ഭാരത് 6ജി മാർഗദർശകരേഖ അനാച്ഛാദനം ചെയ്തു; 6ജി‌ ഗവേഷണ-വികസന പരീക്ഷണ സംവിധാനത്തിനു തുടക്കംകുറിച്ചു
‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ലിക്കേഷൻ പുറത്തിറക്കി
സമ്പദ്‌വ്യവസ്ഥ വളർത്താൻ ഡിജിറ്റൽ പരിവർത്തനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയാണ്: ഐടിയു സെക്രട്ടറി ജനറൽ
"ഇന്ത്യയ്ക്ക് രണ്ട് പ്രധാന ശക്തികളുണ്ട് - വിശ്വാസവും തോതും. വിശ്വാസവും തോതും കൂടാതെ നമുക്ക് സാങ്കേതികവിദ്യയെ എല്ലാ കോണിലേക്കും കൊണ്ടുപോകാൻ കഴിയില്ല"
"ഒരുതരത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‌ടെലികോം സാങ്കേതികവിദ്യ കരുത്തല്ല; മറിച്ച് ശാക്തീകരണത്തിനുള്ള ദൗത്യമാണ്"
"ഡിജിറ്റൽ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്"
"5ജി യുടെ ശക്തി ഉപയോഗിച്ച് ലോകത്തെ മുഴുവൻ തൊഴിൽ സംസ്കാരവും മാറ്റിയെടുക്കാൻ ഇന്ത്യ നിരവധി രാജ്യങ്ങളുമായി പ്രവർത്തിക്കുന്നു"
"ഐടിയുവിന്റെ ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി അടുത്ത വർഷം ഒക്ടോബറിൽ ഡൽഹിയിൽ നടക്കും"
"ഇന്ന് അവതരിപ്പിച്ച മാർഗദർശകരേഖ വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ 6ജി പുറത്തിറക്കുന്നതിന്റെ പ്രധാന അടിസ്ഥാനമായി മാറും"
"ഈ ദശകം ഇന്ത്യയുടെ സാങ്കേതികാബ്ദമാണ്"

വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിന്റെ (ഐടിയു) ഇന്ത്യയിലെ പുതിയ ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ഭാരത് 6ജി മാർഗദർശകരേഖയുടെ പ്രകാശനവും 6ജി ഗവേഷണ - വികസന പരീക്ഷണസംവിധാനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ലിക്കേഷനും അദ്ദേഹം പുറത്തിറക്കി. വിവര വിനിമയ സാങ്കേതിക വിദ്യകൾക്കായുള്ള (ഐസിടി) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് ഐടിയു. ഏരിയ ഓഫീസ് സ്ഥാപിക്കുന്നതിനായി ഐടിയുവുമായി 2022 മാർച്ചിലാണ് ഇന്ത്യ ആതിഥേയ രാജ്യ ഉടമ്പടിയിൽ ഒപ്പുവച്ചത്. ഇത് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളെ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുകയും മേഖലയിൽ പരസ്പര പ്രയോജനകരമായ സാമ്പത്തിക സഹകരണം വളർത്തുകയും ചെയ്യും.

ഇന്ത്യയുടെയും ഐടിയുവിന്റെയും നീണ്ട ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന പുതിയ ഐടിയു ഓഫീസും നൂതനാശയ കേന്ദ്രവും ഇന്ത്യയിൽ വികസിപ്പിക്കാൻ സഹായിച്ചതിന് അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ-ബോഗ്ദാൻ മാർട്ടിൻ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും ശേഷി വികസനം മെച്ചപ്പെടുത്തുന്നതിനും സംരംഭകത്വവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ, വൈദഗ്ധ്യം, സൈബർ സുരക്ഷ, ഡിജിറ്റൽ ഉൾപ്പെടുത്തൽ എന്നിവയിൽ നിന്നുള്ള നിർദേശങ്ങളോടു പ്രതികരിക്കുന്നതിനും ഈ മേഖലയിലെ ഐടിയുവിന്റെ സാന്നിധ്യം സഹായിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും ഗവണ്മെന്റ്‌സേവനങ്ങൾ പുനർവിചിന്തനം ചെയ്യുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വാണിജ്യം പുനർനിർമ്മിക്കുന്നതിനും ജനങ്ങളെ ശാക്തീകരിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയാണ്” -  അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ഡിജിറ്റൽ പണമിടപാടു വിപണി, സാങ്കേതിക തൊഴിൽശക്തി എന്നിവയുടെ ആസ്ഥാനമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വം ഇന്ത്യയെ സാങ്കേതിക നവീകരണങ്ങളിലും പുതിയ മാറ്റങ്ങൾ സ്വീകരിക്കുന്നതിലും ഡിജിറ്റൽ മേഖലയിൽ മുൻനിരയിൽ എത്തിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ആധാർ, യുപിഐ തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി.

സദസിനെ അഭിസംബോധന ചെയ്യവേ, ഹിന്ദു കലണ്ടറിലെ പുതുവർഷം അടയാളപ്പെടുത്തുന്ന പ്രത്യേക ദിനമാണിന്ന് എന്നു പറഞ്ഞ പ്രധാനമന്ത്രി, വിക്രം സംവത് 2080ന്റെ വേളയിൽ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ വൈവിധ്യവും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവിധ കലണ്ടറുകളുടെ സാന്നിധ്യവും നിരീക്ഷിച്ച പ്രധാനമന്ത്രി, മലയാളം കലണ്ടറിന്റെയും തമിഴ് കലണ്ടറിന്റെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. വിക്രം സംവത് കലണ്ടർ 2080 വർഷമായി നിലവിലുണ്ടെന്നും വ്യക്തമാക്കി. ഗ്രിഗോറിയൻ കലണ്ടറിൽ നിലവിൽ 2023-ാം വർഷമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, അതിന് 57 വർഷം മുമ്പു വിക്രം സംവത് തുടങ്ങിയിരുന്നെന്നും ചൂണ്ടിക്കാട്ടി. ഐടിയുവിന്റെ ഏരിയാ ഓഫീസും നൂതനാശയകേന്ദ്രവും ഉദ്ഘാടനം ചെയ്യുന്ന ഈ പുണ്യദിനത്തിൽ ഇന്ത്യയിലെ ടെലികോം മേഖലയിൽ പുതിയൊരു തുടക്കം കുറിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 6ജി പരീക്ഷണ സംവിധാനവും ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മാർഗദർശകരേഖയും അനാച്ഛാദനം ചെയ്തുവെന്നും അത് ഡിജിറ്റൽ ഇന്ത്യയിൽ പുതിയ ഊർജം കൊണ്ടുവരിക മാത്രമല്ല, ഗ്ലോബൽ സൗത്തിന് പ്രതിവിധികളും പുതുമയും നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നൂതനാശയങ്ങൾക്കും  വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സംരംഭം ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഐടി മേഖലയിലെ സഹകരണവും സഖ്യവും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി 20 അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനാൽ, പ്രാദേശിക വിഭജനം കുറയ്ക്കുന്നത് പ്രധാന മുൻഗണനകളിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ നടന്ന ഗ്ലോബൽ സൗത്ത് ഉച്ചകോടിയെക്കുറിച്ചു പരാമർശിക്കവേ, സാങ്കേതിക വിഭജനം അതിവേഗം മറികടക്കാൻ ശ്രമിക്കുന്നതിനാൽ ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി സാങ്കേതികവിദ്യ, രൂപകൽപ്പന, മാനദണ്ഡങ്ങൾ എന്നിവ വരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. "ഐടിയു ഏരിയ ഓഫീസും നൂതനാശയകേന്ദ്രവും ഈ ദിശയിലുള്ള വലിയ ചുവടുവയ്പാണ്. കൂടാതെ ഗ്ലോബൽ സൗത്തിൽ സാർവത്രിക സമ്പർക്കസൗകര്യമൊരുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യും" -  അദ്ദേഹം പറഞ്ഞു.

ആഗോള വിഭജനം പരിഹരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് പ്രതീക്ഷകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കഴിവുകൾ, നൂതനത്വ സംസ്കാരം, അടിസ്ഥാനസൗകര്യങ്ങൾ, വിദഗ്ധവും നൂതനവുമായ മനുഷ്യശേഷി, അനുകൂലമായ നയ അന്തരീക്ഷം എന്നിവയാണ് ഈ പ്രതീക്ഷകളുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യയ്ക്ക് രണ്ട് പ്രധാന ശക്തികളുണ്ട് - വിശ്വാസവും തോതും. വിശ്വാസവും തോതും കൂടാതെ നമുക്ക് സാങ്കേതികവിദ്യയെ എല്ലാ കോണിലേക്കും കൊണ്ടുപോകാൻ കഴിയില്ല. ഈ ദിശയിലുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ച് ലോകം മുഴുവൻ സംസാരിക്കുന്നു"-  അദ്ദേഹം പറഞ്ഞു.

ഈ ദിശയിലുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ലോകമെമ്പാടും ചർച്ചാ വിഷയമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേട്ടങ്ങൾ ഉയർത്തിക്കാട്ടി, നൂറു കോടിയിലധികം മൊബൈൽ കണക്ഷനുകളുള്ള ലോകത്തിലെ ഏറ്റവുമധികം കൂട്ടിയോജിപ്പിക്കപ്പെട്ട ജനാധിപത്യമാണ് ഇന്ത്യയെന്നു പറഞ്ഞ പ്രധാനമന്ത്രി, വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളുടെയും ഡാറ്റയുടെയും ലഭ്യതയാണ് ഈ പരിവർത്തനത്തിന് കാരണമായതെന്നും പറഞ്ഞു. ഇന്ത്യയിൽ പ്രതിമാസം 800 കോടിയിലധികം ഡിജിറ്റൽ പണമിടപാടുകൾ യുപിഐ വഴി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രതിദിനം 7 കോടിയിലധികം ഇ-ആധി‌കാരികതകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കോ-വിൻ സംവിധാനംവഴി 220 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇന്ത്യ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം വഴി 28 ലക്ഷം കോടിയിലധികം രൂപ കൈമാറിയതായി പ്രധാനമന്ത്രി പറഞ്ഞു. ജൻധൻ യോജനയിലൂടെ അമേരിക്കയിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഇന്ത്യക്കു കഴിഞ്ഞുവെന്നും അവ പിന്നീട് യുണൈറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റി അഥവാ ആധാർ വഴി ആധികാരികമാക്കുകയും നൂറുകോടിയിലധികം ജനങ്ങളെ മൊബൈൽ ഫോണിലൂടെ കൂട്ടിയിണക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

"ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെലികോം സാങ്കേതികവിദ്യ ‌ഒരുതരത്തിൽ കരുത്തല്ല; മറിച്ച് ശാക്തീകരണത്തിനുള്ള ദൗത്യമാണ്" - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ത്യയിൽ സാർവത്രികമാണെന്നും ഏവർക്കും പ്രാപ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഡിജിറ്റൽ ഉൾപ്പെടുത്തൽ വലിയ തോതിൽ നടന്നിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, 2014ന് മുമ്പ് ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിക്ക് 60 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നിടത്ത്, ഇന്നത് 800 ദശലക്ഷത്തിലധികമായി ഉയർന്നുവെന്നും ചൂണ്ടിക്കാട്ടി. 2014-ന് മുമ്പുണ്ടായിരുന്ന 25 കോടിയെ അപേക്ഷിച്ച് ഇന്ന് ഇന്ത്യയിൽ 85 കോടിയിലധികം ഇന്റർനെറ്റ് കണക്ഷനുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണമേഖലയിൽ ഇന്ത്യയിലെ ഇൻറർനെറ്റ് ഉപയോഗത്തിന്റെ വർധന പരാമർശിച്ച്, ഗ്രാമങ്ങളിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നഗരപ്രദേശങ്ങളെ മറികടന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഡിജിറ്റൽ ശക്തി എത്തിയിട്ടുണ്ടെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഗവണ്മെന്റും സ്വകാര്യമേഖലയും ചേർന്ന് രാജ്യത്ത് 25 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. "2 ലക്ഷം പഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബർ വഴി ബന്ധിപ്പിച്ചിരിക്കുന്നു. 5 ലക്ഷം പൊതു സേവന കേന്ദ്രങ്ങൾ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു. ഇത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് രണ്ടര മടങ്ങ് വേഗത്തിൽ വികസിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നു" - ശ്രീ മോദി പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ ഡിജിറ്റൽ ഇതര മേഖലകളെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, പിഎം ഗതിശക്തി ആസൂത്രണപദ്ധതിയുടെ ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കി. ‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ലിക്കേഷനും ഇതേ ചിന്തയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അനാവശ്യമായി കുഴിയെടുക്കുന്നതും കേടുപാടുകൾ വരുത്തുന്നതും കുറയ്ക്കും.

"ഇന്നത്തെ ഇന്ത്യ ഡിജിറ്റൽ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അതിവേഗം നീങ്ങുകയാണ്". വെറും 120 ദിവസത്തിനുള്ളിൽ 125-ലധികം നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുകയും 5ജി സേവനങ്ങൾ രാജ്യത്തെ ഏകദേശം 350 ജില്ലകളിൽ എത്തുകയും ചെയ്തതിനാൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ 5ജി പുറത്തിറക്കിയ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, 5ജി അവതരിപ്പിച്ച് 6 മാസത്തിന് ശേഷം ഇന്ത്യ 6ജിയെക്കുറിച്ച് ചർച്ച ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് അവതരിപ്പിച്ച മാർഗദർശകരേഖ അടുത്ത കുറച്ച് വർഷങ്ങളിൽ 6ജി പുറത്തിറക്കുന്നതിനുള്ള പ്രധാന അടിസ്ഥാനമായി മാറും” - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ വിജയകരമായി വികസിപ്പിച്ച ടെലികോം സാങ്കേതികവിദ്യ ലോകത്തെ പല രാജ്യങ്ങളുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 4ജിക്ക് മുമ്പ് ഇന്ത്യ ടെലികോം സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമായിരുന്നുവെന്നും എന്നാൽ ഇന്ന് ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി മാറുകയാണെന്നും പറഞ്ഞു. "5ജിയുടെ ശക്തി ഉപയോഗിച്ച് ലോകത്തെ മുഴുവൻ തൊഴിൽ സംസ്കാരവും മാറ്റിമറിക്കാൻ ഇന്ത്യ നിരവധി രാജ്യങ്ങളുമായി പ്രവർത്തിക്കുന്നു". 5ജിയുമായി ബന്ധപ്പെട്ട അവസരങ്ങൾ, വ്യവസായമാതൃകകൾ, തൊഴിൽ സാധ്യതകൾ എന്നിവ യാഥാർഥ്യമാക്കുന്നതിൽ  ഇത് വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഈ 100 പുതിയ ലാബുകൾ ഇന്ത്യയുടെ തനതായ ആവശ്യങ്ങൾക്കനുസരിച്ച് 5ജി ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സഹായിക്കും. 5ജി സ്മാർട്ട് ക്ലാസ്‌റൂമുകളോ, കൃഷിയോ, വിവേകപൂർണമായ ഗതാഗത സംവിധാനങ്ങളോ, ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകളോ എന്തുമാകട്ടെ, ഇന്ത്യ എല്ലാ ദിശകളിലും അതിവേഗം പ്രവർത്തിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ 5ജി മാനദണ്ഡങ്ങൾ ആഗോള 5ജി സംവിധാനങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭാവി സാങ്കേതികവിദ്യകളുടെ മാനദണ്ഡങ്ങളൊരുക്കാൻ ഇന്ത്യ ഐടിയുവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞു. ഇന്ത്യയിലെ പുതിയ ഐടിയു ഏരിയ ഓഫീസ് 6ജി-യ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഐടിയുവിന്റെ ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി അടുത്ത വർഷം ഒക്ടോബറിൽ ഡൽഹിയിൽ നടക്കുമെന്നതിലും ലോകമെമ്പാടുമുള്ള പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമെന്നതിലും പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

പ്രസംഗം ഉപസംഹരിക്കവേ, ഇന്ത്യയുടെ വികസനത്തിന്റെ ഗതിവേഗം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഐടിയുവിന്റെ ഈ കേന്ദ്രം  അക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. “ഈ ദശകം ഇന്ത്യയുടെ സാങ്കേതികാബ്ദമാണ്. ഇന്ത്യയുടെ ടെലികോം, ഡിജിറ്റൽ മാതൃക സുഗമവും സുരക്ഷിതവും സുതാര്യവുമാണ്. ദക്ഷിണേഷ്യയിലെ എല്ലാ സുഹൃദ് രാജ്യങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിങ് ചൗഹാൻ, അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

വിവര വിനിമയ സാങ്കേതികവിദ്യകൾക്കായുള്ള (ഐസിടി) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് ഐടിയു. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിയുവിനു ഫീൽഡ് ഓഫീസുകൾ, റീജണൽ ഓഫീസുകൾ, ഏരിയ ഓഫീസുകൾ എന്നിവയുടെ ശൃംഖലയുണ്ട്. ഏരിയ ഓഫീസ് സ്ഥാപിക്കുന്നതിനായി ഐടിയുവുമായി 2022 മാർച്ചിലാണ് ഇന്ത്യ ആതിഥേയരാജ്യ കരാർ ഒപ്പിട്ടത്. ഇന്ത്യയിലെ ഏരിയ ഓഫീസ്, ഐടിയുവിന്റെ മറ്റ് ഏരിയാ ഓഫീസുകളിൽനിന്നു വേറിട്ടതാക്കി മാറ്റാൻ നൂതനാശയകേന്ദ്രം ഉൾപ്പെടുത്താനും വിഭാവനം ചെയ്തിട്ടുണ്ട്. ഇന്ത്യ പൂർണമായും ധനസഹായം നൽകുന്ന ഏരിയ ഓഫീസ്, ന്യൂഡൽഹി മെഹ്‌റൗളിയിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു സ്ഥിതിചെയ്യുന്നത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, അഫ്‌ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും മേഖലയിൽ പരസ്പരപ്രയോജനകരമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും ഇതു സഹായിക്കും.

വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, മാനദണ്ഡസമിതികൾ, ടെലികോം സേവനദാതാക്കൾ, വ്യവസായം എന്നിവയിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി 2021 നവംബറിൽ രൂപീകരിച്ച 6ജി സാങ്കേതികവിദ്യാ നവീകരണ സമിതി(ടിഐജി-6ജി)യാണ്, ഇന്ത്യയിൽ 6ജിക്കായി രൂപരേഖയും പ്രവർത്തന പദ്ധതികളുമൊരുക്കാൻ ലക്ഷ്യമിട്ട്, ഭാരത് 6ജി കാഴ്ചപ്പാടുരേഖ തയ്യാറാക്കിയത്. അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായം, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, വ്യവസായം മുതലായവയ്ക്കു വികസിച്ചുവരുന്ന ഐസിടി സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും സാധൂകരിക്കാനും 6ജി പരീക്ഷണസംവിധാനം വേദിയൊരുക്കും. ഭാരത് 6ജി മാർഗദർശകരേഖയും 6ജി പരീക്ഷണസംവിധാനവും രാജ്യത്തു നവീകരണത്തിനും ശേഷിവർധനയ്ക്കും സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്നതിനുമുള്ള അന്തരീക്ഷം പ്രാപ്തമാക്കും.

പിഎം ഗതിശക്തിക്കു കീഴിലുള്ള അടിസ്ഥാനസൗകര്യ സമ്പർക്കസംവിധാന പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിതനിർവഹണവും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഉദാഹരണമാണ് ‘കോൾ ബിഫോർ യൂ ഡിഗ്’ (സിബിയുഡി) ആപ്ലിക്കേഷൻ. ഏകോപനമില്ലാത്ത കുഴിക്കലും ഖനനവും കാരണം, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പോലുള്ള അടിസ്ഥാന ആസ്തികൾക്കു കേടുപാടുകൾ സംഭവിച്ച്, രാജ്യത്തിനു പ്രതിവർഷം 3000 കോടിരൂപയുടെ നഷ്ടമുണ്ടാക്കുന്നതു തടയാൻ വിഭാവനം ചെയ്ത ഉപകരണമാണിത്. മൊബൈൽ ആപ്ല‌ിക്കേഷനായ സിബിയുഡി ഖനനം ചെയ്യുന്നവരെയും ആസ്തി ഉടമകളെയും എസ്എംഎസ്/ഇമെയിൽ അറിയിപ്പുവഴി ബന്ധിപ്പിക്കുകയും കോൾ ചെയ്യാൻ അവസരമൊരുക്കുകയും ചെയ്യും. അതുവഴി ഭൂഗർഭ ആസ്തികളുടെ സുരക്ഷ ഉറപ്പാക്കി രാജ്യത്ത് ആസൂത്രിത ഖനനങ്ങൾ നടത്താനാകും.

രാജ്യഭരണത്തിൽ ‘ഗവണ്മെന്റിന്റെ സർവതോമുഖസമീപന’ത്തെ സൂചിപ്പിക്കുന്ന സിബിയുഡി, വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിലൂടെ എല്ലാ പങ്കാളികൾക്കും പ്രയോജനപ്രദമാകും. റോഡ്, ടെലികോം, വെള്ളം, പാചകവാതകം, വൈദ്യുതി തുടങ്ങിയ അവശ്യസേവനങ്ങളിലെ തടസം കുറയുന്നതിനാൽ, വ്യാവസായിക നഷ്ടവും പൗരന്മാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കാനും ഇതു സഹായിക്കും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."