പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നവി മുംബൈയിൽ അടൽ ബിഹാരി വാജ്പേയി സേവ്‌രി-നാവ ഷേവ അടൽ സേതു ഉദ്ഘാടനം ചെയ്തു. ഫോട്ടോഗാലറിയും അടൽ സേതുവിന്റെ പ്രദർശനമാതൃകയും ശ്രീ മോദി വീക്ഷിച്ചു.
മൊത്തം 17,840 കോടിയിലധികം രൂപ ചെലവിലാണ് അടല്‍ സേതു നിർമിച്ചിരിക്കുന്നത്. ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“നമ്മുടെ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായ അടൽ സേതു ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഈ പാലം യാത്രാസമയം കുറയ്ക്കുകയും സമ്പർക്കസൗകര്യം വർധിപ്പിക്കുകയും ദൈനംദിനയാത്രകൾ സുഗമമാക്കുകയും ചെയ്യും.”
Delighted to inaugurate Atal Setu, a significant step forward in enhancing the ‘Ease of Living’ for our citizens. This bridge promises to reduce travel time and boost connectivity, making daily commutes smoother. pic.twitter.com/B77PSiGhMK
— Narendra Modi (@narendramodi) January 12, 2024
പ്രധാനമന്ത്രിക്കൊപ്പം മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ്, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസ്, ശ്രീ അജിത് പവാർ എന്നിവരും ഉണ്ടായിരുന്നു.
അടല്‍ ബിഹാരി വാജ്പേയി സേവ്‌രി - നാവ ഷേവ അടല്‍സേതു
നഗരഗതാഗത അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യവും ശക്തിപ്പെടുത്തി പൗരന്മാരുടെ ‘ചലനാത്മകത സുഗമമാക്കുക’ എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന് അനുസൃതമായാണ്, ഇപ്പോള്‍ ‘അടല്‍ ബിഹാരി വാജ്പേയി സേവ്‌രി - നാവ ഷേവ അടല്‍ സേതു’ എന്ന് പേരിട്ടിരിക്കുന്ന മുംബൈ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) നിർമിച്ചത്. 2016 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് പാലത്തിന് തറക്കല്ലിട്ടത്.
മൊത്തം 17,840 കോടിയിലധികം രൂപ ചെലവിലാണ് അടല്‍ സേതു നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലവും, ഏറ്റവും നീളം കൂടിയ കടല്‍പ്പാലവുമാണ് ഇത്. ഇത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അതിവേഗ സമ്പര്‍ക്കസൗകര്യം നല്‍കുകയും മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കുകയും ചെയ്യും. ഇത് മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള സമ്പര്‍ക്കസൗകര്യവും മെച്ചപ്പെടുത്തും.