രാജ്കോട്ട്, ബതിന്ഡ, റായ്ബറേലി, കല്യാണി, മംഗളഗിരി എന്നിവിടങ്ങളിലെ അഞ്ച് എയിംസുകള്‍ സമര്‍പ്പിച്ചു
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11,500 കോടി രൂപയിലധികം മൂല്യമുള്ള 200-ലധികം ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
പൂനെയില്‍ 'നിസര്‍ഗ് ഗ്രാം' എന്ന പേരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ഉദ്ഘാടനം ചെയ്തു
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഏകദേശം 2280 കോടി രൂപയുടെ 21 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
വിവിധ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു
9000 കോടി രൂപയുടെ പുതിയ മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ പദ്ധതിക്ക് തറക്കല്ലിട്ടു
'ഞങ്ങള്‍ സര്‍ക്കാരിനെ ഡല്‍ഹിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നു, ഡല്‍ഹിക്ക് പുറത്ത് പ്രധാനപ്പെട്ട ദേശീയ പരിപാടികള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്'
'പുതിയ ഇന്ത്യ വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നു'
തലമുറകള്‍ മാറിയെന്നും എന്നാല്‍ മോദിയോടുള്ള സ്നേഹം പ്രായപരിധിക്കപ്പുറമാണെന്നും എനിക്ക് കാണാന്‍ കഴിയും.
''മുങ്ങിക്കിടക്കുന്ന ദ്വാരകയുടെ ദര്‍ശനത്തോടെ, വികാസിനും വിരാസത്തിനും വേണ്ടിയുള്ള എന്റെ ദൃഢനിശ്ചയം പുതിയ ശക്തി പ്രാപിച്ചു; എന്റെ ലക്ഷ്യമായ വികസിത ഭാരതത്തോടു ദൈവിക വിശ്വാസം ചേര്‍ത്തുവെച്ചിരിക്കുന്നു'
''7 പതിറ്റാണ്ടിനുള്ളില്‍ 7 എയിംസിന് അംഗീകാരം ലഭിച്ചുവെങ്കിലും അവയില്‍ ചിലത് ഒരിക്കലും പൂര്‍ത്തീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 7 എയിംസുകളുടെ ഉദ്ഘാടനമോ തറക്കല്ലിടലോ നടന്നു.
'ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക സൂപ്പര്‍ പവര്‍ ആക്കുമെന്ന് മോദി ഉറപ്പുനല്‍കുമ്പോള്‍, ലക്ഷ്യം എല്ലാവര്‍ക്കും ആരോഗ്യവും എല്ലാവരുടെയും അഭിവൃദ്ധിയുമാണ്'

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ആരോഗ്യം, റോഡ്, റെയില്‍, ഊര്‍ജം, പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകളെ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ബഹുമാനപ്പെട്ട ഗവര്‍ണര്‍മാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും പാര്‍ലമെന്റ്, നിയമസഭാ സാമാജികരുടെയും കേന്ദ്രമന്ത്രിമാരുടെയും വെര്‍ച്വല്‍ സാന്നിധ്യത്തിനു പ്രധാനമന്ത്രി നന്ദി അറിയിച്ചു. എല്ലാ സുപ്രധാന വികസന പരിപാടികളും ന്യൂഡല്‍ഹിയില്‍ മാത്രം നടപ്പിലാക്കിയിരുന്ന സമയം പ്രധാനമന്ത്രി അനുസ്മരിച്ചു, നിലവിലെ ഗവണ്‍മെന്റ് ഈ പ്രവണത മാറ്റുകയും ഇന്ത്യാ ഗവണ്‍മെന്റിനെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ''രാജ്കോട്ടിലെ ഇന്നത്തെ പരിപാടി ഈ വിശ്വാസത്തിന്റെ തെളിവാണ്,'' പ്രധാനമന്ത്രി മോദി പറഞ്ഞു, സമര്‍പ്പണവും തറക്കല്ലിടല്‍ചടങ്ങും രാജ്യത്തിന്റെ ഒന്നിലധികം സ്ഥലങ്ങളില്‍ നടക്കുന്നുന്നത് ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐടി കുര്‍ണൂല്‍, ഐഐഎം ബോധ്ഗയ, ഐഐഎം ജമ്മു, ഐഐഎം വിശാഖപട്ടണം, ഐഐഎസ് കാണ്‍പൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ജമ്മുവില്‍ നടന്ന ഒരു ചടങ്ങില്‍ ഉദ്ഘാടനംചെയ്യപ്പെട്ടത് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി, ഇന്ന് എയിംസ് രാജ്കോട്ട്, എയിംസ് റായ്ബറേലി, എയിംസ് മംഗളഗിരി, എയിംസ് ഭടിന്‍ഡ, എയിംസ് കല്യാണി എന്നിവ ഉദ്ഘാടനം ചെയ്യുന്നതായി അറിയിച്ചു. 'വികസ്വര ഇന്ത്യ അതിവേഗം ജോലികള്‍ ചെയ്തുവരികയാണ്, പ്രത്യേകിച്ചും ഈ 5 എയിംസുകള്‍ നോക്കുമ്പോള്‍' എന്ന് ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

 

രാജ്കോട്ടുമായുള്ള ദീര്‍ഘകാല ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, 22 വര്‍ഷം മുമ്പ് താന്‍ ഇവിടെ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട കാര്യം ഓര്‍മിപ്പിച്ചു. 22 വര്‍ഷം മുമ്പ് ഫെബ്രുവരി 25ന് അദ്ദേഹം എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്കോട്ടിലെ ജനങ്ങളുടെ വിശ്വാസത്തിനൊത്ത് ജീവിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലമുറകള്‍ മാറിയെന്നും എന്നാല്‍ മോദിയോടുള്ള സ്നേഹം പ്രായപരിധിക്കപ്പുറമാണെന്നും തനിക്ക് കാണാന്‍ കഴിയും, നന്ദി നിറഞ്ഞ ഭാവത്തോടെ പ്രധാനമന്ത്രി പറഞ്ഞു.
 
ഇന്നത്തെ പരിപാടി വൈകിയതില്‍ ക്ഷമാപണം നടത്തിയ അദ്ദേഹം, സുദര്‍ശന്‍ സേതു ഉള്‍പ്പെടെ നേരത്തേ നടത്തിയ  നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉള്‍പ്പെടെ, ദ്വാരകയിലെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സദസ്സിനോട് വിശദീകരിച്ചു. വെള്ളത്തിനടിയിലായ വിശുദ്ധ നഗരമായ ദ്വാരകയില്‍ പ്രാര്‍ത്ഥന നടത്തിയതിന്റെ ദിവ്യാനുഭവം അദ്ദേഹം ഒരിക്കല്‍ കൂടി വിവരിച്ചു. ''പുരാവസ്തുശാസ്ത്രപരവും മതപരവുമായ ഗ്രന്ഥങ്ങള്‍ വായിക്കുന്നത് ദ്വാരകയെക്കുറിച്ചുള്ള അത്ഭുതം നമ്മില്‍ നിറയ്ക്കുന്നു. ഇന്ന് എനിക്ക് ആ പുണ്യ രംഗം സ്വന്തം കണ്ണുകൊണ്ട് കാണാന്‍ അവസരം ലഭിച്ചു, എനിക്ക് വിശുദ്ധ ഭൗതികാവശിഷ്ടങ്ങള്‍ തൊടാന്‍ കഴിഞ്ഞു. ഞാന്‍ അവിടെ പ്രാര്‍ത്ഥിക്കുകയും 'മോര്‍-പങ്ക്' നല്‍കുകയും ചെയ്തു. ആ വികാരം വിവരിക്കുക പ്രയാസമാണ്,'' പ്രധാനമന്ത്രി പറഞ്ഞു. അനുഭവം പകര്‍ന്ന വികാരങ്ങള്‍ ഇപ്പോഴും മനസ്സിനെ മഥിക്കുന്നു. ''ആ ആഴങ്ങളില്‍,വെച്ച്, ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് ഞാന്‍ ആശ്ചര്യപ്പെട്ടു. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹവും ദ്വാരകയുടെ പ്രചോദനവും ഏറ്റുവാങ്ങിയാണ് ഞാന്‍ പുറത്തിറങ്ങിയത്'', പ്രധാനമന്ത്രി പറഞ്ഞു. 'വികാസ് ഔര്‍ വിരാസത്' എന്ന എന്റെ ദൃഢനിശ്ചയത്തിന് ഇത് പുതിയ ശക്തിയും ഊര്‍ജ്ജവും നല്‍കി. വികസിത ഭാരതത്തിനായുള്ള എന്റെ ലക്ഷ്യവുമായി ദൈവിക വിശ്വാസം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു,' അദ്ദേഹം തുടര്‍ന്നു.

ഇന്നത്തെ 48,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി, ഗുജറാത്ത് തീരത്തുനിന്ന് ഹരിയാനയിലെ പാനിപ്പറ്റിലുള്ള ഇന്ത്യന്‍ ഓയിലിന്റെ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കാനായി ആരംഭിച്ച പുതിയ മുന്ദ്ര-പാനിപ്പറ്റ് പൈപ്പ് ലൈനിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. റോഡുകള്‍, റെയില്‍വേ, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു. 'അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം എയിംസ് രാജ്കോട്ട് ഇപ്പോള്‍ രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു', രാജ്കോട്ടിലെയും സൗരാഷ്ട്രയിലെയും ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് എയിംസ് ഉദ്ഘാടനം ചെയ്യപ്പെടുന്ന എല്ലാ നഗരങ്ങളിലെയും പൗരന്മാര്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു.

 

''ഇന്ന് രാജ്കോട്ടിന് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും ചരിത്രപരമായ ഒരു അവസരമാണ്,'' പ്രധാനമന്ത്രി മോദി പറഞ്ഞു, വികസിത ഭാരതം ആഗ്രഹിക്കുന്ന തരത്തിലുള്ള ആരോഗ്യ സൗകര്യങ്ങളുടെ ഒരു കാഴ്ചയാണ് ഇന്ന് രാജ്കോട്ട് അവതരിപ്പിക്കുന്നതെന്ന് എടുത്തുപറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 50ാം വര്‍ഷം രാജ്യത്തിന് ഒരു എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതും ഡല്‍ഹിയില്‍. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിനിടയില്‍ ഏഴ് എയിംസുകള്‍ മാത്രമേ കമ്മീഷന്‍ ചെയ്തിട്ടുള്ളൂ എന്നു മാത്രമല്ല, അവയില്‍ ചിലത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍, ഏഴ് പുതിയ എയിംസുകളുടെ തറക്കല്ലിടലിനും ഉദ്ഘാടനത്തിനും രാജ്യം സാക്ഷ്യം വഹിച്ചു'. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ചെയ്തതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ് കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ വഴിക്കു രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകും. മെഡിക്കല്‍ കോളേജുകള്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ഉപഗ്രഹ കേന്ദ്രങ്ങള്‍, ആശങ്കാജനകമായ അസുഖങ്ങളുടെ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 200-ലധികം ആരോഗ്യ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്തു.

'മോദി കി ഗ്യാരണ്ടി എന്നാല്‍  ഗ്യാരണ്ടി  പൂര്‍ത്തീകരണത്തിന്റെ ഗ്യാരണ്ടി'യാണ് എന്ന വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി, രാജ്കോട്ട് എയിംസിന് തറക്കല്ലിട്ടത് 3 വര്‍ഷം മുമ്പ് താനാണെന്നും ഇന്ന് ആ ഉറപ്പ് പൂര്‍ത്തീകരിച്ചതായും പറഞ്ഞു. അതുപോലെ, പഞ്ചാബിന് എയിംസിന്റെ ഗ്യാരണ്ടി നല്‍കുകയും തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിക്കുകയും ചെയ്തു. റായ്ബറേലി, മംഗള്‍ഗിരി, കല്യാണി, റെവാരി എന്നിവിടങ്ങളിലെ എയിംസുകള്‍ക്കും ഇതേ രീതിയിലുള്ള പ്രവര്‍ത്തനമുണ്ടായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി 10 പുതിയ എയിംസുകള്‍ അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവരില്‍നിന്നുള്ള പ്രതീക്ഷകള്‍ അവസാനിക്കുന്നിടത്താണ് മോദി കി ഗ്യാരണ്ടി ആരംഭിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി ആരോഗ്യ പരിപാലന സംവിധാനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടായ പുരോഗതി കാരണമാണ് ഈ മഹാമാരിയെ വിശ്വസനീയമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എയിംസ്, മെഡിക്കല്‍ കോളേജുകള്‍, ക്രിട്ടിക്കല്‍ കെയര്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വിപുലീകരണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ചെറിയ രോഗങ്ങള്‍ക്കായി ഗ്രാമങ്ങളില്‍ ഒന്നരലക്ഷത്തിലധികം ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകളുണ്ട്. 2014ല്‍ 387 ആയിരുന്ന മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇന്ന് 706 ആയി, പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന 50,000 എം.ബി.ബി.എസ് സീറ്റുകള്‍ ഇന്ന് ഒരു ലക്ഷത്തിലധികമായി, 2014ല്‍ 30,000 മുണ്ടായിരുന്ന ബിരുദാനന്തര സീറ്റുകള്‍ 70,000 ആയി ഉയര്‍ന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൊത്തം 70 വര്‍ഷത്തിനിടയിലെ ഡോക്ടര്‍മാരുടെ എണ്ണത്തേക്കാള്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഈ കോളേജുകളില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാര്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 64,000 കോടി രൂപയുടെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ രാജ്യത്ത് നടന്നുവരികയാണ്. മെഡിക്കല്‍ കോളേജുകള്‍, ടി.ബി ആശുപത്രികള്‍, ഗവേഷണകേന്ദ്രങ്ങള്‍, പി.ജി.ഐ ഉപഗ്രഹ കേന്ദ്രങ്ങള്‍, ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍, ഡസന്‍ കണക്കിന് ഇ.എസ്.ഐ.സി ആശുപത്രികള്‍ തുടങ്ങിയ പദ്ധതികളും ഇന്നത്തെ പരിപാടിയില്‍ കണാവുന്നതാണ്.

 

''രോഗം തടയുന്നതിനൊപ്പം അതിനെതിരെ പോരാടാനുള്ള ശേഷിക്കും ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നു'' പോഷകാഹാരം, യോഗ, ആയുഷ്, ശുചിത്വം എന്നിവ ഉയര്‍ത്തിക്കാട്ടികൊണ്ട് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രവും ആധുനിക വൈദ്യശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിട്ട അദ്ദേഹം, മഹാരാഷ്്രടയിലും ഹരിയാനയിലും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട യോഗ, പ്രകൃതിചികിത്സ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് വലിയ ആശുപത്രികളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും ഉദാഹരണങ്ങള്‍ നല്‍കുകയകും ചെയ്തു. പരമ്പരാഗത ചികിത്സാ സമ്പ്രദായവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രവും ഇവിടെ ഗുജറാത്തിലാണ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പരാമര്‍ശിച്ചു.

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പണം ലാഭിക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള ശ്രമത്തിലേക്ക് ശ്രദ്ധക്ഷണിച്ച പ്രധാനമന്ത്രി, ഒരു ലക്ഷം കോടി രൂപ ലാഭിക്കാന്‍ സഹായിച്ച ആയുഷ്മാന്‍ ഭാരത് യോജന, 80% കിഴിവില്‍ മരുന്നുകള്‍ നല്‍കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍വഴി 30,000 കോടി രൂപ ലാഭിച്ചത് എന്നിവയിലേക്ക് വെളിച്ചം വീശി. ഉജ്ജ്വല യോജനയ്ക്ക് കീഴില്‍, പാവപ്പെട്ടവര്‍ക്ക് 70,000 കോടി രൂപയിലധികം ലാഭിക്കാനായിട്ടുണ്ട്, കുറഞ്ഞ ചെലവിലുള്ള മൊബൈല്‍ ഡാറ്റയിലൂടെ പൗരന്മാര്‍ക്ക് പ്രതിമാസം 4,000 രൂപയും നികുതിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ മൂലം നികുതിദായകര്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയും ലാഭിക്കാനായി.

വൈദ്യുതി ബില്‍ പൂജ്യത്തിലെത്തിക്കുകയും കുടുംബങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഗുണഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുകയും, ബാക്കി വൈദ്യുതി ഗവണ്‍മെന്റ് വാങ്ങുകയും ചെയ്യും. ഇന്ന് തറക്കല്ലിട്ട കച്ചിലെ രണ്ട് പ്ലാന്റുകള്‍ പോലുള്ള വലിയ പവനോര്‍ജ്ജ,സൗരോര്‍ജ്ജ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

 

തൊഴിലാളികളുടെയും സംരംഭകരുടെയും കരകൗശല വിദഗ്ധരുടെയും നഗരമാണ് രാജ്‌കോട്ട് എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലക്ഷക്കണക്കിന് വിശ്വകര്‍മ്മജര്‍ക്ക് ഗുണംചെയ്യുന്ന 13,000 കോടി രൂപയുടെ പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയെക്കുറിച്ചും സംസാരിച്ചു. ഗുജറാത്തില്‍ 20,000 വിശ്വകര്‍മ്മജര്‍ക്ക് മാത്രമേ പരിശീലനം ലഭിച്ചിട്ടുള്ളൂ, ഓരോ വിശ്വകര്‍മ്മജര്‍ക്കും 15,000 രൂപ വീതം സഹായം ലഭിച്ചു. പ്രധാനമന്ത്രി സ്വനിധി പദ്ധതിയില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് 800 കോടി രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. രാജ്‌കോട്ടില്‍ തന്നെ 30,000-ത്തിലധികം വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പൗരന്മാര്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ വികസിത് ഭാരതിന്റെ ദൗത്യം കൂടുതല്‍ ശക്തമാകുമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ''ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക സൂപ്പര്‍ പവര്‍ ആക്കുമെന്ന് മോദി ഉറപ്പുനല്‍കുമ്പോള്‍, എല്ലാവര്‍ക്കും ആരോഗ്യവും എല്ലാവരുടെയും അഭിവൃദ്ധിയുമാണ് ലക്ഷ്യം'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ, പാര്‍ലമെന്റ് അംഗം ശ്രീ സി ആര്‍ പാട്ടീല്‍ എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

രാജ്യത്തെ തൃതീയ ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി, രാജ്‌കോട്ട് (ഗുജറാത്ത്), ഭട്ടിന്ധ (പഞ്ചാബ്), റായ്ബറേലി (ഉത്തര്‍പ്രദേശ്), കല്യാണി (പശ്ചിമ ബംഗാള്‍), മംഗളഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ അഞ്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.

ഇരുപത്തി മൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 11,500 കോടിയിലധികം രൂപ ചെലവുവരുന്ന 200-ലധികം ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

പുതുച്ചേരിയിലെ കാരക്കലിലുള്ള ജിപ്മര്‍ മെഡിക്കല്‍ കോളേജും പഞ്ചാബിലെ സംഗ്രൂരിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ റിസര്‍ച്ചിന്റെ (പിജിഐഎംഇആര്‍) 300 കിടക്കകളുള്ള ഉപഗ്രഹ കേന്ദ്രവും പ്രധാനമന്ത്രി സമര്‍പ്പിച്ചു. പുതുച്ചേരിയിലെ യാനത്ത് ജിപ്മറിന്റെ 90 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ചികില്‍സാ യൂണിറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ ദേശീയ വയോജന കേന്ദ്രം; ബിഹാറിലെ പുര്‍ണിയയില്‍ പുതിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്; കേരളത്തില്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, തമിഴ്‌നാട്ടില്‍ തിരുവള്ളൂരിലെ ദേശീയ ക്ഷയരോഗ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐആര്‍ടി)യില്‍ പുതിയ സമ്മിശ്ര ക്ഷയരോഗ ഗവേഷണ സൗകര്യം എന്നിങ്ങനെ ഐസിഎംആറിന്റെ 2 ഫീല്‍ഡ് യൂണിറ്റുകള്‍, പഞ്ചാബിലെ ഫിറോസ്പൂരില്‍ പിജിഐഎംആറിന്റെ 100 കിടക്കകളുള്ള ഉപഗ്രഹ കേന്ദ്രം എന്നിവ ഉള്‍പ്പെടെ വിവിധ ആരോഗ്യ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു; ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ പുതിയ മെഡിക്കല്‍ കോളേജ് കെട്ടിടം; ഇംഫാലിലെ റിംസിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്; ജാര്‍ഖണ്ഡിലെ കോഡെര്‍മയിലെയും ദുംകയിലെയും നഴ്സിംഗ് കോളേജുകള്‍ എന്നിവയും ഇതില്‍പ്പെടുന്നു.
 
ഇവ കൂടാതെ, ദേശീയ ആരോഗ്യ ദൗത്യത്തിനും പ്രധാനമന്ത്രി-ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അടിസ്ഥാന സൗകര്യ ദൗത്യത്തിനുംം (പിഎം- അഭിം) കീഴില്‍ 115 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പിഎം- അഭിമിന് കീഴിലുള്ള 78 പദ്ധതികള്‍ ഇതില്‍പ്പെടുന്നു (50 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍, 15 സംയോജിത പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 13 ബ്ലോക്കുതല പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍); സാമൂഹികാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ പരിരക്ഷാ കേന്ദ്രം, മാതൃകാ ആശുപത്രി, ട്രാന്‍സിറ്റ് ഹോസ്റ്റല്‍ തുടങ്ങി വിവിധ പദ്ധതികളുടെ 30 യൂണിറ്റുകള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുണ്ട്.
 
പൂനെയില്‍ 'നിസര്‍ഗ് ഗ്രാം' എന്ന് പേരിട്ടിരിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതില്‍ നാച്ചുറോപ്പതി മെഡിക്കല്‍ കോളേജും 250 കിടക്കകളുള്ള ആശുപത്രിയും മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്ററും ഉള്‍പ്പെടുന്നു. കൂടാതെ, ഹരിയാനയിലെ ജജ്ജറില്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി കേന്ദ്ര ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. യോഗ, പ്രകൃതിചികിത്സാ ഗവേഷണ സൗകര്യങ്ങള്‍ ഇതിലുണ്ടാകും
 

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) ഏകദേശം 200 കോടി രൂപയുടെ 21 പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 2280 കോടിയാണ് ചെലവ്. രാജ്യത്തിന് സമര്‍പ്പിക്കുന്ന പദ്ധതികളില്‍ പട്ന (ബിഹാര്‍), അല്‍വാര്‍ (രാജസ്ഥാന്‍) എന്നിവിടങ്ങളിലെ 2 മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ഉള്‍പ്പെടുന്നു; കോര്‍ബ (ഛത്തീസ്ഗഡ്), ഉദയ്പൂര്‍ (രാജസ്ഥാന്‍), ആദിത്യപൂര്‍ (ജാര്‍ഖണ്ഡ്), ഫുല്‍വാരി ഷെരീഫ് (ബീഹാര്‍), തിരുപ്പൂര്‍ (തമിഴ്‌നാട്), കാക്കിനാഡ (ആന്ധ്രാപ്രദേശ്), ഛത്തീസ്ഗഡിലെ റായ്ഗഡ്, ഭിലായ് എന്നിവിടങ്ങളില്‍ 8 ആശുപത്രികള്‍; രാജസ്ഥാനിലെ നീമ്രാന, അബു റോഡ്, ഭില്‍വാര എന്നിവിടങ്ങളിലായി 3 ഡിസ്‌പെന്‍സറികളും. രാജസ്ഥാനിലെ അല്‍വാര്‍, ബെഹ്റോര്‍, സീതാപുര, സെലാഖി (ഉത്തരാഖണ്ഡ്), ഗോരഖ്പൂര്‍ (ഉത്തര്‍പ്രദേശ്), കേരളത്തിലെ കൊരട്ടി, നാവായിക്കുളം, ആന്ധ്രപ്രദേശിലെ പൈഡിഭീമാവരം എന്നിവിടങ്ങളിലായി എട്ട് സ്ഥലങ്ങളിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളും ഉദ്ഘാടനം ചെയ്തു.

മേഖലയിലെ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഘട്ടത്തില്‍, 300 മെഗാവാട്ട് ഭുജ്-II സൗരോര്‍ജ്ജ പദ്ധതി ഉള്‍പ്പെടെ വിവിധ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു; ഗ്രിഡ് കണക്റ്റഡ് 600 മെഗാവാട്ട് സൗരോര്‍ജ്ജ പിവി വൈദ്യുത പദ്ധതി; ഖവ്ദ സൗരോര്‍ജ്ജ പദ്ധതി; 200 മെഗാവാട്ട് ദയാപൂര്‍-II കാറ്റാടി ഊര്‍ജ്ജ പദ്ധതി എന്നിവയുമുണ്ട്.

9000 കോടിയിലധികം രൂപയുടെ പുതിയ മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 8.4 എംഎംടിപിഎ സ്ഥാപിത ശേഷിയുള്ള 1194 കിലോമീറ്റര്‍ നീളമുള്ള മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ ഗുജറാത്ത് തീരത്തെ മുന്ദ്രയില്‍ നിന്ന് ഹരിയാനയിലെ പാനിപ്പട്ടിലുള്ള ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകാന്‍ കമ്മീഷന്‍ ചെയ്തു.
 
മേഖലയിലെ റോഡ്, റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട്, സുരേന്ദ്രനഗര്‍-രാജ്‌കോട്ട് റെയില്‍ പാതയുടെ ഇരട്ടിപ്പിക്കല്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു; പഴയ എന്‍എച്ച്-8ഇയുടെ ഭാവ്നഗര്‍- തലജ (പാക്കേജ്-I) നാലുവരിപ്പാത; എന്‍എച്ച്-751-ന്റെ പിപ്ലി-ഭാവ്നഗര്‍ (പാക്കേജ്-I). എന്‍എച്ച് 27 ന്റെ സന്താല്‍പൂര്‍ സെക്ഷനില്‍ സമഖിയാലി ആറുവരിപ്പാതയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi