വഡോദര-മുംബൈ അതിവേഗപാതയുടെ പ്രധാന ഭാഗങ്ങൾ രാഷ്ട്രത്തിനു സമർപ്പിച്ചു
കാക്രപാർ ആണവനിലയത്തിലെ രണ്ടു പുതിയ പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളായ KAPS-3, KAPS-4 എന്നിവ സമർപ്പിച്ചു
നവ്സാരിയിൽ പിഎം മിത്ര പാർക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു
സൂറത്ത് നഗരസഭ, സൂറത്ത് നഗരവികസന അതോറിറ്റി, ഡ്രീം സിറ്റി എന്നിവയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിട്ടു
റോഡ്, റെയിൽ, വിദ്യാഭ്യാസ, ജലവിതരണ പദ്ധതികൾക്കു തറക്കല്ലിട്ടു
“നവ്സാരിയിൽ വരിക എന്നത് എപ്പോഴും വലിയ വികാരമാണ്. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും ഗുജറാത്തിന്റെ വികസനയാത്രയ്ക്കു കരുത്തേകും”
“മറ്റുള്ളവരിൽനിന്നുള്ള പ്രതീക്ഷ അവസാനിക്കുന്നിടത്താണു മോദിയുടെ ഉറപ്പ് ആരംഭിക്കുന്നത്”
“ദരിദ്രരോ ഇടത്തരക്കാരോ ഗ്രാമവാസികളോ നഗരവാസികളോ ഏതുമാകട്ടെ, ഓരോ പൗരന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതിനാണു ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമം”
“ഇന്ന്, രാജ്യത്തെ ചെറിയ നഗരങ്ങളിൽപോലും മികച്ച സമ്പർക്കസംവിധാന അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കപ്പെടുന്നു”
“ലോകമിന്നു ഡിജിറ്റൽ ഇന്ത്യയെ അംഗീകരിക്കുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു ഗുജറാത്തിലെ നവ്സാരിയിൽ 47,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. വൈദ്യുതി ഉൽപ്പാദനം, റെയിൽ, റോഡ്, തുണിത്തരങ്ങൾ, വിദ്യാഭ്യാസം, ജലവിതരണം, സമ്പർക്കസൗകര്യം, നഗരവികസനം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

സദസിനെ അഭിസംബോധന ചെയ്യവേ, ഇന്നു ഗുജറാത്തിൽ തന്റെ മൂന്നാമത്തെ പരിപാടിയാണിതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തിൽ നിന്നുള്ള പശുപാലകരുടെയും (കന്നുകാലികളെ വളർത്തുന്നവർ) ക്ഷീരവ്യവസായത്തിലെ പങ്കാളികളുടേയും ഒപ്പമായിരുന്നുവെന്ന് അനുസ്മരിച്ചു. മെഹ്‌സാനയിലെ വാലിനാഥ് മഹാദേവ ക്ഷേത്രത്തിലെ ‘പ്രാൺപ്രതിഷ്ഠ’യിൽ പങ്കെടുത്തതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഇപ്പോൾ ഞാൻ നവ്സാരിയിൽ വികസനത്തിന്റെ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. സന്നിഹിതരായ ജനങ്ങളോട് അവരുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ്‌ലൈറ്റുകൾ ഓണാക്കി വികസനത്തിന്റെ ഈ മഹത്തായ ഉത്സവത്തിന്റെ ഭാഗമാകാൻ ശ്രീ മോദി ആഹ്വാനം ചെയ്തു. വഡോദര, നവ്സാരി, ഭറൂച്ച്, സൂറത്ത് എന്നിവിടങ്ങളിൽ തുണിത്തരം, വൈദ്യുതി, നഗരവികസനം തുടങ്ങിയ മേഖലകളിൽ 40,000 കോടിയിലധികം രൂപയുടെ ഇന്നത്തെ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി പൗരന്മാരെ അഭിനന്ദിച്ചു.

 

മോദിയുടെ ഗ്യാരന്റിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ പരാമർശിക്കവേ, താൻ നൽകിയ ഉറപ്പുകൾ നിറവേറ്റുമെന്നും ഇതു ഗുജറാത്തിലെ ജനങ്ങൾക്കു വളരെക്കാലമായി അറിയാവുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഫാം, ഫാമിൽനിന്നു ഫൈബറിലേക്ക്, ഫൈബറിൽനിന്നു ഫാക്ടറിയിലേക്ക്, ഫാക്ടറിയിൽനിന്നു ഫാഷനിലേക്ക്, ഫാഷനിൽനിന്നു ഫോറിനിലേക്ക് എന്നിങ്ങനെ, മുഖ്യമന്ത്രിയായിരുന്ന കാലത്തു താൻ പറഞ്ഞിരുന്ന ‘അഞ്ച് എഫ്’ അദ്ദേഹം അനുസ്മരിച്ചു. തുണിത്തരങ്ങളുടെ സമ്പൂർണവിതരണവും മൂല്യശൃംഖലയുമാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന്, പട്ടിന്റെ നഗരമായ സൂറത്ത് നവ്സാരിവരെ വികസിക്കുകയാണ്” - ഈ മേഖലയിലെ ഏറ്റവും വലിയ ഉൽപ്പാദകരോടും കയറ്റുമതിക്കാരോടും മത്സരിക്കാനുള്ള ഇന്ത്യയുടെ കഴിവ് എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ തുണിവ്യവസായത്തിന്റെ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം, സൂറത്തിൽ നിർമിക്കുന്ന തുണിത്തരങ്ങളുടെ തനതു സവിശേഷതയെക്കുറിച്ചു പരാമർശിച്ചു. പിഎം മിത്ര പാർക്ക് പൂർത്തിയാകുന്നതോടെ 3000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. വസ്ത്രം മുറിക്കൽ, നെയ്ത്ത്, പരുത്തിക്കുരു നീക്കം ചെയ്യൽ, വസ്ത്രങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ, തുണിവ്യവസായവുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ എന്നിവയുടെ കാര്യത്തിൽ പിഎം മിത്ര പാർക്ക് മൂല്യശൃംഖല ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്നും തൊഴിലവസരങ്ങൾക്ക് ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു. പാർക്കിൽ തൊഴിലാളികൾക്കുള്ള വീടുകൾ, ലോജിസ്റ്റിക്സ് പാർക്ക്, സംഭരണശാല, ആരോഗ്യസൗകര്യങ്ങൾ, പരിശീലനത്തിനും നൈപുണ്യവികസനത്തിനുമുള്ള സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു.

താപി നദിയില്‍ 800 കോടി രൂപയിലധികം ചെലവ് വരുന്ന ബാരേജിന്റെ തറക്കല്ലിടലിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇത് ജലവിതരണവുമായി ബന്ധപ്പെട്ട സൂറത്തിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്നും അതേസമയം വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങള്‍ തടയാന്‍ സഹായിക്കുമെന്നും അടിവരയിടുകയും ചെയ്തു.

ദൈനംദിന ജീവിതത്തിലും വ്യാവസായിക വികസനത്തിലും വൈദ്യുതിയുടെ പ്രാധാന്യം എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തില്‍ പവര്‍കട്ട് പതിവായിരുന്ന 20-25 വര്‍ഷം മുന്‍പത്തെ കാലവും ചൂണ്ടിക്കാട്ടി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ നേരിട്ട വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, കല്‍ക്കരി, വാതകം എന്നിവയുടെ ഇറക്കുമതിയായിരുന്നു പ്രധാന തടസ്സമെന്ന് പരാമര്‍ശിച്ചു. ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സാദ്ധ്യതകളും അദ്ദേഹം സൂചിപ്പിച്ചു. '' മോദിയുണ്ടെങ്കില്‍ സാദ്ധ്യമാണ്'' നൂതന സാങ്കേതിക വിദ്യയുടെ പ്രോത്സാഹനവും ഇന്ന് ഗുജറാത്തിലെ ഉര്‍ജ്ജത്തിന്റെ സിംഹഭാഗവും ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ, പവനോര്‍ജ്ജം എന്നിവയുടെ ഉല്‍പ്പാദനത്തിലേക്കുള്ള മുന്നേറ്റവും പരാമര്‍ശിച്ച് വൈദ്യുതി ഉല്‍പാദന പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കികൊണ്ടും പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു.

 

ആണവോര്‍ജ്ജ വൈദ്യുതിയുടെ ഉല്‍പ്പാദനത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന കക്രപാര്‍ ആണവനിലയത്തിലെ (കെ.എ.പി.എസ്) യൂണിറ്റ് 3, യൂണിറ്റ് 4 എന്നീ രണ്ട് പുതിയ തദ്ദേശീയ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളെക്കുറിച്ചും (പി.എച്ച്.ഡബ്ല്യു.ആര്‍) സംസാരിച്ചു. ഈ റിയാക്ടറുകള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണങ്ങളാണെന്നും ഗുജറാത്തിന്റെ വികസനത്തിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ന്നുവരുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ ദക്ഷിണ ഗുജറാത്തിലുണ്ടായ അഭൂതപൂര്‍വമായ വികസനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി കുടുംബങ്ങളുടെ ഊര്‍ജ്ജ ബില്ലുകള്‍ കുറയ്ക്കുക മാത്രമല്ല, വരുമാനം ഉണ്ടാക്കുന്നതിനുള്ള മാധ്യമമായി മാറുകയും ചെയ്യുമെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ വന്‍കിട വ്യാവസായിക കേന്ദ്രങ്ങളായ മുംബൈയെയും സൂററ്റിനെയും ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഈ മേഖലയിലൂടെ കടന്നുപോകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

''നവസാരി അതിന്റെ വ്യാവസായിക വികസനത്തിന് ഇപ്പോള്‍ അംഗീകാരം നേടുന്നു'', നവസാരി ഉള്‍പ്പെടെയുള്ള പശ്ചിമ ഗുജറാത്ത് മുഴുവന്‍ കാര്‍ഷിക പുരോഗതിക്ക് പേരുകേട്ടതാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. മേഖലയിലെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, പഴങ്ങളുടെ കൃഷി ഉയര്‍ന്നുവരുന്നത് എടുത്തുപറയുകയും നവസാരിയില്‍ നിന്നുള്ള ലോകപ്രശസ്ത മാമ്പഴ വിഭാഗങ്ങളായ ഹാപ്പസ്, വല്‍സാരി ഇനങ്ങള്‍, ചിക്കൂ (സപ്പോഡില്ല) എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് 350 കോടിയിലധികം രൂപയുടെ ധനസഹായം ലഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

 

യുവജനങ്ങള്‍, പാവപ്പെട്ടവര്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുമെന്ന തന്റെ ഉറപ്പ് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പദ്ധതികള്‍ ഉണ്ടാക്കുക എന്നതിനപ്പുറം പൂര്‍ണ്ണമായ പരിധി ഉറപ്പാക്കുന്നതിലേക്ക് ഉറപ്പ് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോത്രവര്‍ഗ്ഗ, തീരദേശ ഗ്രാമങ്ങൾ മുന്‍പ് അവഗണിക്കപ്പെട്ടത് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള പ്രദേശത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിലെ ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ദേശീയ തലത്തിലും, വികസന മാനദണ്ഡങ്ങളില്‍ പിന്നാക്കം നിന്നിരുന്ന 100-ലധികം വികസനംകാംക്ഷിക്കുന്ന ജില്ലകള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളോടൊപ്പം മുന്നേറുകയാണ്.

''മറ്റുള്ളവരില്‍ നിന്നുള്ള പ്രതീക്ഷ ഇല്ലാതാകുന്നിടത്താണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നത്'', പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് പക്കാ വീടുകള്‍, സൗജന്യ റേഷന്‍ പദ്ധതി, വൈദ്യുതി, പാവപ്പെട്ടവര്‍, കര്‍ഷകര്‍, കടയുടമകള്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് ടാപ്പിലൂടെയുള്ള കുടിവെള്ളം, ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങി മോദിയുടെ ഉറപ്പുകളുടെ പട്ടികകള്‍ അദ്ദേഹം അവതരിപ്പിച്ചു. ''ഇവ ഇന്ന് യാഥാര്‍ത്ഥ്യമാണ്, എന്തെന്നാല്‍ ഇത് മോദിയുടെ ഉറപ്പാണ്,'' ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

ഗോത്രവര്‍ഗ്ഗ മേഖലകളിലെ അരിവാള്‍ കോശ രോഗത്തിന്റെ പ്രധാന പ്രശ്‌നത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഈ രോഗം ഇല്ലാതാക്കാന്‍ ദേശീയ തലത്തില്‍ വേണ്ട കൂട്ടായ ശ്രമങ്ങളുടെ ആവശ്യകതയും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അരിവാള്‍കോശ രോഗം കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനം സ്വീകരിച്ച സജീവമായ നടപടികളെ കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി, രോഗത്തെ ഫലപ്രദമായി നേരിടാനുള്ള വിപുലമായ ദേശീയ ശ്രമങ്ങളുടെ പട്ടികയും നല്‍കി. ''അരിവാള്‍കോശ രോഗത്തില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കുന്നതിന് ഞങ്ങള്‍ ഇപ്പോള്‍ ഒരു ദേശീയ ദൗത്യം ആരംഭിച്ചിട്ടുണ്ട്'', രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്ന് രോഗത്തെ തുടച്ചു നീക്കുക എന്ന ദൌത്യത്തിന്റെ രൂപരേഖ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ''ഈ ദൗത്യത്തിന് കീഴില്‍, രാജ്യവ്യാപകമായി ഗോത്രവര്‍ഗ്ഗ മേഖലകളില്‍ അരിവാള്‍ കോശ രോഗത്തിനുള്ള സ്‌ക്രീനിംഗ് നടത്തുന്നുണ്ട്'', പ്രധാനമന്ത്രി മോദി പറഞ്ഞു. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ വരാനിരിക്കുന്ന മെഡിക്കല്‍ കോളേജുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

''പാവപ്പെട്ടവരോ ഇടത്തരക്കാരോ ഗ്രാമമോ നഗരമോ എന്തോ ആകട്ടെ, ഓരോ പൗരന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ശ്രമം'', എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വികസനത്തിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ''സാമ്പത്തിക സ്തംഭനാവസ്ഥ അര്‍ത്ഥമാക്കുന്നത് രാജ്യത്തിന് പരിമിതമായ സാമ്പത്തിക സ്രോതസ്സുകള്‍ മാത്രമേയുള്ളുവെന്നാണ്'' മുന്‍കാലങ്ങളിലെ സാമ്പത്തിക സ്തംഭനാവസ്ഥ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആ കാലഘട്ടത്തില്‍ ഗ്രാമ-നഗര വികസനത്തില്‍ ഉണ്ടായ പ്രതികൂല പ്രത്യാഘാതങ്ങള്‍ അടിവരയിട്ട് പ്രധാനമന്ത്രി മോദി വിശദീകരിച്ചു. 2014-ല്‍ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി, ഇതിനര്‍ത്ഥം ഇന്ന് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ പണമുണ്ടെന്നാണ്, അതിനാല്‍ ഇന്ത്യ അത് ചെലവഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, ഇന്ന് രാജ്യത്തെ ചെറിയ നഗരങ്ങളില്‍ പോലും മികച്ച ബന്ധിപ്പിക്കല്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. ചെറിയ നഗര കേന്ദ്രങ്ങളില്‍ നിന്നും പ്രാപ്യമാകുന്ന വിമാനയാത്രയേയും 4 കോടി പക്ക വീടുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

 

''ഇന്ന് ലോകം ഡിജിറ്റല്‍ ഇന്ത്യയെ അംഗീകരിക്കുന്നു'' ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിലേക്കും വ്യാപ്തിയിലേക്കും വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പുതിയ സ്റ്റാര്‍ട്ടപ്പുകളുടെയും അതോടൊപ്പം കായികരംഗത്തെ യുവജനങ്ങളുടെ ഉയര്‍ന്നുവരവിലൂടെയും ചെറിയ പട്ടണങ്ങളെപോലും ഡിജിറ്റല്‍ ഇന്ത്യ പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അത്തരം ചെറു പട്ടണങ്ങളില്‍ ഒരു നവ-മദ്ധ്യവര്‍ഗ്ഗം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അവര്‍ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പരാമർശിച്ചു.

വികസനത്തിനും പൈതൃകത്തിനും മുന്‍ഗണന നല്‍കുന്നതിലെ ഗവണ്‍മെന്റിന്റെ ഊന്നലിനേക്കുറിച്ചു പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഈ പ്രദേശം ഇന്ത്യയുടെ വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും പ്രധാന കേന്ദ്രമാണ്, അത് സ്വാതന്ത്ര്യ പ്രസ്ഥാനമായാലും രാഷ്ട്രനിര്‍മ്മാണമായാലും. സ്വജനപക്ഷപാതത്തിന്റെയും പ്രീണനത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയം കാരണം പ്രദേശത്തിന്റെ പൈതൃകത്തോടുണ്ടായ അവഗണനയിലും അദ്ദേഹം ഖേദിച്ചു. മറിച്ച്, ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതിധ്വനിയാണ് ഇന്ന് ലോകമെമ്പാടും മുഴങ്ങി കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദണ്ഡി ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലത്തെ ദണ്ഡി സ്മാരകത്തിന്റെ വികസനവും സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ക്കായി സമര്‍പ്പിച്ച ഏകതാ പ്രതിമയുടെ നിര്‍മ്മാണവും അദ്ദേഹം പരാമര്‍ശിച്ചു.

അടുത്ത 25 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ വികസനത്തിനുള്ള മാര്‍ഗരേഖ നിലവില്‍ വന്നതായി പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ''ഈ 25 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഒരു വികസിത ഗുജറാത്തും ഒരു വികസിത ഭാരതവും ഉണ്ടാക്കും,'' പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലും പാര്‍ലമെന്റ് അംഗം ശ്രീ സി ആര്‍ പാട്ടീലും ഗുജറാത്ത് ഗവണ്‍മെന്റിലെ നിരവധി എംപിമാരും എംഎല്‍എമാരും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

വഡോദര മുംബൈ എക്‌സ്പ്രസ് വേയുടെ ഒന്നിലധികം പാക്കേജുകള്‍ ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ബറൂച്ച്, നവസാരി, വല്‍സാദ് എന്നിവിടങ്ങളിലെ ഒന്നിലധികം റോഡ് പദ്ധതികള്‍; താപ്പിയിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതി; ബറൂച്ചിലെ ഭൂഗര്‍ഭ ജലനിര്‍ഗമന പദ്ധതി ഉള്‍പ്പെടെയുള്ളവയാണിത്. നവസാരിയില്‍ പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്‌റ്റൈല്‍ റീജിയണിന്റെയും അപ്പാരല്‍ (പിഎം മിത്ര) പാര്‍ക്കിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

പരിപാടിക്കിടെ, ബറൂച്ച്-ദഹേജ് പ്രവേശന നിയന്ത്രിത എക്സ്പ്രസ് വേയുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വഡോദര എസ്.എസ്.ജി ആശുപത്രിയില്‍ ഒന്നിലധികം പദ്ധതികള്‍, വഡോദരയിലെ റീജിയണല്‍ സയന്‍സ് സെന്റര്‍; വഡോദര, സൂറത്ത്, പഞ്ച്മഹല്‍ എന്നിവിടങ്ങളില്‍ റെയില്‍വേ ഗേജ് മാറ്റുന്നതിനുള്ള പദ്ധതികള്‍; ബറൂച്ച്, നവസാരി, സൂറത്ത് എന്നിവിടങ്ങളില്‍ ഒന്നിലധികം റോഡ് പദ്ധതികള്‍; വല്‍സാദിലെ നിരവധി ജലവിതരണ പദ്ധതികള്‍, സ്കൂൾ, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, നര്‍മ്മദ ജില്ലയില്‍ മറ്റ് പദ്ധതികള്‍ എന്നിവയും ഉള്‍പ്പെടുന്നു.

സൂറത്ത് നഗരസഭ, സൂറത്ത് നഗര വികസന അതോറിറ്റി, ഡ്രീം സിറ്റി എന്നിവയുടെ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) രൂപയിലധികം ചെലവില്‍ നിര്‍മ്മിച്ച കക്രപാര്‍ ആണവോര്‍ജ്ജ കേന്ദ്രം (കെഎപിഎസ്) യൂണിറ്റ് 3, യൂണിറ്റ് 4 എന്നിവിടങ്ങളില്‍ രണ്ട് പുതിയ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ (പിഎച്ച്ഡബ്ല്യുആര്‍) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 22,500 കോടി, കെഎപിഎസ്-3, കെഎപിഎസ്-4 പദ്ധതികള്‍ക്ക് 1400 (700*2) മെഗാവാട്ട് സഞ്ചിത ശേഷിയുണ്ട്, ഏറ്റവും വലിയ തദ്ദേശീയ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടര്‍ (പിഎച്ച്ഡബ്ല്യുആര്‍) കൂടിയാണിത്; ലോകത്തിലെ ഏറ്റവും മികച്ച റിയാക്ടറുകളുമായി താരതമ്യപ്പെടുത്താവുന്ന നൂതന സുരക്ഷാ ഫീച്ചറുകളുള്ള ആദ്യത്തേതും. ഈ രണ്ട് റിയാക്ടറുകളും ചേര്‍ന്ന് പ്രതിവര്‍ഷം ഏകദേശം 10.4 ലക്ഷം കോടി യൂണിറ്റ് ശുദ്ധ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര, നഗര്‍ ഹവേലി, ദാമന്‍ ദിയു തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനം നേടുകയും ചെയ്യും.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi