2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.
അധ്വാനവും ധ്യാനവും സന്യാസവും പരിത്യാഗവും ചേര്‍ന്ന മഹര്‍ഷി വസിഷ്ഠിന്റെ പുണ്യഭൂമിയാണ് ബസ്തിയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ധ്യാനവും തപസ്സും നിറഞ്ഞ ഒരു കായിക താരത്തിന്റെ ജീവിതത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട വിജയകരമായ കായിക താരങ്ങള്‍ തങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ പാതയിലെ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഖേല്‍ മഹാകുംഭിന്റെ വ്യാപ്തിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, കായികരംഗത്തെ ഇന്ത്യയുടെ പരമ്പരാഗത വൈദഗ്ധ്യത്തിന് ഇത്തരം പരിപാടികളിലൂടെ ഒരു പുതിയ ചിറക് ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇരുനൂറോളം പാര്‍ലമെന്റംഗങ്ങള്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വാരാണസിയിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് കാശിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ശ്രീ മോദി അറിയിച്ചു. 'ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ എംപിമാര്‍ പുതുതലമുറയുടെ ഭാവി രൂപപ്പെടുത്തുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കായികതാരങ്ങളെ തുടര്‍ പരിശീലനത്തിനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ എടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളം, അതായത് 40,000 കായികതാരങ്ങള്‍ ഖേല്‍ മഹാകുംഭില്‍ പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ മികച്ച വൈദഗ്ധ്യത്തോടെയും മികവോടെയും ഒരുമയോടെയും കളിക്കുന്ന ഖോ ഖോ കളി കണ്ടതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകള്‍ നേരുകയും ചെയ്തു.
സന്‍സദ് ഖേല്‍ മഹാകുംഭത്തില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തത്തിന്റെ പ്രധാന വശം എടുത്തുകാണിച്ചുകൊണ്ട്, ബസ്തി, പൂര്‍വാഞ്ചല്‍, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലുടനീളമുള്ള പെണ്‍മക്കള്‍ ആഗോള വേദിയില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. വനിതാ അണ്ടര്‍ 19 ടി 20 ക്രിക്കറ്റ് ലോകകപ്പ് അനുസ്മരിച്ചുകൊണ്ട്, തുടര്‍ച്ചയായി അഞ്ച് ബൗണ്ടറികള്‍ നേടുകയും അവസാന പന്തില്‍ ഒരു സിക്സ് നേടുകയും അതുവഴി ഒരോവറില്‍ 26 റണ്‍സ് നേടുകയും ചെയ്ത ടീം ക്യാപ്റ്റന്‍ ഷെഫാലി വര്‍മയുടെ മികച്ച നേട്ടം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത്തരം പ്രതിഭകള്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉണ്ടെന്നും അത് പ്രയോജനപ്പെടുത്തുന്നതിലും സന്‍സദ് ഖേല്‍ മഹാകുംഭ് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്പോര്‍ട്സിനെ ഒരു 'പാഠ്യേതര' പ്രവര്‍ത്തനമായി കണക്കാക്കുകയും വലിയ മൂല്യമില്ലാത്ത ഒരു ഹോബിയിലേക്കോ പ്രവര്‍ത്തനത്തിലേക്കോ തരംതാഴ്ത്തപ്പെടുകയും ചെയ്ത കാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. അത് രാജ്യത്തെ വളരെയധികം ദോഷകരമായി ബാധിച്ച ഒരു മാനസികാവസ്ഥയാണ്. അതിനാല്‍ കഴിവുള്ള പല കായിക താരങ്ങള്‍ക്കും അവരുടെ കഴിവുകള്‍ നേടാനാകാതെ പോയി. കഴിഞ്ഞ 8-9 വര്‍ഷങ്ങളില്‍, ഈ പോരായ്മയെ മറികടക്കുന്നതിനും കായികരംഗത്ത് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനും രാജ്യം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് കൂടുതല്‍ യുവാക്കള്‍ സ്‌പോര്‍ട്‌സ് ഒരു ജീവിതമാര്‍ഗമായി എടുക്കുന്നതിന് കാരണമായി. കായികക്ഷമത, ആരോഗ്യം, കൂട്ടംചേരല്‍, പിരിമുറുക്കം ഇല്ലാതാക്കല്‍, വൈദഗ്ധ്യത്തിന്റെ വിജയം, വ്യക്തിഗതമായ ഉന്നതി തുടങ്ങിയ നേട്ടങ്ങളും വ്യക്തികള്‍ക്ക് ഉണ്ടാവുന്നുണ്ട്.
സ്പോര്‍ട്സുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയിലുള്ള ചിന്താ പ്രക്രിയയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, രാജ്യത്തിന്റെ കായിക നേട്ടങ്ങളിലൂടെ മാറ്റത്തിന്റെ ഫലങ്ങള്‍ കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പിക്സുകളിലും പാരാലിമ്പിക്സുകളിലും രാജ്യത്തിന്റെ ചരിത്രപരമായ പ്രകടനത്തിന്റെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ കായിക മേഖലകളിലെ ഇന്ത്യയുടെ പ്രകടനം കായിക ലോകം ചര്‍ച്ച ചെയ്യുന്നതായും അഭിപ്രായപ്പെട്ടു.
സ്പോര്‍ട്സിന് സമൂഹത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും മറ്റ് മത്സരങ്ങളിലും അഭൂതപൂര്‍വമായ പ്രകടനത്തിന് ഇത് കാരണമായി.
'ഇത് ഒരു തുടക്കം മാത്രമാണ്, നമുക്ക് ഒരുപാട് ദൂരം പോകാനുണ്ട', പ്രധാനമന്ത്രി തുടര്‍ന്നു. 'സ്‌പോര്‍ട്‌സ് നൈപുണ്യവും സ്വഭാവവുമാണ്, അത് കഴിവും നിശ്ചയദാര്‍ഢ്യവുമാണ്.' കായിക വികസനത്തില്‍ പരിശീലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി, കളിക്കാര്‍ക്ക് അവരുടെ പരിശീലനം ഫലപ്രദമാണോ എന്നു പരീക്ഷിക്കാന്‍ അവസരം നല്‍കുന്നതിന് കായിക മത്സരങ്ങള്‍ തുടരണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വിവിധ തലങ്ങളിലും മേഖലകളിലുമുള്ള കായിക മത്സരങ്ങള്‍ കളിക്കാരെ അവരുടെ കഴിവുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നു, അതുവഴി അവരുടെ സ്വന്തം തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പോരായ്മകള്‍ തിരിച്ചറിയുന്നതിനും മെച്ചപ്പെടുത്തുന്നതിന് ഇടം നല്‍കുന്നതിനും പരിശീലകരെ സഹായിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. യൂത്ത്, യൂണിവേഴ്‌സിറ്റി, വിന്റര്‍ ഗെയിംസ് അത്‌ലറ്റുകള്‍ക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ നിരവധി അവസരങ്ങള്‍ നല്‍കുന്നു. ഖേലോ ഇന്ത്യയിലൂടെ 2500 കായികതാരങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപയുടെ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. ടാര്‍ഗെറ്റ് ഒളിമ്പിക്സ് പോഡിയം പദ്ധതിക്കു(ടോപ്സ്) കീഴില്‍ 500 ഒളിമ്പിക്സിലെത്താന്‍ സാധ്യതയുള്ള അഞ്ഞൂറിലേറെപ്പേര്‍ക്കു പരിശീലനം നല്‍കുന്നുണ്ട്. അന്താരാഷ്ട്ര പരിശീലനത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ചില കളിക്കാര്‍ക്ക് 2.5 കോടി മുതല്‍ 7 കോടി വരെ രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്.
കായിക മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പങ്ക് എടുത്തുകാണിച്ച പ്രധാനമന്ത്രി, മതിയായ വിഭവങ്ങള്‍, പരിശീലനം, സാങ്കേതിക പരിജ്ഞാനം, അന്താരാഷ്ട്ര തലത്തില്‍ അവസരങ്ങള്‍, കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അറിയിച്ചു. മേഖലയിലെ കായിക അടിസ്ഥാനസൗകര്യ വികസനത്തിലെ പുരോഗതി ചൂണ്ടിക്കാണിക്കവെ, ബസ്തിയിലും മറ്റ് ജില്ലകളിലും സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയും കോച്ചുകള്‍ ക്രമീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തുടനീളം ആയിരത്തിലധികം ഖേലോ ഇന്ത്യ ജില്ലാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നും അതില്‍ 750 ലധികം കേന്ദ്രങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളിക്കാര്‍ക്ക് പരിശീലനം ലഭിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാജ്യത്തുടനീളമുള്ള എല്ലാ കളിസ്ഥലങ്ങളും ജിയോ ടാഗുചെയ്യുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ യുവാക്കള്‍ക്കായി മണിപ്പൂരില്‍ ഗവണ്‍മെന്റ് കായിക സര്‍വകലാശാല നിര്‍മ്മിച്ചിട്ടുണ്ടെന്നും യുപിയിലെ മീററ്റില്‍ മറ്റൊരു കായിക സര്‍വകലാശാല നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോസ്റ്റലുകള്‍ നടത്തുന്നുണ്ടെന്ന് സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ദേശീയ തലത്തിലുള്ള സൗകര്യങ്ങള്‍ പ്രാദേശിക തലത്തില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, കായികക്ഷമതയുടെ പ്രാധാന്യം ഓരോ കളിക്കാരനും അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ദൈനംദിന ജീവിതത്തില്‍ യോഗ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ''യോഗ കൊണ്ട് നിങ്ങളുടെ ശരീരവും ആരോഗ്യമുള്ളതായിരിക്കും, നിങ്ങളുടെ മനസ്സും ഉണര്‍ന്നിരിക്കും. നിങ്ങളുടെ കായിക ഇനത്തില്‍ ഇതിന്റെ പ്രയോജനവും നിങ്ങള്‍ക്ക് ലഭിക്കും. 2023നെ ധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചത് നിരീക്ഷിച്ച പ്രധാനമന്ത്രി, കളിക്കാരുടെ പോഷകാഹാരത്തില്‍ ധാന്യങ്ങള്‍ക്കു വഹിക്കാനാകുന്ന വലിയ പങ്കിനെ കുറിച്ചു പരാമര്‍ശിച്ചു. നമ്മുടെ യുവജനങ്ങള്‍ കായികരംഗത്ത് നിന്ന് പഠിക്കുകയും രാജ്യത്തിന് ഊര്‍ജം പകരുകയും ചെയ്യുമെന്ന വിശ്വാസമാണ് പ്രസംഗം അവസാനിപ്പിക്കവേ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, പാര്‍ലമെന്റ് അംഗം ശ്രീ ഹരീഷ് ദ്വിവേദി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഖേല്‍ മഹാകുംഭിന്റെ ആദ്യ ഘട്ടം 2022 ഡിസംബര്‍ 10 മുതല്‍ 16 വരെ സംഘടിപ്പിച്ചു, ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2023 ജനുവരി 18 മുതല്‍ 28 വരെ നടക്കുകയാണ്.
ഗുസ്തി, കബഡി, ഖോ ഖോ, ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍, ഹോക്കി, വോളിബോള്‍, ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കായിക ഇനങ്ങളിലായി ഖേല്‍ മഹാകുംഭ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രംഗോലി നിര്‍മ്മാണം തുടങ്ങിയവയും ഖേല്‍ മഹാകുംഭ് സമയത്ത് സംഘടിപ്പിക്കാറുണ്ട്.
ബസ്തി ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യുവാക്കള്‍ക്ക് അവരുടെ കായിക പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരവും വേദിയും പ്രദാനം ചെയ്യുന്ന ഒരു നവീന സംരംഭമാണ് ഖേല്‍ മഹാകുംഭ്. ഇതു കായികമേഖല ജീവിതോപാധിയായി എടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. മേഖലയിലെ യുവാക്കളില്‍ അച്ചടക്കം, യോജിപ്പ്, ആരോഗ്യകരമായ മത്സരം, ആത്മവിശ്വാസം, ദേശീയത എന്നിവയുടെ മനോഭാവം വളര്‍ത്തിയെടുക്കാനും ഇത് ശ്രമിക്കുന്നു.
बीते 8-9 वर्षों में स्पोर्ट्स के लिए एक बेहतर वातावरण बनाने का काम किया है। pic.twitter.com/DOhUEaOIIB
— PMO India (@PMOIndia) January 18, 2023
Team bonding से लेकर तनाव मुक्ति के साधन तक, sports के अलग-अलग फायदे लोगों को नजर आने लगे हैं। pic.twitter.com/oxcPhhTWUt
— PMO India (@PMOIndia) January 18, 2023
आज का नया भारत, स्पोर्ट्स सेक्टर के सामने मौजूद हर चुनौती के समाधान का भी प्रयास कर रहा है। pic.twitter.com/1tiXb9ydmR
— PMO India (@PMOIndia) January 18, 2023