അനുസ്മരണത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു
"മഹർഷി ദയാനന്ദ സരസ്വതി കാട്ടിത്തന്ന പാത കോടിക്കണക്കിനു പേർക്കു പ്രതീക്ഷ നൽകുന്നു"
"മതത്തിന്റെ പേരിൽ തെറ്റായി ആരോപിക്കപ്പെട്ട തിന്മകളെ, മതത്തിന്റെ വെളിച്ചത്താൽ സ്വാമിജി ഇല്ലാതാക്കി"
"സ്വാമിജി സമൂഹത്തിൽ വേദങ്ങളുടെ പ്രകാശം പുനരുജ്ജീവിപ്പിച്ചു"
"അമൃതകാലത്ത്, മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മദിനം പവിത്രമായ പ്രചോദനമായി എത്തിയിരിക്കുന്നു"
"ഇന്ന് രാജ്യം ആത്മവിശ്വാസത്തോടെ നമ്മുടെ പൈതൃകത്തിലെ അഭിമാനത്തെ ഉൾക്കൊള്ളുന്നു"
"നമ്മെ സംബന്ധിച്ചിടത്തോളം, മതത്തിന്റെ ആദ്യത്തെ വ്യാഖ്യാനം കർത്തവ്യത്തെക്കുറിച്ചാണ്"
"ദരിദ്രരുടെയും പിന്നാക്കക്കാരുടെയും അധഃസ്ഥിതരുടെയും സേവനമാണ് ഇന്ന് രാജ്യത്തിന്റെ ആദ്യ യജ്ഞം"

മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച്  ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിനായുള്ള ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.

വേദിയിൽ എത്തിയപ്പോൾ, പ്രധാനമന്ത്രി ആര്യസമാജത്തിന്റെ പനോരമയും തത്സമയ ചിത്രീകരണങ്ങളും മറികടന്ന്, നടന്നുകൊണ്ടിരിക്കുന്ന യജ്ഞത്തിൽ ആഹൂതി അർപ്പണം നടത്തി. തുടർന്ന്, മഹർഷി ദയാനന്ദ സരസ്വതിയുടെ സന്ദേശങ്ങൾ ഇന്ത്യയിലും ലോകത്തിനും ഊട്ടിയുറപ്പിക്കുന്ന ഈ പരിപാടിയിൽ ജ്വലിച്ചുനിൽക്കുന്ന തീപ്പൊരിയുടെ പ്രതീകമായി അദ്ദേഹം യുവപ്രതിനിധികൾക്ക് എൽഇഡി ദീപശിഖ കൈമാറി.

മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികം ചരിത്രപരമാണെന്നും ലോകത്തിനാകെ മികച്ച ഭാവിയും പ്രചോദനവും സൃഷ്ടിക്കുന്നതിനുള്ള അവസരമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുക എന്ന മഹർഷി ദയാനന്ദിന്റെ ആദർശത്തെക്കുറിച്ചു പരാമർശിക്കവേ, അഭിപ്രായവ്യത്യാസത്തിന്റെയും അക്രമത്തിന്റെയും അസ്ഥിരതയുടെയും ഈ കാലഘട്ടത്തിൽ മഹർഷി ദയാനന്ദ് കാട്ടിത്തന്ന പാത പ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സവിശേഷമായ ഈ പരിപാടികൾ രണ്ടു വർഷം ആഘോഷിക്കുമെന്നും മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികം ആഘോഷിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും  പ്രധാനമന്ത്രി പറഞ്ഞു. മാനവരാശിയുടെ ക്ഷേമത്തിനായുള്ള നിരന്തരമായ പ്രവർത്തനങ്ങളിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, നടന്നുകൊണ്ടിരിക്കുന്ന യജ്ഞത്തിൽ ആഹൂതി അർപ്പണം നടത്താൻ സാധിച്ചതിൽ നന്ദി രേഖപ്പെടുത്തി. സ്വാമിജി ജനിച്ച അതേ മണ്ണിൽ ജനിക്കാനുള്ള സൗഭാഗ്യത്തെക്കുറിച്ചു പരാമർശിക്കവേ, മഹർഷി ദയാനന്ദിന്റെ ആദർശങ്ങൾ ജീവിതത്തിൽ തുടർന്നും സ്വാധീനിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ദയാനന്ദ സരസ്വതി ജനിച്ചപ്പോഴുള്ള ഇന്ത്യയുടെ അവസ്ഥ അനുസ്മരിച്ചുകൊണ്ട്, നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിന് ശേഷം ഇന്ത്യ നശിക്കുകയും ദുർബലമാവുകയും അതിന്റെ തിളക്കവും ആത്മവിശ്വാസവും നഷ്ടപ്പെടുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആദർശങ്ങളെയും സംസ്കാരത്തെയും വേരുകളെയും തകർക്കാൻ നടന്നുകൊണ്ടിരിക്കുന്ന നിരവധി ശ്രമങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ പാരമ്പര്യങ്ങളിലും ഗ്രന്ഥങ്ങളിലും എന്തെങ്കിലും കുറവുണ്ടെന്ന ധാരണ സ്വാമിജി തള്ളിക്കളഞ്ഞു. അവയുടെ യഥാർത്ഥ അർത്ഥം വിസ്മരിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഇകഴ്ത്താൻ വേദങ്ങളുടെ തെറ്റായ വ്യാഖ്യാനം ഉപയോഗിക്കുകയും പാരമ്പര്യങ്ങൾ വികലമാക്കപ്പെടുകയും ചെയ്ത സമയം പ്രധാനമന്ത്രി അനുസ്മരിച്ചു. അത്തരമൊരു കാലഘട്ടത്തിലാണ് മഹർഷി ദയാനന്ദ് തന്റെ പരിശ്രമങ്ങളിലൂടെ രക്ഷകനായി വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. "വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ മഹർഷി ജി ശക്തമായ പ്രചാരണം ആരംഭിച്ചു." മഹർഷിയുടെ കാലത്തെ അദ്ദേഹത്തിന്റെ  പ്രയത്നത്തിന്റെ മഹത്വം വ്യക്തമാക്കുന്നതിന്, 21-ാം നൂറ്റാണ്ടിൽ തന്റെ കർത്തവ്യത്തിന് ഊന്നൽ നൽകുന്നത് ഒരു വെല്ലുവിളിയാണെന്ന പ്രതികരണങ്ങൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. "മതത്തിൽ തെറ്റായി ആരോപിക്കപ്പെട്ട തിന്മകളെ മതത്തിന്റെ വെളിച്ചത്തിൽ തന്നെ സ്വാമിജി ഇല്ലാതാക്കി"- പ്രധാനമന്ത്രി വിശദീകരിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരായ സ്വാമിജിയുടെ പോരാട്ടത്തെ ഏറ്റവും വലിയ സംഭാവനയായി മഹാത്മാഗാന്ധി കണക്കാക്കിയിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തഴച്ചുവളർന്ന യാഥാസ്ഥിതിക വാദങ്ങൾക്കെതിരെ മഹർഷി ദയാനന്ദും യുക്തിസഹവും ഫലപ്രദവുമായ ശബ്ദമായി ഉയർന്നുവന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹർഷി ദയാനന്ദ് ജി സ്ത്രീകളോടുള്ള വിവേചനത്തെ ശക്തമായി എതിർത്തിരുന്നുവെന്നും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വസ്തുതകൾക്ക് 150 വർഷത്തിലേറെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇന്നത്തെ കാലഘട്ടത്തിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ബഹുമാനത്തിനുമുള്ള അവകാശം ഇല്ലാതാക്കുന്ന സമൂഹങ്ങളുണ്ട്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ പോലും സ്ത്രീകൾക്ക് തുല്യാവകാശം എന്നത് വിദൂരമായ യാഥാർത്ഥ്യമായപ്പോൾ അതിനായി ശബ്ദമുയർത്തിയത് മഹർഷി ദയാനന്ദാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹർഷി ജിയുടെ നേട്ടങ്ങളുടെയും പരിശ്രമങ്ങളുടെയും അസാധാരണ സ്വഭാവം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആര്യസമാജത്തിന് 150 വർഷത്തിനുശേഷവും അദ്ദേഹം ജനിച്ച് 200 വർഷത്തിനുശേഷവും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും രാഷ്ട്രത്തിന്റെ യാത്രയിൽ അദ്ദേഹത്തിനുള്ള സുപ്രധാന സ്ഥാനത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തിൽ, അമൃതകാലം പവിത്രമായ പ്രചോദനമായാണു വന്നിരിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം സ്വാമിജിയുടെ പ്രബോധനം വളരെ ആത്മവിശ്വാസത്തോടെയാണ് പിന്തുടരുന്നതെന്ന് ശ്രീ മോദി പറഞ്ഞു. 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന സ്വാമിജിയുടെ ആഹ്വാനത്തെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:  "ഇന്ന് രാജ്യം 'നമ്മുടെ പൈതൃകത്തിൽ അഭിമാനം' എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു. സംസ്കാരത്തെയും പാരമ്പര്യത്തെയും സമ്പന്നമാക്കിക്കൊണ്ട്, ആധുനികതയുടെ പാത സ്ഥാപിക്കാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ ആത്മവിശ്വാസത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം സമ്പൂർണ ജീവിതരീതിയായി നിർവചിക്കപ്പെടുന്ന മതത്തെക്കുറിച്ചുള്ള ഇന്ത്യയിലെ വിപുലമായ സങ്കൽപ്പത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ‘നമ്മെ സംബന്ധിച്ചിടത്തോളം, മതത്തിന്റെ ആദ്യ വ്യാഖ്യാനം കടമയെക്കുറിച്ചാണ്’- പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരേയും ഉൾക്കൊള്ളുന്നതും സമന്വയിപ്പിച്ചതുമായ സമീപനമാണ് സ്വാമിജി സ്വീകരിച്ചതെന്നും രാഷ്ട്ര ജീവിതത്തിന്റെ പല തലങ്ങളുടെയും ഉത്തരവാദിത്വവും നേതൃത്വവും ഏറ്റെടുക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തത്ത്വചിന്ത, യോഗ, ഗണിതം, നയം, നയതന്ത്രം, ശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിൽ ഇന്ത്യൻ ഋഷിമാർ കൈവരിച്ച നേട്ടങ്ങൾ പരാമർശിച്ചുകൊണ്ട് ഇന്ത്യൻ ജീവിതത്തിൽ ഋഷിമാരുടെയും സന്ന്യാസിമാരുടെയും വിശാലമായ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ആ പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സ്വാമിജി വലിയ പങ്കുവഹിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മഹർഷി ദയാനന്ദന്റെ ഉദ്ബോധനങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം സ്ഥാപിച്ച വിവിധ സംഘടനകളെ കുറിച്ചും പരാമർശിച്ചു. വിപ്ലവകരമായ പ്രത്യയശാസ്ത്രത്തോടെയാണു മഹർഷി ജീവിച്ചതെങ്കിലും, അദ്ദേഹം തന്റെ എല്ലാ ആശയങ്ങളെയും ക്രമവുമായി എങ്ങനെ ബന്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾ സജീവമായി ഏറ്റെടുത്തിട്ടുള്ള വിവിധ സംഘടനകൾ സ്ഥാപിക്കാൻ മഹർഷി അവയെ വ്യവസ്ഥാപിതമാക്കി. പരോപകാരിണി സഭയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, മഹർഷി തന്നെയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും ഗുരുകുലങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഇന്ന് വേദപാരമ്പര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുരുക്ഷേത്ര ഗുരുകുലം, സ്വാമി ശ്രദ്ധാനന്ദ് ട്രസ്റ്റ്, മഹർഷി ദയാനന്ദ് ട്രസ്റ്റ് എന്നിവയുടെ ഉദാഹരണങ്ങളും അദ്ദേഹം നൽകി. ഈ സംഘടനകൾ രൂപപ്പെടുത്തിയ നിരവധി യുവാക്കളുടെ ജീവിതവും അദ്ദേഹം പരാമർശിച്ചു. 2001ൽ ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ സാമൂഹിക സേവനത്തിലും രക്ഷാപ്രവർത്തനത്തിലും ജീവൻ പ്രഭാത് ട്രസ്റ്റ് നൽകിയ പ്രധാന സംഭാവനകളും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മഹർഷി ജിയുടെ ആദർശങ്ങളിൽ നിന്നാണ് സംഘടന പ്രചോദനം ഉൾക്കൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവേചനരഹിതമായ നയങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും രാജ്യം പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് സ്വാമിജിയുടെയും മുൻഗണനയായിരുന്നു. "ദരിദ്രരുടെയും പിന്നാക്കക്കാരുടെയും അധഃസ്ഥിതരുടെയും സേവനമാണ് ഇന്ന് രാജ്യത്തിന്റെ പ്രഥമ യജ്ഞം". പാർപ്പിടം, വൈദ്യചികിത്സ, സ്ത്രീശാക്തീകരണം എന്നിവ ഇക്കാര്യത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമിജി പഠിപ്പിച്ച, ഭാരതീയതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസത്തെ പുതിയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നു.

സാക്ഷാത്കരിക്കപ്പെട്ട വ്യക്തി എന്ന സ്വാമിജിയുടെ നിർവചനം പ്രധാനമന്ത്രി അനുസ്മരിച്ചു, താൻ എടുക്കുന്നതിലും കൂടുതൽ നൽകുന്ന വ്യക്തിയാണ് സാക്ഷാത്കരിക്കപ്പെട്ട വ്യക്തി. പരിസ്ഥിതി ഉൾപ്പെടെ അസംഖ്യം മേഖലകളിൽ ഇതിന് പ്രസക്തിയുണ്ട്. വേദങ്ങളെക്കുറിച്ചുള്ള ഈ അറിവ് സ്വാമിജി ആഴത്തിൽ മനസ്സിലാക്കിയിരുന്നു- പ്രധാനമന്ത്രി പറഞ്ഞു. "മഹർഷി ജി വേദവിദ്യാർത്ഥിയും ജ്ഞാനമാർഗത്തിലെ സന്ന്യാസിയുമായിരുന്നു"- പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിനായുള്ള അന്വേഷണത്തിൽ ഇന്ത്യ ലോകത്തെ നയിക്കുന്നു. ഇക്കാര്യത്തിൽ മിഷൻ ലൈഫിനെ പരാമർശിച്ച പ്രധാനമന്ത്രി പരിസ്ഥിതിയെ ജി 20 യുടെ പ്രത്യേക അജണ്ടയായി മുന്നോട്ടുകൊണ്ടുപോകുകയാണെന്നും പറഞ്ഞു. പൗരാണിക ജ്ഞാനത്തിന്റെ അടിത്തറയോടുകൂടിയ ഈ ആധുനിക ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്യസമാജത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ശ്രീ അന്നയ്ക്ക് വേണ്ടിയുള്ള ഊന്നലിനെയും പ്രധാനമന്ത്രി പരാമർശിച്ചു.

മഹർഷിയുടെ വ്യക്തിത്വത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മഹർഷിയെ കാണാൻ വന്ന ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥന്റെ കഥ വിവരിച്ചു. ഇന്ത്യയിൽ തുടർച്ചയായ ബ്രിട്ടീഷ് ഭരണത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹത്തോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. അതിന് മഹർഷി നിർഭയമായി മറുപടി നൽകിയത് “സ്വാതന്ത്ര്യമാണ് എന്റെ ആത്മാവും ഇന്ത്യയുടെ ശബ്ദവും" എന്നാണ്. അസംഖ്യം സ്വാതന്ത്ര്യ സമര സേനാനികളും സ്ഥാപനങ്ങൾ കെട്ടിപ്പടുത്തവരും ദേശസ്നേഹികളും സ്വാമിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലക്, നേതാജി സുഭാഷ് ചന്ദ്രബോസ്, വീർ സവർക്കർ, ലാലാ ലജ്പത് റായ്, ലാലാ ഹർദയാൽ, ചന്ദ്രശേഖർ ആസാദ്, രാം പ്രസാദ് ബിസ്മിൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മഹാത്മ ഹൻസ്‌രാജ്, സ്വാമി ശ്രദ്ധാനന്ദ് ജി, ഭായ് പരമാനന്ദ് ജി തുടങ്ങി മഹർഷിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധി നേതാക്കളുടെ ഉദാഹരണങ്ങളും അദ്ദേഹം നൽകി.

സ്വാമിജിയുടെ ശിക്ഷണങ്ങളുടെ പാരമ്പര്യം ആര്യസമാജത്തിനുണ്ടെന്നും ഓരോ ‘ആര്യവീരരിൽ’ നിന്നും രാജ്യം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷം ആര്യസമാജത്തിന്റെ 150-ാം വർഷത്തിനു തുടക്കമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ ആസൂത്രണത്തോടും നിർവ്വഹണത്തോടും പരിപാലനത്തോടും കൂടി ഈ സുപ്രധാന അവസരം സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി ഏവരെയും അഭിനന്ദിച്ചു. "അമൃതകാലത്ത്, മഹർഷി ദയാനന്ദ് ജിയുടെ ശ്രമങ്ങളിൽ നിന്ന് നമുക്കേവർക്കും പ്രചോദനം കണ്ടെത്താം"- പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, സാംസ്കാരിക സഹമന്ത്രിമാരായ ശ്രീ അർജുൻ റാം മേഘ്വാൾ, ശ്രീമതി മീനാക്ഷി ലേഖി, ഡൽഹി ആര്യപ്രതിനിധി സഭയുടെ അധ്യക്ഷൻ ശ്രീ ദരം പാൽ ആര്യ, ആര്യ പ്രതിനിധി സഭയുടെ ഡൽഹി മഹാമന്ത്രി ശ്രീ വിനയ് ആര്യ, സാർവദേശിക് ആര്യ പ്രതിനിധി സഭ പ്രസിഡന്റ് ശ്രീ സുരേഷ് ചന്ദ്ര ആര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

1824 ഫെബ്രുവരി 12ന് ജനിച്ച മഹര്‍ഷി ദയാനന്ദ സരസ്വതി, അന്ന് നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങളെ ചെറുക്കാന്‍ 1875ല്‍ ആര്യസമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു. സാമൂഹിക പരിഷ്കരണങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയ ആര്യസമാജം രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉണര്‍വിന് സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.

സാമൂഹ്യപരിഷ്കര്‍ത്താക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ആഘോഷിക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്, പ്രത്യേകിച്ചും തങ്ങളുടെ സംഭാവനകള്‍ക്ക് ഇന്ത്യയിലാകെ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്തവരെ. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികം ജനജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കുന്നത് മുതല്‍ ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷികം അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതുവരെയുള്ളതിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്നെയാണ് ഇത്തരം മുന്‍കൈകള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നതും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Double engine govt becoming symbol of good governance, says PM Modi

Media Coverage

Double engine govt becoming symbol of good governance, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government