വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം ആരംഭം കുറിച്ചു. പരിപാടിക്കിടെ, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിയും ശ്രീ മോദി ആരംഭിച്ചു. ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന ഈ രണ്ട് സംരംഭങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്.
ഒഡീഷയിലെ റായ്ഗര്‍ഹയില്‍ നിന്നുള്ള പൂര്‍ണ ചന്ദ് ബെനിയ എന്ന കര്‍ഷകനെ പ്രധാനമന്ത്രി 'ജയ് ജഗനാഥ്' ചൊല്ലിയാണ് അഭിവാദ്യം ചെയ്തത്. ശ്രീ ബെനിയ ജി ഒന്നിലധികം സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താവാണ്. ഉജ്ജ്വല പോലുള്ള പദ്ധതികളിലൂടെ തന്റെ ജീവിതം എങ്ങനെ മാറിയെന്ന് ഗുണഭോക്താവ് വിവരിച്ചു. മക്കളുടെ ശോഭനമായ ഭാവി സ്വപ്നം കാണാന്‍ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. അദ്ദേഹത്തിന് പ്രയോജപ്പെടുന്ന എന്തെല്ലാം പദ്ധതികള്‍ ഇനിയും ലഭ്യമാണെന്ന് യാത്രയെ അനുഗമിക്കുന്ന ഉദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.