ഇന്ത്യൻ ഓയിലിന്റെ 'അൺബോട്ടിൽഡ്' സംരംഭത്തിന് കീഴിൽ യൂണിഫോം പുറത്തിറക്കി
ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക സമർപ്പിച്ചു
'ഇ20' ഇന്ധനം പുറത്തിറക്കി
ഗ്രീൻ മൊബിലിറ്റി റാലി ഫ്ലാഗ് ഓഫ് ചെയ്തു
"വികസിത ഭാരതം എന്ന പ്രമേയത്തിൽ മുന്നേറുന്ന ഇന്ത്യയിലെ ഊർജ മേഖലയ്ക്ക് അഭൂതപൂർവമായ സാധ്യതകൾ ഉയർന്നുവരുന്നു"
"പകർച്ചവ്യാധിയും യുദ്ധവും കൊണ്ട് വലയുന്ന ലോകത്ത് ആഗോളതലത്തിൽ ജ്വലിക്കുന്ന ഇടമായി ഇന്ത്യ തുടരുന്നു"
"നിർണ്ണായക ഗവൺമെന്റ്, സുസ്ഥിര പരിഷ്കാരങ്ങൾ, താഴെത്തട്ടിലെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ അടിത്തറ"
"പരിഷ്കാരങ്ങൾ വികസനത്വരയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു"
"ഞങ്ങൾ തുടർച്ചയായി ഞങ്ങളുടെ ശുദ്ധീകരണ ശേഷി തദ്ദേശീയവും ആധുനികവും നവീകരിക്കപ്പെട്ടതുമാക്കി മാറ്റുന്നു"
"2030ഓടെ നമ്മുടെ ഊർജ മിശ്രണത്തിൽ പ്രകൃതി വാതക ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് ദൗത്യമെന്ന നിലയിൽ ഞങ്ങൾ പ്രവർത്തിക്കുന്നു"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികൾ കൊണ്ടാണ് ഈ യൂണിഫോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമർപ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.

എഥനോൾ മിശ്രണ രൂപരേഖയുടെ പശ്ചാത്തലത്തിൽ, 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എണ്ണ വിപണന കമ്പനികളുടെ 84 ച‌ില്ലറവിൽപ്പനശാലകളിൽ 'ഇ20' ഇന്ധനവും പ്രധാനമന്ത്രി പുറത്തിറക്കി. ഹരിത ഇന്ധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി, ഹരിത ഊർജ സ്രോതസ്സുകളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പങ്കെടുക്കുന്ന ഗ്രീൻ മൊബിലിറ്റി റാലിയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.

തുർക്കിയിലും അയൽരാജ്യങ്ങളിലുമുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അനുശോചനം അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സാധ്യമായ ഏത് സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യയും വൈദഗ്ധ്യവും നവീനത്വവും നിറഞ്ഞുനിൽക്കുന്ന നഗരമാണ് ബംഗളൂരുവെന്ന് പറഞ്ഞ പ്രധാനമന്ത്രി,  ഇവിടെ കൂടിയിരിക്കുന്ന ഏവരും ആ ഊർജം ഇന്ന് അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ജി20 കലണ്ടറിലെ ആദ്യത്തെ സുപ്രധാന ഊർജ പരിപാടിയാണ് ഇന്ത്യ ഊർജവാരം എന്നു പറഞ്ഞ അദ്ദേഹം ഏവർക്കും സ്വാഗതമോതുകയും ചെയ്തു.

21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ ഭാവിക്കു ദിശാബോധമേകുന്നതിൽ ഊർജ മേഖലയുടെ പ്രധാന പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഊർജ പരിവർത്തനത്തിനും ഊർജത്തിന്റെ പുതിയ സ്രോതസുകൾ വികസിപ്പിക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഇന്ത്യ. വികസിത ഭാരതം എന്ന വിഷയത്തിൽ മുന്നേറുന്ന ഇന്ത്യയിൽ അഭൂതപൂർവമായ സാധ്യതകൾ ഉയർന്നുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്ന ഐഎംഎഫ് പ്രവചനങ്ങളെ പരാമർശിച്ച ശ്രീ മോദി, മഹാമാരിയും 2022ലെ യുദ്ധത്തിന്റെ യുഗവും ബാധിച്ച ലോകത്തിൽ, ആഗോളതലത്തിൽ ജ്വലിക്കുന്ന ഇടമായി ഇന്ത്യ തുടരുകയാണെന്നും കൂട്ടിച്ചേർത്തു. ബാഹ്യഘടകങ്ങൾ കണക്കിലെടുക്കാതെ ഏത് പ്രതിബന്ധവും തരണം ചെയ്യാൻ രാജ്യത്തെ പ്രാപ്തമാക്കിയത് ആഭ്യന്തര പുനരുജ്ജീവനശേഷി‌യാണെന്നും അദ്ദേഹം പറഞ്ഞു.

 

അതിലേക്കു നയിച്ച വിവിധ ഘടകങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആദ്യത്തേത് സുസ്ഥിരവും നിർണായകവുമായ ഗവണ്മെന്റ്. രണ്ടാമതായി, സുസ്ഥിരമായ പരിഷ്കാരങ്ങൾ. മൂന്നാമതായി, താഴെത്തട്ടിലെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം. ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഉൾച്ചേർക്കൽ, സൗജന്യ ആരോഗ്യ സൗകര്യങ്ങൾ, സുരക്ഷിത ശുചിത്വം, വൈദ്യുതി, പാർപ്പിടം, പൈപ്പ് വെള്ളം തുടങ്ങി കോടിക്കണക്കിനു പേരിലേക്ക് എത്തിച്ചേരുകയും പല പ്രധാന രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ കൂടുതലുള്ള അനേകം പേരുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്‌ത ബൃഹത്തായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു.

ദാരിദ്ര്യത്തിൽ നിന്ന് കരകയറി മധ്യവർഗത്തിന്റെ തലത്തിൽ എത്തിയ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതനിലവാരത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് 6,00,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലൂടെ എല്ലാ ഗ്രാമങ്ങൾക്കും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 9 വർഷത്തെ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, രാജ്യത്തെ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണം പതിമൂന്ന് മടങ്ങ് വർധിച്ചതായും ഇന്റർനെറ്റ് കണക്ഷനുകൾ മൂന്നിരട്ടിയായി വർധിച്ചതായും പറഞ്ഞു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം അതിവേഗം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറിയെന്നും ഇത് ലോകത്തെ വികസനത്വരയുള്ള ഏറ്റവും വലിയ വിഭാഗത്തിന്റെ രൂപവൽക്കരണത്തിലേക്കു നയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഉൽപ്പന്നങ്ങളും മെച്ചപ്പെട്ട സേവനങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വേണം"- ഇന്ത്യൻ പൗരന്മാരുടെ വികസനസ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഊർജ്ജത്തിന്റെ സുപ്രധാന പങ്ക് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

സമീപഭാവിയിൽ ഇന്ത്യയിൽ ഊർജത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ ദ്രുതഗതിയിലുള്ള വികസനം പുതിയ നഗരങ്ങൾ വികസിപ്പിക്കുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ഊർജ അസോസിയേഷനെ ഉദ്ധരിച്ച്, ഈ ദശകത്തിൽ ഇന്ത്യയുടെ ഊർജ ആവശ്യകത ഏറ്റവും ഉയർന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഊർജ മേഖലയിലെ നിക്ഷേപകർക്കും പങ്കാളികൾക്കും അവസരമൊരുക്കും. ആഗോള എണ്ണ ആവശ്യകതയിൽ ഇന്ത്യയുടെ പങ്ക് 5 ശതമാനമാണെന്നും ഇത് 11 ശതമാനമായി ഉയരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വാതക ആവശ്യം 500% വരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഊർജ മേഖല നിക്ഷേപത്തിനും സഹകരണത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഊർജ മേഖലയ്ക്കുള്ള തന്ത്രത്തിന്റെ നാല് പ്രധാന വശങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ആദ്യത്തേത്, ആഭ്യന്തര പര്യവേക്ഷണവും ഉൽപ്പാദനവും വർദ്ധിപ്പിക്കൽ. അടുത്തത് വിതരണം വൈവിധ്യവൽക്കരിക്കൽ. മൂന്നാമതായി, ജൈവ ഇന്ധനം, എഥനോൾ, കംപ്രസ്ഡ് ബയോഗ്യാസ്, സോളാർ തുടങ്ങിയ ഇന്ധനങ്ങൾ വികസിപ്പിക്കൽ. നാലാമത്, വൈദ്യുത വാഹനങ്ങളും ഹൈഡ്രജനും വഴി കാർബൺ പുറന്തള്ളൽ കുറയ്ക്കൽ. ഈ മേഖലകളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ശുദ്ധീകരണ ശേഷിയുടെ കാര്യത്തിൽ ഇന്ത്യ നാലാമത്തെ വലിയ രാജ്യമാണെന്നു ചൂണ്ടിക്കാട്ടി. നിലവിലെ ശേഷി 250 എംഎംടിപിഎയിൽ നിന്ന് 450 എംഎംടിപിഎയായി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. “ഞങ്ങളുടെ ശുദ്ധീകരണ ശേഷി ഞങ്ങൾ തുടർച്ചയായി തദ്ദേശീയവും ആധുനികവും നവീകരിച്ചതുമാക്കി മാറ്റുന്നു”- അദ്ദേഹം പറഞ്ഞു. അതുപോലെ, പെട്രോകെമിക്കൽ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിലും ഇന്ത്യ പ്രവർത്തിക്കുന്നു. ഊർജ ഭൂപ്രകൃതി വിപുലീകരിക്കുന്നതിന് സാങ്കേതികവിദ്യയും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും പ്രയോജനപ്പെടുത്താൻ അദ്ദേഹം വ്യവസായ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

2030ഓടെ നമ്മുടെ ഊർജ മിശ്രണത്തിലെ പ്രകൃതി വാതകത്തിന്റെ ഉപഭോഗം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കാൻ ദൗത്യമെന്ന നിലയിൽ ഗവൺമെന്റ് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. അവിടെ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും 'ഒരു രാജ്യം ഒരു ഗ്രിഡ്' വഴി ഒരുക്കും. എൽഎൻജി ടെർമിനൽ റീഗ്യാസിഫിക്കേഷന്റെ ശേഷി വർധിപ്പിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു. 21 എംഎംടിപിഎയുടെ ടെർമിനൽ റീഗ്യാസിഫിക്കേഷൻ ശേഷി 2022ൽ ഇരട്ടിയായെന്നും അത് ഇനിയും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സിജിഡികളുടെ എണ്ണം 9 മടങ്ങ് വർധിച്ചതായും സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 2014ലെ 900ൽ നിന്ന് 5000 ആയി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖല 2014ലെ 14,000ൽ നിന്ന് 22,000 കിലോമീറ്ററായി വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 4-5 വർഷത്തിനുള്ളിൽ ഈ ശൃംഖല 35,000 കിലോമീറ്ററായി വികസിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആഭ്യന്തര പര്യവേക്ഷണത്തിനും ഉൽപ്പാദനത്തിനും ഇന്ത്യ നൽകുന്ന ഊന്നൽ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇതുവരെ അപ്രാപ്യമെന്ന് കരുതിയ മേഖലകളിൽ 'ഇപി' മേഖല താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. “ഞങ്ങൾ 'നോ-ഗോ' പ്രദേശങ്ങൾ കുറച്ചു. ഇതുമൂലം 10 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം 'നോ-ഗോ' നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ചു. ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താനും ജൈവ ഇന്ധനങ്ങളുടെ പര്യവേക്ഷണത്തിൽ നിങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും ഞാൻ എല്ലാ നിക്ഷേപകരോടും അഭ്യർത്ഥിക്കുന്നു”- അദ്ദേഹം പറഞ്ഞു.

ജൈവോർജ വിപുലീകരണവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദ്യത്തെ 2 ജി എഥനോൾ ബയോ റിഫൈനറിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 12 വാണിജ്യ 2 ജി എഥനോൾ പ്ലാന്റുകൾക്കുള്ള തയ്യാറെടുപ്പാണിതെന്ന് പറഞ്ഞു. അതുപോലെ, സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെയും പുനരുപയോഗിക്കാവുന്ന ഡീസലിന്റെയും വാണിജ്യ സാധ്യതകളുടെ ദിശയിൽ ശ്രമങ്ങൾ നടക്കുന്നു. ഈ വർഷത്തെ ബജറ്റിലെ വ്യവസ്ഥകൾ പരാമർശിക്കവേ, 500 പുതിയ ‘മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക്’ ഗോബർദൻ പ്ലാന്റുകളെക്കുറിച്ചും 200 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകളെക്കുറിച്ചും 300 കമ്മ്യൂണിറ്റി അധിഷ്ഠിത പ്ലാന്റുകളെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രി അതു നിക്ഷേപത്തിന്റെ പുതിയ വഴികൾ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.

"ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകും"- പ്രധാനമന്ത്രി പറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ 5 എംഎംടിപിഎ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഇതി‌ലൂടെ 8 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രേ ഹൈഡ്രജനു പകരം ഹരിത ഹൈഡ്രജന്റെ വിഹിതം 25 ശതമാനമായി ഇന്ത്യ ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുത വാഹനങ്ങളിലെ ബാറ്ററി വിലയെന്ന നിർണായക വിഷയത്തെ കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, കാറിന്റെ വിലയുടെ 40-50 ശതമാനമാണ് അതിന്റെ വിലയെന്നു ചൂണ്ടിക്കാട്ടി. 18,000 കോടി രൂപയുടെ പിഎൽഐ പദ്ധതി ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും ഇത് 50 ജിഗാവാട്ട് മണിക്കൂർ ദൈർഘ്യമുള്ള നൂതന കെമിസ്ട്രി സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനരുൽപ്പാദക ഊർജം, ഊർജ കാര്യക്ഷമത, സുസ്ഥിര ഗതാഗതം, ഹരിത സാങ്കേതികവിദ്യകൾ എന്നിവയ്‌ക്ക് പുതിയ ബജറ്റി‌ൽ ഊന്നൽ നൽകുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഊർജ പരിവർത്തനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങൾക്കുമായി മുൻഗണനാ മൂലധന നിക്ഷേപത്തിനായി 35,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 10 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ഹരിത ഹൈഡ്രജൻ, സൗരോർജം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകും.

ഹരിതോർജ ഉദ്യമങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ, പുനരുപയോഗിക്കാവുന്ന ഊർജ ശേഷി 70 ജിഗാവാട്ടിൽ നിന്ന് 170 ജിഗാവാട്ടായി വർധിച്ചതായും അതിൽ സൗരോർജം 20 മടങ്ങ് വർധിച്ചതായും അദ്ദേഹം അറിയിച്ചു. കാറ്റിൽ നിന്നുള്ള ഊർജശേഷിയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. “ഈ ദശകത്തിന്റെ അവസാനത്തോടെ 50% ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു”. “ജൈവ ഇന്ധനം എഥനോൾ മിശ്രണം എന്നിവയിലും ഞങ്ങൾ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ, പെട്രോളിൽ എഥനോൾ കലർത്തുന്നത് 1.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി. ഇപ്പോൾ നാം 20 ശതമാനം എഥനോൾ മിശ്രണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ഇ-20 പുറത്തിറക്കിയതു പരാമർശിച്ച്, ആദ്യ ഘട്ടത്തിൽ 15 നഗരങ്ങളിൽ പദ്ധതി നടപ്പാക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും പ്രധനമന്ത്രി പറഞ്ഞു.

ഊർജ പരിവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന ബഹുജന മുന്നേറ്റം പഠന വിഷയമായി മാറിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇത് രണ്ട് വിധത്തിലാണ് സംഭവിക്കുന്നത്: ഒന്നാമതായി, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ വേഗത്തിൽ സ്വീകരിക്കൽ, രണ്ടാമതായി, ഊർജ്ജ സംരക്ഷണത്തിന്റെ ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കൽ", ഇന്ത്യയിലെ പൗരന്മാർ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ അതിവേഗം സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വിശദീകരിച്ചു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വീടുകളും ഗ്രാമങ്ങളും വിമാനത്താവളങ്ങളും സൗരോർജ പമ്പുകൾ ഉപയോഗിച്ചുള്ള കാർഷിക പ്രവർത്തനങ്ങളും അദ്ദേഹം ഉദാഹരണമാക്കി. കഴിഞ്ഞ 9 വർഷത്തിനിടെ ഇന്ത്യ 19 കോടിയിലധികം കുടുംബങ്ങളെ ശുദ്ധമായ പാചക ഇന്ധനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് തുടക്കംകുറിച്ച സൗരോർജ കുക്ക്ടോപ്പിലേക്ക് വെളിച്ചം വീശി, ഇത് ഇന്ത്യയിലെ ഹരിതവും വൃത്തിയുള്ളതുമതായ പാചകത്തിന് പുതിയ മാനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “അടുത്ത 2-3 വർഷത്തിനുള്ളിൽ 3 കോടിയിലധികം കുടുംബങ്ങൾക്ക് സൗരോർജ കുക്ക്ടോപ്പുകൾ ലഭ്യമാകും”- അദ്ദേഹം പറഞ്ഞു. "ഇന്ത്യയിലെ 25 കോടിയിലധികം കുടുംബങ്ങളുടെ അടുക്കളയിൽ ഇതു വിപ്ലവം കൊണ്ടുവരും." വീടുകളിലെയും തെരുവുവിളക്കുകളിലെയും എൽഇഡി ബൾബുകൾ, വീട്ടിലെ സ്മാർട്ട് മീറ്ററുകൾ, സിഎൻജി, എൽഎൻജി എന്നിവയുടെ സ്വീകാര്യത, വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ച ജനപ്രീതി എന്നിവയുടെ ഉദാഹരണങ്ങൾ നൽകിയ പ്രധാനമന്ത്രി, ഊർജ സംരക്ഷണത്തിന്റെ ഫലപ്രദമായ രീതികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ ചൂണ്ടിക്കാട്ടി.

ഹരിത വളർച്ചയ്ക്കും ഊർജപരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഭാരതീയ മൂല്യങ്ങളുമായി പ്രധാനമന്ത്രി ബന്ധപ്പെടുത്തി. ചാക്രിക സമ്പദ്‌വ്യവസ്ഥ ഓരോ ഇന്ത്യക്കാരന്റെയും ജീവിതശൈലിയുടെ ഭാഗമാണ്. ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം എന്നിവ സംസ്‌കാരത്തിന്റെ ഭാഗണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികൾ യൂണിഫോമാക്കി പുനരുപയോഗിക്കുന്നതിനുള്ള സംരംഭങ്ങൾ 'ലൈഫ്' ദൗത്യത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസംഗം ഉപസംഹരിക്കവേ, ഇന്ത്യയുടെ ഊർജ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും ആരായാനും അതിൽ പങ്കാളികളാകാനും പ്രധാനമന്ത്രി ബന്ധപ്പെട്ടവരോട് ആഹ്വാനം ചെയ്തു. "നിങ്ങളുടെ നിക്ഷേപത്തിന് ലോകത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇന്ന് ഇന്ത്യ"- അദ്ദേഹം ഉപസംഹരിച്ചു.

കർണാടക ഗവർണർ ശ്രീ താവർ ചന്ദ് ഗെലോട്ട്, കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി, കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വർ തേലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം: 

ഫെബ്രുവരി 6 മുതൽ 8 വരെ സംഘടിപ്പിക്കുന്ന ഇന്ത്യ ഊർജവാരം, ഊർജ പരിവർത്തന ശക്തികേന്ദ്രം എന്ന നിലയിൽ ഇന്ത്യയുടെ വളർന്നുവരുന്ന കരുത്തു പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഉത്തരവാദിത്വമുള്ള ഊർജപരിവർത്തനം ഉയർത്തുന്ന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനായി പരമ്പരാഗതവും പാരമ്പര്യേതരവുമായ ഊർജ വ്യവസായം, ഗവൺമെന്റുകൾ, അക്കാദമികമേഖല എന്നിവയിലെ മുൻനിരക്കാരെ ഈ പരിപാടി ‌ഒന്നിച്ചുകൊണ്ടുവരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ലധികം മന്ത്രിമാർ ഇതിൽ പങ്കെടുക്കും. 30,000-ത്തിലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും ഇന്ത്യയുടെ ഊർജ്ജ ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ചചെയ്യാൻ ഒത്തുചേരും.

ഇന്ത്യൻ ഓയിലിന്റെ ‘അൺ ബോട്ടിൽഡ്’ പദ്ധതിക്ക് കീഴിൽ പ്രധാനമന്ത്രി യൂണിഫോം പുറത്തിറക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന  പ്ലാസ്റ്റിക്ക് ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, റീട്ടെയിൽ ഉപഭോക്തൃ അറ്റൻഡർമാർക്കും എൽപിജി വിതരണ ഉദ്യോഗസ്ഥർക്കുമായാണ് പുനഃചംക്രമണം ചെയ്ത പോളിസ്റ്റർ (ആർപിഇടി), കോട്ടൺ എന്നിവയിൽ നിന്ന് ഇന്ത്യൻ ഓയിൽ ഈ യൂണിഫോം നിർമ്മിച്ചത്. ഇന്ത്യൻ ഓയിലിന്റെ ഉപഭോക്തൃ അറ്റൻഡർമാരുടെ  ഓരോ സെറ്റ് യൂണിഫോമും ഉപയോഗിച്ച ഏകദേശം 28 പിഇടി കുപ്പികളുടെ പുനരുപയോഗത്തെ പിന്തുണയ്ക്കും. പുനഃചംക്രമണം ചെയ്ത പോളിസ്റ്ററിൽ നിന്ന് നിർമ്മിച്ച ചരക്കുകൾക്കായി ആരംഭിച്ച സുസ്ഥിര വസ്ത്രങ്ങൾക്കായുള്ള ബ്രാൻഡായ ‘അൺബോട്ടിൽഡ്’ വഴി ഇന്ത്യൻ ഓയിൽ ഈ സംരംഭം കൂടുതൽ മുന്നോട്ട് കൊണ്ടുപോകും. ഈ ബ്രാൻഡിന് കീഴിൽ, മറ്റ് എണ്ണ വിപണന കമ്പനികളിലെ ഉപഭോക്തൃ അറ്റൻഡർമാരുടെ യൂണിഫോം, സൈന്യത്തിനുള്ള  യുദ്ധേതര യൂണിഫോം, സ്ഥാപനങ്ങൾക്കുള്ള യൂണിഫോം/ വസ്ത്രങ്ങൾ, റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള വിൽപ്പന എന്നിവ സജ്ജമാക്കുന്നതിന് ഇന്ത്യൻ ഓയിൽ ലക്ഷ്യമിടുന്നു.

ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചക സംവിധാനത്തിന്റെ ട്വിൻ കുക്ക്ടോപ്പ് മാതൃക പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയും വാണിജ്യാടിസ്ഥാനത്തിലുള്ള അതിന്റെ വിതരണത്തിന് തുടക്കമിടുകയും ചെയ്തു. ഇന്ത്യൻ ഓയിൽ നേരത്തെ നൂതനവും പേറ്റന്റുള്ളതുമായ ഇൻഡോർ സൗരോർജ പാചക സംവിധാനം വികസിപ്പിച്ചിരുന്നു. ലഭിച്ച പ്രതികരണങ്ങളുടെ  അടിസ്ഥാനത്തിൽ, ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യവും ഉപയോഗിക്കാനുള്ള എളുപ്പവും വാഗ്ദാനം ചെയ്യുന്നതിനാണ് ട്വിൻ-കുക്ക്‌ടോപ്പ് ഇൻഡോർ സൗരോർജ പാചകസംവിധാനം രൂപകൽപ്പന ചെയ്തത്. വിപ്ലവകരമായ സൗരോർജ പാചകസംവിധാനമായ ഇത്, സൗരോർജത്തിലും മറ്റ് ഊർജ്ജ സ്രോതസ്സുകളിലും  ഒരേസമയം പ്രവർത്തിക്കുന്നു. ഇത് ഇന്ത്യയ്ക്ക് വിശ്വസനീയമായ പാചക പ്രതിവിധിയായും മാറുകയാണ്.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi