ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഡെറാഡൂൺ - ഡൽഹി വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്രയുടെ വേളയിൽ, ഉത്തരാഖണ്ഡിൽ നിന്നുള്ള ഏവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ ട്രെയിൻ രാജ്യതലസ്ഥാനത്തെ ഉത്തരാഖണ്ഡിലെ ദേവഭൂമിയുമായി ബന്ധിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടി. രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം ഇനിയും കുറയുമെന്നും ട്രെയിനിലെ സൗകര്യങ്ങൾ മനോഹരമായ യാത്രാനുഭവം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാൻ, പാപുവ ന്യൂ ഗിനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കു നടത്തിയ ത്രിരാഷ്ട്ര പര്യടനത്തിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നതെന്നു വ്യക്തമാക്കി. “സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിലും ലോകത്തിന്റെ പ്രതീക്ഷയുടെ കിരണമായി ഇന്ത്യ മാറി” - പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയെ ഇന്ത്യ നേരിട്ടതിനെപ്പറ്റിയും രാജ്യത്തു നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പു യജ്ഞത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുമ്പോൾ, ഉത്തരാഖണ്ഡ് പോലുള്ള മനോഹരമായ സംസ്ഥാനങ്ങൾ ഇന്നത്തെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വന്ദേഭാരത് ട്രെയിനും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്നു ശ്രീ മോദി പറഞ്ഞു.
കേദാർനാഥ് സന്ദർശനം നടത്തിയത് അനുസ്മരിച്ച പ്രധാനമന്ത്രി, “ഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമായിരിക്കും” എന്ന പ്രസ്താവന ആവർത്തിച്ചു. ക്രമസമാധാനനില ശക്തമായി നിലനിർത്തി സംസ്ഥാനം നടത്തുന്ന വികസനമുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു. “ദേവഭൂമി ലോകത്തിന്റെ ആത്മീയ ബോധത്തിന്റെ കേന്ദ്രമാകു”മെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഈ സാധ്യതകൾ തിരിച്ചറിയാൻ നാം പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാർധാം യാത്രയ്ക്കുള്ള തീർഥാടകരുടെ എണ്ണം പഴയ റെക്കോർഡുകൾ ഭേദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബാബ കേദാറിന്റെ ദർശനത്തിനായി വരുന്ന ഭക്തരെക്കുറിച്ചും ഹരിദ്വാറിലെ കുംഭ/അർദ്ധകുംഭ മേളയെക്കുറിച്ചും കൻവാർ യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പല സംസ്ഥാനങ്ങളിലും ഇത്രയധികം ഭക്തർ എത്തുന്നില്ലെന്നും ഇത് ഒരു സമ്മാനവും മഹത്തായ ദൗത്യവുമാണെന്നും അദ്ദേഹം പറഞ്ഞു. “ഈ ‘ഭഗീരഥ’ ദൗത്യം എളുപ്പമാക്കാൻ ഇരട്ട ശക്തിയിലും ഇരട്ടി വേഗത്തിലും ഇരട്ട എൻജിൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിന്റെ 9 രത്നങ്ങളായ ‘നവരത്ന’ത്തിനാണ് ഗവണ്മെന്റ് ഊന്നൽ നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേദാർനാഥ്-ബദ്രിനാഥ് ധാമിലെ 1300 കോടി രൂപയുടെ പുനരുജ്ജീവന പ്രവർത്തനമാണ് പ്രഥമ രത്നം. രണ്ടാമത്, ഗൗരികുണ്ഡ്-കേദാർനാഥ്, ഗോവിന്ദ് ഘട്ട്- ഹേംകുണ്ഡ് സാഹിബ് എന്നിവിടങ്ങളിൽ 2500 കോടി രൂപയുടെ റോപ്‌വേ പദ്ധതി. മൂന്നാമതായി, മാനസ് ഖണ്ഡ് മന്ദിരമാല പരിപാടിയുടെ കീഴിൽ കുമാവോണിലെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം. നാലാമതായി, 4000-ത്തിലധികം ഹോംസ്റ്റേകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് ഇവയ്ക്കാകെയുള്ള പ്രോത്സാഹനം. അഞ്ചാമത്, 16 ഇക്കോടൂറിസം കേന്ദ്രങ്ങളുടെ വികസനം. ആറാമത്, ഉത്തരാഖണ്ഡിലെ ആരോഗ്യ സേവനങ്ങളുടെ വിപുലീകരണം. ഉധംസിങ് നഗറിലാണ് എയിംസ് സാറ്റലൈറ്റ് കേന്ദ്രം വരുന്നത്. ഏഴാമത്, 2000 കോടി രൂപയുടെ തെഹ്‌രി തടാക വികസനപദ്ധതി. എട്ടാമത്, യോഗയുടെയും സാഹസിക വിനോദസഞ്ചാരത്തിന്റെയും തലസ്ഥാനമായി ഹരിദ്വാർ ഋഷികേശിന്റെ വികസനം, ഏറ്റവുമൊടുവിലായി തനക്പൂർ ബാഗേശ്വർ റെയിൽ പാതയുടെ വികസനം.
സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസനത്തിനു പുതിയ ഉത്തേജനം നൽകിയാണ് ഈ നവരത്നങ്ങളെ ഏകീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 12,000 കോടി രൂപയുടെ ചാർ ധാം മഹാപരിയോജനയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഡൽഹി - ഡെറാഡൂൺ അതിവേഗപാത യാത്ര വേഗത്തിലാക്കും. ഉത്തരാഖണ്ഡിലെ റോപ്പ് വേ സൗകര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പർവത് മാല പദ്ധതി വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഭാഗധേയം മാറ്റിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 16,000 കോടി രൂപയുടെ ഋഷികേശ്-കരൺപ്രയാഗ് റെയിൽ പദ്ധതി 2-3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി ഉത്തരാഖണ്ഡിന്റെ വലിയൊരു ഭാഗത്തേക്കുള്ള എത്തിച്ചേരൽ സുഗമമാക്കുകയും നിക്ഷേപം, വ്യവസായം, തൊഴിലവസരം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കേന്ദ്രഗവണ്മെന്റിന്റെ സഹായത്തോടെ വിനോദസഞ്ചാരം, സാഹസിക വിനോദസഞ്ചാരം, സിനിമാ ചിത്രീകരണം, വിവാഹച്ചടങ്ങു നടത്താൻ ഏവരും താൽപ്പര്യപ്പെടുന്ന ഇടം എന്നിവയുടെ കേന്ദ്രമായി ഉത്തരാഖണ്ഡ് ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നുണ്ടെന്നും വന്ദേ ഭാരത് എക്സ്‌പ്രസ് അവർക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവർ ആദ്യം തെരഞ്ഞെടുക്കുന്നത് ട്രെയിൻ യാത്രയാണെന്നും വന്ദേ ഭാരത് ക്രമേണ ഗതാഗതമാർഗമായി മാറുകയാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.
“21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വികസനത്തിന്റെ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയും” - അഴിമതിയിലും കുടുംബവാഴ്ചരാഷ്ട്രീയത്തിലും മുഴുകിയിരുന്ന മുൻകാല ഗവണ്മെന്റുകൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ അതിവേഗ ട്രെയിനുകളെക്കുറിച്ച് മുൻ ഗവണ്മെന്റുകൾ വലിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും, റെയിൽ ശൃംഖലയിൽനിന്ന് കാവലില്ലാത്ത ഗേറ്റുകൾ ഒഴിവാക്കുന്നതിൽപോലും അവർ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയിൽ പാതകൾ വൈദ്യുതവൽക്കരിച്ചതിന്റെ കാര്യത്തിലും പരിതാപകരമായ അവസ്ഥയായിരുന്നു. 2014-ഓടെ രാജ്യത്തെ റെയിൽ ശൃംഖലയുടെ മൂന്നിലൊന്ന് മാത്രമേ വൈദ്യുതവൽക്കരിച്ചിട്ടുണ്ടായിരുന്നുള്ളൂ. അതിവേഗം ഓടുന്ന ട്രെയിനിനെക്കുറിച്ച് ചിന്തിക്കാൻ അന്നു കഴിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “റെയിൽവേയെ പരിവർത്തനം ചെയ്യുന്നതിനുള്ള സർവതോമുഖമായ പ്രവർത്തനങ്ങൾ 2014ന് ശേഷമാണ് ആരംഭിച്ചത്” - പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിനെന്ന സ്വപ്നം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിച്ചതിനൊപ്പം അർധ-അതിവേഗ ട്രെയിനുകൾക്കായുള്ള മുഴുവൻ ശൃംഖലയും സജ്ജമാക്കുന്നതായും അദ്ദേഹം പറഞ്ഞു. 2014ന് മുമ്പ് പ്രതിവർഷം ശരാശരി 600 കിലോമീറ്റർ റെയിൽപാതകളാണു വൈദ്യുതവൽക്കരിച്ചിരുന്നതെങ്കിൽ ഇന്ന് ആറായിരം കിലോമീറ്റർ റെയിൽവേ പാതകൾ ഓരോ വർഷവും വൈദ്യുതവൽക്കരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, രാജ്യത്തെ റെയിൽവേ ശൃംഖലയുടെ 90 ശതമാനത്തിലധികവും വൈദ്യുതവൽക്കരിച്ചു. ഉത്തരാഖണ്ഡിൽ മുഴുവൻ റെയിൽ ശൃംഖലയുടെയും 100 ശതമാനം വൈദ്യുതവൽക്കരണം സാധ്യമായി” – പ്രധാനമന്ത്രി പറഞ്ഞു.
ശരിയായ ഉദ്ദേശ്യവും നയവും അർപ്പണബോധവുമാണ് വികസന പ്രവർത്തനങ്ങൾക്കു കാരണമെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014നെ അപേക്ഷിച്ച് റെയിൽവേ ബജറ്റിലുണ്ടായ വർധന ഉത്തരാഖണ്ഡിന് നേരിട്ട് ഗുണം ചെയ്തുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, 2014ന് 5 വർഷം മുമ്പ് സംസ്ഥാനത്തിന്റെ ശരാശരി ബജറ്റ് 200 കോടിയിൽ താഴെയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ന് റെയിൽവേ ബജറ്റ് 5000 കോടി രൂപയാണെന്നും 25 മടങ്ങ് വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സമ്പർക്കസൗകര്യങ്ങളുടെ അഭാവത്താൽ ഗ്രാമങ്ങളിൽ നിന്നുള്ള ജനങ്ങൾ കുടിയേറിപ്പാർക്കുന്ന മലയോര സംസ്ഥാനത്ത്, സമ്പർക്കസൗകര്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വരുംതലമുറകൾക്കെങ്കിലും ആ ദുരിതം ഒഴിവാക്കാൻ ഗവണ്മെന്റ് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. നമ്മുടെ അതിർത്തികളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ആധുനിക സമ്പർക്കസൗകര്യങ്ങൾ വളരെ ഉപയോഗപ്രദമാകുമെന്നും രാഷ്ട്രത്തെ സംരക്ഷിക്കുന്ന സൈനികർക്ക് ഒരുതരത്തിലും അസൗകര്യമുണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തരാഖണ്ഡിന്റെ ദ്രുതഗതിയിലുള്ള വികസനം ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് സഹായിക്കുമെന്നും ഉത്തരാഖണ്ഡിന്റെ വികസനത്തിന് ഇരട്ട എൻജിൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. “രാജ്യം ഇവിടെ അവസാനിപ്പിക്കുന്നില്ല; രാജ്യം ഇപ്പോഴാണ് അതിന്റെ വേഗത കൈവരിച്ചത്. രാജ്യം മുഴുവൻ വന്ദേ ഭാരതിന്റെ വേഗതയിൽ മുന്നേറുകയാണ്; തുടർന്നും മുന്നോട്ടുപോകും” -പ്രധാനമന്ത്രി പറഞ്ഞു.
പശ്ചാത്തലം
ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് പദ്ധതിയാണിത്. ലോകോത്തര സൗകര്യങ്ങളോടെ, സുഖപ്രദമായ യാത്രാനുഭവത്തിന്റെ പുതിയ യുഗത്തിന് ഇത് സാക്ഷ്യം വഹിക്കും; വിശേഷിച്ച്, സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക്. ‘കവച്’ സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാസംവിധാനങ്ങളോടെ, തദ്ദേശീയമായാണു ട്രെയിൻ നിർമിച്ചിരിക്കുന്നത്. പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് ഡെറാഡൂണിനും ഡൽഹിക്കും ഇടയിലുള്ള ദൂരം നാലരമണിക്കൂറിനുള്ളിൽ പിന്നിടും.
പൊതുഗതാഗതത്തിന് മാലിന്യരഹിത മാർഗങ്ങൾ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽ പാതകൾ പൂർണമായും വൈദ്യുതവൽക്കരിക്കാനുള്ള ശ്രമത്തിലാണ്. ഈ ദിശയിൽ മുന്നോട്ടുപോകുന്നതിനായാണ്, ഉത്തരാഖണ്ഡിൽ പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതയുടെ ഭാഗങ്ങൾ പ്രധാനമന്ത്രി സമർപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ റെയിൽ പാതകളും 100% വൈദ്യുതവൽക്കരിക്കപ്പെടും. വൈദ്യുതവൽക്കരിച്ച ഭാഗങ്ങളിൽ ഈ സംവിധാനം ഉപയോഗിച്ച് ഓടുന്ന ട്രെയിനുകൾ അവയുടെ വേഗതയും ഉൾക്കൊള്ളൽ ശേഷിയും വർധിപ്പിക്കും.
उत्तराखंड के सभी लोगों को वंदे भारत एक्सप्रेस ट्रेन की बहुत-बहुत बधाई। pic.twitter.com/WlCnbFasyV
— PMO India (@PMOIndia) May 25, 2023
आज पूरा विश्व, भारत को बहुत उम्मीदों से देख रहा है। pic.twitter.com/j50caAFyQU
— PMO India (@PMOIndia) May 25, 2023
सरकार का पूरा जोर, विकास के नवरत्नों पर है। pic.twitter.com/Q2ZdzBIjvh
— PMO India (@PMOIndia) May 25, 2023