പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 17നും 18നും നൈജീരിയയിൽ ഔദ്യോഗികസന്ദർശനത്തിലാണ്. അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി, ഇന്ന് അബൂജയിൽ ഔദ്യോഗിക ചർച്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രിക്ക് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകി.
ഇരുനേതാക്കളും നിയന്ത്രിത കൂടിക്കാഴ്ച നടത്തി. തുടർന്ന്, പ്രതിനിധിതലചർച്ചകൾ നടന്നു. ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രസിഡന്റ് ടിനുബുവുമായി നടത്തിയ ഊഷ്മളമായ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. പൊതുവായ ഭൂതകാലം, പൊതു ജനാധിപത്യമൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധം എന്നിവയാൽ നിർവചിക്കപ്പെട്ട സവിശേഷമായ സൗഹൃദബന്ധങ്ങൾ ഇരുരാജ്യങ്ങളും ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൈജീരിയയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ പ്രധാനമന്ത്രി പ്രസിഡന്റ് ടിനുബുവിനോട് അനുതാപം അറിയിച്ചു. ദുരിതാശ്വാസസാമഗ്രികൾക്കും മരുന്നുകൾക്കും ഇന്ത്യ നൽകിയ സമയോചിതസഹായത്തിനു പ്രസിഡന്റ് ടിനുബു പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു.
നിലവിലെ ഉഭയകക്ഷിസഹകരണം അവലോകനംചെയ്ത ഇരുനേതാക്കളും ഇന്ത്യ-നൈജീരിയ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു. ബന്ധങ്ങളുടെ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച നേതാക്കൾ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഊർജം, ആരോഗ്യം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനു വലിയ സാധ്യതയുണ്ടെന്നു വിലയിരുത്തി. കൃഷി, ഗതാഗതം, കുറഞ്ഞ ചെലവിലുള്ള മരുന്ന്, പുനരുപയോഗ ഊർജം, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ ഇന്ത്യയുടെ അനുഭവം പ്രധാനമന്ത്രി നൈജീരിയക്കു വാഗ്ദാനം ചെയ്തു. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വികസന-സഹകരണ പങ്കാളിത്തത്തെയും, പ്രാദേശികശേഷിയും വൈദഗ്ധ്യവും പ്രൊഫഷണൽ വൈദഗ്ധ്യവും സൃഷ്ടിക്കുന്നതിൽ അതിന്റെ അർഥവത്തായ സ്വാധീനത്തെയും പ്രസിഡന്റ് ടിനുബു അഭിനന്ദിച്ചു. പ്രതിരോധ-സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ചചെയ്തു. ഭീകരവാദം, കടൽക്കൊള്ള, തീവ്രവാദം എന്നിവയ്‌ക്കെതിരെ സംയുക്തമായി പോരാടാനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.
ആഗോള-പ്രാദേശിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തു. ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിലൂടെ വികസ്വരരാജ്യങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു പ്രസിഡന്റ് ടിനുബു നന്ദി അറിയിച്ചു. ഗ്ലോബൽ സൗത്തിന്റെ വികസനമോഹങ്ങൾ നിറവേറ്റുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ ഇരുനേതാക്കളും ധാരണയായി. ECOWAS അധ്യക്ഷൻ എന്ന നിലയിൽ നൈജീരിയ വഹിച്ച പങ്കിനെയും ബഹുമുഖ-ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്കു നൽകുന്ന സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അന്താരാഷ്ട്ര സൗരസഖ്യം, അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യം എന്നിവയിലെ നൈജീരിയയുടെ അംഗത്വത്തെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യ ആരംഭിച്ച മറ്റു ഭൂസൗഹൃദ ഹരിത സംരംഭങ്ങളുടെ ഭാഗമാകാൻ പ്രസിഡന്റ് ടിനുബുവിനെ പ്രധാനമന്ത്രി ക്ഷണിച്ചു.
ചർച്ചകൾക്കുശേഷം, സാംസ്കാരിക വിനിമയ പരിപാടി, കസ്റ്റംസ് സഹകരണം, സർവേ സഹകരണം എന്നീ മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. തുടർന്ന്, പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് ഒരുക്കിയ ഔദ്യോഗിക വിരുന്നും നടന്നു.
Had a very productive discussion with President Tinubu. We talked about adding momentum to our strategic partnership. There is immense scope for ties to flourish even further in sectors like defence, energy, technology, trade, health, education and more. @officialABAT pic.twitter.com/2i4JuF9CkX
— Narendra Modi (@narendramodi) November 17, 2024