അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.
ഇന്ത്യയില്‍ 40 വര്‍ഷത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തിന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആര്‍പ്പുവിളികളുടെ മുഴക്കത്തിനിടയില്‍ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ അറിയിച്ചു. ''ഈ ചരിത്ര വിജയത്തില്‍ ടീം ഭാരതിനെയും ഓരോ ഇന്ത്യക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും സുപ്രധാന ഭാഗമാണ് കായികവിനോദമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോകുമ്പോള്‍ കായികമത്സരങ്ങളില്ലെങ്കില്‍ ഏതൊരു ഉത്സവവും അപൂര്‍ണ്ണമായി തുടരുന്നത് കാണാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യക്കാര്‍ വെറും കായിക പ്രേമികള്‍ മാത്രമല്ല, നാം അതില്‍ ജീവിക്കുന്നവരുമാണ്'', ശ്രീ മോദി പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഇന്ത്യയുടെ ചരിത്രത്തിലൂടെ കായിക സംസ്‌ക്കാരം പ്രതിഫലിക്കുന്നുണ്ടെന്നത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. സിന്ധുനദീതട സംസ്‌കാരമോ വേദകാലമോ അതിന് ശേഷമുള്ള കാലഘട്ടമോ ആകട്ടെ, ഇന്ത്യയുടെ കായിക പാരമ്പര്യം വളരെ സമ്പന്നമാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. കുതിര സവാരി, നീന്തല്‍, അമ്പെയ്ത്ത് ഗുസ്തി എന്നിവ ഉള്‍പ്പെടെ 64 ഇനങ്ങളില്‍ പ്രാവീണ്യം നേടിയിരുന്നതായും അവയില്‍ മികവ് പുലര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിയിരുന്നെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കായികവിനോദമായ അമ്പെയ്ത്ത് പഠിക്കാനുളള നിയമഗ്രന്ഥമായ പ്രസിദ്ധീകരിച്ചിരുന്ന 'ധനുര്‍വേദ സംഹിത' ധനുഷ്വന്‍, ചക്ര, ഭാല, വാള്‍പയറ്റ്, കഠാര, ഗദ, ഗുസ്തി എന്നീ 7 നിര്‍ബന്ധിത നൈപുണ്യങ്ങള്‍ അമ്പെയ്ത്ത് പഠിക്കുന്നതിന് മുന്നുപാധികളായി പരാമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യയുടെ ഈ പുരാതന കായിക പാരമ്പര്യത്തിന്റെ ശാസ്ത്രീയ തെളിവുകളും പ്രധാനമന്ത്രി അവതരിപ്പിച്ചു. യുനെസ്‌കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ച ധോലവീരയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം 5000 വര്‍ഷം പഴക്കമുള്ള ഈ നഗരത്തിന്റെ നഗരാസൂത്രണത്തിലെ കായിക അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഉദ്ഖനനത്തില്‍, കണ്ടെത്തിയ രണ്ട് സ്‌റ്റേഡിയങ്ങളിലൊന്ന് അക്കാലത്തെ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സ്‌റ്റേഡിയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, രാഖിഗര്‍ഹിയില്‍ കായികവുമായി ബന്ധപ്പെട്ട ഘടനകളും കണ്ടെത്തിയിട്ടുണ്ട്. ''ഇന്ത്യയുടെ ഈ കായിക പാരമ്പര്യം ലോകത്തിനാകെ അവകാശപ്പെട്ടതാണ് '്, ശ്രീ മോദി പറഞ്ഞു.
''കായികരംഗത്ത് പരാജിതരില്ല, വിജയികളും പഠിതാക്കളും മാത്രമേയുള്ളൂ. കായികരംഗത്തിന്റെ ഭാഷയും ആത്മാവും സാര്‍വത്രികമാണ്. കായികവിനോദം വെറും മത്സരമല്ല. കായികരംഗം മനുഷ്യരാശിക്ക് വികസിക്കാനുള്ള അവസരം നല്‍കുന്നു'' പ്രധാനമന്ത്രി മോദി പറഞ്ഞു. ''അതുകൊണ്ടാണ് റെക്കോര്‍ഡുകള്‍ ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്നത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന വസുധൈവ കുടുംബകത്തിന്റെ ചൈതന്യവും കായികമേഖല ശക്തിപ്പെടുത്തുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കായിക വികസനത്തിനായി സമീപകാലത്ത് സ്വീകരിച്ച നടപടികളുടെ പട്ടികയും പ്രധാനമന്ത്രി വിശദീകരിച്ചു. ഖേലോ ഇന്ത്യ ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ്, പാര്‍ലമെന്റ് അംഗ കായിക മത്സരങ്ങള്‍, വരാനിരിക്കുന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസ് എന്നിവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയിലെ കായികരംഗത്ത് ഉള്‍ച്ചേര്‍ക്കലും വൈവിദ്ധ്യത്തിലുമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കായിക ലോകത്ത് ഇന്ത്യയുടെ തിളക്കമാര്‍ന്ന പ്രകടനത്തിന് ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. കഴിഞ്ഞ ഒളിമ്പിക്സിലെ നിരവധി അത്ലറ്റുകളുടെ ഗംഭീര പ്രകടനങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു; കൂടാതെ അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനവും ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ഇന്ത്യയുടെ യുവ അത്ലറ്റുകള്‍ സൃഷ്ടിച്ച പുതിയ റെക്കോര്‍ഡുകളും എടുത്തുപറഞ്ഞു. ഇന്ത്യയില്‍ സ്പോര്‍ട്സിന്റെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന്റെ അടയാളമാണ് നല്ല കുതിപ്പുകള്‍ എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ആഗോള കായിക മേളകള്‍ സംഘടിപ്പിക്കാനുള്ള കഴിവ് ഇന്ത്യ വിജയകരമായി തെളിയിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. 186 രാജ്യങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ചെസ് ഒളിമ്പ്യാഡ്, 17 വയസ്സില്‍ താഴെയുള്ളവരുടെ വനിതാ ഫുട്‌ബോള്‍ ലോകകപ്പ്, ഹോക്കി ലോകകപ്പ്, വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്, ഷൂട്ടിംഗ് ലോകകപ്പ്, നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ ആഗോള ടൂര്‍ണമെന്റുകളെ അദ്ദേഹം പരാമര്‍ശിച്ചു. എല്ലാ വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് രാജ്യം സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ഐഒസി എക്സിക്യൂട്ടീവ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശ അംഗീകരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഗോള മേളകള്‍ ഇന്ത്യക്ക് ലോകത്തെ സ്വാഗതം ചെയ്യാനുള്ള അവസരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിവേഗം വികസിക്കുന്ന സമ്പദ്വ്യവസ്ഥയും നന്നായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളും കാരണം ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രഥമ സ്ഥാനമുണ്ടെന്ന് ഊന്നിപ്പറഞ്ഞു. രാജ്യത്തെ 60 ലധികം നഗരങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ച ജി 20 ഉച്ചകോടിയുടെ ഉദാഹരണം അദ്ദേഹം പറഞ്ഞു. ഇത് എല്ലാ മേഖലകളിലും ഇന്ത്യയുടെ സംഘാടന ശേഷിയുടെ തെളിവാണ്: ഇന്ത്യയിലെ 140 കോടി പൗരന്മാരുടെ വിശ്വാസം പ്രധാനമന്ത്രി വ്യക്തമാക്കി.
'' ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആകാംക്ഷയിലാണ് ഇന്ത്യ. 2036-ലെ ഒളിമ്പിക്സിന്റെ വിജയകരമായ സംഘാടനത്തിനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ ഒരിഞ്ചും വിട്ടുകൊടുക്കില്ല, ഇത് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണ്'', പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പങ്കാളികളുടെയും പിന്തുണയോടെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2029ല്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയും ഉത്സുകരാണ്, ഐഒസി ഇന്ത്യയ്ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെടുകയും അക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
മെഡലുകള്‍ നേടാനുള്ളതു മാത്രമല്ല സ്പോര്‍ട്സ്; മറിച്ച്, ഹൃദയങ്ങള്‍ കീഴടക്കാനുള്ള മാധ്യമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''കായികം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഇത് ചാമ്പ്യന്മാരെ ഒരുക്കുക മാത്രമല്ല, സമാധാനവും പുരോഗതിയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, ലോകത്തെ ഒന്നിപ്പിക്കുന്ന മറ്റൊരു മാധ്യമമാണ് കായികം'', പ്രതിനിധികളെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അംഗം ശ്രീമതി നിത അംബാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗങ്ങളുടെ ഒരു പ്രധാന യോഗം എന്ന നിലയിലാണ് ഐഒസി യോഗം ചേരുന്നത്. ഒളിമ്പിക് ഗെയിംസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഐഒസി യോഗങ്ങളില്‍ എടുക്കും. ഏകദേശം 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാം തവണയാണ് ഇന്ത്യ ഐഒസി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഐഒസിയുടെ 86-ാമത് യോഗം 1983ല്‍ ന്യൂഡല്‍ഹിയില്‍ നടന്നു.
ഇന്ത്യയില്‍ ചേര്‍ന്ന, 141-ാമത് ഐഒസി യോഗം ആഗോള സഹകരണം വളര്‍ത്തിയെടുക്കുന്നതിനും കായിക മികവ് ആഘോഷിക്കുന്നതിനും സൗഹൃദം, ബഹുമാനം, മികവ് എന്നിവയുടെ ഒളിമ്പിക് ആദര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള രാജ്യത്തിന്റെ സമര്‍പ്പണത്തെ ഉള്‍ക്കൊള്ളുന്നു. സ്പോര്‍ട്സുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും അറിവ് പങ്കിടലിനും ഇത് അവസരം നല്‍കുന്നു.
യോഗത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശ്രീ. തോമസ് ബാച്ചും ഐഒസിയിലെ മറ്റ് അംഗങ്ങളും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളും ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
Sports is an important aspect of Indian culture and lifestyle. pic.twitter.com/3L7zswdgDZ
— PMO India (@PMOIndia) October 14, 2023
In sports there are no losers, there are only winners and learners. pic.twitter.com/6dabjDqLcl
— PMO India (@PMOIndia) October 14, 2023
With special focus on sports, today India is performing brilliantly in international events. pic.twitter.com/9KJZjW6QW0
— PMO India (@PMOIndia) October 14, 2023
India eagerly anticipates hosting the Olympics. pic.twitter.com/NOAIcau7SK
— PMO India (@PMOIndia) October 14, 2023