ദ്വാരക അതിവേഗപാതയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന ഭാഗം ഉദ്ഘാടനം ചെയ്തു
“2024ൽ മൂന്നു മാസത്തിനുള്ളിൽ 10 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയോ തറക്കല്ലിടുകയോ ചെയ്തു”
“പ്രശ്നങ്ങളെ സാധ്യതകളാക്കി മാറ്റുന്നതാണു മോദിയുടെ ഉറപ്പ്”
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വലിയ കാഴ്ചപ്പാടുകളുടെയും വലിയ ലക്ഷ്യങ്ങളുടെയും ഇന്ത്യയാണ്”
“നേരത്തെയുണ്ടായിരുന്നത് കാലതാമസമായിരുന്നു; ഇപ്പോൾ വിതരണമാണുള്ളത്; നേരത്തെ കാലതാമസമുണ്ടായിരുന്നു, ഇപ്പോൾ വികസനമുണ്ട്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹരിയാനയിലെ ഗുരുഗ്രാമിൽ രാജ്യമെമ്പാടുമുള്ള ഒരു ലക്ഷം കോടിരൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനുപേർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുത്തു.

ചടങ്ങിൽ സംസാരിക്കവേ, ഡൽഹിയിൽ പരിപാടികൾ നടത്തുന്ന സംസ്‌കാരത്തിൽനിന്നു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വലിയ പരിപാടികൾ നടത്തുന്നതിലേക്കുള്ള മാറ്റം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക സമ്പർക്കസൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യം ഇന്നു മറ്റൊരു വലിയ, സുപ്രധാന ചുവടുവയ്പ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ദ്വാരക അതിവേഗപാതയുടെ ഹരിയാന ഭാഗം സമർപ്പിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇത് ഡൽഹിക്കും ഹരിയാണയ്ക്കുമിടയിലുള്ള യാത്രാനുഭവത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്നും വാഹനങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിലും കുതിപ്പുണ്ടാകുമെന്നും പറഞ്ഞു.

 

പദ്ധതികളുടെ നടത്തിപ്പിലെ വേഗത്തിലുള്ള മാറ്റത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, 2024ൽ മൂന്നുമാസത്തിനുള്ളിൽ 10 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയോ തറക്കല്ലിടുകയോ ചെയ്തുവെന്ന് പറഞ്ഞു. ഇന്നത്തെ ഒരു ലക്ഷം കോടി രൂപയുടെ നൂറിലധികം വികസനപദ്ധതികളിൽ ദക്ഷിണേന്ത്യയിൽ കർണാടക, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളെയും വടക്ക്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളെയും കിഴക്ക് ബംഗാളിനെയും ബിഹാറിനെയും പടിഞ്ഞാറ് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങൾ ഉൾപ്പെടുന്നു. ഇന്നത്തെ പദ്ധതികളിൽ അമൃത്‌സർ ബഠിണ്ഡ ജാംനഗർ ഇടനാഴിയിൽ 540 കിലോമീറ്റർ വർധനയും ബെംഗളൂരു റിങ് റോഡിന്റെ വികസനവും ഉൾപ്പെടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങളിൽനിന്നു സാധ്യതകളിലേക്കുള്ള മാറ്റം എടുത്തുകാട്ടി, അടിസ്ഥാനസൗകര്യ വികസനത്തിന്റെ പരിവർത്തനപരമായ സ്വാധീനത്തിനു ശ്രീ നരേന്ദ്ര മോദി ഊന്നൽ നൽകി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു തന്റെ ഭരണത്തിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിബന്ധങ്ങളെ വളർച്ചയുടെ വഴികളാക്കി മാറ്റാനുള്ള തന്റെ ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണു ദ്വാരക അതിവേഗപാ​തയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ അതിവേഗപാത നിർമിച്ചിരിക്കുന്ന പ്രദേശം മുൻകാലങ്ങളിൽ സുരക്ഷിതമല്ലെന്ന് കണക്കാക്കിയിരുന്നത് അദ്ദേഹം ഓർമിപ്പിച്ചു. സൂര്യാസ്തമയത്തിനുശേഷം ഈ വഴി ജനങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ന്, ഇതു ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ദ്രുതഗതിയിലുള്ള വികസനത്തിനു സംഭാവന നൽകുന്ന പ്രമുഖ കോർപ്പറേഷനുകളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നു.

 

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ദ്വാരക അതിവേഗപാതയുടെ തന്ത്രപരമായ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത്തരം അടിസ്ഥാനസൗകര്യ പദ്ധതികൾ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും എൻസിആറിന്റെ മെച്ചപ്പെട്ട ഏകീകരണത്തിലേക്കു നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഹരിയാന ഗവണ്മെന്റിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രി​​ ശ്രീ മനോഹർ ലാൽ ഖട്ടറിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. വികസിത ഹരിയാനയ്ക്കും വികസിത ഭാരതത്തിനും നിർണായകമായ, സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കാനുള്ള അവരുടെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഡൽഹി-എൻസിആർ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള തന്റെ ഗവണ്മെന്റിന്റെ സമഗ്രമായ കാഴ്ചപ്പാട് പ്രധാനമന്ത്രി ആവർത്തിച്ചു. ദ്വാരക അതിവേഗപാത, പ്രാന്തപ്ര​ദേശങ്ങളിലെ അതിവേഗപാതകൾ, ഡൽഹി-മീററ്റ് അതിവേഗപാത തുടങ്ങിയ പ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി. മെട്രോ ലൈനുകളുടെ വിപുലീകരണം, അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിർമാണം എന്നിവയ്ക്കൊപ്പം ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും മേഖലയിലെ മലിനീകരണം കുറയ്ക്കാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വലിയ കാഴ്ചപ്പാടുകളുടെയും വലിയ ലക്ഷ്യങ്ങളുടെയും ഇന്ത്യയാണ്”- പ്രധാനമന്ത്രി പറഞ്ഞു.

 

അടിസ്ഥാനസൗകര്യ വികസനവും ദാരിദ്ര്യനിർമാർജനവും തമ്മിലുള്ള ബന്ധത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഗ്രാമീണ മേഖലയിലെ മെച്ചപ്പെട്ട റോഡുകളും ഡിജിറ്റൽ സമ്പർക്കസൗകര്യവും ഗ്രാമീണർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് എടുത്തുപറഞ്ഞു. ഡിജിറ്റൽ അടിസ്ഥാനസൗകര്യവും ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും പോലുള്ള അവശ്യസേവനങ്ങളുടെ ലഭ്യതയാൽ നയിക്കപ്പെടുന്ന ഗ്രാമീണ ഇന്ത്യയിൽ പുതിയ സാധ്യതകളുടെ ഉദയം അദ്ദേഹം ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റാൻ ഇതുപോലുള്ള സംരംഭങ്ങൾ സഹായിച്ചു, ഇന്ത്യ അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. രാജ്യത്തെ ഈ ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കും” - അദ്ദേഹം പറഞ്ഞു. ഇന്ത്യയൊട്ടാകെ അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ഇത്തരം സംരംഭങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, നിരവധി തൊഴിലവസരങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾക്കായി, സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ്‌വേ (2008ല്‍ പ്രഖ്യാപിച്ച് 2018ല്‍ പൂര്‍ത്തിയായത്) അടക്കം നിലവിലെ ഗവണ്‍മെന്റ് പൂര്‍ത്തീകരിച്ച ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികളെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കഴിഞ്ഞ 20 വര്‍ഷമായി സ്തംഭിച്ചുകിടക്കുന്ന ദ്വാരക അതിവേഗ പാതയും അതുപോലെയാണെന്നും കൂട്ടിച്ചേർത്തു. ''ഇന്ന്, ഏത് പ്രവൃത്തിക്ക് തറക്കല്ലിട്ടാലും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് കഠിനാദ്ധ്വാനം ചെയ്യുന്നു. പിന്നെ അവിടെ തെരഞ്ഞെടുപ്പുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ നോക്കാറുമില്ല'', അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് കിലോമീറ്റര്‍ നീളമുള്ള ഒപ്റ്റിക് ഫൈബറുകള്‍, ചെറുനഗരങ്ങളിലെ വിമാനത്താവളങ്ങള്‍, ഗ്രാമീണപാതകള്‍ തുടങ്ങിയ പദ്ധതികളൊക്കെ തെരഞ്ഞെടുപ്പ് കാലം പരിഗണിക്കാതെ തന്നെ പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

''മുന്‍കാലങ്ങളില്‍ ഇവിടെ കാലതാമസം ഉണ്ടായിരുന്നു, ഇപ്പോഴുള്ളത് അർപ്പണമാണ്. മുന്‍കാലങ്ങളില്‍ ഇവിടെ കാലതാമസമുണ്ടായിരുന്നു, ഇപ്പോഴുള്ളത് വികസനമാണ്'' പ്രധാനമന്ത്രി പറഞ്ഞു. 9,000 കിലോമീറ്റര്‍ അതിവേഗ ഇടനാഴി സൃഷ്ടിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതില്‍ 4,000 കിലോമീറ്റര്‍ ഇതിനകം തന്നെ നിര്‍മ്മിച്ചുകഴിഞ്ഞുവെന്നുംഅദ്ദേഹം പറഞ്ഞു. 2014ലെ 5 നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെട്രോ 21 നഗരങ്ങളില്‍ എത്തിക്കഴിഞ്ഞു. ''വികസന കാഴ്ചപ്പാടോടെയാണ് ഈ പ്രവര്‍ത്തനം നടന്നത്. ഉദ്ദേശം ശരിയാകുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുക. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ ഈ വേഗത പലമടങ്ങ് വര്‍ദ്ധിക്കും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഹരിയാന ഗവര്‍ണര്‍ ശ്രീ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ റാവു ഇന്ദര്‍ജിത് സിംഗ്, ശ്രീ കൃഷന്‍ പാല്‍, ഹരിയാന ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പശ്ചാത്തലം

ദേശീയപാത-48ല്‍ ഡല്‍ഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള ഗതാഗതത്തിരക്കു കുറയ്ക്കാനും ഗതാഗതം മെച്ചപ്പെടുത്താനുമായി, നാഴികകല്ലായ ദ്വാരക അതിവേഗപാതയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടുവരി ദ്വാരക അതിവേഗപാതയുടെ 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹരിയാന ഭാഗം 4100 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തി മുതല്‍ ബസായി റെയില്‍ മേല്‍പ്പാലം (ആര്‍.ഒ.ബി) വരെയുള്ള 10.2 കിലോമീറ്റര്‍ ഭാഗവും, ബസായി റെയില്‍ മേല്‍പ്പാലം മുതല്‍ ഖേഡ്കി ദൗല വരെയുള്ള 8.7 കിലോമീറ്റര്‍ ഭാഗവും ഉള്‍പ്പെടുന്ന രണ്ടു പാക്കേജാണ് ഈ പദ്ധതി. ഡല്‍ഹിയിലെ ഐ.ജി.ഐ വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപ്പാസിലേക്കും ഇതു നേരിട്ടു ബന്ധിപ്പിക്കല്‍ ലഭ്യമാക്കും.
നഗരവുമായി ബന്ധിപ്പിക്കുന്ന 9.6 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാത-2 (യു.ഇ.ആര്‍-2) നാംഗ്ലോയ് - നജഫ്ഗഢ് റോഡ് മുതല്‍ ഡല്‍ഹിയിലെ സെക്ടര്‍ 24 ദ്വാരക ഭാഗം വരെയുള്ള പാക്കേജ്- 3; ഉത്തര്‍പ്രദേശില്‍ 4600 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ലഖ്‌നൗ റിങ് റോഡിന്റെ മൂന്നു പാക്കേജുകള്‍; ആന്ധ്രപ്രദേശ് സംസ്ഥാനത്തില്‍ ഏകദേശം 2950 കോടിരൂപ ചെലവില്‍ വികസിപ്പിച്ച ദേശീയപാത-16ന്റെ ആനന്ദപുരം - പെന്ദുര്‍ത്തി - അനകാപ്പള്ളി ഭാഗം; ഹിമാചല്‍ പ്രദേശില്‍ ഏകദേശം 3400 കോടി രൂപ ചെലവിട്ട ദേശീയപാത-21ന്റെ കിരത്പുര്‍ മുതല്‍ നെര്‍ചൗക്ക് വരെയുള്ള ഭാഗം (2 പാക്കേജുകള്‍); കര്‍ണാടകയിലെ 2750 കോടി രൂപയുടെ ദാബസ്‌പേട്ട - ഹൊസകോട്ടെ ഭാഗം (2 പാക്കേജുകള്‍) എന്നീ പ്രധാന പദ്ധതികള്‍ക്കൊപ്പം, രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി 20,500 കോടി രൂപയുടെ മറ്റ് 42 പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

രാജ്യത്തുടനീളമുള്ള വിവിധ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ആന്ധ്രാപ്രദേശിലെ 14,000 കോടി രൂപയുടെ ബെംഗളൂരു - കടപ്പ - വിജയവാഡ അതിവേഗപാതയുടെ 14 പാക്കേജുകള്‍; ദേശീയപാത-748എ-യില്‍ കര്‍ണാടകയിലെ 8000 കോടി രൂപയുടെ ബെല്‍ഗാവ് - ഹുനഗുണ്ഡ റെയ്ചൂര്‍ ഭാഗത്തിന്റെ ആറു പാക്കേജുകള്‍; ഹരിയാനയില്‍ 4900 കോടിയുടെ ഷാംലി-അംബാല പാതയുടെ മൂന്നു പാക്കേജുകള്‍; പഞ്ചാബില്‍ 3800 കോടിയുടെ അമൃത്‌സര്‍ - ബട്ടിന്‍ഡ ഇടനാഴിയുടെ രണ്ടു പാക്കേജുകള്‍ എന്നീ പ്രധാന പദ്ധതികളോടൊപ്പം രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി 32,700 കോടി രൂപയുടെ മറ്റ് 39 പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു.

ഈ പദ്ധതികള്‍ ദേശീയപാതാശൃംഖലയുടെ വളര്‍ച്ചയ്ക്കും അതോടൊപ്പം സാമൂഹ്യ-സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും.

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”