സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.
പരിപാടിയോടനുബന്ധിച്ച്, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, സിബിഐയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള സ്വർണ മെഡൽ എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ചു. ഷില്ലോങ്, പുണെ, നാഗ്പുർ എന്നിവിടങ്ങളിൽ പുതുതായി നിർമിച്ച സിബിഐ ഓഫീസ് സമുച്ചയങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സിബിഐയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി തപാൽ സ്റ്റാമ്പും സ്മാരക നാണയവും പുറത്തിറക്കിയ പ്രധാനമന്ത്രി സിബിഐയുടെ ട്വിറ്റർ ഹാൻഡിലിനും തുടക്കമിട്ടു. സിബിഐയുടെ നവീകരിച്ച ഭരണനിർവഹണ സഹായഗ്രന്ഥം, ബാങ്ക് തട്ടിപ്പുകളെക്കുറിച്ചു പരാമർശിക്കുന്ന ഗ്രന്ഥം - കേസ് പഠനവും മനസിലാക്കലും, സിബിഐ കേസുകളിലെ സുപ്രീം കോടതി വിധികളുള്ള പുസ്തകം - നീതി തേടി, വിദേശത്തെ രഹസ്യാന്വേഷണവും തെളിവുകളും കൈമാറുന്നതിനുള്ള അന്താരാഷ്ട്ര പൊലീസ് സഹകരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകം എന്നിവയും അദ്ദേഹം പ്രകാശനം ചെയ്തു.
സിബിഐയുടെ വജ്രജൂബിലി ആഘോഷവേളയിൽ ഏവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയെന്ന നിലയിൽ സംഘടന 60 വർഷത്തെ യാത്ര പൂർത്തിയാക്കിയെന്നും പറഞ്ഞു. ഈ ആറു ദശാബ്ദങ്ങൾ സംഘടനയ്ക്ക് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സിബിഐയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി വിധികളുടെ ശേഖരവും ഇന്നു പുറത്തിറക്കിയിട്ടുണ്ടെന്നും ഇതു സിബിഐയുടെ ചരിത്രത്തെക്കുറിച്ചുള്ള നേർക്കാഴ്ച നമുക്കു നൽകുമെന്നും പറഞ്ഞു. ചില നഗരങ്ങളിലെ പുതിയ ഓഫീസുകളോ ട്വിറ്റർ ഹാൻഡിലോ മറ്റു സൗകര്യങ്ങളോ എന്തുമാകട്ടെ ആകട്ടെ, അവയെല്ലാം സിബിഐയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. "പ്രവർത്തനത്തിലൂടെയും കഴിവുകളിലൂടെയും സിബിഐ രാജ്യത്തെ സാധാരണ പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തിയെടുത്തു" - പ്രധാനമന്ത്രി പറഞ്ഞു. ഇന്നും പരിഹരിക്കപ്പെടാത്ത കേസ് വരുമ്പോൾ, കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെടുന്ന പൊതുധാരണ ഉയർന്നുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ചില സമയങ്ങളിൽ നഗരങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിനെ പ്രധാനമന്ത്രി ഉദാഹരണമാക്കി. പഞ്ചായത്തുതലത്തിൽ പോലും ഒരു പ്രശ്നം ഉയർന്നുവരുമ്പോൾ, പൗരന്മാർക്കിടയിൽ പരസ്പരമുള്ള ചർച്ചകൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. "എല്ലാവരുടെയും ചുണ്ടിൽ സിബിഐയുടെ പേരുണ്ട്. ഇതു സത്യത്തിനും നീതിക്കുമായുള്ള ബ്രാൻഡ് പോലെയാണ്" - സാധാരണക്കാരുടെ വിശ്വാസം നേടിയെടുക്കുക എന്ന അസാധാരണമായ നേട്ടം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. 60 വർഷത്തെ ഈ യാത്രയിൽ സിബിഐയുമായി ബന്ധപ്പെട്ട ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, സ്വയം നവീകരിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. നിർദിഷ്ട ചിന്തൻ ശിവിർ, ഭൂതകാലത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ഭാവി ആസൂത്രണം ചെയ്യണമെന്നും അമൃതകാലമെന്ന സുപ്രധാന സമയം കണക്കിലെടുത്ത് വികസിത ഭാരതം കൈവരിക്കാൻ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണലായതും കാര്യക്ഷമവുമായ സ്ഥാപനങ്ങളില്ലാതെ വികസിത ഭാരതം സാധ്യമല്ലെന്നും ഇതു സിബിഐയുടെ മേൽ വലിയ ഉത്തരവാദിത്വം ഏൽപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ അഴിമതിയിൽനിന്നു മുക്തമാക്കുക എന്നതാണു സിബിഐയുടെ പ്രധാന ഉത്തരവാദിത്വമെന്നു പ്രധാനമന്ത്രി പറഞ്ഞു. “അഴിമതി സാധാരണ കുറ്റകൃത്യമല്ല; അതു പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു; മറ്റു നിരവധി കുറ്റകൃത്യങ്ങൾക്കു കാരണമാകുന്നു; നീതിയുടെയും ജനാധിപത്യത്തിന്റെയും പാതയിലെ ഏറ്റവും വലിയ തടസം അഴിമതിയാണ്” - അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് സംവിധാനത്തിലെ അഴിമതി ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നുവെന്നും അത്തരം സാഹചര്യങ്ങളിൽ പ്രതിഭകളെ ഇല്ലായ്മചെയ്യുന്ന പ്രത്യേകതരം ആവാസവ്യവസ്ഥ തഴച്ചുവളരുന്നതിനാൽ യുവാക്കളുടെ സ്വപ്നങ്ങൾക്കാണ് പ്രധാനമായും പ്രതിസന്ധിയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി, സ്വജനപക്ഷപാതത്തെയും കുടുംബവാഴ്ചയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇതു രാജ്യത്തിന്റെ ശക്തിയെ ഇല്ലാതാക്കുകയും വികസനത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിർഭാഗ്യവശാൽ, സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യക്ക് അഴിമതിയുടെ പാരമ്പര്യം ലഭിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി, അത് നീക്കം ചെയ്യുന്നതിനുപകരം ചിലർ ഈ രോഗത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ഒരു ദശകംമുമ്പു നടന്ന അഴിമതികളെക്കുറിച്ചും നിലവിലുള്ള ശിക്ഷാ വിധിയുടെ ബോധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം വ്യവസ്ഥിതിയുടെ നാശത്തിലേക്കു നയിച്ചെന്നും നയപരമായ തളർച്ചയുടെ അന്തരീക്ഷം വികസനത്തെ നിശ്ചലമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2014 ന് ശേഷം, വ്യവസ്ഥിതിയിൽ വിശ്വാസം വളർത്തുക എന്നതാണ് ഗവണ്മെന്റിന്റെ മുൻഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഗവണ്മെന്റ് കള്ളപ്പണത്തിനും ബിനാമി സ്വത്തിനും എതിരെ ദൗത്യമെന്ന തരത്തിൽ നടപടിയെടുക്കാൻ തുടങ്ങി. അഴിമതിക്കാരെയും അഴിമതിക്കു പിന്നിലെ കാരണങ്ങളെയും തകർക്കാൻ തുടങ്ങി. ഗവണ്മെന്റ് ടെൻഡറുകൾ നൽകുന്ന പ്രക്രിയകളിൽ സുതാര്യത കൊണ്ടുവന്നതും 2ജി, 5ജി സ്പെക്ട്രം അനുവദിക്കലിലെ വ്യത്യാസവും അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലും വിലയ്ക്കുവാങ്ങൽ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനാണ് ജിഇഎം (ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ്) പോർട്ടൽ സ്ഥാപിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ഇന്റർനെറ്റ് ബാങ്കിങ്ങും യുപിഐയും മുമ്പത്തെ 'ഫോൺ ബാങ്കിങ്' ബുദ്ധിമുട്ടിൽനിന്നു തികച്ചും വ്യത്യസ്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിങ് മേഖലയ്ക്കു സ്ഥിരത കൊണ്ടുവരാനുള്ള സമീപ വർഷങ്ങളിലെ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളുടെ 20,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സഹായിച്ച ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ടിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
ഗവണ്മെന്റിന്റെ ഖജനാവ് കൊള്ളയടിക്കാനുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വഴികളിലൊന്നിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സഹായം കൊള്ളയടിക്കുന്ന തലംവരെ അഴിമതിക്കാർ പോകുമെന്നു ചൂണ്ടിക്കാട്ടി. റേഷനോ വീടോ സ്കോളർഷിപ്പോ പെൻഷനോ മറ്റേതെങ്കിലും ഗവണ്മെന്റ് പദ്ധതിയോ ആകട്ടെ, ഓരോ തവണയും യഥാർഥ ഗുണഭോക്താവിന് താൻ വഞ്ചിക്കപ്പെട്ടതായി അനുഭവപ്പെട്ടിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. "ഒരു പ്രധാനമന്ത്രി പോലും ഒരിക്കൽ പറഞ്ഞത് പാവപ്പെട്ടവർക്ക് അയക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തുന്നുള്ളൂ എന്നാണ്" - ശ്രീ മോദി പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗവണ്മെന്റ് ഇതുവരെ 27 ലക്ഷം കോടി രൂപ ദരിദ്രർക്കായി കൈമാറിയിട്ടുണ്ടെന്നും ഒരു രൂപ 15 പൈസ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ ഇതിനകം 16 ലക്ഷം കോടി രൂപ അപ്രത്യക്ഷമായേനെയെന്നും ചൂണ്ടിക്കാട്ടി. 8 കോടിയിലധികം വ്യാജ ഗുണഭോക്താക്കളെ സംവിധാനത്തിൽനിന്ന് നീക്കം ചെയ്ത ജൻധൻ-ആധാർ-മൊബൈൽ സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് അവരുടെ മുഴുവൻ അവകാശവും ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ, രാജ്യത്തിന്റെ ഏകദേശം 2.25 ലക്ഷം കോടി രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് ഒഴിവാക്കാൻ കഴിഞ്ഞു" - പ്രധാനമന്ത്രി പറഞ്ഞു.
അഭിമുഖത്തിന്റെ പേരിലുള്ള നിയമനങ്ങളിലെ അഴിമതി പ്രധാനമന്ത്രി അനുസ്മരിച്ചു. അതുകൊണ്ടാണ് കേന്ദ്രത്തിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി സേവനങ്ങളിൽ അഭിമുഖം നിർത്തലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, യൂറിയയുമായി ബന്ധപ്പെട്ട അഴിമതികൾ യൂറിയയിലെ വേപ്പെണ്ണ പൂശലിലൂടെയാണ് കൈകാര്യം ചെയ്തത്. പ്രതിരോധ ഇടപാടിൽ വർധിച്ചുവരുന്ന സുതാര്യതയെക്കുറിച്ചും പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്ത ഭാരതത്തിന് ഊന്നൽ നൽകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
കുറ്റവാളിയെ ശിക്ഷിക്കുന്നതിലെ കാലതാമസം, നിരപരാധികളെ ഉപദ്രവിക്കൽ തുടങ്ങിയ അന്വേഷണത്തിലെ കാലതാമസം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അഴിമതിക്കാരെ വേഗത്തിൽ ഉത്തരവാദികളാക്കുന്നതിനുള്ള വഴി കണ്ടെത്തുന്നതിന് ഈ പ്രക്രിയ വേഗത്തിലാക്കേണ്ടതിന്റെയും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾ സ്വീകരിക്കേണ്ടതിന്റെയും ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇന്ന് കുറവേതുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതിക്കാർ എത്ര ശക്തരെങ്കിലും അവർക്കെതിരെ മടിയേതുമില്ലാതെ നടപടിയെടുക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഴിമതിക്കാരുടെ അധികാരത്തിന്റെ ചരിത്രവും അന്വേഷണ ഏജൻസികളെ കളങ്കപ്പെടുത്താൻ അവർ സൃഷ്ടിച്ച ആവാസവ്യവസ്ഥയും കണ്ട് പിന്തിരിയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഇത്തരക്കാർ നിങ്ങളെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഴിമതിക്കാരെ ആരെയും വെറുതെ വിടരുത്. നമ്മുടെ പ്രയത്നങ്ങളിൽ അലംഭാവം പാടില്ല. ഇതാണ് രാജ്യത്തിന്റെ ആഗ്രഹം, ഇതാണ് നാട്ടുകാരുടെ ആഗ്രഹം. രാജ്യവും നിയമവും ഭരണഘടനയും നിങ്ങളോടൊപ്പമുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു.
മെച്ചപ്പെട്ട ഫലങ്ങൾക്കായി വിവിധ ഏജൻസികൾ തമ്മിലുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷത്തിൽ മാത്രമേ സംയുക്തവും ബഹുമുഖവുമായ അന്വേഷണം സാധ്യമാകൂ എന്ന് അദ്ദേഹം ആവർത്തിച്ചു. അന്താരാഷ്ട്ര ഇടപാടുകളെക്കുറിച്ചും, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്ത് പോലും വലിയ തോതിലുള്ള ജനങ്ങൾ, ചരക്ക്, സേവനങ്ങൾ എന്നിവയുടെ സഞ്ചാരത്തെക്കുറിച്ചും പരാമർശിക്കവേ, ഇന്ത്യയുടെ സാമ്പത്തിക ശക്തി വളരുകയാണെന്നും ഒപ്പം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവരും വർധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക ഘടന, ഐക്യം, സാഹോദര്യം, സാമ്പത്തിക താൽപ്പര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങൾ വർധിക്കുമെന്നു പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. "അഴിമതിപ്പണം ഇതിനായി ചെലവഴിക്കും" - കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ബഹുരാഷ്ട്ര സ്വഭാവം മനസിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ഫോറൻസിക് സയൻസിന്റെ ഉപയോഗം കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി കുറ്റകൃത്യങ്ങൾ ആഗോളമായി മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതൊരു പരിഹാരമാണെന്നും ചൂണ്ടിക്കാട്ടി.
സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നൂതനമായ സമീപനത്തിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സംരംഭകരെയും യുവാക്കളെയും ബന്ധിപ്പിക്കാനും വകുപ്പിലെ സാങ്കേതിക വിദഗ്ധരായ യുവ ഉദ്യോഗസ്ഥരെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും അദ്ദേഹം നിർദേശിച്ചു. ബ്യൂറോയിലെ നിർത്തലാക്കാൻ കഴിയുന്ന 75 പ്രക്രിയകളും സംവിധാനങ്ങളും സമാഹരിച്ചതിന് അദ്ദേഹം സിബിഐയെ അഭിനന്ദിക്കുകയും ഇക്കാര്യത്തിൽ സമയബന്ധിതമായി പ്രവർത്തിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സ്ഥാപനത്തിന്റെ പരിണാമ പ്രക്രിയ അക്ഷീണം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര പഴ്സണൽ, പബ്ലിക് ഗ്രീവൻസ് & പെൻഷൻ മന്ത്രാലയ സഹമന്ത്രി ശ്രീ ജിതേന്ദ്ര സിങ്, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ, സിബിഐ ഡയറക്ടർ ശ്രീ സുബോധ് കുമാർ ജയ്‌സ്വാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
न्याय के, इंसाफ के एक brand के रूप में CBI हर ज़ुबान पर है। pic.twitter.com/nf91S2d9oB
— PMO India (@PMOIndia) April 3, 2023
विकसित भारत का निर्माण professional और efficient institutions के बिना संभव नहीं है।
— PMO India (@PMOIndia) April 3, 2023
और इसलिए CBI पर बहुत बड़ी जिम्मेदारी है। pic.twitter.com/z1QNTI4ZW5
मुख्य रूप से CBI की जिम्मेदारी भ्रष्टाचार से देश को मुक्त करने की है। pic.twitter.com/lNFspDhu6C
— PMO India (@PMOIndia) April 3, 2023
भ्रष्टाचार, लोकतंत्र और न्याय के रास्ते में सबसे बड़ा रोड़ा होता है। pic.twitter.com/SC9tMm2dAS
— PMO India (@PMOIndia) April 3, 2023
हमने काले धन को लेकर, बेनामी संपत्ति को लेकर, mission mode पर action शुरु किया।
— PMO India (@PMOIndia) April 3, 2023
हमने भ्रष्टाचारियों के साथ-साथ, भ्रष्टाचार को बढ़ावा देने वाले कारणों पर प्रहार करना शुरु किया। pic.twitter.com/xMgRjgxDGx
आज जनधन, आधार, मोबाइल की ट्रिनिटी से हर लाभार्थी को उसका पूरा हक मिल रहा है। pic.twitter.com/gp5H3nkBQm
— PMO India (@PMOIndia) April 3, 2023
कोई भी भ्रष्टाचारी बचना नहीं चाहिए।
— PMO India (@PMOIndia) April 3, 2023
ये देश की इच्छा है, ये देशवासियों की इच्छा है। pic.twitter.com/RT3OuueM1G