സുഭാഷ് ചന്ദ്രബോസ് ആപ്‌ദാ പ്രബന്ധൻ പുരസ്കാരജേതാക്കളെ ആദരിച്ചു
"തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പങ്ങൾക്കുശേഷം, ഇന്ത്യയുടെ ദുരന്തനിവാരണ ശ്രമങ്ങളുടെ പങ്ക് ലോകം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു"
"ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയും മാനവ വിഭവശേഷിയും ഇന്ത്യ വിപുലീകരിച്ച രീതി രാജ്യത്തി‌നു മികച്ച സേവനമാണു നൽകിയത്"
"നാം പ്രാദേശികതലത്തിൽ ഭവനനിർമാണത്തിന്റെയോ നഗരാസൂത്രണത്തിന്റെയോ മാതൃകകൾ വികസിപ്പിക്കേണ്ടതുണ്ട്. ഈ മേഖലകളിൽ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം നാം പ്രോത്സാഹിപ്പിക്കണം"
"ദുരന്തനിവാരണം ശക്തിപ്പെടുത്തുന്നതിനുള്ള രണ്ടു പ്രധാന ഘടകങ്ങളാണ് തിരിച്ചറിയലും പരിഷ്കരണവും"
"പ്രാദേശിക പങ്കാളിത്തത്ത‌ിലൂടെ പ്രാദേശിക പുനരുജ്ജീവനം എന്ന തത്വം പാലിച്ചാൽ മാത്രമേ നിങ്ങൾക്കു വിജയം ലഭിക്കൂ"
"വീടുകളുടെ പഴക്കം, ഡ്രെയിനേജ്, വൈദ്യുതിയുടെയും ജല അടിസ്ഥാനസൗകര്യങ്ങളുടെയും പുനരുജ്ജീവനം തുടങ്ങ‌ിയ വശങ്ങളെക്കുറിച്ചുള്ള അറിവ് സജീവ നടപടികൾ കൈക്കൊള്ളാൻ സഹായിക്കും"
"ആംബുലൻസ് ശൃംഖലയുടെ ഭാവി തയ്യാറാക്കുന്നതിനു നിർമിതബുദ്ധി
"മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പുനരുജ്ജീവനം കെട്ടിപ്പടുക്കുക" എന്നതാണ് ഈ വേദിയുടെ മൂന്നാം യോഗത്തിന്റെ പ്രധാന പ്രമേയം.

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ വേദി(എൻപിഡിആർആർ)യുടെ മൂന്നാം യോഗം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. "മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പുനരുജ്ജീവനം കെട്ടിപ്പടുക്കുക" എന്നതാണ് ഈ വേദിയുടെ മൂന്നാം യോഗത്തിന്റെ പ്രധാന പ്രമേയം.

ചടങ്ങിൽ സുഭാഷ് ചന്ദ്രബോസ് ആപ്ദാ പ്രബന്ധൻ പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി ആദരിച്ചു. ഒഡിഷ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (ഒഎസ്‌ഡിഎംഎ) മിസോറമിലെ ലുങ്‌ലെയ് ഫയർ സ്റ്റേഷനുമാണ് 2023ലെ പുരസ്കാര ജേതാക്കൾ. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നൂതനാശയങ്ങൾ, സംരംഭങ്ങൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈയടുത്തു തുർക്കിയിലും സിറിയയിലും ഇന്ത്യയിൽ നിന്നുള്ള രക്ഷാസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ ലഭിച്ച അഭിനന്ദനം, ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയും മാനവവിഭവശേഷിയും ഇന്ത്യ വിപുലീകരിച്ച രീതി രാജ്യത്തിന് മികച്ച സേവനമാണു നൽകിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ദുരന്തനിവാരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

"മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പുനരുജ്ജീവനം കെട്ടിപ്പടുക്കുക" എന്ന പരിപാടിയുടെ പ്രമേയം ഇന്ത്യൻ പാരമ്പര്യത്തിന് പരിചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാരണം ഈ ഘടകം കിണറുകളിലും വാസ്തുവിദ്യയിലും പഴയ നഗരങ്ങളിലും വ്യക്തമായി കാണാം. ഇന്ത്യയിൽ, ദുരന്തനിവാരണത്തിന്റെ സംവിധാനവും പരിഹാരങ്ങളും തന്ത്രങ്ങളും എല്ലായ്പ്പോഴും പ്രാദേശികമാണ്. ഭൂകമ്പത്തെ അതിജീവിച്ച കച്ചിലെ ഭുംഗ വീടുകളുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യകൾക്കനുസൃതമായി ഭവന നിർമാണത്തിന്റെയും നഗരാസൂത്രണത്തിന്റെയും പ്രാദേശിക മാതൃകകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രാദേശിക സാങ്കേതികവിദ്യയും സാമഗ്ര‌ികളും സമ്പന്നമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രാദേശിക പുനരുജ്ജീവനത്തിന്റെ ഉദാഹരണങ്ങളെ ഭാവി സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമേ ദുരന്തത്തെ പ്രതിരോധിക്കുന്ന ദിശയിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ നമുക്ക് കഴിയൂ”- അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയകാല ജീവിതശൈലി വളരെ സുഖകരമായിരുന്നുവെന്നും വരൾച്ച, വെള്ളപ്പൊക്കം, തോരാത്ത മഴ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ എങ്ങനെ നേരിടണമെന്ന് അനുഭവങ്ങളാണു നമ്മെ പഠിപ്പിച്ചതെന്നും പ്രധാനമന്ത്രി അടിവരയിട്ടു. മുൻ ഗവണ്മെന്റുകൾ ദുരന്തനിവാരണ സഹായം കൃഷിവകുപ്പിനെ ഏൽപ്പിച്ചത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂകമ്പംപോലുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായപ്പോൾ പ്രാദേശിക വിഭവങ്ങളുടെ സഹായത്തോടെ പ്രാദേശികതലത്തിൽ അത് കൈകാര്യം ചെയ്തതായി അദ്ദേഹം അനുസ്മരിച്ചു. എന്നിരുന്നാലും, പരസ്പരം അനുഭവങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും പഠിക്കുന്നത് മാനദണ്ഡമായി മാറിയിരിക്കുന്ന ചെറിയ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറുവശത്ത്, പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരെയും ചികിൽസിക്കുന്ന ഒരു ഗ്രാമത്തിലെ ഏക ഭിഷഗ്വരനെ ഉപമിച്ച പ്രധാനമന്ത്രി, ഇന്നത്തെ കാലത്ത് എല്ലാ രോഗങ്ങൾക്കും വിദഗ്ധരായ ഡോക്ടർമാരുണ്ട് എന്ന വസ്തുതയിലേക്ക് വെളിച്ചം വീശി. അതുപോലെ, പ്രകൃതിദുരന്തങ്ങളെ നേരിടാൻ ചലനാത്മക സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് പഠിക്കുന്നതിലൂടെ കൃത്യമായ അനുമാനം നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം, ഭൗതികമായാലും വ്യവസ്ഥാപിതമായാലും, ഈ രീതികൾ യഥാസമയം പരിഷ്കരിക്കുന്നതിന് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

"തിരിച്ചറിയലും പരിഷ്കരണവുമാണ് ദുരന്തനിവാരണത്തെ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് പ്രധാന ഘടകങ്ങൾ" - പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കുന്ന ഭീഷണികൾ തിരിച്ചറിയാനും ഭാവിയിൽ അത് എപ്പോൾ ബാധിക്കുമെന്നു മനസിലാക്കാനും 'തിരിച്ചറിയൽ' സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രകൃതിദുരന്തത്തിന്റെ ഭീഷണികൾ കുറയ്ക്കുന്ന സംവിധാനമാണ് 'പരിഷ്കരണ'മെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കുറുക്കുവഴിക്ക് പകരം ദീർഘകാല ചിന്തയെന്ന സമീപനത്തിനും അദ്ദേഹം ഊന്നൽ നൽകി. മുൻ വർഷങ്ങളിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലും വീശിയടിച്ച ചുഴലിക്കാറ്റുകൾ കാരണം നൂറുകണക്കിനു ജീവൻ നഷ്ടമായത് അദ്ദേഹം അനുസ്മരിച്ചു. എന്നാൽ സമയത്തിലും തന്ത്രങ്ങളിലും വന്ന മാറ്റങ്ങളോടെ, ചുഴലിക്കാറ്റുകളെ നേരിട്ട്, ജീവന്റെയും സ്വത്തിന്റെയും നാശനഷ്ടങ്ങൾ കുറയ്ക്കാൻ ഇന്ത്യ ഇപ്പോൾ പ്രാപ്തമാണ്. "പ്രകൃതിദുരന്തങ്ങൾ തടയാൻ നമുക്ക് കഴിയില്ല. എന്നാൽ മികച്ച തന്ത്രങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തി അതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് തീർച്ചയായും കുറയ്ക്കാൻ കഴിയും" - പ്രതികരണാത്മക സമീപനത്തിനുപകരം സജീവമായ സമീപനം സ്വീകരിക്കുന്നതിന് ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള വർഷങ്ങളിലെ ദുരന്തനിവാരണത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നുമില്ലായ‌ിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 2001-ൽ സംസ്ഥാന ദുരന്തനിവാരണ നിയമം കൊണ്ടുവന്ന ആദ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ കേന്ദ്രഗവണ്മെന്റ് ദുരന്തനിവാരണ നിയമം കൊണ്ടുവന്നത്. അതിനുശേഷമാണു ദേശീയ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ ദുരന്തനിവാരണം കൈകാര്യം ചെയ്യൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. "നാം ആസൂത്രണം വ്യവസ്ഥാപിതമാക്കുകയും പ്രാദേശിക ആസൂത്രണം അവലോകനം ചെയ്യുകയും വേണം". സമ്പൂർണ സംവിധാനത്തിൽ അഴിച്ചുപണി നടത്തേണ്ടതിന്റെ ആവശ്യകത അടിവരയിട്ട പ്രധാനമന്ത്രി, രണ്ട് തലങ്ങളിൽ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. ഒന്നാമതായി, ദുരന്തനിവാരണ വിദഗ്ധർ പൊതുജന പങ്കാളിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, തീപിടിത്തം, മറ്റ് ദുരന്തങ്ങൾ എന്നിവയുടെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള തുടർപ്രക്രിയയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. ഇക്കാര്യത്തിൽ ശരിയായ പ്രക്രിയ, ഡ്രിൽ, നിയമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകേണ്ടത് പ്രധാനമാണ്. "പ്രാദേശിക പങ്കാളിത്തത്തിലൂടെ പ്രാദേശിക പുനരുജ്ജീവനം എന്ന തത്വം പിന്തുടരുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് വിജയം നേടാനാകൂ". ഗ്രാമതലത്തിലും അയൽപക്ക തലങ്ങളിലും 'യുവക് മണ്ഡലങ്ങളും' 'സഖി മണ്ഡലങ്ങളും' പരിശീലിപ്പിക്കാൻ അദ്ദേഹം ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചു. ആപ്ദ മിത്ര, എൻഎസ്എസ്-എൻസിസി, സൈന്യത്തിലെ വിമുക്തഭടന്മാർ എന്നിവരുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും രക്ഷാപ്രവർത്തനം സമയബന്ധിതമായി ആരംഭിച്ചാൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിയും എന്നതിനാൽ കമ്മ്യൂണിറ്റി കേന്ദ്രങ്ങളിൽ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം ഘട്ടത്തിൽ, സാങ്കേതികവിദ്യ ഉപയോഗിച്ച് തത്സമയ രജിസ്ട്രേഷനും നിരീക്ഷണ സംവിധാനവും വേണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “വീടുകളുടെ പഴക്കം, ഡ്രെയിനേജ്, നമ്മുടെ വൈദ്യുതി-ജല അടിസ്ഥാനസൗകര്യങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയ വശങ്ങളെക്കുറിച്ചുള്ള അറിവ് സജീവമായ നടപടികൾ കൈക്കൊള്ളാൻ സഹായിക്കും” - അദ്ദേഹം പറഞ്ഞു. ഉഷ്ണതരംഗത്തെക്കുറിച്ചുള്ള സമീപകാല അവലോകന യോഗത്തിൽ ആശുപത്രിയിലെ തീപിടിത്തത്തെക്കുറിച്ചുള്ള ചർച്ചയെക്കുറിച്ചും ആശുപത്രിയുടെ അഗ്നിശമന തയ്യാറെടുപ്പുകൾ പതിവായി അവലോകനം ചെയ്യുന്നത് എങ്ങനെ ജീവൻ രക്ഷിക്കുമെന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ആശുപത്രി, ഫാക്ടറി, ഹോട്ടൽ, ബഹുനില ഭവനമന്ദിരം തുടങ്ങിയ ഇടതൂർന്ന നഗരപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചുവരുന്ന ചൂടുകാരണം തീപിടിത്തങ്ങൾ വർധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാഹനത്തിൽ എത്തിച്ചേരുന്നതിൽ ബുദ്ധിമുട്ടനുഭവിക്കുന്ന, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വളരെ ആസൂത്രിതമായി പ്രവർത്തിക്കേണ്ടതിന്റെ  വെല്ലുവിളികൾ അദ്ദേഹം എടുത്തുകാട്ടി. ഇതിന് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന കെട്ടിടങ്ങളിലെ തീ അണയ്ക്കുന്നതിനായി നമ്മുടെ അഗ്നിശമന സേനാംഗങ്ങളുടെ വൈദഗ്ധ്യം നിരന്തരം വർധിപ്പിക്കണമെന്നും വ്യവസായശാലകളിലുണ്ടാകുന്ന തീ അണയ്ക്കാൻ ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക വൈദഗ്ധ്യങ്ങളുടെയും ഉപകരണങ്ങളുടെയും തുടർച്ചയായ നവീകരണത്തിന്റെ ആവശ്യകതയിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് അവരുടെ വരുമാനം വർധിപ്പിക്കുന്നതിനും തീപിടിത്തം കുറയ്ക്കുന്നതിനും വന ഇന്ധനത്തെ ജൈവ ഇന്ധനമാക്കി മാറ്റുന്ന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ ആരായണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാതക ചോർച്ചയ്ക്കുള്ള സാധ്യത കൂടുതലുള്ള വ്യവസായങ്ങൾക്കും ആശുപത്രികൾക്കുമായി വിദഗ്ധരുടെ സൈന്യം സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അതുപോലെ, ആംബുലൻസ് ശൃംഖലകളുടെ ഭാവി സജ്ജമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇക്കാര്യത്തിൽ നിർമിതബുദ്ധി, 5ജി, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ‌ഒടി) എന്നിവ പരമാവധി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഡ്രോണുകൾ, മുന്നറിയിപ്പു നൽകുന്നതിനുള്ള ഗാഡ്‌ജെറ്റുകൾ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന വ്യക്തിഗത ഗാഡ്‌ജെറ്റുകൾ എന്നിവയുടെ ഉപയോഗം പരിശോധിക്കാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പുതിയ സംവിധാനങ്ങളും സാങ്കേതികവിദ്യകളും സൃഷ്ടിക്കുന്ന ആഗോള സാമൂഹിക സംഘടനകളുടെ പ്രവർത്തനങ്ങൾ പഠിക്കാനും മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കാനും അദ്ദേഹം വിദഗ്ധരോട് അഭ്യർഥിച്ചു.

ലോകമെമ്പാടും വരുന്ന ദുരന്തങ്ങളോട് ഇന്ത്യ അതിവേഗം പ്രതികരിക്കുന്നുവെന്നും അതിജീവനശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഇന്ത്യ മുൻകൈയെടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായി ഇന്ത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യത്തിൽ ലോകത്തെ 100-ലധികം രാജ്യങ്ങൾ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ചർച്ചകൾ നിരവധി നിർദേശങ്ങൾക്കും പ്രതിവിധികൾക്കും വഴിയൊരുക്കുമെന്നും അതിലൂടെ ഭാവിയിലേക്കുള്ള പ്രവർത്തന സാധ്യതകൾ ഉരുത്തിരിഞ്ഞുവരുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. . "പാരമ്പര്യവും സാങ്കേതിക വിദ്യയുമാണ് നമ്മുടെ ശക്തി. ഈ ശക്തി ഉപയോഗിച്ച് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച മാതൃക തയ്യാറാക്കാൻ നമുക്ക് കഴിയും" - പ്രധാനമന്ത്രി ഉപസംഹരിച്ചു.

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള മേഖലയിലെ അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ, ആശയങ്ങൾ, പ്രവർത്തനാധിഷ്ഠിത ഗവേഷണം, അവസരങ്ങൾ കണ്ടെത്തൽ എന്നിവ സുഗമമാക്കുന്നതിനു കേന്ദ്ര  ഗവണ്മെന്റ് രൂപംനൽകിയ ബഹുകക്ഷി വേദിയാണ്  എൻപിഡിആർആർ.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi