സമർപ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഒന്നിലധികം പ്രധാന വിഭാഗങ്ങൾ രാജ്യത്തിന് സമർപ്പിച്ചു
10 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു
ദഹേജിൽ പെട്രോനെറ്റ് എൽ എൻ ജിയുടെ പെട്രോകെമിക്കൽസ് സമുച്ചയത്തിന് തറക്കല്ലിട്ടു
'2024 ലെ 75 ദിവസങ്ങളിൽ, 11 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയും തറക്കല്ലിടുകയും ചെയ്തു; കഴിഞ്ഞ 10-12 ദിവസങ്ങളിൽ 7 ലക്ഷം കോടി രൂപയുടെ പദ്ധതികൾ അനാച്ഛാദനം ചെയ്തു.
'ഈ 10 വർഷത്തെ പ്രവർത്തനങ്ങൾ ഒരു ട്രെയിലർ മാത്രമാണ്. എനിക്ക് ഏറെ ദൂരം പോകാനുണ്ട്'
'റെയിൽവേയുടെ പരിവർത്തനം വികസിത് ഭാരതിന്റെ ഉറപ്പാണ്'
'ഈ റെയിൽവേ ട്രെയിനുകൾ, ട്രാക്കുകൾ, സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണം ഇന്ത്യൻ നിർമ്മിത ആവാസവ്യവസ്ഥയെ സൃഷ്ടിക്കുന്നു'
'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ വികസന പദ്ധതികൾ ഒരു സർക്കാർ രൂപീകരിക്കാനുള്ളതല്ല, അവ രാഷ്ട്ര നിർമ്മാണത്തിന്റെ ദൗത്യമാണ്'
'ഇന്ത്യൻ റെയിൽവേയെ ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ എന്നിവയുടെ മാധ്യമമാക്കുക എന്നതാണ് സർക്കാരിന്റെ ഊന്നൽ'
'ഇന്ത്യൻ റെയിൽവേ ആധുനികതയുടെ വേഗതയിൽ മുന്നോട്ട് പോകും. ഇതാണ് മോദിയുടെ ഉറപ്പ്'

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. 

200-ലധികം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ പ്രധാനമന്ത്രി, ഇന്നത്തെ പരിപാടിയുടെ അളവും വലിപ്പവും റെയിൽവേയുടെ ചരിത്രത്തിലെ മറ്റേതൊരു പരിപാടിയുമായും താരതമ്യപ്പെടുത്താനാകില്ലെന്നും പറഞ്ഞു. ഇന്നത്തെ പരിപാടിയിൽ റെയിൽവേയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കൊണ്ട് വികസിത് ഭാരത് സൃഷ്ടിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ തുടർച്ചയായി വിപുലീകരിക്കുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. "2024ലെ 75 ദിവസത്തിനുള്ളിൽ 11 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്തപ്പോൾ 7 ലക്ഷം കോടി രൂപയുടെ പദ്ധതികൾ കഴിഞ്ഞ 10-12 ദിവസത്തിനുള്ളിൽ അനാച്ഛാദനം ചെയ്തു", പ്രധാനമന്ത്രി പറഞ്ഞു. വികസിത് ഭാരതിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഇന്നത്തെ സംരംഭമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തതിൽ 85,000 കോടിയോളം രൂപയുടെ പദ്ധതികൾ റെയിൽവേയ്ക്കായി സമർപ്പിക്കപ്പെട്ടതായി പറഞ്ഞു. ദഹേജിൽ 20,000 കോടി രൂപയിലധികം വിലമതിക്കുന്ന പെട്രോനെറ്റ് എൽഎൻജിയുടെ പെട്രോകെമിക്കൽസ് കോംപ്ലക്സിന്റെ തറക്കല്ലിടലിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, ഇത് രാജ്യത്ത് ഹൈഡ്രജൻ ഉൽപാദനവും പോളിപ്രൊഫൈലിൻ ആവശ്യകതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അറിയിച്ചു. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ഏകതാ മാളുകളുടെ തറക്കല്ലിടൽ പരാമർശിച്ചുകൊണ്ട്, ഇത് ഇന്ത്യയുടെ കുടിൽ വ്യവസായത്തെയും കരകൗശല വസ്തുക്കളെയും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകുമെന്നും അതുവഴി വോക്കൽ ഫോർ ലോക്കൽ എന്ന സർക്കാരിന്റെ ദൗത്യത്തെ മെച്ചപ്പെടുത്തുകയും വികസിത് ഭാരതിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയിലെ യുവജനസംഖ്യ എടുത്തുപറഞ്ഞുകൊണ്ട്, ഇന്നത്തെ ഉദ്ഘാടനങ്ങൾ അവരുടെ വർത്തമാനകാലത്തിനാണെന്നും ഇന്നത്തെ തറക്കല്ലുകൾ അവരുടെ ശോഭനമായ ഭാവി ഉറപ്പുനൽകുമെന്നും പ്രധാനമന്ത്രി രാജ്യത്തെ യുവജനങ്ങളോട് പറഞ്ഞു.

