ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ സമുച്ചയത്തിന് (ഐ.ഇ.സി.സി) 'ഭാരത് മണ്ഡപം' എന്ന് നാമകരണം ചെയ്തു
ജി20 നാണയവും ജി20 സ്റ്റാമ്പും പുറത്തിറക്കുകയും ചെയ്തു
''ഇന്ത്യയുടെ കഴിവുകള്‍ക്കും രാജ്യത്തിന്റെ പുതിയ ഊര്‍ജ്ജത്തിനുമുള്ള ആഹ്വാനമാണ് ഭാരത് മണ്ഡപം, അത് ഇന്ത്യയുടെ മഹത്വത്തിന്റെയും ഇച്ഛാശക്തിയുടെയും തത്വശാസ്ത്രമാണ്''
''ഭഗവാന്‍ ബസവേശ്വരയുടെ 'അനുഭവ മണ്ഡപം' ആണ് 'ഭാരത് മണ്ഡപം' എന്ന പേരിന് പിന്നിലെ പ്രചോദനം''
''സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ നമ്മുടെ ജനാധിപത്യത്തിന് നാം ഇന്ത്യക്കാര്‍ നല്‍കിയ മനോഹരമായ സമ്മാനമാണ് ഈ ഭാരതമണ്ഡപം''
''21-ാം നൂറ്റാണ്ടില്‍, 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ നിര്‍മ്മാണം നമുക്കുണ്ടാകണം''
'''വലുതായി ചിന്തിക്കുക, വലുതായി സ്വപ്‌നം കാണുക, വലുതായി പ്രവര്‍ത്തിക്കുക' എന്ന തത്ത്വത്തിലൂടെ ഇന്ത്യ മുന്നേറുകയാണ്''
'' ഇപ്പോള്‍ ഇന്ത്യയുടെ വികസന യാത്ര തടയാനാവില്ല. ഗവണ്‍മെന്റിന്റെ മൂന്നാംതവണയില്‍, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയും ഉണ്ടാകും. ഇതാണ് മോദിയുടെ ഉറപ്പ്''
''ഇന്ത്യയുടെ വൈവിദ്ധ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് ജി-20 യോഗങ്ങള്‍ ഞങ്ങള്‍ രാജ്യത്തെ 50 ലധികം നഗരങ്ങളിലേക്ക് കൊണ്ടുപോയി''

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജി-20 നാണയവും ജി-20 സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ഡ്രോണ്‍ കൊണ്ടുവന്ന 'ഭാരത് മണ്ഡപം' എന്ന പേരില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നാമകരണത്തിനും ചടങ്ങില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി. പ്രധാനമന്ത്രി വിഭാവനം ചെയ്യുകയും ഒരു ദേശീയ പദ്ധതിയായി ഏകദേശം 2700 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും.

 

ഇന്ന് രാവിലെ തൊഴിലാളികളെ (ശ്രമിക്കുകള്‍) അഭിനന്ദിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യം സാക്ഷ്യംവഹിച്ച അവരുടെ കഠിനാദ്ധ്വാനത്തിലും അര്‍പ്പണബോധത്തിലും വലിയ മതിപ്പുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. ഭാരത് മണ്ഡപത്തിന് ഡല്‍ഹിയിലെ ജനങ്ങളെയും ഓരോ ഇന്ത്യക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. കാര്‍ഗില്‍ വിജയ് ദിവസിന്റെ ചരിത്രപരമായ സന്ദര്‍ഭം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി രാജ്യത്തിനാകെ വേണ്ടി കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചു.

'ഭാരത് മണ്ഡപം' എന്ന പേരിനു പിന്നില്‍ ഭഗവാന്‍ ബസവേശ്വരയുടെ 'അനുഭവ മണ്ഡപ'ത്തില്‍ നിന്നുള്ള പ്രചോദനമുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സംവാദത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പാരമ്പര്യത്തെയാണ് 'അനുഭവ്മണ്ഡപം' പ്രതിനിധീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവായാണ് ഇന്ത്യയെ അംഗീകരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ നിരവധി സംഭവങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു. ''സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നമ്മുടെ ജനാധിപത്യത്തിന് ഇന്ത്യാക്കാരായ നമ്മള്‍ നല്‍കിയ മനോഹരമായ സമ്മാനമാണ് ഈ ഭാരത് മണ്ഡപം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ വേദിയില്‍ ജി 20 ഉച്ചകോടി നടക്കുമ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ കുതിപ്പിനും വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

''21-ാം നൂറ്റാണ്ടില്‍ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ നിര്‍മ്മാണം നമുക്കുണ്ടാകണം'' എന്ന് ഡല്‍ഹിയില്‍ ലോകോത്തര കണ്‍വെന്‍ഷന്‍ സെന്ററിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രദര്‍ശകര്‍ക്ക് ഭാരത് മണ്ഡപം വളരെ പ്രയോജനകരമാകുമെന്നതിനും ഇന്ത്യയിലെ കോണ്‍ഫറന്‍സ് ടൂറിസത്തിനുള്ള ഒരു മാധ്യമമായി ഇത് മാറുമെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കലാകാരന്മാരുടെയും അഭിനേതാക്കളുടെയും പ്രകടനത്തിന് സാക്ഷിയാകുന്നതിനും കരകൗശല വിദഗ്ധരുടെ പ്രയത്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഭാരത് മണ്ഡപം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ആത്മനിര്‍ഭര്‍ ഭാരതിന്റെയും വോക്കല്‍ ഫോര്‍ ലോക്കല്‍ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം) സംഘടിതപ്രവര്‍ത്തനത്തിന്റെയും പ്രതിഫലനമായി ഭാരത് മണ്ഡപം മാറും'', സമ്പദ്‌വ്യവസ്ഥ മുതല്‍ പരിസ്ഥിതിവരെ, വ്യാപാരം മുതല്‍ സാങ്കേതികവിദ്യ വരെയുള്ള എല്ലാ മേഖലകളുടെയും ഒരു വേദിയായി കണ്‍വെന്‍ഷന്‍ സെന്റര്‍ ഉയര്‍ന്നുവരുമെന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഭാരത് മണ്ഡപം പോലെയുള്ള ഒരു അടിസ്ഥാന സൗകര്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വികസിപ്പിക്കേണ്ടതായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷിപ്ത താല്‍പര്യക്കാരുടെ എതിര്‍പ്പ് അവഗണിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഛിന്നഭിന്നമായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഒരു സമൂഹത്തിനും പുരോഗതി കൈവരിക്കാനാകില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്രമായ പ്രവര്‍ത്തന ശൈലിയുടെ ഉദാഹരണമാണ് ഭാരത് മണ്ഡപമെന്ന് അദ്ദേഹം പറഞ്ഞു. 160-ലധികം രാജ്യങ്ങള്‍ക്കുള്ള ഇ-കോണ്‍ഫറന്‍സ് വിസ സൗകര്യം പോലുള്ള നടപടികളെക്കുറിച്ച് അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഡല്‍ഹി വിമാനത്താവളത്തിന്റെ ശേഷി 2014-ലെ 5 കോടിയില്‍ നിന്ന് ഇന്ന് പ്രതിവര്‍ഷം 7.5 കോടിയായി ഉയര്‍ന്നു. ജെവാര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. ഡല്‍ഹി എന്‍.സി.ആറിലെ ഹോസ്പിറ്റാലിറ്റി വ്യവസായവും ഗണ്യമായി വികസിച്ചു. കോണ്‍ഫറന്‍സ് ടൂറിസത്തിനായുള്ള സമ്പൂര്‍ണ്ണ പരിസ്ഥിതി സൃഷ്ടിക്കുന്നതിനുള്ള ഒരു ആസൂത്രിത സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയിലുണ്ടായ അടിസ്ഥാന സൗകര്യ വികസനത്തിന് അടിവരയിട്ട പ്രധാനമന്ത്രി പുതുതായി ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് മന്ദിരം ഉയര്‍ത്തിക്കാട്ടുകയും, അത് ഓരോ ഇന്ത്യക്കാരനും അഭിമാനം പകരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. നാഷണല്‍ വാര്‍ മെമ്മോറിയല്‍ (ദേശീയ യുദ്ധസ്മാരകം), പോലീസ് മെമ്മോറിയല്‍, ബാബാ സാഹിബ് അംബേദ്കര്‍ സ്മാരകം തുടങ്ങിയ സ്മാരകങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. തൊഴില്‍ സംസ്‌കാരവും തൊഴില്‍ അന്തരീക്ഷവും മാറ്റുന്നതിന് ഗവണ്‍മെന്റ് പ്രേരണ നല്‍കുന്നതിനാല്‍ കര്‍ത്തവ്യപഥിന് ചുറ്റുമുള്ള ഓഫീസ് കെട്ടിടങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യ ഇതുവരെ സാക്ഷ്യംവഹിച്ച ഓരോ പ്രധാനമന്ത്രിമാരുടെയും ജീവിതത്തിലേക്ക് ഒരു നേര്‍ക്കാഴ്ച്ച നല്‍കുന്ന പ്രധാനമന്ത്രി സംഗ്രഹാലയത്തിലും അദ്ദേഹം സ്പര്‍ശിച്ചു. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ 'യുഗേ യുഗീന്‍ ഭാരത്തി'ന്റെ വികസനം ന്യൂഡല്‍ഹിയില്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വികസിക്കണമെങ്കില്‍ നമ്മള്‍ വലുതായി ചിന്തിക്കുകയും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും വേണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''അതുകൊണ്ടാണ് വലുതായി ചിന്തിക്കൂ, വലുതായി സ്വപ്‌നംകാണു, വലുതായി പ്രവര്‍ത്തിക്കൂ (തിങ്ക് ബിഗ്, ഡ്രീം ബിഗ്, ആക്ട് ബിഗ്) എന്ന തത്ത്വത്തിലൂടെ ഇന്ത്യ മുന്നോട്ട് പോവുകന്നത്'' അദ്ദേഹം പറഞ്ഞു. ''വലുതും മികച്ചതും വേഗമേറിയതും ഞങ്ങള്‍ സൃഷ്ടിക്കുകയാണ്'' അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ-പവനോര്‍ജ്ജ പാര്‍ക്ക്, ഏറ്റവും ഉയരം കൂടിയ റെയില്‍പ്പാലം, ഏറ്റവും നീളം കൂടിയ ടണല്‍, ഏറ്റവും ഉയരമുള്ള വാഹന ഗതാഗതയോഗ്യമായ റോഡ്, ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ, ഇന്ത്യയിലെ ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയില്‍റോഡ് പാലം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹരിത ഹൈഡ്രജന്റെ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

''ഇന്നത്തെ ഗവണ്‍മെന്റിന്റെ ഈ കാലയളവിലും മുന്‍ കാലയളവിലും രാജ്യം മുഴുവനും വികസന സ്തംഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു'' ഇന്ത്യയുടെ വികസന യാത്രയെ ഇപ്പോള്‍ തടയാനാവില്ലെന്നതിന് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2014ല്‍ നിലവിലെ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും എന്നാല്‍ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നതിനും ശ്രീ മോദി അടിവരയിട്ടു. ട്രാക്ക് റെക്കാര്‍ഡ് അനുസരിച്ച്, മൂന്നാം തവണയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയുടെ പേരും ഉള്‍പ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ''ഇത് മോദിയുടെ ഉറപ്പാണ്''അദ്ദേഹം തറപ്പിച്ചുപറഞ്ഞു. മൂന്നാം തവണയില്‍ ഇന്ത്യയുടെ വികസന യാത്രയുടെ വേഗത പലമടങ്ങ് വര്‍ദ്ധിക്കുമെന്നും തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത് പൗരന്മാര്‍ കാണുമെന്നതിനും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

 

കഴിഞ്ഞ 9 വര്‍ഷമായി പുനര്‍നിര്‍മ്മാണത്തിന്റെ ഒരു വിപ്ലവത്തിനാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്നും അടിസ്ഥാന സൗകര്യ വികസന സൃഷ്ടിക്കായി 34 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷവും മൂലധനച്ചെലവ് 10 ലക്ഷം കോടിയായി നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വേഗത്തിലും തോതിലുമാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. മുന്‍പിലത്തെ ഏഴുപതിറ്റാണ്ടുകളിലെ 20,000 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളില്‍ മാത്രം 40,000 കിലോമീറ്റര്‍ റെയില്‍വേപാതകള്‍ വൈദ്യുതവല്‍ക്കരിച്ചു. 2014 ന് മുമ്പ്, പ്രതിമാസം 600 മീറ്റര്‍ മെട്രോ ലൈനാണ് സ്ഥാപിച്ചിരുന്നതെങ്കില്‍, ഇന്ന് പ്രതിമാസം 6 കിലോമീറ്റര്‍ നീളത്തില്‍ മെട്രോ ലൈന്‍ സ്ഥാപിക്കുകയാണ്. 2014-ലെ 4 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണറോഡുകളുമായി താരതമ്യം ചെയ്താല്‍ ഇന്ന് രാജ്യത്ത് 7.25 ലക്ഷം കി.മീ ദൈര്‍ഘ്യമുള്ള ഗ്രാമീണ റോഡുകളാണുള്ളത്. വിമാനത്താവളങ്ങളുടെ എണ്ണം ഏകദേശം 70-ല്‍ നിന്ന് 150 ആയി ഉയര്‍ന്നു. 2014ലെ വെറും 60 നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സിറ്റി ഗ്യാസ് വിതരണം ഇന്ന് 600-നഗരങ്ങളില്‍ എത്തിയിട്ടുമുണ്ട്.

''വഴിയില്‍ വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് നവ ഇന്ത്യ മുന്നോട്ട് പോകുകയാണ്'', പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിലാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍പ്ലാനിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം സാമൂഹിക അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരുത്തുന്ന ഒരു പദ്ധതിയാണ് ഇതെന്നും ഇതില്‍ ഡാറ്റാകളുടെ 1600-ലധികം അടുക്കുകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും രാജ്യത്തിന്റെ സമയവും പണവും ലാഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

 

1930-കളുടെ കാലഘട്ടത്തിലേക്ക് ശ്രദ്ധ ആകര്‍ഷിച്ച പ്രധാനമന്ത്രി, കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നിര്‍ണായകമായിരുന്നെന്നും സ്വാതന്ത്ര്യം ആയിരുന്നു അവിടെ ലക്ഷ്യമെന്നും പറഞ്ഞു. അതുപോലെ, നമ്മുടെ ലക്ഷ്യം സമൃദ്ധമായ ഇന്ത്യ, 'വികസിത് ഭാരത്' ആയതുകൊണ്ട് ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, സ്വരാജ് പ്രസ്ഥാനത്തിന്റെ ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''ഇപ്പോള്‍ ഈ മൂന്നാം ദശകത്തില്‍, അടുത്ത 25 വര്‍ഷത്തേക്ക് നമുക്ക് 'വികസിത് ഭാരത്' എന്ന ലക്ഷ്യമുാണുള്ളത്'', ഓരോ സ്വാതന്ത്ര്യ സമര സേനാനിയുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പൗരന്മാരെ ഉത്തേജിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് മുന്‍പില്‍ വെളിവാക്കപ്പെടുന്ന നിരവധി നേട്ടങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ കരുത്തിനെക്കുറിച്ച് ബോധവാനാണെന്നും തന്റെഅനുഭവത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയ്ക്ക് ഒരു വികസിത രാജ്യമാകാന്‍ കഴിയും! ഇന്ത്യക്ക് ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയും'', പ്രധാനമന്ത്രി പറഞ്ഞു. വെറും 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി നിതി ആയോഗിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രധാനമന്ത്രി അറിയിച്ചു. അന്താരാഷ്ട്ര ഏജന്‍സികള്‍ സൂചിപ്പിച്ചതുപോലെ ഇന്ത്യയില്‍ കടുത്ത ദാരിദ്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം, കഴിഞ്ഞ 9 വര്‍ഷമായി ഗവണ്‍മെന്റ് കൈക്കൊണ്ട നയങ്ങളേയും തീരുമാനങ്ങളേയും ശ്ലാഘിക്കുകയും ചെയ്തു.

സംശുദ്ധമായ ഉദ്ദേശ്യങ്ങളുടെയും ശരിയായ നയങ്ങളുടെയും ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ജി-20 ഉദാഹരണമായി എടുത്തുകാട്ടി. ''ഞങ്ങള്‍ ജി -20 യെ ഒരു നഗരത്തിലോ ഒരിടത്തോ മാത്രമായി ഒതുക്കിയില്ല. ഞങ്ങള്‍ ജി-20 യോഗങ്ങളെ രാജ്യത്തെ 50 ലധികം നഗരങ്ങളിലേക്ക് കൊണ്ടുപോയി. ഇന്ത്യയുടെ വൈവിദ്ധ്യത്തെ ഞങ്ങള്‍ ഇതിലൂടെ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക ശക്തി എന്താണെന്നും ഇന്ത്യയുടെ പൈതൃകം എന്താണെന്നും ഞങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു'' അദ്ദേഹം പറഞ്ഞു. ജി 20 അദ്ധ്യക്ഷതയുടെ രീതിയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു, ''ജി-20 യോഗങ്ങള്‍ക്കായി പല നഗരങ്ങളിലും പുതിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും പഴയ സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്തു. ഇത് രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും ഗുണം ചെയ്തു. ഇതാണ് നല്ല ഭരണം. രാജ്യം ആദ്യം പൗരന്‍ ആദ്യം (നേഷന്‍ ഫസ്റ്റ്, സിറ്റിസണ്‍ ഫസ്റ്റ്) എന്ന ആശയം പിന്തുടര്‍ന്നാണ് ഞങ്ങള്‍ ഇന്ത്യയെ വികസിതമാക്കാന്‍ പോകുന്നത്.

 

കേന്ദ്ര വ്യാപാര വാണിജ്യ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, മറ്റ് നിരവധി കേന്ദ്ര മന്ത്രിമാര്‍, ഗവണ്‍മെന്റിലെ മന്ത്രിമാര്‍ പ്രമുഖ വ്യവസായ വിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്ത് യോഗങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി) എന്ന ആശയരൂപീകരണത്തിലേക്ക് നയിച്ചത്. പദ്ധതിയിലൂടെ പ്രഗതി മൈതാനിലെ പഴയതും കാലഹരണപ്പെട്ടതുമായ സൗകര്യങ്ങള്‍ നവീകരിക്കുകയും ഏകദേശം 2700 കോടി രൂപ ചെലവില്‍ ദേശീയ പദ്ധതിയായി വികസിപ്പിക്കുകയും ചെയ്തു. ഏകദേശം 123 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള, ഐ.ഇ.സി.സി. സമുച്ചയത്തെ ഇന്ത്യയിലെ ഏറ്റവും വലിയ എം.ഐ.സി.ഇ (യോഗങ്ങള്‍, പ്രോത്സാഹനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍) ലക്ഷ്യസ്ഥാനമായാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പരിപാടികള്‍ക്കായി (ഇവന്റുകള്‍) ലഭ്യമായ ആവരണം ചെയ്യപ്പെട്ട സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച പ്രദര്‍ശന, കണ്‍വെന്‍ഷന്‍ സമുച്ചയങ്ങളില്‍ ഐ.ഇ.സി.സി കോംപ്ലക്‌സ് അതിന്റെ സ്ഥാനം കണ്ടെത്തും. പ്രഗതി മൈതാനത്ത് പുതുതായി വികസിപ്പിച്ച ഐ.ഇ.സി.സി സമുച്ചയത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, പ്രദര്‍ശന ഹാളുകള്‍, ആംഫി തിയേറ്റര്‍ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
പ്രഗതി മൈതാന സമുച്ചയത്തിന്റെ കേന്ദ്രഭാഗമായാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ വികസിപ്പിച്ചിരിക്കുന്നത്. വലിയ തോതിലുള്ള അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, വ്യാപാര മേളകള്‍, കണ്‍വെന്‍ഷനുകള്‍, കോണ്‍ഫറന്‍സുകള്‍, മറ്റ് അഭിമാനകരമായ പരിപാടികള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മഹത്തായ വാസ്തുവിദ്യാ വിസ്മയമാണിത്. വിവിധ മീറ്റിംഗ് റൂമുകള്‍, ലോഞ്ചുകള്‍, ഓഡിറ്റോറിയങ്ങള്‍, ഒരു ആംഫി തിയേറ്റര്‍, ഒരു ബിസിനസ് സെന്റര്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്നത് ഇതിനെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രാപ്തമാക്കുന്നു. രാജോചിതമായ ഇതിന്റെ വിവിധോദ്ദേശ ഹാളിലും പ്ലീനറി ഹാളിലുമായി ഏഴായിരം ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്, ഇത് ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സിഡ്‌നി ഓപ്പറ ഹൗസിന്റെ ഇരിപ്പിട ശേഷിയേക്കാള്‍ കൂടുതലാണ്. ഇതിന്റെ അതിമനോഹരമായ ആംഫി തിയേറ്ററില്‍ 3,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടിടത്തിന്റെ വാസ്തുവിദ്യാ രൂപകല്‍പ്പന ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതും ഇന്ത്യയുടെ മുന്‍കാല വിശ്വാസവും ബോദ്ധ്യവും പ്രദര്‍ശിപ്പിക്കുന്നതും അതേസമയം ആധുനിക സൗകര്യങ്ങളും ജീവിതരീതിയും ഉള്‍ക്കൊള്ളുന്നതുമാണ്. ശംഖില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് കെട്ടിടത്തിന്റെ ആകൃതി, കൂടാതെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിവിധ ഭിത്തികളും മുഖഭാഗങ്ങളും മറ്റുള്ളവയ്‌ക്കൊപ്പം സൗരോര്‍ജ്ജം ശേഖരിക്കുന്നതിലെ ഇന്ത്യയുടെ പരിശ്രമം ഉയര്‍ത്തിക്കാട്ടുന്ന 'സൂര്യ ശക്തി' 'പൂജ്യം മുതല്‍ ഐ.എസ്.ആര്‍.ഒ' വരെ, ആഘോഷിക്കപ്പെടുന്ന നമ്മുടെ ബഹിരാകാശ നേട്ടങ്ങള്‍ . ആകാശം, വായു, അഗ്‌നി , ജലം , ഭൂമി എന്നിങ്ങനെ പ്രപഞ്ചത്തിന്റെ അടിസ്ഥാനശിലകളായ പഞ്ചഭൂതങ്ങള്‍, എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ പരമ്പരാഗത കലയുടെയും സംസ്‌കാരത്തിന്റെയും നിരവധി ഘടകങ്ങളെ ചിത്രീകരിക്കുന്നു. മാത്രമല്ല, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ ചിത്രങ്ങളും ഗോത്ര കലാരൂപങ്ങളും കണ്‍വെന്‍ഷന്‍ സെന്ററിനെ അലങ്കരിക്കുന്നു.

കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമായ മറ്റ് സൗകര്യങ്ങള്‍,

5ജി പ്രാപ്തമാക്കിയ പൂര്‍ണ്ണമായും വൈ-ഫൈ കവര്‍ ചെയ്ത കാമ്പസ്, 10ജി ഇന്‍ട്രാനെറ്റ് കണക്റ്റിവിറ്റി, 16 വ്യത്യസ്ത ഭാഷകളെ പിന്തുണയ്ക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യ സജ്ജീകരിച്ച വ്യാഖ്യാതാവ് മുറി, വലിയ വലിപ്പത്തിലുള്ള വീഡിയോ ഭിത്തികളോടുകൂടിയ നൂതന എ.വി സംവിധാനങ്ങള്‍, ഒപ്റ്റിമല്‍ പ്രവര്‍ത്തനക്ഷമതയും ഊര്‍ജ്ജ കാര്യക്ഷമതയും ഉറപ്പാക്കുന്ന കെട്ടിട പരിപാലന സംവിധാനം, ഡിമ്മിംഗും ഒക്യുപെന്‍സി സെന്‍സറുകളോടും കൂടിയ വെളിച്ച പരിപാലന സംവിധാനം, അത്യന്താധുനിക ഡി.സി.എന്‍ (ഡാറ്റാ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്) സംവിധാനം, സംയോജിത നിരീക്ഷണ സംവിധാനം, ഊര്‍ജ്ജ-കാര്യക്ഷമമായ കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗ് സംവിധാനം.

 

അതിനുപുറമെ, ഐ.ഇ.സി.സി സമുച്ചയത്തില്‍ ഏഴ് പ്രദര്‍ശന ഹാളുകള്‍ ഉണ്ട്, ഓരോന്നും പ്രദര്‍ശന, വ്യാപാര മേളകള്‍, ബിസിനസ് ഇവന്റുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള വിവിധോദ്ദേശയുക്ത ഇടങ്ങളായി വര്‍ത്തിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന വ്യവസായങ്ങളെ ഉള്‍ക്കൊള്ളാനും ലോകമെമ്പാടുമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും കഴിയുന്ന വിധമാണ് പ്രദര്‍ശന ഹാളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക എഞ്ചിനീയറിംഗിന്റെയും വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ അത്യാധുനിക ഘടനകള്‍.

ഐ.ഇ.സി.സിക്ക് പുറത്തുള്ള പ്രദേശത്തിന്റെ വികസനവും പ്രധാന സമുച്ചയത്തിന്റെ ഭംഗിക്ക് പൂരകമാകുന്ന തരത്തില്‍ ചിന്താപൂര്‍വ്വം രൂപകല്‍പ്പന ചെയ്തിരിക്കുന്നു, മാത്രമല്ല ഈ പദ്ധതിയിലൂടെ കടന്നുപോയ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും തെളിവുമാണിത്. ശില്‍പ്പങ്ങളും സ്ഥാപിക്കപ്പെട്ട യന്ത്രോപകരണങ്ങളും (ഇന്‍സ്റ്റാളേഷനുകളും) ചുവര്‍ചിത്രങ്ങളും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ കാണിക്കുന്നു; സംഗീതംപൊഴിക്കുന്ന ജലധാരകള്‍ മാസ്മരികതയുടെയും കാഴ്ചയുടെയും ഒരു ഘടകവും കൂട്ടിചേര്‍ക്കുന്നു; കുളങ്ങള്‍, തടാകങ്ങള്‍, കൃത്രിമ അരുവികള്‍ തുടങ്ങിയ ജലാശയങ്ങള്‍ പ്രദേശത്തിന്റെ ശാന്തതയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

സന്ദര്‍ശകരുടെ സൗകര്യത്തിനാണ് ഐ.ഇ.സി.സി മുന്‍ഗണന നല്‍കുന്നത് എന്നത് 5,500-ലധികം വാഹന പാര്‍ക്കിംഗിനുള്ള സ്ഥലസൗകര്യങ്ങള്‍ ഒരുക്കിയതില്‍ പ്രതിഫലിക്കുന്നു. സിഗ്‌നല്‍ രഹിത റോഡുകളിലൂടെയുള്ള സുഒഗമമായ പ്രവേശനം, സന്ദര്‍ശകര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ വേദിയിലെത്താന്‍ കഴിയുമെന്നതും ഉറപ്പാക്കുന്നു. കൂടാതെ, മൊത്തത്തിലുള്ള രൂപകല്‍പ്പന പങ്കെടുക്കുന്നവരുടെ സന്തോഷത്തിനും സൗകര്യത്തിനും മുന്‍ഗണന നല്‍കുകയും, ഐ.ഇ.സി.സി സമുച്ചയത്തിനുള്ളില്‍ തടസ്സമില്ലാത്ത ചലനത്തിനുള്ള സൗകര്യങ്ങളും ഒരുക്കുന്നു.

പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയത്തിന്റെ വികസനം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും. സാമ്പത്തിക വളര്‍ച്ചയിലേക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്ന വ്യാപാരവും വാണിജ്യവും വര്‍ദ്ധിപ്പിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കും. ദേശീയ അന്തര്‍ദ്ദേശീയ വേദികളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി നല്‍കിക്കൊണ്ട് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയെ ഇത് പിന്തുണയ്ക്കും. ഇത് അറിവ് കൈമാറ്റം സുഗമമാക്കുകയും മികച്ച രീതികള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, വ്യവസായ പ്രവണതകള്‍ എന്നിവയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രഗതി മൈതാനിലെ ഐ.ഇ.സി.സി, സ്വാശ്രയ  ഭാരത് മനോഭാവത്തിന് സാമ്പത്തികവും സാങ്കേതികവുമായ മികവ് കൈവരിക്കാനുള്ള ഇന്ത്യയുടെ പരിശ്രമത്തെ ദൃഷ്ടാന്തീകരിക്കുകയും ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാകുകയും ചെയ്യും.

 

 

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 25
December 25, 2024

PM Modi’s Governance Reimagined Towards Viksit Bharat: From Digital to Healthcare