“വന്ദേ ഭാരത് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും പൈതൃകം പങ്കുവയ്ക്കലിന്റെ കണ്ണിയാകും”
“വന്ദേ ഭാരത് എക്സ്‌പ്രസ് സൂചിപ്പിക്കുന്നത് ഇന്ത്യ എല്ലാത്തിലും മികച്ചത് ആഗ്രഹിക്കുന്നു എന്നാണ്”
“വന്ദേ ഭാരത് നവഇന്ത്യയുടെ കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്”
“സമ്പർക്കസംവിധാനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല, സ്വപ്നങ്ങളെ യാഥാർഥ്യവുമായി കൂട്ടിയിണക്കുകയും ഏവരുടെയും വികസനം ഉറപ്പാക്കുകയും ചെയ്യുന്നു”
“ഗതി (വേഗം) ഉള്ളിടത്തെല്ലാം പ്രഗതി (പുരോഗതി) ഉണ്ട്. പുരോഗതിയുണ്ടാകുമ്പോഴെല്ലാം സമൃദ്ധിയും ഉറപ്പാണ്”
“കഴിഞ്ഞ 7-8 വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ വരുന്ന 7-8 വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേയെ മാറ്റിമറിക്കും”

സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്ത‌ിലൂടെ ഇന്നു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസായ ഈ ട്രെയിൻ, തെലുങ്കു സംസാരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തേതുമാണ്. ഏകദേശം 700 കിലോമീറ്ററാണു ട്രെയിൻ സഞ്ചരിക്കുക. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമണ്ഡ്രി, വിജയവാഡ എന്നിവിടങ്ങളിലും തെലങ്കാനയിലെ ഖമ്മം, വറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും.

ഈ ശുഭവേളയിൽ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും പൈതൃകം പങ്കുവയ്ക്കലിന്റെ കണ്ണിയാകുന്ന മഹത്തായ സമ്മാനമാണ് ഇരുസംസ്ഥാനങ്ങൾക്കും ലഭിക്കുന്നതെന്ന് ആഘോഷങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഈ വേളയിൽ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സൈന്യം ധീരതയ്ക്കും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണെന്നു പറഞ്ഞ അദ്ദേഹം കരസേനാദിനത്തിൽ സൈന്യത്തിന് ആദരമർപ്പിക്കുകയും ചെയ്തു. 

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആഘോഷങ്ങളെക്കുറിച്ചു പ്രധാനമന്ത്രി തുടർന്നും പരാമർശിച്ചു. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ മനസിലാക്കാനും അറിയാനും കൂട്ടിയിണക്കാനും, രാജ്യത്തിന്റെ മുക്കിലും മൂലയി‌ലും സഞ്ചരിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്കും സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും വന്ദേഭാരത് എക്സ്‌പ്രസ് ഏറെ പ്രയോജനം ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയിലുള്ള യാത്രാസമയം ഇനിയും കുറയുമെന്നും വ്യക്തമാക്കി. 
“വന്ദേ ഭാരത് പുതിയ ഇന്ത്യയുടെ കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. വേഗത്തിലുള്ള വികസനത്തിന്റെ പാത തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്രതീകമാണിത്”- പ്രധാനമന്ത്രി പറഞ്ഞു. സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും കുതിക്കാനാഗ്രഹിക്കുന്ന ഇന്ത്യ, ലക്ഷ്യം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യ, മികവിനായി പരിശ്രമിക്കുന്ന ഇന്ത്യ, പൗരന്മാർക്ക് ഏറ്റവും മികച്ചത് എത്തിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ, അടിമത്തമനോഭാവത്തത്തിന്റെ പ്രതിബന്ധങ്ങൾ തകർത്ത ഇന്ത്യ, സ്വയംപര്യാപ്തതയിലേക്കു മുന്നേറുന്ന ഇന്ത്യ എന്നിവയെയാണു ട്രെയിൻ പ്രതിഫലിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. 

വന്ദേഭാരത് ട്രെയിനുകളുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളുടെ വേഗതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. 15 ദിവസത്തിനുള്ളിൽ രണ്ടാം വന്ദേ ഭാരത് ഈ വർഷം പ്രവർത്തനക്ഷമമാകുമെന്നും ഇതു താഴേത്തട്ടിലുണ്ടാകുന്ന മാറ്റത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളുടെ തദ്ദേശീയ സ്വഭാവവും ജനങ്ങളുടെ മന‌സ‌‌ിൽ അവയുടെ സ്വാധീനവും അന്തസും അദ്ദേഹം വ്യക്തമാക്കി. ഭൂമിയെ 58 തവണ വലംവയ്ക്കുന്നതിനു തുല്യമായ 23 ലക്ഷം കിലോമിറ്റർ ദൂരം 7 വന്ദേ ഭാരത് ട്രെയിനുകൾ പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളിൽ ഇതുവരെ 40 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

സമ്പർക്കസൗകര്യവും വേഗതയും തമ്മിൽ നേരിട്ടുള്ള ബന്ധവും ‘ഏവരുടെയും വികസന’വുമായുള്ള ബന്ധവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “സമ്പർക്കസംവിധാനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ രണ്ടു സ്ഥലങ്ങളെ മാത്രമല്ല, സ്വപ്നങ്ങളെ യാഥാർഥ്യവുമായും ബന്ധിപ്പിക്കുന്നു. ഉൽപ്പാദനത്തെ  വിപണിയുമായി ബന്ധിപ്പിക്കുന്നു. പ്രതിഭയെ ശരിയായ വേദിയുമായി ബന്ധിപ്പിക്കുന്നു. സമ്പർക്കസൗകര്യങ്ങൾ വികസനത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുന്നു”- അദ്ദേഹം പറഞ്ഞു. “ഗതി (വേഗം) ഉള്ളിടത്തെല്ലാം പ്രഗതി (പുരോഗതി) ഉണ്ട്. പുരോഗതി ഉണ്ടാകുമ്പോഴെല്ലാം അഭിവൃദ്ധി ഉറപ്പാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

ആധുനിക സമ്പർക്കസൗകര്യങ്ങൾ തെരഞ്ഞെടുത്ത ചിലർക്കു മാത്രമായി പരിമിതപ്പെടുത്തുകയും, ജനസംഖ്യയുടെ ഭൂരിഭാഗവും ചെലവേറിയ ഗതാഗതത്താൽ ധാരാളം സമയം പാഴാക്കുകയും ചെയ്ത കാലത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. വന്ദേ ഭാരത് ട്രെയിൻ ആ ചിന്ത ഉപേക്ഷിക്കുന്നതിന്റെയും, ഏവരേയും വേഗത്താലും പുരോഗതിയാലും കൂട്ടിയിണക്കുന്നതിനുള്ള കാഴ്ചപ്പാടിലേക്കുള്ള മാറ്റത്തിന്റെയും ഉദാഹരണമാണ്. 

റെയിൽവേയുടെ ഒഴികഴിവുകളുടെയും മോശം പ്രതിച്ഛായയുടെയും ദയനീയമായ സാഹചര്യത്തോടുള്ള പ്രതികൂലസമീപനത്തിന്റെയും കാലം മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. നല്ലതും സത്യസന്ധവുമായ ഉദ്ദേശ്യത്തോടെ ഈ പ്രശ്നങ്ങൾ പരിഹരിച്ചു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഇന്ത്യൻ റെയിൽവേയെ മാറ്റിമറിച്ച തത്വമിതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യൻ റെയിൽവേയിലെ യാത്ര ഇന്നു സുഖകരമായ അനുഭവമായി മാറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പല റെയിൽവേ സ്റ്റേഷനുകളും ആധുനിക ഇന്ത്യയുടെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നു. “കഴിഞ്ഞ 7-8 വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ വരുന്ന 7-8 വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേയെ മാറ്റിമറിക്കും”- അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിസ്റ്റാഡോം കോച്ചുകളും പൈതൃകട്രെയിനുകളും; കാർഷികോൽപ്പന്നങ്ങൾ വിദൂരവിപണികളിലേക്കു കൊണ്ടുപോകുന്നതിനുള്ള കിസാൻ റെയിൽ; 2 ഡസനിലധികം നഗരങ്ങൾക്കു ലഭിച്ച മെട്രോ ശൃംഖല തുടങ്ങിയ നടപടികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി  ഭാവി കണക്കിലെടുത്തുള്ള അതിവേഗ റെയിൽ ഗതാഗതസംവിധാനം ദ്രുതഗത‌ിയിൽ ഉയർന്നുവരുന്നുവെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 8 വർഷത്തിനിടെ തെലങ്കാനയിൽ റെയിൽവേയുമായി ബന്ധപ്പെട്ടു നടത്തിയ അസാധാരണപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് 8 വർഷംമുമ്പു തെലങ്കാനയിൽ റെയിൽവേയ്ക്ക് 250 കോടി രൂപയിൽ താഴെമാത്രമാണു ബജറ്റ് ഉണ്ടായിരുന്നതെങ്കിൽ, ഇന്നത് 3000 കോടി രൂപയായി വർധിച്ചതായി അദ്ദേഹം അറിയിച്ചു. മേഡക് പോലുള്ള തെലങ്കാനയിലെ പല പ്രദേശങ്ങളും ഇപ്പോൾ ഇതാദ്യമായി റെയിൽവേ സേവനത്തിലൂടെ ബന്ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 2014നുമുമ്പുള്ള 8 വർഷങ്ങളിൽ തെലങ്കാനയിൽ 125 കിലോമീറ്ററിൽ താഴെ പുതിയ റെയിൽ പാതകൾ മാത്രമാണു നിർമിച്ചതെന്നും കഴിഞ്ഞ വർഷങ്ങളിൽ തെലങ്കാനയിൽ ഏകദേശം 325 കിലോമീറ്റർ പുതിയ റെയിൽ പാതകൾ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയിൽ 250 കിലോമീറ്ററിലധികം ‘ട്രാക്ക് മൾട്ടി-ട്രാക്കിങ്’ ജോലികൾ നടന്നിട്ടുണ്ടെന്നും ഈ വൈദ്യുതീകരണ കാലയളവിൽ സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകളുടെ വൈദ്യുതീകരണം 3 മടങ്ങു വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെലങ്കാനയിലെ എല്ലാ ബ്രോഡ്ഗേജ് പാതകളിലും ഉടൻ തന്നെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. 

വന്ദേ ഭാരത് ഒരറ്റത്തുനിന്ന് ആന്ധ്രാപ്രദേശുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ആന്ധ്രാപ്രദേശിലെ റെയിൽ ശൃംഖല ശക്തിപ്പെടുത്തുന്നതിനു കേന്ദ്രഗവണ്മെന്റ് പതിവായി പ്രവർത്തിക്കുകയാണെന്ന് അറിയിച്ചു. ജീവിതസൗകര്യങ്ങൾ, വ്യവസായനടത്തിപ്പു സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനുള്ള കേന്ദ്രഗവൺമെന്റിന്റെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ വർഷങ്ങളിൽ ആന്ധ്രപ്രദേശിൽ 350 കിലോമീറ്റർ പുതിയ റെയിൽവേ പാതകൾ നിർമിച്ചതായും ഏകദേശം 800 കിലോമീറ്റർ മൾട്ടി ട്രാക്കിങ് പൂർത്തിയാക്കിയതായും വ്യക്തമാക്കി. 2014നുമുമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, മുൻ ഗവണ്മെന്റി‌ന്റെ കാലത്ത് ആന്ധ്രാപ്രദേശിൽ പ്രതിവർഷം 60 കിലോമീറ്റർ റെയിൽവേ ട്രാക്കുകൾ മാത്രമേ വൈദ്യുതീകരിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇതിപ്പോൾ പ്രതിവർഷം 220 കിലോമീറ്ററായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

“വേഗതയുടെയും പുരോഗതിയുടെയും ഈ പ്രക്രിയ ഇതുപോലെ തന്നെ തുടരും”- പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലേക്കും ആന്ധ്രാപ്രദേശിലേക്കും വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനിൽ യാത്രചെയ്യുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

ഗവർണർ ശ്രീമതി തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ ജി കിഷൻ റെഡ്ഡി, സംസ്ഥാന മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം: 
 

ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസാണ‌ിത്. തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തേതും. ഈ ട്രെയിൻ ഏകദേശം 700 കിലോമീറ്റർ സഞ്ചരിക്കും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമണ്ട്രി, വിജയവാഡ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും.

തദ്ദേശീയമായി രൂപകൽപ്പനചെയ്ത വന്ദേ ഭാരത് എക്സ്‌പ്രസിൽ  അത്യാധുനിക യാത്രാസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതു യാത്രക്കാർക്കു വേഗതയേറിയതും സുഖപ്രദവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനംചെയ്യും.

ട്രെയിൻ അവതരിപ്പിച്ചത് ഈ മേഖലയിലെ വിനോദസഞ്ചാരസാധ്യത വർധിപ്പിക്കുന്നതിനും സുഖകരവും വേഗതയേറിയതുമായ യാത്രാമാർഗമൊരുക്കുന്നതിനും സഹായകമാകും. രാജ്യത്തെ എട്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണ‌ിത്. മുമ്പുള്ളവയെ അപേക്ഷിച്ചു പുതുമയാർന്നതാണ് ഈ ട്രെയിൻ. ഭാരം കുറഞ്ഞ ട്രെയിനിനു കുറഞ്ഞസമയത്തിനുള്ളിൽ ഉയർന്നവേഗം കൈവരിക്കാൻ കഴിയും. പുത്തൻ സവിശേഷതകളും അത്യാധുനികസംവിധാനങ്ങളും അടങ്ങിയ വന്ദേ ഭാരത് 2.0 ട്രെയിനിനു കേവലം 52 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിനു മുൻപതിപ്പിലെ 430 ടണ്ണിനുപകരം 392 ടൺ ഭാരമാണുള്ളത്. ആവശ്യാനുസരണം വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. എല്ലാ കോച്ചുകളിലും യാത്രക്കാർക്കു വിവര-വിനോദസൗകര്യങ്ങൾ പ്രദാനംചെയ്യുന്ന 32 ഇഞ്ച് സ്ക്രീനുകളാണുള്ളത്. മുൻപതിപ്പിൽ 24 ഇഞ്ച് സ്ക്രീനുകളാണുണ്ടായിരുന്നത്. ശീതികരണസംവിധാനം 15 ശതമാനം കൂടുതൽ ഊർജക്ഷമതയുള്ളതാകുമെന്നതിനാൽ വന്ദേ ഭാരത് എക്സ്പ്രസ് പരിസ്ഥിതിസൗഹൃദമായിരിക്കും. ട്രാക്ഷൻ മോട്ടോറിൽ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായുശീതീകരണ സംവിധാനമുള്ളതിനാൽ യാത്ര കൂടുതൽ സുഖകരമാകും. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്കുമാത്രം നൽകിയിരുന്ന സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധികസവിശേഷതയുമുണ്ട്. 

വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പിൽ, വായുശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (ആർഎംപിയു) ഫോട്ടോ-കാറ്റലിറ്റിക് അൾട്രാവയലറ്റ് വായുശുദ്ധീകരണസംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ കേന്ദ്ര ശാസ്ത്രോപകരണങ്ങളുടെ സംഘടന(സിഎസ്ഐഒ)യുടെ ശുപാർശപ്രകാരം, ഇരുവശത്തേയ്ക്കുമുള്ള വായുസഞ്ചാരത്തിൽ കണ്ടേക്കാവുന്ന അണുക്കൾ, ബാക്ടീരിയകൾ, വൈറസ് മുതലായവയിൽനിന്നു വായു വേർതിരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമായാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തതും സ്ഥാപിച്ചതും. 

വന്ദേ ഭാരത് എക്സ്‌പ്രസ് 2.0 വിമാനത്തിലേതുപോലുൾപ്പെടെയുള്ള നിരവധി മികച്ച യാത്രാനുഭവങ്ങൾ പ്രദാനംചെയ്യും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ ‘കവച്’ ഉൾപ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാസവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi