപ്പുവിന്റെ സാബർമതി ആശ്രമം രാജ്യത്തിന്റെ മാത്രമല്ല മാനവികതയുടെയാകെ പൈതൃകമാണ്” - പ്രധാനമന്ത്രി പറഞ്ഞു. അമൂല്യമായ ഈ പൈതൃകത്തെ ദീർഘകാലമായി അവഗണിച്ചതനുസ്മരിച്ച പ്രധാനമന്ത്രി ആശ്രമത്തിന്റെ വിസ്തീർണം 120 ഏക്കറിൽനിന്ന് 5 ഏക്കറായി ചുരുങ്ങിയതു പരാമർശിച്ചു. 63 കെട്ടിടങ്ങളിൽ 36 കെട്ടിടങ്ങൾ മാത്രമാണു ശേഷിക്കുന്നതെന്നും മൂന്നെണ്ണം മാത്രമാണു സന്ദർശകർക്കായി തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശ്രമത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ പ്രാധാന്യം കണക്കിലെടുത്തു സംരക്ഷിക്കേണ്ടത് 140 കോടി ഇന്ത്യക്കാരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ആശ്രമത്തിന്റെ 55 ഏക്കർ തിരികെ ലഭിക്കുന്നതിനായി ആശ്രമവാസികൾ നൽകിയ സഹകരണത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ആശ്രമത്തിലെ എല്ലാ കെട്ടിടങ്ങളും അവയുടെ യഥാർഥരൂപത്തിൽ സംരക്ഷിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഇച്ഛാശക്തിയുടെ അഭാവവും കോളനിവാഴ്ചാമനോഭാവവും പ്രീണനവുമാണ് ഇത്തരം സ്മാരകങ്ങളോടുള്ള ദീർഘകാല അവഗണനയ്ക്കു കാരണമെന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പുനർവികസനത്തിനുശേഷം 12 കോടി തീർഥാടകർ കാശി വിശ്വനാഥധാമിൽ എത്തിച്ചേർന്നതു പ്രധാനമന്ത്രി ഉദാഹരിച്ചു. ഇവിടെ, ജനങ്ങൾ സഹകരിച്ച് 12 ഏക്കർ ഭക്തർക്കു സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിക്കായി വിട്ടുകൊടുത്തു. അതുപോലെ, അയോധ്യയിലെ ശ്രീരാമജന്മഭൂമിയുടെ വിപുലീകരണത്തിനായി 200 ഏക്കർ വിട്ടുകൊടുത്തു. അവിടെയും കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഒരുകോടിയിലധികം ഭക്തരാണു ദർശനം നടത്തിയത്.
രാജ്യത്തിനാകെ പൈതൃകസംരക്ഷണത്തിനുള്ള വഴിയാണു ഗുജറാത്ത് കാട്ടിത്തന്നതെന്നും ശ്രീ മോദി പറഞ്ഞു. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ സോമനാഥിനെ പുനരുജ്ജീവിപ്പിച്ചതു ചരിത്രസംഭവമാണെന്ന് അദ്ദേഹം പരാമർശിച്ചു. ചാമ്പാനെർ, ധോലാവീര, ലോഥൽ, ഗിർനാർ, പാവാഗഢ്, മൊഢേര, അംബാജി എന്നിവയ്‌ക്കൊപ്പം അഹമ്മദാബാദും ലോക പൈതൃകനഗരമായി മാറിയതാണു മറ്റു സംരക്ഷണ ഉദാഹരണങ്ങൾ - അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പൈതൃകം പുനഃസ്ഥാപിക്കുന്നതിനുള്ള വികസനയജ്ഞത്തെക്കുറിച്ചു പരാമർശിക്കവേ, കർത്തവ്യപഥത്തിന്റെ രൂപത്തിലുള്ള രാജ്പഥിന്റെ പുനർവികസനം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനം, ‘പഞ്ചതീർഥ’ത്തിന്റെ രൂപത്തിൽ ബി ആർ അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനം, ഏകതാനഗറിലെ ഏകതാപ്രതിമ അനാച്ഛാദനം, ദാണ്ഡിയുടെ രൂപാന്തരം എന്നിവ അദ്ദേഹം പരാമർശിച്ചു. സാബർമതി ആശ്രമം പുനരുദ്ധരിക്കുന്നത് ഈ ദിശയിലുള്ള നിർണായക ചുവടുവയ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
“ഭാവി തലമുറകളും സാബർമതി ആശ്രമം സന്ദർശിക്കുന്നവരും ചർക്കയുടെ ശക്തിയിൽനിന്നും വിപ്ലവം സൃഷ്ടിക്കാനുള്ള അതിന്റെ കഴിവിൽനിന്നും പ്രചോദനം കണ്ടെത്തും. നൂറ്റാണ്ടുകളുടെ അടിമത്തം കാരണം നിരാശയിലായ ജനതയിൽ ബാപ്പു പ്രത്യാശയും വിശ്വാസവും നിറച്ചു”- അദ്ദേഹം പറഞ്ഞു. ബാപ്പുവിന്റെ കാഴ്ചപ്പാട് ഇന്ത്യയുടെ ശോഭനമായ ഭാവിയിലേക്കുള്ള വ്യക്തമായ ദിശ നൽകുവെന്നു ചൂണ്ടിക്കാട്ടി, ഗ്രാമങ്ങളിലെ ദരിദ്രരുടെ ക്ഷേമത്തിനാണു ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്നും മഹാത്മാഗാന്ധി നൽകിയ സ്വയംപര്യാപ്തതയുടെയും തദ്ദേശീയമായവയുടെയും ആദർശങ്ങൾ പിന്തുടർന്നു സ്വയംപര്യാപ്തയജ്ഞം മുന്നോട്ടുകൊണ്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദത്തകൃഷിയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ ഒമ്പതുലക്ഷം കർഷകകുടുംബങ്ങൾ പ്രകൃതിദത്തകൃഷി സ്വീകരിച്ചിട്ടുണ്ടെന്നും ഇതു മൂന്നുലക്ഷം മെട്രിക് ടൺ യൂറിയയുടെ ഉപയോഗം കുറയ്ക്കാൻ കാരണമായെന്നും പറഞ്ഞു. പൂർവികർ അവശേഷിപ്പിച്ച ആദർശങ്ങളിലൂടെ ആധുനികരൂപത്തിൽ ജീവിക്കുന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഗ്രാമങ്ങളിലെ ദരിദ്രരുടെ ഉപജീവനത്തിനും സ്വയംപര്യാപ്തയജ്ഞത്തിനും മുൻഗണന നൽകുന്നതിനു ഖാദി ഉപയോഗം വർധിപ്പിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു.
ഗ്രാമങ്ങളുടെ ശാക്തീകരണത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ബാപ്പുവിന്റെ ഗ്രാമസ്വരാജ് ദർശനം സജീവമാകുകയാണെന്ന് പറഞ്ഞു. ''സ്വയം സഹായ സംഘങ്ങളായാലും, ഒരു കോടിയിലധികം വരുന്ന ലാഖ്പതി ദീദിമാരായാലും, ഡ്രോൺ പൈലറ്റുമാരാകാൻ തയ്യാറുള്ള സ്ത്രീകളായാലും, ആരായാലും ഈ മാറ്റം ശക്തമായ ഇന്ത്യയുടെ ഉദാഹരണമാണ്, മാത്രമല്ല എല്ലാം ഉൾച്ചേർക്കുന്ന ഒരു ഇന്ത്യയുടെ ചിത്രവുമാണ്''സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ഗവൺമെന്റിന്റെ ശ്രമഫലമായി ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യ സമീപകാലത്ത് ബഹിരാകാശ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പരാമർശിച്ചു. '' വികസനത്തിനുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ ഇന്ന് മുന്നേറുമ്പോൾ, മഹാത്മാഗാന്ധിയുടെ ഈ പുണ്യകേന്ദ്രം നമുക്കെല്ലാവർക്കും വലിയ പ്രചോദനമാണ്. അതുകൊണ്ടാണ്, സാബർമതി ആശ്രമത്തിന്റേയും കൊച്ച്രാബ് ആശ്രമത്തിന്റേയും വികസനം വെറും ചരിത്ര സ്ഥലങ്ങളുടെ വികസനം മാത്രമല്ലാത്തത്. ഒരു വികസിത ഭാരതത്തിനായുള്ള പ്രതിജ്ഞയിലും പ്രചോദനത്തിലും നാം അർപ്പിക്കുന്ന വിശ്വാസത്തെ ഇത് ശക്തിപ്പെടുത്തുന്നു'', പ്രധാനമന്ത്രി പറഞ്ഞു. ബാപ്പുവിന്റെ ആദർശങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട പ്രചോദനാത്മകമായ സ്ഥലങ്ങളും രാഷ്ട്രനിർമ്മാണത്തിനുള്ള നമ്മുടെ യാത്രയിൽ തുടർന്നും നമ്മെ നയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
അഹമ്മദാബാദ് ഒരു പൈതൃക നഗരമായതിനാൽ ഗൈഡുകൾക്കായി ഒരു മത്സരം സൃഷ്ടിക്കാൻ ഗുജറാത്ത് ഗവൺമെന്റിനോടും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനോടും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ദിവസവും കുറഞ്ഞത് 1000 കുട്ടികളെയെങ്കിലും സാബർമതി ആശ്രമത്തിലേക്ക് കൊണ്ടുപോകാനും അവിടെ സമയം ചെലവഴിക്കാനും സ്‌കൂളുകളോടും അഭ്യർത്ഥിച്ചു. ''അധിക ബജറ്റിന്റെ ആവശ്യമില്ലാതെ തന്നെ ചരിത്രനിമിഷങ്ങളിൽ വീണ്ടും ജീവിക്കാനുള്ള കഴിവ് ഇത് നമുക്ക് നൽകും''. ഒരു പുതിയ പരിപ്രേക്ഷ്യം നൽകുന്നത് രാജ്യത്തിന്റെ വികസന യാത്രയ്ക്ക് കരുത്ത് പകരുമെന്ന ആത്മവിശ്വാസവും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
പുനർവികസിപ്പിച്ച കൊച്ച്രാബ് ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം മഹാത്മാഗാന്ധി സ്ഥാപിച്ച ആദ്യത്തെ ആശ്രമമാണിത്. ഇപ്പോഴും ഇതിനെ ഒരു സ്മാരകമായും വിനോദസഞ്ചാര കേന്ദ്രമായും ഗുജറാത്ത് വിദ്യാപീഠം സംരക്ഷിക്കുന്നു. ഗാന്ധി ആശ്രമ സ്മാരകത്തിന്റെ മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി നിലകൊണ്ട ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും പരിപാലിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ ഉയർത്തിക്കാട്ടാൻ കഴിയുന്ന വേദികൾ വികസിപ്പിക്കുകയും അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുകയും ചെയ്യുന്നതിനുള്ള നിരന്തര പരിശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ യത്‌നത്തിലെ മറ്റൊരു പരിശ്രമായ ഗാന്ധി ആശ്രമം സ്മാരക പദ്ധതി വർത്തമാന തലമുറയ്ക്കും ഭാവി തലമുറയ്ക്കുമായി മഹാത്മാഗാന്ധിയുടെ അനുശാസനങ്ങളും തത്ത്വചിന്തകളും പുനരുജ്ജീവിപ്പിക്കാൻ സഹായകമാകും. ഈ മാസ്റ്റർപ്ലാൻ പ്രകാരം ആശ്രമത്തിന്റെ നിലവിലുള്ള അഞ്ച് ഏക്കർ സ്ഥലം 55 ഏക്കറായി വിപുലീകരിക്കും. നിലവിലുള്ള 36 കെട്ടിടങ്ങൾ പുനരുദ്ധാരണത്തിന് വിധേയമാകും, അതിൽ ഗാന്ധിയുടെ വസതിയായി പ്രവർത്തിച്ചിരുന്ന 'ഹൃദയ് കുഞ്ച്' ഉൾപ്പെടെ 20 കെട്ടിടങ്ങൾ സംരക്ഷിക്കപ്പെടുകയും, 13 എണ്ണം പുനരുദ്ധാരണത്തിന് വിധേയമാക്കുകയും, 3 എണ്ണം പുനർനിർമ്മിക്കുകയും ചെയ്യും.
ഹൗസ് ഭരണ സൗകര്യങ്ങൾ, ഓറിയന്റേഷൻ സെന്റർ പോലുള്ള സന്ദർശക സൗകര്യങ്ങൾ, ചർക്ക ചുറ്റലിനെക്കുറിച്ചുള്ള സംവാദാത്മക വർക്ക്‌ഷോപ്പുകൾ, കൈകൊണ്ട് നിർമ്മിക്കുന്ന കടലാസ്, പരുത്തി നെയ്ത്ത്, തുകൽ പ്രവൃത്തികൾ, പൊതു ആവശ്യങ്ങൾ എന്നിവയ്ക്കായുള്ള പുതിയ കെട്ടിടങ്ങൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുന്നു. ഗാന്ധിജിയുടെ ജീവിതത്തിന്റെ വശങ്ങളും ആശ്രമത്തിന്റെ പൈതൃകവും പ്രദർശിപ്പിക്കുന്നതിനുള്ള സംവേദനാത്മക പ്രദർശനങ്ങളും പ്രവർത്തനങ്ങളും ഈ കെട്ടിടങ്ങളിൽ ഉണ്ടായിരിക്കും. ഗാന്ധിജിയുടെ ആശയങ്ങൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ലൈബ്രറിയും ആർക്കൈവ്‌സ് കെട്ടിടവും നിർമ്മിക്കുന്നതും മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്. സന്ദർശിക്കുന്ന പണ്ഡിതന്മാർക്ക് ആശ്രമത്തിന്റെ ലൈബ്രറിയും ആർക്കൈവുകളും ഉപയോഗിക്കാനുള്ള സൗകര്യവും ഇത് ഒരുക്കും. വിവിധ ഭാഷകളിലുള്ളവരും വ്യത്യസ്തമായ പ്രതീക്ഷകളോടെ വരുന്നവരുമായ സന്ദർശകർക്ക് അവരുടെ സാംസ്‌ക്കാരിക ബൗദ്ധിക അനുഭവം കൂടുതൽ ഉന്മേഷദായകവും സമ്പന്നവുമാക്കുന്നതിലേക്ക് അവരെ നയിക്കാൻ കഴിയുന്ന ഒരു വ്യാഖ്യാനകേന്ദ്രത്തിന്റെ സൃഷ്ടിയും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
ഗാന്ധിയൻ ചിന്തകൾ പരിപോഷിപ്പിച്ചും ട്രസ്റ്റിഷിപ്പിന്റെ തത്വങ്ങളെ അറിയിക്കുന്ന പ്രക്രിയയിലൂടെയും ഗാന്ധിയൻ മൂല്യങ്ങളുടെ സത്തയെ ചൈതന്യവത്താക്കിയും ഭാവിതലമുറകൾക്ക് ഒരു പ്രചോദനമായി ഈ സ്മാരകം സേവനമനുഷ്ഠിക്കും.
जो देश अपनी विरासत नहीं संजो पाता, वो देश अपना भविष्य भी खो देता है।
— PMO India (@PMOIndia) March 12, 2024
बापू का ये साबरमती आश्रम, देश की ऐतिहासिक धरोहर है: PM @narendramodi pic.twitter.com/BbUXdHgPeQ
सदियों की गुलामी के कारण जो देश हताशा का शिकार हो रहा था, उसमें बापू ने आशा भरी थी, विश्वास भरा था: PM @narendramodi pic.twitter.com/ShtuMgtQsB
— PMO India (@PMOIndia) March 12, 2024
महात्मा गांधी जी की ये तपोस्थली हम सभी के लिए बहुत बड़ी प्रेरणा है। pic.twitter.com/QsLSOE2Yw8
— PMO India (@PMOIndia) March 12, 2024