ഊനായിലെ അംബ് അന്ദൗരയിൽനിന്നു ന്യൂഡൽഹിയിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ്ഓഫ് ചെയ്തു.
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കോച്ചുകൾ പരിശോധിച്ച പ്രധാനമന്ത്രി സൗകര്യങ്ങൾ വിലയിരുത്തുകയുംചെയ്തു. വന്ദേ ഭാരത് എക്സ്പ്രസിന്റെ ലോക്കോമോട്ടീവ് എൻജിൻ നിയന്ത്രണകേന്ദ്രവും ശ്രീ മോദി പരിശോധിച്ചു. ഊന റെയിൽവേ സ്റ്റേഷനും അദ്ദേഹം പരിശോധിച്ചു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, വാർത്താവിതരണ-പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് താക്കൂർ എന്നിവരും ഊന ജില്ലയിലെ അംബ് അന്ദൗര റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ട്രെയിൻ അവതരിപ്പിച്ചത് ഈ മേഖലയിലെ വിനോദസഞ്ചാരസാധ്യത വർധിപ്പിക്കുന്നതിനും സുഖകരവും വേഗതയേറിയതുമായ യാത്രാമാർഗമൊരുക്കുന്നതിനും സഹായകമാകും. ഊനയിൽനിന്നു ന്യൂഡൽഹിയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂർ കുറയുകയുംചെയ്യും. അംബ് അന്ദൗരയിൽനിന്നു ന്യൂഡൽഹിയിലേക്കു പോകുന്ന ട്രെയിൻ രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. മുമ്പുള്ളവയെ അപേക്ഷിച്ചു പുതുമയാർന്നതാണ് ഈ ട്രെയിൻ. ഭാരം കുറഞ്ഞ ട്രെയിനിനു കുറഞ്ഞസമയത്തിനുള്ളിൽ ഉയർന്നവേഗം കൈവരിക്കാൻ കഴിയും. പുത്തൻ സവിശേഷതകളും അത്യാധുനികസംവിധാനങ്ങളും അടങ്ങിയ വന്ദേ ഭാരത് 2.0 ട്രെയിനിനു കേവലം 52 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിനു മുൻപതിപ്പിലെ 430 ടണ്ണിനുപകരം 392 ടൺ ഭാരമാണുള്ളത്. ആവശ്യാനുസരണം വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. എല്ലാ കോച്ചുകളിലും യാത്രക്കാർക്കു വിവര-വിനോദസൗകര്യങ്ങൾ പ്രദാനംചെയ്യുന്ന 32 ഇഞ്ച് സ്ക്രീനുകളാണുള്ളത്. മുൻപതിപ്പിൽ 24 ഇഞ്ച് സ്ക്രീനുകളാണുണ്ടായിരുന്നത്. ശീതികരണസംവിധാനം 15 ശതമാനം കൂടുതൽ ഊർജക്ഷമതയുള്ളതാകുമെന്നതിനാൽ വന്ദേ ഭാരത് എക്സ്പ്രസ് പരിസ്ഥിതിസൗഹൃദമായിരിക്കും. ട്രാക്ഷൻ മോട്ടോറിൽ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായുശീതീകരണ സംവിധാനമുള്ളതിനാൽ യാത്ര കൂടുതൽ സുഖകരമാകും. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്കുമാത്രം നൽകിയിരുന്ന സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധികസവിശേഷതയുമുണ്ട്.
വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പിൽ, വായുശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (ആർഎംപിയു) ഫോട്ടോ-കാറ്റലിറ്റിക് അൾട്രാവയലറ്റ് വായുശുദ്ധീകരണസംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ കേന്ദ്ര ശാസ്ത്രോപകരണങ്ങളുടെ സംഘടന(സിഎസ്ഐഒ)യുടെ ശുപാർശപ്രകാരം, ഇരുവശത്തേയ്ക്കുമുള്ള വായുസഞ്ചാരത്തിൽ കണ്ടേക്കാവുന്ന അണുക്കൾ, ബാക്ടീരിയകൾ, വൈറസ് മുതലായവയിൽനിന്നു വായു വേർതിരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമായാണ് ഈ സംവിധാനം രൂപകൽപ്പനചെയ്തതും സ്ഥാപിച്ചതും.
വന്ദേ ഭാരത് എക്സ്‌പ്രസ് 2.0 വിമാനത്തിലേതുപോലുൾപ്പെടെയുള്ള നിരവധി യാത്രാനുഭവങ്ങൾ പ്രദാനംചെയ്യും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിനിൽ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ ‘കവച്’ ഉൾപ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാസവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.