രാജ്യത്തെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്കുള്ള പെണ്‍കുട്ടികളുടെ പ്രവേശനം പിന്തുണയ്ക്കാന്‍ ലക്ഷ്യമിടുന്ന ബോയിങ് സുകന്യ പദ്ധതിക്കു തുടക്കംകുറിച്ചു
പ്രധാനമന്ത്രിയുടെ സ്വയംപര്യാപ്ത ഇന്ത്യ സംരംഭത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ബോയിങ് ക്യാമ്പസ് മാറും: ബോയിങ് കമ്പനി സിഒഒ സ്റ്റെഫാനി പോപ്പ്
“ബിഐഇടിസി നവീകരണത്തിനും വ്യോമയാന മേഖലയിലെ മുന്നേറ്റങ്ങള്‍ക്കുമുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കും”
“ബെംഗളൂരു ആഗ്രഹങ്ങളെ നൂതനാശയങ്ങളോടും നേട്ടങ്ങളോടും കൂട്ടിയിണക്കുന്നു”
“പുതിയ വ്യോമയാന കേന്ദ്രമായി കര്‍ണാടകം വളരുന്നതിന്റെ വ്യക്തമായ സൂചനയാണ് ബോയിങ്ങിന്റെ പുതിയ കേന്ദ്രം”
“ഇന്ത്യയിലെ പൈലറ്റുമാരില്‍ 15 ശതമാനം സ്ത്രീകളാണ്; ഇത് ആഗോള ശരാശരിയേക്കാള്‍ 3 മടങ്ങ് കൂടുതലാണ്”
“ചന്ദ്രയാന്റെ വിജയം ഇന്ത്യയിലെ യുവാക്കളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തി”
“അതിവേഗം വളരുന്ന വ്യോമയാന മേഖല ഇന്ത്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രചോദനം നല്‍കുന്നു”
“അടുത്ത 25 വര്‍ഷത്തിനുള്ളിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്നത് ഇപ്പോള്‍ 140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയമായി മാറിയിരിക്കുന്നു”
“‘മെയ്ക്ക് ഇൻ ഇന്ത്യ’യെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ നയസമീപനം ഓരോ നിക്ഷേപകനും പ്രയോജനപ്രദമാണ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എൻജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ (ബിഐഇടിസി) ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. 1600 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച 43 ഏക്കര്‍ ക്യാമ്പസ് അമേരിക്കയ്ക്കു പുറത്ത് ബോയിങ്ങിന്റെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ പെണ്‍കുട്ടികളുടെ പ്രവേശനം പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോയിങ് സുകന്യ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

എക്സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി സുകന്യ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി.

 

ഇന്ത്യയിലെ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നല്‍കുന്ന ശ്രദ്ധയെയും, ബോയിങ് സുകന്യ പദ്ധതി ഇന്ന് യാഥാര്‍ഥ്യമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പ്രധാന പങ്കിനെയും ബോയിങ് കമ്പനിയുടെ സിഒഒ സ്റ്റെഫാനി പോപ്പ് അഭിനന്ദിച്ചു. തുടര്‍ച്ചയായ പിന്തുണയ്ക്ക് അവര്‍ നന്ദി പ്രകടിപ്പിക്കുകയും എയ്‌റോസ്‌പേസിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും ചെയ്തു. ഈ പുതിയ ക്യാമ്പസ് ബോയിങ്ങിന്റെ എൻജിനിയറിങ് പാരമ്പര്യത്തിന്റെ തെളിവാണെന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലഭ്യത, കഴിവുകളുടെ ആഴം, കഴിവ് എന്നിവയിലുള്ള വിശ്വാസത്തിന് ഇത് അടിവരയിടുന്നുവെന്നും സ്റ്റെഫാനി പറഞ്ഞു. പുതിയ ക്യാമ്പസിന്റെ സാധ്യതകളെക്കുറിച്ചും ഇന്ത്യയെ എയ്‌റോസ്‌പേസ് വ്യവസായത്തിന്റെ മുന്‍നിരയിലേക്ക് നയിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള ബോയിങ്ങിന്റെ പദ്ധതിയെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ആത്യന്തികമായി, പുതിയ ബോയിങ് ക്യാമ്പസ് പ്രധാനമന്ത്രിയുടെ സ്വയംപര്യാപ്ത ഇന്ത്യ സംരംഭത്തിന്റെ അല്ലെങ്കില്‍ ‘ആത്മനിര്‍ഭരത’യുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി മാറുമെന്ന് സ്റ്റെഫാനി പറഞ്ഞു. സുകന്യ പദ്ധതിയുടെ ആശയത്തിന് പ്രധാനമന്ത്രിയെ പ്രശംസിച്ച അവര്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വ്യോമയാന മേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള ബോയിങ്ങിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. “ഈ പദ്ധതി തടസ്സങ്ങള്‍ ഭേദിക്കുകയും കൂടുതല്‍ സ്ത്രീകളെ എയ്‌റോസ്‌പേസില്‍ കരിയര്‍ പിന്തുടരാന്‍ പ്രചോദിപ്പിക്കുകയും ചെയ്യും” - അവര്‍ പറഞ്ഞു. മിഡില്‍ സ്‌കൂളുകളില്‍ STEM ലാബുകള്‍ നല്‍കാനുള്ള പദ്ധതികളെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ബോയിങ്ങിന്റെയും ഇന്ത്യയുടെയും പങ്കാളിത്തം വ്യോമയാനത്തിന്റെ ഭാവി രൂപപ്പെടുത്തുമെന്നും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സാങ്കേതിക സാധ്യതകളെ ആഗോള ആവശ്യങ്ങളിലേക്കും, ആഗ്രഹങ്ങളെ നവീനാശയങ്ങളിലേക്കും നേട്ടങ്ങളിലേക്കും  ബന്ധിപ്പിക്കുന്ന നഗരമാണ് ബെംഗളൂരുവെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. “ബോയിങ്ങിന്റെ പുതിയ സാങ്കേതിക ക്യാമ്പസ് ഈ വിശ്വാസത്തെ ശക്തിപ്പെടുത്താന്‍ പോകുന്നു”വെന്നും പുതുതായി ഉദ്ഘാടനം ചെയ്ത ക്യാമ്പസ് യുഎസ്എയ്ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന ബോയിങ്ങിന്റെ ഏറ്റവും വലിയ കേന്ദ്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ വലിപ്പവും പ്രാധാന്യവും ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയും വ്യോമയാന വിപണിക്കു കരുത്തേകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം, രൂപകൽപ്പന, ആവശ്യകത എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ കേന്ദ്രം തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇത് 'മേക്ക് ഇൻ ഇന്ത്യ-മേക്ക് ഫോർ ദ വേൾഡ്’ പ്രമേയത്തിനു കരുത്തേകുന്നു” - അദ്ദേഹം പറഞ്ഞു. “ഈ ക്യാമ്പസ് ഇന്ത്യയുടെ പ്രതിഭകളിലുള്ള ലോകത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുദിവസം ഈ കേന്ദ്രത്തിൽ ഭാവിയിലെ വിമാനങ്ങൾ ഇന്ത്യ രൂപകൽപ്പന ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ഫാക്ടറി കഴിഞ്ഞ വർഷം കർണാടകത്തിൽ ഉദ്ഘാടനം ചെയ്തത് അനുസ്മരിച്ച പ്രധാനമന്ത്രി, കർണാടകം പുതിയ വ്യോമയാന കേന്ദ്രമായി ഉയരുന്നതിന്റെ വ്യക്തമായ സൂചനയാണു ബോയിങ്ങിന്റെ പുതിയ കേന്ദ്രമെന്നു പറഞ്ഞു. വ്യോമയാന വ്യവസായത്തിൽ പുതിയ വൈദഗ്ധ്യം നേടുന്നതിന് ഇപ്പോൾ നിരവധി അവസരങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ യുവാക്കളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. ജി-20 അധ്യക്ഷകാലയളവിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് ഇന്ത്യ നൽകുന്ന ഊന്നൽ ആവർത്തിച്ചു. എയ്‌റോസ്‌പേസ് മേഖലയിൽ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധവിമാനത്തിന്റെ പൈലറ്റുമാരാകട്ടെ, വ്യോമയാന മേഖലയാകട്ടെ, ഇവയിലെല്ലാം വനിതാ പൈലറ്റുമാരുടെ എണ്ണത്തിൽ ഇന്ത്യയാണ് ലോകത്തിന്റെ മുൻനിരയിൽ”- ഇന്ത്യയിലെ പൈലറ്റുമാരിൽ 15 ശതമാനം സ്ത്രീകളാണെന്ന് ചൂണ്ടിക്കാട്ടി അഭിമാനത്തോടെ പ്രധാനമന്ത്രി പറഞ്ഞു. ഇത് ആഗോള ശരാശരിയേക്കാൾ 3 മടങ്ങ് കൂടുതലാണ്. ബോയിങ് സുകന്യ പദ്ധതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വ്യോമയാന മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന് ഇത് ഉത്തേജനം നൽകുമെന്നും വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർക്ക് പൈലറ്റ് ആകാനുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും പറഞ്ഞു. പദ്ധതിക്കു കീഴിൽ, പൈലറ്റായി കരിയർ തുടരുന്നതിന് ഗവണ്മെന്റ് സ്‌കൂളുകളിൽ കരിയർ പരിശീലനവും വികസനസൗകര്യങ്ങളും ഒരുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ചന്ദ്രയാന്റെ ചരിത്രവിജയം ഇന്ത്യയിലെ യുവാക്കളിൽ ശാസ്ത്രാഭിമുഖ്യം വളർത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. STEM വിദ്യാഭ്യാസത്തിന്റെ കേന്ദ്രമെന്ന ഇന്ത്യയുടെ പദവിക്ക് അടിവരയിട്ട്, പെൺകുട്ടികൾ STEM വിഷയങ്ങൾ വലിയ തോതിൽ ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന ആഭ്യന്തര വിപണിയായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരുദശാബ്ദത്തിനിടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. ഉഡാൻ പോലുള്ള പദ്ധതികൾ ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഖ്യ ഇനിയും വർധിക്കുന്നതിനാൽ ആവശ്യകത വർധിക്കും. ഇത് ആഗോള വ്യോമയാന മേഖലയ്ക്ക് പുത്തൻ ഉത്തേജനം നൽകിക്കൊണ്ട് ഇന്ത്യയുടെ വിമാനക്കമ്പനികളുടെ പുതിയ ഓർഡറുകൾക്ക് കാരണമായി. “പൗരന്മാരുടെ അഭിലാഷങ്ങളും ആവശ്യങ്ങളും പരമപ്രധാനമായി നിലനിർത്തിക്കൊണ്ട് ഇന്ത്യ പ്രവർത്തിക്കുന്നതിനാലാണ് ഇത് സംഭവിച്ചത്” - അദ്ദേഹം പറഞ്ഞു.

 

മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഇന്ത്യയുടെ സാധ്യതകളെ തടയുന്ന തരത്തിലുള്ള മുന്‍കാല മോശം കണക്റ്റിവി മറികടക്കാനായി, കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചറിലെ നിക്ഷേപത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ഏറ്റവും നല്ല പരസ്പരബന്ധിതമായ വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ 150-ഓളം പ്രവര്‍ത്തനക്ഷമമായ എയര്‍പോര്‍ട്ടുകളാണുള്ളതെന്നും 2014-ലെ 70 വിമാനത്താവളങ്ങളില്‍ നിന്നാണ് ഈ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളുടെ കാര്യക്ഷമത ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയിലേക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്ന വര്‍ധിച്ച എയര്‍ കാര്‍ഗോ ശേഷിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ഇന്ത്യയുടെ എയര്‍പോര്‍ട്ട് കപ്പാസിറ്റി വര്‍ധിച്ചതിനെത്തുടർന്നുണ്ടായിട്ടുള്ള എയര്‍ കാര്‍ഗോ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിദൂര പ്രദേശങ്ങളില്‍ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് ഉല്‍പ്പന്നങ്ങളുടെ ഗതാഗതം എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന വ്യോമയാന മേഖല ഇന്ത്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആക്കം കൂട്ടുന്നു, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

വ്യോമയാന മേഖലയുടെ വളര്‍ച്ച തുടരുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ഗവണ്‍മെന്റ് തുടര്‍ച്ചയായി നയപരമായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. വിമാന ഇന്ധനവുമായി ബന്ധപ്പെട്ട നികുതി കുറയ്ക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് എളുപ്പമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിനും ധനസഹായം നല്‍കുന്നതിനുമുള്ള ഇന്ത്യയുടെ ഓഫ്ഷോര്‍ ആശ്രിതത്വം കുറയ്ക്കുന്നതിന് ഗിഫ്റ്റ് സിറ്റിയില്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രാജ്യത്തെ മുഴുവന്‍ വ്യോമയാന മേഖലയ്ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചെങ്കോട്ടയില്‍ നിന്നുള്ള 'ഇതാണ് സമയം, ശരിയായ സമയം' എന്ന തന്റെ പ്രഖ്യാപനം അനുസ്മരിച്ചുകൊണ്ട്, ബോയിംഗിനും മറ്റ് അന്താരാഷ്ട്ര കമ്പനികള്‍ക്കും അവരുടെ വളര്‍ച്ചയെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഉയര്‍ച്ചയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശരിയായ സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നത് 140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയമായി മാറിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ തങ്ങള്‍ ഏകദേശം 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും, ഈ കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഇപ്പോള്‍ ഒരു നവ-മധ്യവര്‍ഗത്തെ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയിലെ എല്ലാ വരുമാന വിഭാഗങ്ങളും മുകളിലേക്കുള്ള വളര്‍ച്ചയുടെ പ്രവണത കാണിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ ടൂറിസം മേഖലയുടെ വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സൃഷ്ടിക്കപ്പെടുന്ന എല്ലാ പുതിയ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താന്‍ പങ്കാളികളോട് അഭ്യര്‍ത്ഥിച്ചു.

 

 

എംഎസ്എംഇകളുടെ ഇന്ത്യയുടെ ശക്തമായ ശൃംഖല, വലിയ ടാലന്റ് പൂള്‍, ഇന്ത്യയില്‍ സ്ഥിരതയുള്ള ഗവണ്‍മെന്റ് എന്നിവയുടെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഇന്ത്യയില്‍ ഒരു വിമാന നിര്‍മ്മാണ ആവാസവ്യവസ്ഥ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ നയ സമീപനം ഓരോ നിക്ഷേപകര്‍ക്കും വിജയിക്കാനുള്ള സാഹചര്യം പ്രദാനം ചെയ്യുന്നു.' പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണമായും രൂപകല്‍പ്പന ചെയ്തതും ഇന്ത്യയില്‍ നിര്‍മ്മിച്ചതുമായ ബോയിംഗ് വിമാനത്തിനായി ഇന്ത്യ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ഇന്ത്യയുടെ അഭിലാഷങ്ങളും ബോയിംഗിന്റെ വിപുലീകരണവും ശക്തമായ പങ്കാളിത്തമായി ഉയര്‍ന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്', പ്രധാനമന്ത്രി മോദി പറഞ്ഞു.
കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെലോട്ട്, കര്‍ണാടക മുഖ്യമന്ത്രി, ശ്രീ സിദ്ധരാമയ്യ, ബോയിംഗ് കമ്പനിയുടെ സിഒഒ, ശ്രീമതി സ്റ്റെഫാനി പോപ്പ്, ബോയിംഗ് ഇന്ത്യ, ദക്ഷിണേഷ്യന്‍ പ്രസിഡന്റ് സലില്‍ ഗുപ്‌തെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിംഗ് ഇന്ത്യ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി സെന്റര്‍ (ബിഐഇടിസി) കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 43 ഏക്കര്‍ വിസ്തൃതിയുള്ള കാമ്പസ് 1600 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. യു എസ്എയ്ക്ക് പുറത്തുള്ള ബോയിംഗിന്റെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യയിലെ ബോയിങ്ങിന്റെ പുതിയ കാമ്പസ്, ഇന്ത്യയിലെ ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ്, സ്വകാര്യ, ഗവണ്‍മെന്റ് ഇക്കോസിസ്റ്റം എന്നിവയുമായുള്ള പങ്കാളിത്തത്തിനുള്ള ആണിക്കല്ലായി മാറുകയും ആഗോള എയ്റോസ്പേസ്, പ്രതിരോധ വ്യവസായത്തിനായി അടുത്ത തലമുറ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

 

രാജ്യത്തിന്റെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോയിംഗ് സുകന്യ പ്രോഗ്രാമും പ്രധാനമന്ത്രി ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്സ് (STEM) മേഖലകളില്‍ നിര്‍ണായക വൈദഗ്ധ്യം ആര്‍ജിക്കാനും വ്യോമയാന മേഖലയിലെ ജോലികള്‍ക്കായി പരിശീലനം നേടാനും ഈ പ്രോഗ്രാം അവസരമൊരുക്കും. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്കായി, STEM കരിയറില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതിന് 150 ആസൂത്രിത സ്ഥലങ്ങളില്‍ പ്രോഗ്രാം STEM ലാബുകള്‍ തുറക്കും. പൈലറ്റുമാരാകാന്‍ പരിശീലനം നേടുന്ന സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പും പദ്ധതിയിലൂടെ നല്‍കും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi