“കരുത്തുറ്റ ഊർജമേഖല ദേശീയ പുരോഗതിക്ക് ശുഭസൂചന നൽകുന്നു”
“ഇന്ത്യയുടെ വളർച്ചാഗാഥയിൽ ആഗോള നിരീക്ഷകർ ആവേശത്തിലാണ്”
“ഇന്ത്യ അതിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള ദിശ നിർണയിക്കുകയും ചെയ്യുന്നു”
“അഭൂതപൂർവമായ വേഗതയിൽ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”
“ആഗോള ജൈവഇന്ധന സഖ്യം ലോകമെമ്പാടുമുള്ള ഗവൺമെന്റുകളെയും സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നു”
“‘മാലിന്യത്തിൽനിന്നു സമ്പത്ത് കൈകാര്യം ചെയ്യൽ’ നയത്തിലൂടെ കേന്ദ്ര ഗവണ്മെന്റ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ്”
“രാജ്യത്തെ ഊർജമിശ്രണം വർധിപ്പിക്കുന്നതിന് പരിസ്ഥിതിസൗഹൃദ ഊർജസ്രോതസ്സുകളുടെ വികസനത്തിന് ഇന്ത്യ ഊന്നൽ നൽകുന്നു”
“സൗരോർജ മേഖലയുടെ സ്വയംപര്യാപ്തത നാം പ്രോത്സാഹിപ്പിക്കുന്നു”
“ഇന്ത്യ ഊർജവാരം ഇന്ത്യയുടെ മാത്രം പരിപാടിയല്ല; മറിച്ച്, ‘ലോകത്തോടൊപ്പം ഇന്ത്യയും ലോകത്തിന് വേണ്ടി ഇന്ത്യയും’ എന്ന വികാരത്തിന്റെ പ്രതിഫലനമാണ്"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഊർജസംക്രമണ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി മുഴുവൻ ഊർജ മൂല്യശൃംഖലയും ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യയുടെ ഏറ്റവും വലുതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഊർജപ്രദർശനവും ഉച്ചകോടിയുമാണ് ഇന്ത്യ ഊർജവാരം 2024. പരിപാടിയുടെ ഭാഗമായി ആഗോള എണ്ണ-വാതക സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ ഊർജവാരത്തിന്റെ രണ്ടാം പതിപ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഊർജസ്വല സംസ്ഥാനമായ ഗോവയിൽ പരിപാടി നടക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ആതിഥ്യമര്യാദയുടെ മനോഭാവത്തിന് പേരുകേട്ട സ്ഥലമാണിതെന്നും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളിൽ ഈ സ്ഥലത്തിന്റെ പ്രകൃതി സൗന്ദര്യവും സംസ്‌കാരവും ആഴത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും പറഞ്ഞു. “ഗോവ വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയാണ്” - സുസ്ഥിരമായ ഭാവിയെയും പരിസ്ഥിതിയോടുള്ള സംവേദനക്ഷമതയെയും കുറിച്ചുള്ള ചർച്ചകൾക്ക് അനുയോജ്യമായ സ്ഥലമാണിതെന്ന് അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യ ഊർജവാരം 2024’നായി ഗോവയിൽ ഒത്തുകൂടിയ വിദേശ അതിഥികൾ സംസ്ഥാനത്തെ അനുഭവങ്ങൾ ആജീവനാന്ത ഓർമയായി കൂടെക്കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ ഇന്ത്യയുടെ ജിഡിപി നിരക്ക് 7.5 ശതമാനം കടന്ന സുപ്രധാന കാലഘട്ടത്തിലാണ് ഇന്ത്യ ഊർജവാരം 2024 നടക്കുന്നത് എന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, പ്രതീക്ഷിത ആഗോള വളർച്ചയേക്കാൾ  ഉയർന്ന വളർച്ചാനിരക്ക്, ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കുന്നുവെന്ന് പറഞ്ഞു.  ഭാവിയിൽ സമാനമായ വളർച്ചാ പ്രവണതകളെക്കുറിച്ചുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനവും അദ്ദേഹം പരാമർശിച്ചു. “ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നത് ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ്” - ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ വളർച്ചയിൽ ഊർജ മേഖലയുടെ വിപുലീകരണ വ്യാപ്തി സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.

ഊർജം, എണ്ണ, എൽപിജി എന്നിവയുടെ ഉപഭോഗത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പം, നാലാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിക്കൊപ്പം എൽഎൻജി ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയ്ക്കും അദ്ദേഹം അടിവരയിട്ടു. 2045-ഓടെ രാജ്യത്തിന്റെ ഊർജ ആവശ്യം ഇരട്ടിയാകുമെന്ന കണക്കുകൂട്ടലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വർധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി പ്രധാനമന്ത്രി വിശദീകരിച്ചു. താങ്ങാനാകുന്ന വിലയിൽ ഇന്ധനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പ്രതികൂല ആഗോള ഘടകങ്ങൾക്കിടയിലും പെട്രോൾ വില കുറഞ്ഞ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും കോടിക്കണക്കിന് വീടുകൾ വൈദ്യുതീകരിച്ച് 100 ശതമാനം വൈദ്യുതി എത്തിക്കൽ കൈവരിച്ചുവെന്നും എടുത്തുകാട്ടി. “ഇന്ത്യ അതിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള ദിശ നിർണയിക്കുകയും ചെയ്യുന്നു” -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

അടിസ്ഥാനസൗകര്യ മേഖലയുടെ അഭൂതപൂർവമായ വളർച്ച വിശദമാക്കവേ, അടിസ്ഥാന സൗകര്യവികസനത്തിനായി സമീപകാല ബജറ്റിൽ വാഗ്ദാനം ചെയ്ത 11 ലക്ഷം കോടി രൂപ പരാമർശിച്ച പ്രധാനമന്ത്രി, അതിൽ വലിയൊരു ഭാഗം ഊർജ മേഖലയ്ക്ക് നൽകുമെന്നും പറഞ്ഞു. ഈ തുക റെയിൽവേ, റോഡ്‌, ജലപാതകൾ, വ്യോമപാതകൾ, ഭവന നിർമാണം എന്നിവയിൽ ആസ്തികൾ സൃഷ്ടിക്കും. ഇവയ്ക്ക് ആവശ്യമായി വരുന്ന ഊർജം, ഇന്ത്യയുടെ ഊർജശേഷി വിപുലീകരിക്കാനുള്ള ശ്രമങ്ങളിലേക്ക് നയിക്കും. ഗവണ്മെന്റിന്റെ പരിഷ്‌കാരങ്ങൾ മൂലം ഗാർഹിക വാതകത്തിന്റെ ഉൽപ്പാദനം വർധിക്കുന്നതായും പ്രാഥമിക ഊർജ മിശ്രണത്തിലെ വാതകത്തിന്റെ ശതമാനം ആറിൽനിന്നു 15 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ രാജ്യം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 5-6 വർഷത്തിനുള്ളിൽ ഇത് ഏകദേശം 67 ബില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളുടെ ഭാഗമാണ്  ചാക്രിക സമ്പദ്‌വ്യവസ്ഥയും പുനരുപയോഗം എന്ന ആശയമെന്നും എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ഊർജ മേഖലയ്ക്കും ഇത് ബാധകമാണെന്ന് ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഗവൺമെന്റുകളെയും സംഘടനകളെയും വ്യവസായങ്ങളെയും ഒരൊറ്റ വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള ജൈവ ഇന്ധന സഖ്യം ഈ വിശ്വാസത്തെ പ്രതീകവൽക്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിൽ ആരംഭിച്ച സഖ്യത്തിന് ലഭിച്ച സമഗ്ര പിന്തുണ ഉയർത്തിക്കാട്ടിയ  പ്രധാനമന്ത്രി, സഖ്യത്തിലൂടെ 500 ബില്യൺ ഡോളർ മൂല്യമുള്ള സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതായും, ലോകത്തെ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 22 രാജ്യങ്ങളും 12 അന്താരാഷ്‌ട്ര സംഘടനകളും സഖ്യത്തിൽ ചേർന്നതായി അറിയിക്കുകയും ചെയ്തു.

 

ജൈവ ഇന്ധന മേഖലയിലെ ഇന്ത്യയുടെ പുരോഗതി ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകരിക്കല്‍ നിരക്കിനെക്കുറിച്ചും അറിയിച്ചു. 2014-ല്‍ 1.5 ശതമാനമായിരുന്നു എഥനോള്‍ മിശ്രണം 2023-ല്‍ 12 ശതമാനമായി ഉയര്‍ന്നുവെന്നും, ഇത് ഏകദേശം 42 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കാന്‍ കാരണമായിയെന്നും അദ്ദേഹം പറഞ്ഞു. ''2025 ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്താനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്'' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ എനര്‍ജി വീക്കില്‍ 80 ലധികം ചില്ലറവില്‍പ്പനകേന്ദ്രങ്ങളില്‍ 20 ശതമാനം എഥനോള്‍ മിശ്രിണത്തോടെ തുടക്കം കുറിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി മോദി ഈ വില്‍പ്പനശാലകളുടെ എണ്ണം ഇപ്പോള്‍ 9,000 ആയി ഉയര്‍ന്നതായും അറിയിച്ചു.
മാലിന്യത്തില്‍ നിന്ന് സമ്പത്ത്   മാതൃകയിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, സുസ്ഥിര വികസനത്തിനായുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ എടുത്തുപറയുകയും ചെയ്തു. ''ഇന്ത്യയില്‍ 5000 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നാം പ്രവര്‍ത്തിക്കുകയാണ്'' പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ''ലോക ജനസംഖ്യയുടെ 17% ന്റെ വാസസ്ഥലമാണെങ്കിലും, ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ വിഹിതം 4% മാത്രമാണ്'' ആഗോള പാരിസ്ഥിതിക ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ''പരിസ്ഥിതി സംവേദനക്ഷമമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഞങ്ങളുടെ ഊര്‍ജ്ജ മിശ്രിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നാം പ്രതിജ്ഞാബദ്ധരാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2070-ഓടെ നെറ്റ് സീറോ ഉദ്‌വമനം നേടുകയെന്ന ഇന്ത്യയുടെ ലക്ഷ്യവും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
 

''പുനരുപയോഗ ഊര്‍ജ സ്ഥാപിത ശേഷിയില്‍ ഇന്ത്യ ഇന്ന്, ലോകത്ത് നാലാം സ്ഥാനത്താണ്'', പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ഥാപിത ശേഷിയുടെ 40 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നാണ് വരുന്നത്. '' കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ സൗരോര്‍ജ്ജ സ്ഥാപിത ശേഷി 20 മടങ്ങ് വര്‍ദ്ധിച്ചു'' സൗരോര്‍ജ്ജത്തില്‍ രാജ്യത്തിന്റെ പുരോഗതി ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ''സൗരോര്‍ജ്ജവുമായി ബന്ധിപ്പിക്കുന്നതിനുള്ള സംഘടിതപ്രവര്‍ത്തനം ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലുടനീളമുള്ള ഒരു കോടി വീടുകളില്‍ സൗരോര്‍ജ്ജ മേല്‍ക്കൂര പാനലുകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രധാന ദൗത്യം ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി, ഇത് ഒരു കോടി കുടുംബങ്ങളെ ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തരാക്കുക മാത്രമല്ല, അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഗ്രിഡില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുമെന്നും പറഞ്ഞു. ഈ മുന്‍കൈകളുടെ പരിവര്‍ത്തനപരമായ സ്വാധീനവും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ''സൗരോര്‍ജ്ജ മൂല്യ ശൃംഖലയില്‍ മുഴുവനും നിക്ഷേപത്തിന് വലിയ സാദ്ധ്യതയുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിത ഹൈഡ്രജന്‍ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തെ സ്പര്‍ശിച്ച പ്രധാനമന്ത്രി, ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമായി ഇന്ത്യ മാറുന്നതിന് ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ വഴിയൊരുക്കുന്നുവെന്നും എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഹരിത ഊര്‍ജ മേഖലയ്ക്ക് നിക്ഷേപകരെയും വ്യവസായങ്ങളെയും ഒരു ഉറപ്പുള്ള വിജയിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
 

ഊര്‍ജ മേഖലയിലെ ആഗോള സഹകരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇന്ത്യ എനര്‍ജി വീക്ക് പരിപാടി പ്രതിഫലിപ്പിക്കുന്നത്. ''ഇന്ത്യ എനര്‍ജി വീക്ക്   ഇന്ത്യയുടെ മാത്രം പരിപാടിയല്ല, മറിച്ച് ഇന്ത്യ ലോകത്തോടൊപ്പമെന്നതിന്റെയും ലോകത്തിനായി ഇന്ത്യയും എന്ന വികാരമെന്നതിന്റെയും പ്രതിഫലനമാണ്'' പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
''നമുക്ക് പരസ്പരം പഠിക്കാം, അത്യാധുനിക സാങ്കേതിക വിദ്യകളില്‍ സഹകരിക്കാം, സുസ്ഥിര ഊര്‍ജ്ജ വികസനത്തിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യാം'' എന്ന് പ്രസ്താവിച്ചുകൊണ്ട് സുസ്ഥിര ഊര്‍ജ്ജ വികസനത്തിലെ സഹകരണവും അറിവ് പങ്കിടലും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന സമ്പന്നമായ ഒരുഭാവി കെട്ടിപ്പടുക്കുന്നതില്‍ പ്രസംഗം ഉപസംഹാരിച്ചുകൊണ്ട്, പ്രധാനമന്ത്രി മോദി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ''സമൃദ്ധവും പാരിസ്ഥിതികമായി സുസ്ഥിരവുമായ ഒരു ഭാവി ഒത്തൊരുമിച്ച്, നമുക്ക് കെട്ടിപ്പടുക്കാം'' അദ്ദേഹം പ്രസ്താവിച്ചു.

 

ഗോവ ഗവര്‍ണര്‍ ശ്രീ പി.എസ്. ശ്രീധരന്‍ പിള്ള, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര പെട്രോളിയം, എണ്ണ പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വര്‍ തേലി എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
ഊര്‍ജ ആവശ്യങ്ങളില്‍ സ്വയംപര്യാപ്തത  കൈവരിക്കുക എന്നത് പ്രധാനമന്ത്രി പ്രധാന ശ്രദ്ധ നല്‍കുന്ന കാര്യമാണ്. ഈ ദിശയിലെ മറ്റൊരു ചുവടുവയ്പ്പായി, 2024 ഫെബ്രുവരി 6 മുതല്‍ 9 വരെ ഇന്ത്യ എനര്‍ജി വീക്ക് ഗോവയില്‍ നടക്കുന്നു. ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് മുഴുവന്‍ ഊര്‍ജ്ജ മൂല്യ ശൃംഖലയും ഒരുമിച്ച് കൊണ്ടുവന്ന് ഉള്‍പ്രേരകമായി വര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും ബൃഹത്തായതും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ ഊര്‍ജ്ജ പ്രദര്‍ശനവും കോണ്‍ഫറന്‍സും ആണ് ഇത്. ഗ്ലോബല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സി.ഇ.ഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി വട്ടമേശ സമ്മേളനവും നടത്തി.

 

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും അവയെ ഊര്‍ജ്ജ മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നതായിരിക്കും 2024 ലെ ഇന്ത്യന്‍ എനര്‍ജി വീക്കിന്റെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 17 ഊര്‍ജ മന്ത്രിമാര്‍, പങ്കാളികളായി 35,000-ത്തിലധിക വരുന്നവര്‍, 900-ലധികം പ്രദര്‍ശകര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാനഡ, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, റഷ്യ, യു.കെ, യു.എസ്.എ എന്നിങ്ങനെ ആറ് സമര്‍പ്പിത രാജ്യ പവലിയനുകള്‍ ഇതില്‍ ഉണ്ടാകും. ഊര്‍ജ മേഖലയില്‍ ഇന്ത്യന്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) നേതൃത്വം നല്‍കുന്ന നൂതനമായ പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു പ്രത്യേക മേക്ക് ഇന്‍ ഇന്ത്യ പവലിയനും ഇതില്‍ സംഘടിപ്പിക്കുന്നുണ്ട്.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi