UPSIDA അഗ്രോ പാർക്ക് കാർഖിയോണിലെ ബനാസ് കാശി സങ്കുൽ പാൽ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എച്ച്പിസിഎല്ലിന്റെ എൽപിജി ബോട്ടിലിങ് പ്ലാന്റ്, UPSIDA അഗ്രോ പാർക്കിലെ വിവിധ അടിസ്ഥാനസൗകര്യങ്ങൾ, സിൽക്ക് ഫാബ്രിക് പ്രിന്റിങ് കോമൺ ഫെസിലിറ്റി എന്നിവ ഉദ്ഘാടനം ചെയ്തു
വിവിധ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
വാരാണാസിയിൽ വിവിധ നഗരവികസന-വിനോദസഞ്ചാര-ആത്മീയ വിനോദസഞ്ചാര പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
വാരാണസിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിക്ക് (NIFT) തറക്കല്ലിട്ടു
ബിഎച്ച്‌യുവിൽ പുതിയ മെഡിക്കൽ കോളേജിനും നാഷണൽ സെന്റർ ഓഫ് ഏജിംഗിനും തറക്കല്ലിട്ടു
"പത്തു വർഷം കൊണ്ട് ബനാറസ് എന്നെ ഒരു ബനാറസിയാക്കി"
"കിസാനും പശുപാലകരുമാണ് ഗവണ്മെന്റിന്റെ ഏറ്റവും വലിയ മുൻഗണന"
"ബനാസ് കാശി സങ്കുൽ 3 ലക്ഷത്തിലധികം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും"
"സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കുള്ള മികച്ച ഉപകരണമാണു മൃഗസംരക്ഷണം"
“രാജ്യത്തെ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 10 കോടി സ്ത്രീകൾക്ക് ഇത് വലിയ പ്രചോദനമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിപ്രകാരം വാരാണസി, ജൗൻപുർ, ചന്ദൗലി, ഗാസിപുർ, അസംഗഢ് ജില്ലകളിലെ 1000-ലധികം ഗ്രാമങ്ങളിൽ പുതിയ പാൽ വിപണികൾ വരും.
എൻടിപിസി ചാർക്കോൾ പ്ലാന്റിലേക്കുള്ള നഗരമാലിന്യം പരാമർശിച്ച്, ‘മാലിന്യത്തെ സമ്പത്താക്കി’ മാറ്റിയ കാശിയുടെ മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. വാരണാസിയിലെ കാർഖിയോണിലെ യുപിഎസ്ഐഡിഎ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനാസ്‌കാണ്ഠ ജില്ലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ലിമിറ്റഡിന്റെ പാൽ സംസ്‌കരണ യൂണിറ്റായ ബനാസ് കാശി സങ്കുലും പ്രധാനമന്ത്രി സന്ദർശിച്ചു. ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു. നിയമനപത്രങ്ങളും ജിഐ അംഗീകൃത ഉപയോക്തൃ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. റോഡ്, റെയിൽ, വ്യോമയാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, നഗരവികസനം, ശുചിത്വം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ.

 

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഒരിക്കൽ കൂടി കാശിയിൽ എത്താനായതിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും 10 വർഷം മുമ്പ് നഗരത്തിലെ പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടത് അനുസ്മരിക്കുകയും ചെയ്തു. ഈ 10 വർഷത്തിനുള്ളിൽ ബനാറസ് തന്നെ ബനാറസിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കാശിയിലെ ജനങ്ങളുടെ പിന്തുണയെയും സംഭാവനകളെയും അഭിനന്ദിച്ച മോദി, 13,000 കോടിയിലധികം രൂപയുടെ ഇന്നത്തെ വികസന പദ്ധതികളിലൂടെ പുതിയ കാശി സൃഷ്ടിക്കുന്നതിനുള്ള യജ്ഞം നടന്നുവരികയാണെന്ന് പറഞ്ഞു. റെയിൽ, റോഡ്, വിമാനത്താവളവുമായി ബന്ധപ്പെട്ട പദ്ധതികൾ, മൃഗസംരക്ഷണം, വ്യവസായം, കായികം, നൈപുണ്യവികസനം, ശുചിത്വം, ആരോഗ്യം, ആത്മീയത, വിനോദസഞ്ചാരം, എൽപിജി ഗ്യാസ് തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾ കാശിയുടെ മാത്രമല്ല, പൂർവാഞ്ചൽ മേഖലയുടെ മുഴുവൻ വികസനത്തിനും ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ത് രവിദാസ് ജിയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിക്കുകയും പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു.

കാശിയിലെയും കിഴക്കൻ ഉത്തർപ്രദേശിലെയും വികസന പദ്ധതികളിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാത്രി നടത്തിയ റോഡ് യാത്ര അനുസ്മരിക്കുകയും ഫുൽവാരിയ ഫ്‌ളൈഓവർ പദ്ധതിയുടെ നേട്ടങ്ങൾ പറയുകയും ചെയ്തു. BLW-ൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയുടെ സുഗമമായ പുരോഗതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത് യാത്ര കഴിഞ്ഞയുടനെ പ്രധാനമന്ത്രി ഇന്നലെ രാത്രി വികസന പദ്ധതികൾ പരിശോധിച്ചു. കഴിഞ്ഞ 10 വർഷത്തെ വികസന കുതിപ്പിനെക്കുറിച്ച് സംസാരിക്കവേ, സിഗ്ര സ്‌പോർട്‌സ് സ്റ്റേഡിയം ഒന്നാം ഘട്ടം, ജില്ലാ റൈഫിൾ ഷൂട്ടിംഗ് റേഞ്ച് എന്നിവ ഈ മേഖലയിലെ യുവ കായികതാരങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

നേരത്തെ ബനാസ് ഡയറി സന്ദർശിച്ചതും പശുപാലകരായ നിരവധി സ്ത്രീകളുമായി സംവദിച്ചതും പ്രധാനമന്ത്രി പരാമർശിച്ചു. കാർഷിക പശ്ചാത്തലമുള്ള സ്ത്രീകൾക്ക് അവബോധം വളർത്തുന്നതിനായി 2-3 വർഷം മുമ്പ് ഗിർ പശുക്കളുടെ നാടൻ ഇനം നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗിർ പശുക്കളുടെ എണ്ണം ഇപ്പോൾ 350-ൽ എത്തിയതായി ചൂണ്ടിക്കാട്ടി, സാധാരണ പശുക്കൾ ഉൽപ്പാദിപ്പിക്കുന്ന 5 ലിറ്റർ പാലിനെ അപേക്ഷിച്ച് 15 ലിറ്റർ വരെ പാൽ ഇവ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. അത്തരത്തിലുള്ള ഒരു പശുഗായി 20 ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുകയും സ്ത്രീകളെ ലഖ്പതി ദീദികളാക്കാൻ അധിക വരുമാനം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യത്തെ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 10 കോടി സ്ത്രീകൾക്ക് ഇത് വലിയ പ്രചോദനമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് വർഷം മുമ്പ് ബനാസ് ഡയറിയുടെ തറക്കല്ലിടൽ ചടങ്ങ് അനുസ്മരിച്ചുകൊണ്ട്, അന്ന് നൽകിയ ഉറപ്പ് ഇന്ന് ജനങ്ങൾക്ക് മുന്നിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശരിയായ നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബനാസ് ഡയറിയെന്ന് അദ്ദേഹം പറഞ്ഞു. വാരാണസി, മിർസാപുർ, ഗാസിപുർ, റായ്ബറേലി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 2 ലക്ഷം ലിറ്റർ പാൽ ബനാസ് ഡയറി ശേഖരിക്കുന്നു. പുതിയ പ്ലാന്റ് ആരംഭിക്കുന്നതോടെ ബല്ലിയ, ചന്ദൗലി, പ്രയാഗ്‌രാജ്, ജൗൻപുർ എന്നിവിടങ്ങളിലെ പശുപാലകർക്കും പ്രയോജനം ലഭിക്കും. പദ്ധതിപ്രകാരം വാരാണസി, ജൗൻപുർ, ചന്ദൗലി, ഗാസിപുർ, അസംഗഢ് ജില്ലകളിലെ 1000-ലധികം ഗ്രാമങ്ങളിൽ പുതിയ പാൽ വിപണികൾ വരും.

ബനാസ് കാശി സങ്കുൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു കണക്കനുസരിച്ച്, 3 ലക്ഷത്തിലധികം കർഷകരുടെ വരുമാനത്തിന് ബനാസ് കാശി സങ്കുൽ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാലുൽപ്പന്നങ്ങളായ മോര്, തൈര്, ലസ്സി, ഐസ്ക്രീം, പനീർ, പ്രാദേശിക മധുരപലഹാരങ്ങൾ എന്നിവയുടെ നിർമ്മാണവും യൂണിറ്റ് ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബനാറസിന്റെ മധുരപലഹാരങ്ങൾ ഇന്ത്യയുടെ എല്ലാ കോണുകളിലേക്കും എത്തിക്കുന്നതിൽ പ്ലാന്റ് പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. തൊഴിൽ മാർഗമായും മൃഗങ്ങളുടെ പോഷകാഹാര വ്യവസായത്തിന് ഉത്തേജനമായും പാൽ ഗതാഗതത്തെ അദ്ദേഹം പരാമർശിച്ചു.

 

ക്ഷീരമേഖലയിലെ സ്ത്രീകളുടെ മുൻതൂക്കം കണക്കിലെടുത്ത് പശുപാലകരായ സഹോദരിമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ഡിജിറ്റലായി കൈമാറുന്ന സംവിധാനം വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ക്ഷീരമേഖലാ നേതൃത്വത്തോട് അഭ്യർത്ഥിച്ചു. ചെറുകിട കർഷകരെയും ഭൂരഹിതരായ തൊഴിലാളികളെയും സഹായിക്കുന്നതിൽ മൃഗസംരക്ഷണത്തിന്റെ പങ്കിനു പ്രധാനമന്ത്രി അടിവരയിട്ടു.

ഊർജദാതാക്കളിൽ നിന്ന് ഊർവരക്ദാതാക്കളിലേക്കു അന്നദാതാക്കളെ മാറ്റാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയം പ്രധാനമന്ത്രി ആവർത്തിച്ചു. ഗോബർധനിലെ അവസരത്തെക്കുറിച്ച് അദ്ദേഹം അറിയിച്ചു, ബയോ സിഎൻജിയും ജൈവവളവും നിർമ്മിക്കുന്നതിനുള്ള ഡയറിയിലെ പ്ലാന്റിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗംഗാ നദിയുടെ തീരത്ത് പ്രകൃതിദത്ത കൃഷി വർദ്ധിക്കുന്ന പ്രവണതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഗോബർധൻ സ്കീമിന് കീഴിലുള്ള ജൈവവളത്തിന്റെ പ്രയോജനത്തെക്കുറിച്ചും പറഞ്ഞു. എൻടിപിസി ചാർക്കോൾ പ്ലാന്റിലേക്കുള്ള നഗരമാലിന്യം പരാമർശിച്ച്, ‘മാലിന്യത്തെ സമ്പത്താക്കി’ മാറ്റിയ കാശിയുടെ മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

മുന്‍ ഗവണ്‍മെന്റിന്റെയും ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെയും ചിന്താ പ്രക്രിയകള്‍ തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടി ‘ആത്മനിര്‍ഭര്‍ ഭാരത് വികസിത് ഭാരതിന്റെ അടിത്തറയായി മാറും’ എന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ചെറിയ സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കുകയും ചെറുകിട കര്‍ഷകര്‍, പശുപാലകര്‍, കരകൗശലത്തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ എന്നിവര്‍ക്ക് സഹായം നല്‍കുകയും ചെയ്താല്‍ മാത്രമേ ആത്മനിര്‍ഭര്‍ ഭാരത് യാഥാര്‍ത്ഥ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷനിലും പത്ര പരസ്യങ്ങളിലും ചെലവഴിക്കാന്‍ കഴിയാത്ത വിപണിയിലെ ചെറുകിട കച്ചവടക്കാര്‍ക്കുള്ള പരസ്യമാണ് പ്രാദേശികതയ്ക്കായുള്ള ആഹ്വാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയ ഉൽപ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവർക്കു മോദി തന്നെ പരസ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖാദി, കളിപ്പാട്ട നിര്‍മ്മാതാക്കള്‍, ഇന്ത്യയില്‍ നിര്‍മ്മിച്ചവ, അല്ലെങ്കില്‍ ദേഖോ അപ്നാ ദേശ് എന്നിങ്ങനെ എല്ലാ ചെറുകിട കര്‍ഷകരുടെയും വ്യവസായത്തിന്റെയും അംബാസഡറാണ് മോദിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വനാഥ് ധാമിന്റെ പുനരുജ്ജീവനത്തിന് ശേഷം 12 കോടിയിലധികം വിനോദസഞ്ചാരികള്‍ നഗരം സന്ദര്‍ശിച്ച കാശിയില്‍ തന്നെ ഇത്തരമൊരു ആഹ്വാനത്തിന്റെ സ്വാധീനം കാണാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത് വരുമാനവും തൊഴിലവസരങ്ങളും വര്‍ധിക്കാന്‍ കാരണമായി.  വാരാണസിക്കും അയോധ്യയ്ക്കുമായി ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) നല്‍കിയ ഇലക്ട്രിക് കാറ്റമരന്‍ കപ്പല്‍ സമാരംഭത്തെ പരാമര്‍ശിച്ച്, സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് സവിശേഷമായ അനുഭവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

മുന്‍കാലങ്ങളിലെ കുടുംബവാഴ്ച രാഷ്ട്രീയം, അഴിമതി, പ്രീണനം എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.  കാശിയിലെ യുവാക്കളെ ചില വിഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. യുവത്വത്തിന്റെ വളര്‍ച്ചയും കുടുംബവാഴ്ച രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ രൂപത്തിലുള്ള കാശിയോടും അയോധ്യയോടുമുള്ള വിദ്വേഷം ഈ ശക്തികള്‍ക്കിടയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ മൂന്നാം കാലാവധി ഇന്ത്യയുടെ കഴിവുകളെ ലോകത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുമെന്നും ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക, തന്ത്രപരമായ, സാംസ്‌കാരിക മേഖലകള്‍ പുതിയ ഉയരങ്ങളിലെത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ഡിജിറ്റൽ ഇന്ത്യ, റോഡുകളുടെ വീതി കൂട്ടൽ, നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ, വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ അടുത്ത 5 വർഷത്തിനുള്ളിൽ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കിഴക്കൻ ഇന്ത്യയെ വികസിത ഭാരതത്തിന്റെ വളർച്ചായന്ത്രമാക്കി മാറ്റുമെന്ന മോദിയുടെ ഉറപ്പ്, ഈ മേഖലയ്ക്കു വികസനം നഷ്ടപ്പെടുത്തിയ‌ിരുന്നെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. വാരാണസി മുതൽ ഔറംഗബാദ് വരെയുള്ള ആറുവരി പാതയുടെ ആദ്യഘട്ട ഉദ്ഘാടനത്തെ കുറിച്ച് സംസാരിക്കവെ, വാരാണസി-റാഞ്ചി-കൊൽക്കത്ത അതിവേഗപാത 5 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നത് യുപി, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ, ബനാറസിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയും- അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന 5 വർഷത്തിനുള്ളിൽ കാശിയുടെ വികസനത്തിന്റെ പുതിയ മാനങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു. കാശി റോപ്‌വേയും വിമാനത്താവള ശേഷിയിലെ വൻ വർധനയും അദ്ദേഹം പരാമർശിച്ചു. രാജ്യത്തെ പ്രധാന കായിക നഗരമായി കാശി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് അഭിയാൻ എന്നിവയുടെ പ്രധാന സംഭാവനയായി അദ്ദേഹം കാശിയെ അംഗീകരിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ കാശി തൊഴിലിന്റെയും നൈപുണ്യത്തിന്റെയും കേന്ദ്രമാകുമെന്ന് അദ്ദേഹം അറിയിച്ചു. ഈ കാലയളവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫാഷൻ ടെക്നോളജി കാമ്പസും പൂർത്തിയാകും, ഇത് പ്രദേശത്തെ യുവാക്കൾക്കും നെയ്ത്തുകാര്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. “കഴിഞ്ഞ ദശകത്തിൽ, ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമായി ഞങ്ങൾ കാശിക്ക് ഒരു പുതിയ സ്വത്വം നൽകി. ഇപ്പോഴിതാ പുതിയ മെഡിക്കൽ കോളേജും ഇതിലേക്ക് കൂട്ടിച്ചേർക്കാൻ പോകുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ബിഎച്ച്‌യുവിലെ നാഷനൽ സെന്റർ ഓഫ് ഏജിംഗിനൊപ്പം 35 കോടി രൂപ വിലമതിക്കുന്ന നിരവധി ഡയഗ്നോസ്റ്റിക് മെഷീനുകളും ഉപകരണങ്ങളും ഇന്ന് ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ നിന്നുള്ള ജൈവ-അപകടകര മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും വികസിപ്പിക്കുന്നു.

കാശിയുടെയും യുപിയുടെയും ദ്രുതഗതിയിലുള്ള വികസനം തുടരേണ്ടതുണ്ടെന്നും കാശിയിലെ ഓരോ നിവാസിയും ഒന്നിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. “മോദിയുടെ ഉറപ്പിൽ രാജ്യത്തിനും ലോകത്തിനും ഇത്രയധികം വിശ്വാസമുണ്ടെങ്കിൽ അത് നിങ്ങളുടെ വാത്സല്യവും ബാബയുടെ അനുഗ്രഹവും കൊണ്ടാണ്” – അദ്ദേഹം ഉപസംഹരിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ശ്രീ ബ്രിജേഷ് പഥക്, കേന്ദ്രമന്ത്രി ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ, ബനാസ് ഡയറി ചെയർമാൻ ശ്രീ ശങ്കർഭായ് ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

വാരാണസിയിലെ റോഡ് ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എന്‍എച്ച്-233 ന്റെ ഘര്‍ഗ്ര-പാലം-വാരണാസി സെക്ഷന്‍ നാലു വരിയാക്കുന്നത് ഉള്‍പ്പെടെ ഒന്നിലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.  എന്‍ എച്ച് 56, പാക്കേജ്-1 ന്റെ സുല്‍ത്താന്‍പൂര്‍-വാരണാസി സെക്ഷനിലെ നാലു വരിപ്പാത;  എന്‍എച്ച്-19 ന്റെ വാരണാസി-ഔറംഗബാദ് സെക്ഷനിലെ, ഘട്ടം-1 ന്റെ ആറ് വരിപ്പാത; എന്‍എച്ച് 35-ല്‍ പാക്കേജ്-1 വാരണാസി-ഹനുമാന   സെക്ഷനിലെ നാലുവരിപ്പാത;  ബാബത്പൂരിനടുത്തുള്ള വാരണാസി-ജോണ്‍പൂര്‍ റെയില്‍ സെക്ഷനിലെ റെയില്‍ മേല്‍പ്പാത, വാരാണസി-റാഞ്ചി-കൊല്‍ക്കത്ത എക്സ്പ്രസ് വേ പാക്കേജ്-1 ന്റെ നിര്‍മ്മാണം എന്നിവക്കും അദ്ദേഹം തറക്കല്ലിട്ടു.

 

മേഖലയിലെ വ്യാവസായിക വികസനത്തിന് ഉത്തേജനം നല്‍കുന്നതിനായി, സേവാപുരിയില്‍ എച്ച്പിസിഎല്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു;  യുപിഎസ്‌ഐഡിഎ അഗ്രോ പാർക്ക്, കാര്‍ഖിയോണിലെ ബനാസ് കാശി സങ്കുല്‍ പാല്‍ സംസ്‌കരണ യൂണിറ്റ്; കാര്‍ഖിയോണിലെ യുപിഎസ്‌ഐഡിഎ അഗ്രോ പാര്‍ക്കിലെ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍; നെയ്ത്തുകാരുടെ സില്‍ക്ക് ഫാബ്രിക് പ്രിന്റിംഗ് പൊതു പ്രോല്‍സാഹന കേന്ദ്രം എന്നിവയും രമണയില്‍ എന്‍.ടി.പി.സിയുടെ നഗരമാലിന്യം മുതല്‍ ചാര്‍ക്കോള്‍ പ്ലാന്റ് വരെയുള്ള ഒന്നിലധികം നഗരവികസന പദ്ധതികളും പ്രധാനമന്ത്രി വാരണാസിയില്‍ ഉദ്ഘാടനം ചെയ്തു; സിസ്-വരുണ മേഖലയില്‍ ജലവിതരണ ശൃംഖല നവീകരണവും, എസ്ടിപികളുടെയും മലിനജല പമ്പിംഗ് സ്റ്റേഷനുകളുടെയും ഓണ്‍ലൈന്‍ മലിനജല നിരീക്ഷണവും എസ് സി എ ഡി എ (SCADA ) ഓട്ടോമേഷനും ഇതിലുണ്ട്. കുളങ്ങളുടെ പുനരുജ്ജീവനത്തിനും പാര്‍ക്കുകളുടെ പുനര്‍വികസനത്തിനുമുള്ള പദ്ധതികള്‍ ഉള്‍പ്പെടെ വാരണാസിയുടെ സൗന്ദര്യവല്‍ക്കരണത്തിനായി ഒന്നിലധികം പദ്ധതികള്‍ക്കും ഒരു 3 ഡി നഗര ഡിജിറ്റല്‍ മാപ്പിന്റെയും ഡാറ്റാബേസിന്റെയും രൂപകല്‍പ്പനയ്ക്കും വികസനത്തിനും പധാനമന്ത്രി തറക്കല്ലിട്ടു.

വാരണാസിയില്‍ ടൂറിസം, ആത്മീയ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  പഞ്ചകോശി പരിക്രമ മാര്‍ഗിലെ അഞ്ച് പടവുകളിലും പത്ത് ആത്മീയ യാത്രകളോടെ പവന്‍ പാതയും പൊതു സൗകര്യങ്ങളുടെ പുനര്‍വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു;  വാരണാസിക്കും അയോധ്യയ്ക്കുമായി ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) നല്‍കുന്ന ഇലക്ട്രിക് കട്ടമരം, കാറ്റാടി കപ്പല്‍ വിക്ഷേപണം;  കൂടാതെ ഏഴ് ചേഞ്ച് റൂമുകളും ഫ്‌ളോട്ടിംഗ് ജെട്ടികളും നാല് കമ്മ്യൂണിറ്റി ജെട്ടികളും ഇതിന്റെ ഭാഗമാണ്. ഹരിത ഊര്‍ജം ഉപയോഗിക്കുന്ന ഇലക്ട്രിക് കട്ടമരം ഗംഗയിലെ ടൂറിസം അനുഭവം മെച്ചപ്പെടുത്തും.  വിവിധ നഗരങ്ങളിലായി ഐഡബ്ല്യുഎഐയുടെ പതിമൂന്ന് കമ്മ്യൂണിറ്റി ജെട്ടികളുടെയും തറക്കല്ലിടലും ബല്ലിയയില്‍ അതിവേഗ ചങ്ങാടം ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

വാരണാസിയിലെ പ്രശസ്തമായ ടെക്സ്റ്റൈല്‍ മേഖലയ്ക്ക് ഉത്തേജനം നല്‍കിക്കൊണ്ട് പ്രധാനമന്ത്രി വാരണാസിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (എന്‍ഐഎഫ്റ്റി) തറക്കല്ലിട്ടു.  ടെക്സ്റ്റൈല്‍ മേഖലയിൽ വിദ്യാഭ്യാസ-പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ സ്ഥാപനം.

വാരാണസിയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി വാരണാസിയില്‍ പുതിയ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടു.  ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നാഷണല്‍ സെന്റര്‍ ഓഫ് ഏജിംഗിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.  നഗരത്തിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെയ്പ്പായ സിഗ്ര സ്പോര്‍ട്സ് സ്റ്റേഡിയം ഫേസ്-1, ജില്ലാ റൈഫിള്‍ ഷൂട്ടിംഗ് റേഞ്ച് എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”