 

2014-ന് മുമ്പുള്ള റെയിൽവേ ബജറ്റുകളുടെ സമീപനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പൊതു ബജറ്റിൽ റെയിൽവേ ബജറ്റ് ഉൾപ്പെടുത്തിയതിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. അത് പൊതു ബജറ്റിൽ നിന്ന് റെയിൽവേ ചെലവ് ലഭ്യമാക്കുന്നത് സാധ്യമാക്കി. സമയനിഷ്ഠ, ശുചിത്വം, പൊതു സൗകര്യങ്ങൾ എന്നിവയുടെ അഭാവത്തിന് പുറമേ 2014-ന് മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 6 തലസ്ഥാനങ്ങളിൽ റെയിൽവേ കണക്റ്റിവിറ്റി ഇല്ലായിരുന്നുവെന്നും 10,000-ത്തിലധികം ആളില്ലാ റെയിൽവേ ക്രോസിംഗുകൾ ഉണ്ടായിരുന്നെന്നും 35 ശതമാനം റെയിൽവേ ലൈനുകൾ മാത്രമേ വൈദ്യുതവൽക്കരിച്ചിരുന്നുള്ളുവെന്നും റെയിൽവേ റിസർവേഷനുകൾ അഴിമതിയും നീണ്ട ക്യൂവും മൂലം നശിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

"നരകതുല്യമായ അവസ്ഥയിൽ നിന്ന് റെയിൽവേയെ കരകയറ്റാനുള്ള ഇച്ഛാശക്തി നമ്മുടെ ഗവൺമെന്റ് പ്രകടിപ്പിച്ചു. ഇപ്പോൾ റെയിൽവേ വികസനം ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നാണ്," പ്രധാനമന്ത്രി പറഞ്ഞു. 2014 മുതലുളള ബജറ്റിൽ ആറിരട്ടി വർദ്ധനവ് തുടങ്ങിയ പദ്ധതികൾ വേർതിരിച്ചു പറഞ്ഞ പ്രധാനമന്ത്രി അടുത്ത 5 വർഷത്തിനുള്ളിൽ റെയിൽവേയുടെ പരിവർത്തനം ചിന്തിക്കുന്നതിലും അപ്പുറമാകുമെന്നും ഉറപ്പു നൽകി. 'ഈ 10 വർഷത്തെ പ്രവർത്തനം ഒരു ട്രെയിലർ മാത്രമാണ്. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു. ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിനുകൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമല്ല, വന്ദേ ഭാരത് ട്രെയിനുകൾ നൂറെണ്ണം പിന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വന്ദേ ഭാരത് നെറ്റ്വർക്ക് രാജ്യത്തെ 250 ജില്ലകളെ ബന്ധിപ്പിക്കുന്നു. ജനങ്ങളുടെ ആഗ്രഹത്തിന് വഴങ്ങി വന്ദേ ഭാരതിന്റെ റൂട്ടുകൾ വിപുലീകരിക്കുകയാണ്.

ഒരു രാജ്യം വികസിതവും സാമ്പത്തികമായി പര്യാപ്തവുമാകുന്നതിൽ റെയിൽവേയുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി, ''റെയിൽവേയുടെ പരിവർത്തനം വികസിത് ഭാരതിന്റെ ഉറപ്പാണ്'' എന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേയുടെ പരിവർത്തന ഭൂമികയിലേക്ക് അദ്ദേഹം വെളിച്ചം വീശുകയും അതിവേഗത്തിൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുകയും 1300 ലധികം റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം, വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ അടുത്ത തലമുറ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ആധുനിക റെയിൽവേ എഞ്ചിനുകളും കോച്ച് ഫാക്ടറികളും അനാച്ഛാദനം ചെയ്യുകയും ചെയ്തു. 

 

ഗതി ശക്തി കാർഗോ ടെർമിനൽ പോളിസിക്ക് കീഴിൽ, ഭൂമി പാട്ടത്തിന് നൽകുന്ന നയം ലഘൂകരിക്കുകയും ഓൺലൈൻ ആക്കി സുതാര്യമാക്കുകയും ചെയ്തതിനാൽ കാർഗോ ടെർമിനലിന്റെ നിർമ്മാണം വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഗതി ശക്തി സർവകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. റെയിൽവേയുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി തുടർന്ന് പരാമർശിക്കുകയും ആളില്ലാ ലെവൽ ക്രോസിംഗുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനങ്ങളെക്കുറിച്ചും അറിയിക്കുകയും ചെയ്തു. 100 ശതമാനം വൈദ്യുതീകരണത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകളും ജൻ ഔഷധി കേന്ദ്രങ്ങളും സ്റ്റേഷനുകളിൽ വരുന്നു.

'ഈ റെയിൽവേ ട്രെയിനുകളുടെയും ട്രാക്കുകളുടെയും സ്റ്റേഷനുകളുടെയും നിർമ്മാണം ഒരു ഇന്ത്യൻ നിർമ്മിത ആവാസവ്യവസ്ഥയെ സൃഷ്ടിക്കുകയാണ്', പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്ക, മൊസാംബിക്, സെനഗൽ, മ്യാൻമർ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് മെയ്ഡ് ഇൻ ഇന്ത്യ ലോക്കോമോട്ടീവുകളും കോച്ചുകളും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മെയ്ഡ് ഇൻ ഇന്ത്യ സെമി ഹൈസ്പീഡ് ട്രെയിനുകളുടെ ആവശ്യം ഇത്തരം നിരവധി ഫാക്ടറികളുടെ ആവിർഭാവത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേയുടെ പുനരുജ്ജീവനവും പുതിയ നിക്ഷേപങ്ങളും പുതിയ തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഈ സംരംഭങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നവരെ പ്രധാനമന്ത്രി വിമർശിച്ചു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ വികസന പദ്ധതികൾ ഒരു ഗവൺമെന്റ് രൂപീകരിക്കാനുള്ളതല്ല, അവ രാഷ്ട്രനിർമ്മാണത്തിന്റെ ദൗത്യമാണ് അടുത്ത തലമുറയ്ക്ക് മുൻ തലമുറകളുടെ പ്രശ്നം നേരിടേണ്ടിവരില്ല, 'ഇതാണ് മോദിയുടെ ഉറപ്പ്', അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ 10 വർഷത്തെ വികസനത്തിന്റെ ഉദാഹരണമായി കിഴക്കൻ, പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴികൾ പ്രധാനമന്ത്രി അവതരിപ്പിച്ചു. ചരക്കു തീവണ്ടികൾക്കായുള്ള ഈ പ്രത്യേക ട്രാക്ക് വേഗത മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷി, വ്യവസായം, കയറ്റുമതി, ബിസിനസ്സ് എന്നിവയ്ക്കും പ്രധാനമാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, കിഴക്കും പടിഞ്ഞാറും തീരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് ഇടനാഴി ഏകദേശം പൂർത്തിയായി. ഇന്ന് 600 കിലോമീറ്റർ ചരക്ക് ഇടനാഴി ഉദ്ഘാടനം ചെയ്തു, അഹമ്മദാബാദിൽ ഓപ്പറേഷൻ കൺട്രോൾ സെന്റർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ശ്രമഫലമായി ഈ ഇടനാഴിയിൽ ചരക്ക് തീവണ്ടികളുടെ വേഗത ഇപ്പോൾ ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ ഇടനാഴിയിലും ഒരു വ്യവസായ ഇടനാഴി വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് റെയിൽവേ ഗുഡ്‌സ് ഷെഡ്, ഗതി ശക്തി മൾട്ടിമോഡൽ കാർഗോ ടെർമിനൽ, ഡിജിറ്റൽ കൺട്രോൾ സ്റ്റേഷൻ, റെയിൽവേ വർക്ക്‌ഷോപ്പ്, റെയിൽവേ ലോക്കോ ഷെഡ്, റെയിൽവേ ഡിപ്പോ എന്നിവയും പലയിടത്തും ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്നും ഇത് ചരക്ക് ഗതാഗതത്തിലും നല്ല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യൻ റെയിൽവേയെ ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ എന്നിവയ്ക്കായുള്ള മാധ്യമമാക്കുക എന്നതാണ് സർക്കാരിന്റെ ഊന്നൽ', രാജ്യത്തെ വിശ്വകർമജർ, കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന സ്ത്രീ പുരുഷൻമാർ, സ്വയം സഹായ സംഘങ്ങൾ എന്നിവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയിലൂടെ ഇതിനകം 1500 സ്റ്റാളുകൾ തുറന്നതായും അറിയിച്ചു.

വികസനത്തോടൊപ്പം പൈതൃകത്തിന്റെ മന്ത്രം സാക്ഷാത്കരിക്കുന്നതിനൊപ്പം പ്രാദേശിക സംസ്‌കാരവും വിശ്വാസവുമായി ബന്ധപ്പെട്ട ടൂറിസം ഇന്ത്യൻ റെയിൽവേ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോദി ആഹ്ലാദം പ്രകടിപ്പിച്ചു. 'ഇന്ന് രാമായണ സർക്യൂട്ട്, ഗുരു-കൃപ സർക്യൂട്ട്, ജൈന യാത്ര എന്നിവയിലൂടെ ഭാരത് ഗൗരവ് ട്രെയിനുകൾ ഓടുന്നു, ആസ്ത സ്‌പെഷ്യൽ ട്രെയിൻ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ശ്രീരാമ ഭക്തരെ അയോധ്യയിലേക്ക് കൊണ്ടുപോകുന്നു', പ്രധാനമന്ത്രി മോദി പറഞ്ഞു, ഏകദേശം 350 ആസ്ത ട്രെയിനുകൾ ഉണ്ടെന്ന് അറിയിച്ചു. അയോധ്യയിൽ രാംലല്ലയുടെ ദർശനത്തിനായി ഇതിനകം 4.5 ലക്ഷത്തിലധികം ഭക്തർ ട്രെയിൻ യാത്ര നടത്തിയതായും അദ്ദേഹം പറഞ്ഞു.

 

പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ''ഇന്ത്യൻ റെയിൽവേ ആധുനികതയുടെ വേഗതയിൽ മുന്നോട്ട് പോകും. ഇതാണ് മോദിയുടെ ഉറപ്പ്." വികസനത്തിന്റെ ഈ ആഘോഷം തുടരാൻ സഹകരിക്കണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.

ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈസ്നവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് മേഖലയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, പ്രധാനമന്ത്രി അഹമ്മദാബാദിലെ ഡിഎഫ്സിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശിച്ച് ശിലാസ്ഥാപനം നടത്തുകയും 1,06,000 കോടി രൂപയുടെ ഒരു കൂട്ടം റെയിൽവേ, പെട്രോകെമിക്കൽസ് പദ്ധതികൾ സമർപ്പിക്കുകയും ചെയ്തു. 

റെയിൽവേ വർക്ക് ഷോപ്പുകൾ, ലോക്കോ ഷെഡുകൾ, പിറ്റ് ലൈനുകൾ/ കോച്ചിംഗ് ഡിപ്പോകൾ എന്നിവയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ഫാൽട്ടൻ - ബാരാമതി പുതിയ ലൈൻ; ഇലക്ട്രിക് ട്രാക്ഷൻ സിസ്റ്റം അപ്ഗ്രേഡേഷൻ ജോലികൾ നടത്തുകയും കിഴക്കൻ ഡിഎഫ്സിയുടെ ന്യൂ ഖുർജ മുതൽ സഹ്നെവാൾ വരെയുള്ള (401 Rkm) വിഭാഗത്തിനും വെസ്റ്റേൺ DFC യുടെ ന്യൂ മകർപുര മുതൽ ന്യൂ ഗോൽവാദ് (244 Rkm) വരെയുള്ള ചരക്ക് ഇടനാഴിയുടെ രണ്ട് പുതിയ ഭാഗങ്ങൾ, വെസ്റ്റേൺ ഡിഎഫ്സിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്റർ (ഒസിസി), അഹമ്മദാബാദ് എന്നിവ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യുന്നു; 

അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു- ഡോ. എംജിആർ സെൻട്രൽ (ചെന്നൈ), പട്ന- ലഖ്നൗ, ന്യൂ ജൽപായ്ഗുരി-പട്ന, പുരി-വിശാഖപട്ടണം, ലഖ്നൗ-ഡെറാഡൂൺ, കലബുറഗി, സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു, റാഞ്ചി-വാരണാസി, ഖജുരാഹോ- ഡൽഹി (നിസാമുദ്ദീൻ) എന്നിവിടങ്ങളിൽ പത്ത് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. 

നാല് വന്ദേഭാരത് ട്രെയിനുകളുടെ വിപുലീകരണവും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. അഹമ്മദാബാദ്-ജാംനഗർ വന്ദേ ഭാരത് ദ്വാരക വരെയും അജ്മീർ- ഡൽഹി സരായ് രോഹില്ല വന്ദേ ഭാരത് ചണ്ഡീഗഡ് വരെയും ഗോരഖ്പൂർ-ലക്നൗ വന്ദേ ഭാരത് പ്രയാഗ്രാജ് വരെയും തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മംഗളൂരു വരെയും നീട്ടി. അസൻസോളിനും ഹാത്തിയയ്ക്കും തിരുപ്പതിക്കും കൊല്ലം സ്റ്റേഷനുമിടയിൽ രണ്ട് പുതിയ പാസഞ്ചർ ട്രെയിനുകളും ഉദ്ഘാടനം ചെയ്തു.

ന്യൂ ഖുർജ ജൻ., സഹ്നേവാൾ, ന്യൂ റിവാരി, ന്യൂ കിഷൻഗഡ്, ന്യൂ ഗോൽവാദ്, ന്യൂ മകർപുര എന്നിവിടങ്ങളിൽ നിന്നുള്ള സമർപ്പിത ചരക്ക് ഇടനാഴിയിലെ ചരക്ക് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രി രാഷ്ട്രത്തിന് 50 പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ സമർപ്പിച്ചു. ഈ ജൻ ഔഷധി കേന്ദ്രങ്ങൾ താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ജനറിക് മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കും.

51 ഗതി ശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനലുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ ടെർമിനലുകൾ വ്യത്യസ്ത ഗതാഗതമാർഗങ്ങൾക്കിടയിൽ ചരക്കുകളുടെ തടസ്സമില്ലാത്ത നീക്കത്തെ പ്രോത്സാഹിപ്പിക്കും.

80 വിഭാഗങ്ങളിലായി 1045 Rkm ഓട്ടോമാറ്റിക് സിഗ്‌നലിംഗ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ നവീകരണം ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കും. 2646 സ്റ്റേഷനുകളിൽ റെയിൽവേ സ്റ്റേഷനുകളുടെ നാഷൻ ഡിജിറ്റൽ കൺട്രോളിംഗിനും പ്രധാനമന്ത്രി സമർപ്പിച്ചു. ഇത് ട്രെയിനുകളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തും.

35 റെയിൽ കോച്ച് റെസ്റ്റോറന്റുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. റെയിൽവേയ്ക്ക് നിരക്ക് ഇതര വരുമാനം ഉണ്ടാക്കുന്നതിനൊപ്പം യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് റെയിൽ കോച്ച് റെസ്റ്റോറന്റ് ലക്ഷ്യമിടുന്നത്.

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 1500-ലധികം ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്ന സ്റ്റാളുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഈ സ്റ്റാളുകൾ പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക കരകൗശല തൊഴിലാളികൾക്കും ബിസിനസുകൾക്കും വരുമാനം ഉണ്ടാക്കുകയും ചെയ്യും.

975 സ്ഥലങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾ/കെട്ടിടങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ സംരംഭം ഇന്ത്യയുടെ പുനരുപയോഗ ഊർജ ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുകയും റെയിൽവേയുടെ കാർബൺ ഫുട്പ്രിൻ്റ് കുറയ്ക്കുകയും ചെയ്യും.

ഗുജറാത്തിലെ ദഹേജിൽ ഈഥെയ്ൻ, പ്രൊപ്പെയ്ൻ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്ന 20,600 കോടി രൂപയിലധികം വിലമതിക്കുന്ന പെട്രോനെറ്റ് എൽ എൻ ജിയുടെ പെട്രോകെമിക്കൽസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. നിലവിലുള്ള എൽഎൻജി റീഗാസിഫിക്കേഷൻ ടെർമിനലിനു സമീപം പെട്രോകെമിക്കൽസ് കോംപ്ലക്‌സ് സ്ഥാപിക്കുന്നത് പദ്ധതിയുടെ മൂലധന ചെലവിലും പ്രവർത്തന ചെലവിലും ഗണ്യമായ ലാഭമുണ്ടാക്കും.

പദ്ധതി നടപ്പാക്കുന്നത് നിർവഹണ ഘട്ടത്തിൽ 50,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതിന്റെ പ്രവർത്തന ഘട്ടത്തിൽ 20,000 ത്തിലധികം ആളുകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലെ ഏകതാ മാളുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഏകദേശം 400 കോടി രൂപ വിലമതിക്കുന്നവയാണിത്

ഇന്ത്യൻ കൈത്തറി, കരകൗശല വസ്തുക്കൾ, പരമ്പരാഗത ഉൽപ്പന്നങ്ങൾ, ODOP ഉൽപ്പന്നങ്ങൾ എന്നിവയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെ ഏകതാ മാളുകൾ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഐക്യത്തിന്റെയും നാനാത്വത്തിന്റെയും പ്രതീകമാണ് ഏകതാ മാളുകൾ, അതുപോലെ നമ്മുടെ പരമ്പരാഗത വൈദഗ്ധ്യങ്ങളുടെയും മേഖലകളുടെയും വികസനത്തിനും ശാക്തീകരണത്തിനും ഉത്തേജകമാണ്.

പുതുതായി വൈദ്യുതീകരിച്ച സെക്ഷനുകളുടെ സമർപ്പണം, ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ/മൾട്ടി ട്രാക്കിംഗ്, റെയിൽവേ ഗുഡ്സ് ഷെഡുകൾ, വർക്ക്ഷോപ്പുകൾ, ലോക്കോ ഷെഡുകൾ, പിറ്റ് ലൈനുകൾ/കോച്ചിംഗ് ഡിേപ്പാകൾ എന്നിവയുടെ വികസനം തുടങ്ങി വിവിധ പദ്ധതികളും പ്രധാനമന്ത്രി നിർവ്വഹിച്ചു. ആധുനികവും കരുത്തുറ്റതുമായ റെയിൽവേ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ സമർപ്പണത്തിന്റെ തെളിവാണ് ഈ പദ്ധതികൾ. ഈ നിക്ഷേപം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക മാത്രമല്ല, സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”