പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ അന്താരാഷ്ട്ര പ്രദർശന - സമ്മേളന കേന്ദ്രത്തിലാണ് പരിപാടി നടന്നത്.
പ്രധാനമന്ത്രിയുടെ അഭിസംബോധന അദ്ദേഹത്തിന്റെ സമ്പന്നമായ രാഷ്ട്രീയവും ഭരണപരവുമായ അനുഭവത്തില്‍ നിന്നുള്ള നിരവധി അനുഭവങ്ങളെയും യഥാര്‍ഥ സംഭവങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു. പ്രസംഗത്തില്‍ ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട്, ഗവണ്മെന്റ് ജോലിയുടെ സേവനമനോഭാവം, സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രയത്നം, അധികാരമേധാവിത്വം തകര്‍ക്കേണ്ടതിന്റെ ആവശ്യകത, ഓരോ വ്യക്തിയുടെയും അനുഭവസമ്പത്ത്, ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം, വ്യവസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള ഉത്സാഹം തുടങ്ങിയ വശങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വശങ്ങള്‍ ഉദ്യോഗസ്ഥരില്‍ ഉള്‍ക്കൊള്ളുംവിധത്തിലാകണം പരിശീലന മൊഡ്യൂളുകൾ വികസിപ്പിക്കേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍പ് മുഖ്യമന്ത്രിയായും ഇപ്പോള്‍ പ്രധാനമന്ത്രിയായിട്ടും പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തില്‍നിന്ന്, കഴിവും അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കുറവ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ സൈന്യത്തിന് പൊതുജനങ്ങളുടെ മുന്നില്‍ വിശ്വാസ്യത ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഗവണ്മെന്റ് സംവിധാനത്തിലുള്ള പൊതുജനത്തിന്റെ വിശ്വാസ്യതയും സമാനമായി വര്‍ധിപ്പിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിശീലനം ഉദ്യോഗസ്ഥരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം ഗവണ്മെന്റിന്റെ സർവതോമുഖ സമീപനം, ജനപങ്കാളിത്ത മനോഭാവം എന്നിവ വളര്‍ത്തിയെടുക്കുന്നതുമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിശീലന സ്ഥാപനങ്ങളിലെ നിയമനം ശിക്ഷയായി കണ്ടിരുന്ന പഴയകാല സമീപനം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്മെന്റിനായി വളരെക്കാലം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പരിപോഷിപ്പിക്കുന്ന സ്ഥലമാണ് എന്നതിനാൽ പരിശീലന കേന്ദ്രങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
അനുഭവപരിചയമുള്ളവരെ അന്വേഷിക്കുമ്പോള്‍ അധികാരശ്രേണിയുടെ പ്രതിബന്ധങ്ങൾ തകര്‍ക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ ഒരിക്കലും അധികാരശ്രേണി പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പരിശീലനം ഓരോ ഗവണ്മെന്റ് ഉദ്യോഗസ്ഥനിലും ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം വളര്‍ത്തിയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് സദസ്സിനോട് വിശദീകരിച്ച പ്രധാനമന്ത്രി, ശുചിത്വ ഭാരത യജ്ഞം, വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കുള്ള പരിപാടി, അമൃത സരോവരം എന്നിവയുടെ വിജയത്തിനും ലോകത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഇന്ത്യയുടെ ഗണ്യമായ പങ്കിനും ജനപങ്കാളിത്തത്തിനു ഖ്യാതി നൽകി.
പരിശീലനം എല്ലാ തലങ്ങള്‍ക്കും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ അർഥത്തില്‍, ഐഗോട്ട് കർമയോഗി പ്ലാറ്റ്ഫോം എല്ലാവര്‍ക്കും പരിശീലനത്തിനുള്ള അവസരങ്ങള്‍ നല്‍കുന്നതിനാല്‍ ഏവർക്കും തുല്യമായ കർമമേഖല കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കർമയോഗി രജിസ്ട്രേഷന്‍ 10 ലക്ഷം ഉപയോക്താക്കൾ എന്നതലം പിന്നിട്ടത്, ഏവർക്കും പഠിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണു കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർമയോഗി ദൗത്യം ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ദിശാബോധവും മാനസികാവസ്ഥയും സമീപനവും മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കുന്നു. അതുവഴി അവര്‍ക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്നു. ഈ മെച്ചപ്പെടുത്തലിന്റെ ഫലമായി ഭരണസംവിധാനം മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ നേരുകയും രാജ്യത്തെ പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രവര്‍ത്തനക്ഷമമായ ആശയങ്ങള്‍ കൊണ്ടുവരാന്‍ നിർദേശിക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ സമ്മേളനം സംഘടിപ്പിക്കുന്നതിന് വ്യവസ്ഥാപിത സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ചു.
Attended the National Training Conclave today, a part of our efforts to learn and serve better. Highlighted the importance of capacity building, ending silos and enhancing service delivery. We shall keep transforming challenges into opportunities for a New India. pic.twitter.com/fFvKv7Chfr
— Narendra Modi (@narendramodi) June 11, 2023