ഇന്ത്യ-യുകെ മാർഗരേഖ 2030ന്റെ ഭാഗമായി നിരവധി ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു. സമീപകാലത്തെ ഉന്നതതല വിനിമയങ്ങളിലും വർധിച്ചുവരുന്ന സഹകരണത്തിലും (വിശേഷിച്ച് വ്യാപാര - സാമ്പത്തിക മേഖലകളിൽ) അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാര ഉടമ്പടി എത്രയും വേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും അംഗീകരിച്ചു.
യുകെയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങൾ പ്രധാനമന്ത്രിശ്രീ മോദി ഉന്നയിക്കുകയും ഇന്ത്യാവിരുദ്ധ ഘടകങ്ങൾക്കെതിരെ യുകെ ഗവണ്മെന്റ് ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷനു നേർക്കുണ്ടായ ആക്രമണം തികച്ചും അസ്വീകാര്യമാണെന്നു യുകെ കരുതുന്നതായും ഇന്ത്യൻ മിഷന്റെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു.
ബ്രിട്ടണിൽ അഭയം തേടിയ സാമ്പത്തിക കുറ്റവാളികളുടെ കാര്യവും പ്രധാനമന്ത്രി ശ്രീ മോദി ഉന്നയിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ ഹാജരാകാൻ കഴിയുന്ന തരത്തിൽ, പലായനം ചെയ്തവരുടെ തിരിച്ചുവരവിൽ പുരോഗതിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 സെപ്റ്റംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേയ്ക്കു പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രി സുനകിനെ ക്ഷണിച്ചു. ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിൽ കൈവരിച്ച പുരോഗതിയെ പ്രധാനമന്ത്രി സുനക് അഭിനന്ദിക്കുകയും ഇന്ത്യയുടെ സംരംഭങ്ങൾക്കും അവയുടെ വിജയത്തിനും യുകെയുടെ പൂർണ പിന്തുണ ആവർത്തിക്കുകയും ചെയ്തു.
ബൈശാഖിയുടെ പൂർവസന്ധ്യയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സുനകിനും യുകെയിലെ ഇന്ത്യൻ സമൂഹത്തിനും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
സമ്പർക്കം തുടർന്നും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.