"രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ നവീകരണവും വിപുലീകരണവും വഴി രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകാണ്"
"വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം അനിവാര്യമാണ്"
"ആധുനിക ട്രെയിനുകൾ, അ‌തിവേഗപാതാ ശൃംഖല, വിമാന സർവീസുകളുടെ വിപുലീകരണം എന്നിവയിലൂടെ രാജ്യത്തിൻ്റെ അടിസ്ഥാനസൗകര്യങ്ങൾ മാറ്റാനുള്ള പിഎം ഗതിശക്തിയുടെ കാഴ്ചപ്പാടിൻ്റെ ഉദാഹരണമായി ദേശീയ തലസ്ഥാന മേഖല (എൻസിആർ) മാറുകയാണ്."
"ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിന്റെ പുതിയ മുഖമാണ് വന്ദേ ഭാരത്"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ കാഴ്ചപ്പാട് യാഥാർഥ്യമാക്കി, അത്യാധുനിക വന്ദേ ഭാരത് എക്‌സ്പ്രസ് മീറഠ്-ലഖ്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്ന് പാതകളിലെ സമ്പർക്കസൗകര്യം  മെച്ചപ്പെടുത്തും. ഈ ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യം വർദ്ധിപ്പിക്കും.

മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ, മീറഠ്-ലഖ്നൗ വന്ദേ ഭാരത് ട്രെയിനുകൾ ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യപ്പെടുന്നതിനാൽ വടക്ക് മുതൽ തെക്ക് വരെ ഇന്ത്യയുടെ വികസന യാത്രയിൽ പുതിയ അധ്യായം രചിക്കപ്പെടുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് വന്ദേഭാരത് ട്രെയിനുകളുടെ നവീകരണവും വിപുലീകരണവും വ​ഴി രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അ‌തിവേഗം നീങ്ങുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ കാര്യം പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും ചരിത്ര നഗരങ്ങളിലേക്കും ഇവ സമ്പർക്കസൗകര്യം ഒരുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. "ക്ഷേത്രനഗരമായ മധുര ഇപ്പോൾ ഐടി നഗരമായ ബംഗളൂരുവുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു". ഇത് സമ്പർക്കസൗകര്യം സുഗമമാക്കുമെന്ന് മാത്രമല്ല, വിശേഷിച്ചും, വാരാന്ത്യങ്ങളിലോ ഉത്സവകാലങ്ങളിലോ തീർഥാടകർക്ക് വളരെ പ്രയോജനകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെന്നൈ-നാഗർകോവിൽ പാത വിദ്യാർത്ഥികൾക്കും കർഷകർക്കും ഐടി പ്രൊഫഷണലുകൾക്കും വളരെയധികം പ്രയോജനം ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിലെ വിനോദസഞ്ചാരവളർച്ച ശ്രദ്ധയിൽപ്പെട്ട ശ്രീ മോദി അത് മേഖലയിലെ വ്യവസായങ്ങളുടെയും തൊഴിലവസരങ്ങളുടെയും വളർച്ചയെ സൂചിപ്പിക്കുന്നുവെന്നും പറഞ്ഞു. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് അദ്ദേഹം പൗരന്മാരെ അഭിനന്ദിച്ചു.

 

വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ദക്ഷിണേന്ത്യ അപാരമായ കഴിവുകളുടെയും വിഭവങ്ങളുടെയും അവസരങ്ങളുടെയും നാടാണ്"- ദക്ഷിണേന്ത്യയ്‌ക്കൊപ്പം തമിഴ്‌നാടിൻ്റെയും വികസനം ഗവണ്മെന്റിന്റെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. റെയിൽവേയുടെ വികസന യാത്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം തമിഴ്‌നാടിൻ്റെ റെയിൽവേ ബജറ്റിനായി 6000 കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് 2014-നെ അപേക്ഷിച്ച് 7 മടങ്ങ് കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടിലെ മൊത്തം വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം ഇന്ന് മുതൽ 8 ആയി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, ഈ വർഷത്തെ ബജറ്റിൽ 7000 കോടിയിലധികം രൂപ കർണാടകയ്ക്ക് വകയിരുത്തിയിട്ടുണ്ട്, ഇത് 2014 നെ അപേക്ഷിച്ച് 9 മടങ്ങ് കൂടുതലാണ്. 8 വന്ദേ ഭാരത് ട്രെയിനുകൾ ഇന്ന് കർണാടകയെ കൂട്ടിയിണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാല ബജറ്റുകളുമായി താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി, നിരവധി മടങ്ങുകളുടെ വർദ്ധന തമിഴ്‌നാട്, കർണാടക എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ ഗതാഗതത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി. റെയിൽവേ ട്രാക്കുകൾ മെച്ചപ്പെടുത്തുന്നുവെന്നും റെയിൽവേ ട്രാക്കുകളുടെ വൈദ്യുതവൽക്കരണം നടക്കുന്നുവെന്നും റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നുവെന്നും അ‌ദ്ദേഹം വ്യക്തമാക്കി. ഇത് ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തിയെന്നും വ്യവസായനടത്തിപ്പു സുഗമമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീറഠ്-ലഖ്നൗ റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിച്ചത് എടുത്തുപറഞ്ഞ അ‌ദ്ദേഹം, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ചു. വിപ്ലവത്തിൻ്റെ നാടായ മീറഠും പടിഞ്ഞാറൻ ഉത്തർപ്രദേശും ഇന്ന് വികസനത്തിൻ്റെ പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീറഠിനെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കാൻ ആർആർടിഎസ് സഹായിച്ചപ്പോൾ, ഇപ്പോൾ വന്ദേ ഭാരത് അവതരിപ്പിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലേക്കുള്ള ദൂരവും കുറഞ്ഞുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. "ആധുനിക ട്രെയിനുകൾ, അ‌തിവേഗപാതാ ശൃംഖല, വിമാന സർവീസുകളുടെ വിപുലീകരണം എന്നിവയിലൂടെ പിഎം ഗതിശക്തിയുടെ കാഴ്ചപ്പാട് രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ മാറ്റും എന്നതിൻ്റെ ഉദാഹരണമായി ദേശീയ തലസ്ഥാന മേഖല (എൻസിആർ) മാറിക്കൊണ്ടിരിക്കുകയാണ്”- ശ്രീ മോദി പറഞ്ഞു.

 

"ഇന്ത്യൻ റെയിൽവേയുടെ നവീകരണത്തിൻ്റെ പുതിയ മുഖമാണ് വന്ദേ ഭാരത്" - പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ നഗരങ്ങളിലും എല്ലാ പാതകളിലും വന്ദേ ഭാരതിൻ്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു, അതിവേഗ ട്രെയിനുകളുടെ വരവ് ജനങ്ങൾക്ക് അ‌വരുടെ കച്ചവടവും തൊഴിലും വികസിപ്പിക്കാനും അവരുടെ സ്വപ്നങ്ങൾ വികസിപ്പിക്കാനും ആത്മവിശ്വാസം പകർന്നുവെന്ന് പറഞ്ഞു. "ഇന്ന്, രാജ്യത്തുടനീളം 102 വന്ദേ ഭാരത് റെയിൽ സർവീസുകൾ നടത്തുന്നു. ഇതുവരെ 3 കോടിയിലധികം പേർ ഈ ട്രെയിനുകളിൽ യാത്ര ചെയ്തു" - അദ്ദേഹം അറിയിച്ചു. ഈ സംഖ്യ വന്ദേ ഭാരത് ട്രെയിനുകളുടെ വിജയത്തിൻ്റെ തെളിവ് മാത്രമല്ല, ഇന്ത്യയുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീകമാണെന്നും അദ്ദേഹം  പറഞ്ഞു.

വികസിത ഭാരത കാഴ്ചപ്പാടിന്റെ ശക്തമായ സ്തംഭമാണ് ആധുനിക റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ മേഖലയിലെ ദ്രുതഗതിയിലുള്ള പുരോഗതി വിവരിച്ച പ്രധാനമന്ത്രി റെയില്‍വേ പാതകളുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പുതിയ ട്രെയിനുകളുടെ ഓടിക്കലും പുതിയ റൂട്ടുകളുടെ നിര്‍മ്മാണവും പരാമര്‍ശിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേയ്ക്ക് 2.5 ലക്ഷം കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേയുടെ പഴയ പ്രതിച്ഛായ മാറ്റുന്നതിനായി അതിനെ ഹൈടെക് സേവനങ്ങളുമായി ഗവണ്‍മെന്റ് ബന്ധിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വന്ദേ ഭാരതിനൊപ്പം അമൃത് ഭാരത് ട്രെയിനുകളും വിപുലീകരിക്കുന്നുണ്ടെന്ന് വിപുലീകരണ പദ്ധതികളെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് ഉടന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും തുടര്‍ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സൗകര്യാര്‍ത്ഥം നമോ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനെക്കുറിച്ചും നഗരങ്ങളിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വന്ദേ മെട്രോ ഉടന്‍ ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നഗരങ്ങളെ എല്ലായ്പ്പോഴും തിരിച്ചറിയുന്നത് അവരുടെ റെയില്‍വേ സ്‌റ്റേഷനുകളിലൂടെയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അമൃത് ഭാരത് സ്റ്റേഷന്‍ യോജനയിലൂടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുരോഗതിയുണ്ടായിട്ടുണ്ടെന്നതിനോടൊപ്പം തന്നെ നഗരങ്ങള്‍ക്ക് പുതിയ സ്വത്വം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രാജ്യത്തെ 1300-ലധികം റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിച്ചിട്ടുണ്ട്, ചിലവ വിമാനത്താവളങ്ങള്‍ പോലെയാണ് നിര്‍മ്മിക്കുന്നത്'' ശ്രീ മോദി പറഞ്ഞു. മാത്രമല്ല, ഏറ്റവും ചെറിയ സ്‌റ്റേഷനുകള്‍ പോലും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''റെയില്‍വേ, റോഡ് വേ, ജലപാത തുടങ്ങിയ ബന്ധിപ്പിക്കല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തമാകുമ്പോള്‍ രാജ്യം ശക്തിപ്പെടുന്നു'', പാവപ്പെട്ടവരായാലും ഇടത്തരക്കാരായാലും രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് അത് പ്രയോജനം ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് രാജ്യം സാക്ഷ്യം വഹിക്കുമ്പോള്‍ പാവപ്പെട്ടവരും ഇടത്തരക്കാരും ഇന്ന് ശാക്തീകരിക്കപ്പെടുകകൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തോടൊപ്പം തൊഴിലവസരങ്ങളുടെ വര്‍ദ്ധിക്കുന്നതിന്റെയും പുതിയ തൊഴിലവസരങ്ങള്‍ ഗ്രാമങ്ങളിലേക്കെത്തുന്നതിന്റെയും ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. ഗാമങ്ങളിലേയ്ക്ക് പുതിയ സാദ്ധ്യതകള്‍ വരുന്നതിന്റെ നേട്ടം ചെലവുകുറഞ്ഞ ഡാറ്റയ്ക്കും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനും പ്രധാനമന്ത്രി മോദി സമര്‍പ്പിച്ചു. ''ആശുപത്രികളും ശൌചാലയങ്ങളും ഉറപ്പുള്ള വീടുകളും റെക്കോര്‍ഡ് സംഖ്യയില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവര്‍ക്ക് പോലും രാജ്യത്തിന്റെ വികസനത്തിന്റെ പ്രയോജനം ലഭിക്കുന്നു. കോളേജുകള്‍, സര്‍വകലാശാലകള്‍, വ്യവസായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വളരുമ്പോള്‍ അത് യുവാക്കളുടെ പുരോഗതിയുടെ സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞത് ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങള്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ദശാബ്ദങ്ങള്‍ പഴക്കമുള്ള പ്രശ്നങ്ങള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാമെന്ന പ്രതീക്ഷ ഉയര്‍ത്താന്‍ റെയില്‍വേ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ ദിശയില്‍ ഇന്ത്യക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് അംഗീകരിച്ച അദ്ദേഹം, പാവപ്പെട്ടവരായാലും ഇടത്തരക്കാരായാലും എല്ലാവര്‍ക്കും സുഖപ്രദമായ യാത്ര ഇന്ത്യന്‍ റെയില്‍വേ ഉറപ്പുനല്‍കുന്നത് വരെ നിര്‍ത്തില്ലെന്ന പ്രതിജ്ഞയും അദ്ദേഹമെടുത്തു. ദാരിദ്ര്യം അവസാനിപ്പിക്കുന്നതില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം പ്രധാന പങ്ക് വഹിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ''മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ക്ക് തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളെ ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു'', ശ്രീ മോദി പറഞ്ഞു.

കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍, തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

മീററ്റ് സിറ്റി - ലഖ്നൗ വന്ദേ ഭാരത് രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള നിലവിലെ അതിവേഗ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 1 മണിക്കൂര്‍ ലാഭിക്കാന്‍ യാത്രക്കാരെ സഹായിക്കും. അതുപോലെ, ചെന്നൈ എഗ്‌മോര്‍ - നാഗര്‍കോവില്‍ വന്ദേ ഭാരത്, മധുരൈ - ബെംഗളൂരു വന്ദേ ഭാരത് ട്രെയിനുകള്‍ യഥാക്രമം 2 മണിക്കൂറില്‍ കൂടുതലും ഏകദേശം 1 മണിക്കൂര്‍ 30 മിനിറ്റും ലാഭിക്കുകയും ചെയ്യും.

ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് വേഗത്തിലും സുഖത്തിലും യാത്ര ചെയ്യാനുള്ള ലോകോത്തര മാര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യും, കൂടാതെ ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ അവതരണം സാധാരണ യാത്രക്കാര്‍, പ്രൊഫഷണലുകള്‍, ബിസിനസ്സ്, വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ എന്നിവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുതിയ നിലവാരമുള്ള ഒരു റെയില്‍ സേവനത്തിന്റെ കാഹളം മുഴക്കലാകും.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi