ടെന്റ് സിറ്റി ഉദ്ഘാടനം ചെയ്തു
1000 കോടി രൂപയിലധികം മൂല്യമുള്ള മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
ഹാൽദിയയിൽ ബഹുതല ടെർമിനൽ ഉദ്ഘാടനംചെയ്തു
“എംവി ഗംഗാ വിലാസ് കിഴക്കേ ഇന്ത്യയിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും പ്രയോജനപ്രദമാകും”
“ഈ ആഡംബരക്കപ്പൽ വികസനത്തിന്റെ പുതുപാത സൃഷ്ടിക്കും”
“ഇന്ന്, നിങ്ങളുടെ സങ്കൽപ്പത്തിനപ്പുറമുള്ളവയെല്ലാംഇന്ത്യക്കു സ്വന്തമാണ്”
“ഗംഗ വെറുമൊരു നദിയല്ല; ഈ പുണ്യനദിയെ സേവിക്കാൻ നമാമി ഗംഗയിലൂടെയും അർഥഗംഗയിലൂടെയും ഞങ്ങൾ ഇരട്ടസമീപനം സ്വീകരിക്കുന്നു”
“ആഗോളതലത്തിൽ ഇന്ത്യയുടെ മൂല്യം ഉയരുന്നതിനൊപ്പം, ഇന്ത്യ സന്ദർശിക്കാനും അറിയാനുമുള്ള താൽപ്പര്യവും വർധിക്കുന്നു”
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകം ഇന്ത്യയിലെ അടിസ്ഥാനസൗകര്യ പരിവർത്തനത്തിന്റെ ദശകമാണ്”
“നദീജലപാതകളാണ് ഇന്ത്യയുടെ പുതിയ കരുത്ത്”

ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പലായ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരാണസിയിലെ ടെന്റ് സിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1000 കോടി രൂപയിലധികം മൂല്യമുള്ള മറ്റ് ഉൾനാടൻ ജലപാതാപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റിവർ ക്രൂയിസ് വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനനുസൃതമായി, എംവി ഗംഗാവിലാസ് സർവീസ് ആരംഭിച്ചതോടെ, ഇത്തരം ആഡംബരക്കപ്പലുകളുടെ വൻതോതിലുള്ള സാധ്യതകൾ തുറക്കപ്പെട്ടിരിക്കുകയാണ്. റിവർ ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പുതുയുഗത്തിനാണ് ഇതു തുടക്കമിടുന്നത്.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മഹാദേവനെ വാഴ്ത്തുകയും ലോഹ്രിയുടെ സവിശേഷവേളയിൽ ഏവർക്കും ആശംസയറിയിക്കുകയും ചെയ്തു. നമ്മുടെ ഉത്സവങ്ങളിലെ ദാനധർമം, വിശ്വാസം, തപസ്യ, ഇവയിലെ നദികളുടെ പങ്ക് എന്നിവയെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ഇതു നദീജലപാതയുമായി ബന്ധപ്പെട്ട പദ്ധതികളെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു- അദ്ദേഹം പറഞ്ഞു. കാശിയിൽനിന്നു ദിബ്രുഗഢിലേക്കുള്ള ഏറ്റവും നീളം കൂടിയ  റിവർ ക്രൂസിന്റെ യാത്രയാണ് ഇന്നു ഫ്ലാഗ് ഓഫ് ചെയ്തതെന്നും അത്, ലോക വിനോദസഞ്ചാരഭൂപടത്തിൽ ഉത്തരേന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാണസി, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങളിലായി ഇന്നു സമർപ്പിക്കുന്ന 1000 കോടി രൂപയുടെ മറ്റു പദ്ധതികൾ കിഴക്കൻ ഇന്ത്യയിലെ വിനോദസഞ്ചാരത്തിനും തൊഴിൽസാധ്യതയ്ക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഇന്ത്യാക്കാരന്റെയും ജീവിതത്തിൽ ഗംഗാനദിയുടെ പ്രധാന പങ്ക് അടിവരയിട്ടുകൊണ്ട്, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ തീരപ്രദേശങ്ങൾ വികസനത്തിൽ പിന്നാക്കം പോയതായും, അതിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തുള്ളവർക്കു പലായനം ചെയ്യേണ്ടിവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദൗർഭാഗ്യകരമായ ഈ സാഹചര്യം നേരിടാനുള്ള ഇരട്ടസമീപനത്തെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. ഒരുവശത്ത്, നമാമി ഗംഗയിലൂടെ ഗംഗയെ ശുദ്ധീകരിക്കാനുള്ള ക്യാമ്പയിൻ ഏറ്റെടുത്തു. മറുവശത്ത്  ‘അർഥഗംഗ’യും നടപ്പാക്കുന്നു. ഗംഗ കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ സാമ്പത്തികമേഖലയിൽ ചലനാത്മകതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ് ‘അർഥഗംഗ’യിൽ സ്വീകരിച്ചത്.

ആഡംബരക്കപ്പലിന്റെ കന്നിയാത്രയുടെ ഭാഗമായ, വിദേശരാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ നേരിട്ട് അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “ഇന്ന്, നിങ്ങളുടെ സങ്കൽപ്പത്തിനപ്പുറമുള്ളവയെല്ലാം ഇന്ത്യക്കു സ്വന്തമാണ്”. പ്രദേശമോ മതമോ വർഗമോ രാജ്യമോ പരിഗണിക്കാതെ ഏവരെയും തുറന്ന ഹൃദയത്തോടെ രാജ്യം സ്വാഗതം ചെയ്യുകയും, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നതിനാൽ ഹൃദയത്തിന്റെ ഭാഷയിലേ ഇന്ത്യയെ അനുഭവിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡംബരക്കപ്പൽ പകരുന്ന ആസ്വാദ്യകരമായ അനുഭവത്തിലേക്കു വെളിച്ചംവീശി, ഏവർക്കും സവിശേഷമായ എന്തെങ്കിലും അതിൽ നിന്നു ലഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ആത്മീയതയുടെ പാത പിന്തുടരാനാഗ്രഹിക്കുന്നവർക്കു കാശി, ബോധ്ഗയ, വിക്രംശില, പറ്റ്ന സാഹിബ്, മജൂലി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനാകുമെന്നും, ബഹുരാഷ്ട്ര യാത്രാനുഭവം തേടുന്ന വിനോദസഞ്ചാരികൾക്കു ബംഗ്ലാദേശിലെ ധാക്കയിലൂടെ വരാനാകുമെന്നും, ഇന്ത്യയുടെ പ്രകൃതിദത്തമായ വൈവിധ്യം കാണാൻ ആഗ്രഹിക്കുന്നവർക്കു സുന്ദർബൻസിലൂടെയും അസമിലെ വനങ്ങളിലൂടെയും കടന്നുപോകുന്നതിലൂടെ അതിനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 25 വ്യത്യസ്ത നദീതടങ്ങളിലൂടെയാണ് ഈ യാത്രയെന്നു നിരീക്ഷിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ നദീസംവിധാനങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർക്ക് ഈ കപ്പൽ ഏറെ പ്രാധാന്യമുള്ളതാണെന്നും വ്യക്തമാക്കി. ഇന്ത്യയിലെ എണ്ണമറ്റ പാചകരീതികൾ മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. “ഏതൊരാൾക്കും ഇന്ത്യയുടെ പൈതൃകത്തിന്റെയും ആധുനികതയുടെയും അസാധാരണമായ സംയോജനത്തിന് ഈ കപ്പലിൽ സാക്ഷ്യംവഹിക്കാനാകും”- രാജ്യത്തെ യുവജനങ്ങൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പുതിയ യുഗത്തിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “വിദേശ വിനോദസഞ്ചാരികൾക്കു മാത്രമല്ല, ഇത്തരം അനുഭവത്തിനായി വിവിധ രാജ്യങ്ങളിലേക്കു യാത്രചെയ്ത ഇന്ത്യക്കാർക്ക് ഇപ്പോൾ ഉത്തരേന്ത്യയിലേക്കു പോയാൽ മതിയാകും”- പ്രധാനമന്ത്രി പറഞ്ഞു. ബജറ്റും ആഡംബര അനുഭവവും കണക്കിലെടുത്ത് ക്രൂയിസ് വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുന്നതിനായി രാജ്യത്തെ മറ്റ് ഉൾനാടൻ ജലപാതകളിലും സമാനമായ സംവിധാനങ്ങൾ ഒരുക്കമെന്നും അദ്ദേഹം അറിയിച്ചു.

ആഗോളതലത്തിൽ ഇന്ത്യയുടെ മൂല്യം ഉയരുന്നതിനൊപ്പം, ഇന്ത്യയെ അറിയാനുള്ള താൽപ്പര്യവും വർധിക്കുന്നു എന്നതിനാൽ ഇന്ത്യ വിനോദസഞ്ചാരത്തിന്റെ ശക്തമായ ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണു കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്തെ വിനോദസഞ്ചാരമേഖല വിപുലീകരിക്കാൻ വിവിധ നടപടികൾ സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ വികസിപ്പിച്ചെടുത്തു. കാശി അത്തരം ശ്രമങ്ങളുടെ സജീവ ഉദാഹരണമാണ്. മെച്ചപ്പെട്ട സൗകര്യങ്ങളും കാശി വിശ്വനാഥ് ധാമിന്റെ പുനരുജ്ജീവനവും കാശിയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർധന സൃഷ്ടിച്ചു. ഇതു പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഉത്തേജനമേകി. ആധുനികതയും ആത്മീയതയും വിശ്വാസവും നിറഞ്ഞ ന്യൂ ടെന്റ് സിറ്റി സഞ്ചാരികൾക്കു നവ്യാനുഭവമേകും.

2014നുശേഷം രാജ്യത്തു കൈക്കൊണ്ട നയങ്ങളുടെയും തീരുമാനങ്ങളുടെയും ദിശാബോധത്തിന്റെയും പ്രതിഫലനമാണ് ഇന്നത്തെ പരിപാടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകം ഇന്ത്യയിലെ അടിസ്ഥാനസൗകര്യ പരിവർത്തനത്തിന്റെ ദശകമാണ്. കുറച്ചു വർഷങ്ങൾക്കുമുമ്പു സങ്കൽപ്പിക്കാൻപോലും കഴിയാത്ത അടിസ്ഥാനസൗകര്യങ്ങളുടെ തലത്തിന് ഇന്ത്യ സാക്ഷ്യംവഹിക്കുന്നു. സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങളായ വീടുകൾ, കക്കൂസുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം, പാചകവാതകം, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും റെയിൽവേ, ജലപാതകൾ, വ്യോമപാതകൾ, റോഡുകൾ തുടങ്ങിയ ഭൗതിക സമ്പർക്ക അടിസ്ഥാനസൗകര്യങ്ങളും വരെയുള്ളവയെല്ലാം ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ ശക്തമായ സൂചകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും ഇന്ത്യ ഏറ്റവും മികച്ചതിനെയാണുകാണുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നദീഗതാഗതരീതിയിൽ സമ്പന്നമായ ചരിത്രമുണ്ടായിട്ടും 2014നുമുമ്പു നദീജലപാതകളുടെ ഉപയോഗം കുറവായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014നുശേഷം, ഇന്ത്യ ഈ പുരാതനശക്തിയെ ആധുനിക ഇന്ത്യയുടെ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തുകയാണ്. രാജ്യത്തെ വലിയ നദികളിൽ ജലപാത വികസിപ്പിക്കുന്നതിന് പുതിയ നിയമവും വിശദമായ പ്രവർത്തനപദ്ധതിയുമുണ്ട്. 2014ൽ 5 ദേശീയ ജലപാതകൾ മാത്രമേ രാജ്യത്തുണ്ടായിരുന്നുള്ളൂവെന്നും ഇപ്പോൾ രാജ്യത്ത് 111 ദേശീയ ജലപാതകളുണ്ടെന്നും രണ്ടുഡസനോളം ജലപാതകൾ ഇതിനകം പ്രവർത്തനക്ഷമമായെന്നും പ്രധാനമന്ത്രി അറിയിച്ചു. അതുപോലെ, നദീജലപാതകൾവഴിയുള്ള ചരക്കുഗതാഗതത്തിൽ 8 വർഷം മുമ്പുണ്ടായിരുന്ന 30 ലക്ഷം മെട്രിക് ടണ്ണിൽനിന്ന് 3 മടങ്ങു വർധനയുണ്ടായി.

കിഴക്കൻ ഇന്ത്യയുടെ വികസനം എന്ന വിഷയത്തിലേക്കു തിരികെയെത്തിയാൽ, കിഴക്കൻ ഇന്ത്യയെ വികസിത ഇന്ത്യയുടെ വളർച്ചായന്ത്രമാക്കാൻ ഇന്നത്തെ പരിപാടികൾ സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു ഹാൽദിയ ബഹുതല ടെർമിനലിനെ വാരാണസിയുമായി ബന്ധിപ്പിക്കുന്നു, കൂടാതെ ഇന്ത്യ ബംഗ്ലാദേശ് പ്രോട്ടോക്കോൾ പാതയുമായും വടക്കുകിഴക്കുമായും ബന്ധിപ്പിക്കുന്നു. ഇതു കൊൽക്കത്ത തുറമുഖത്തെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്നു. ഇത് ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നു ബംഗ്ലാദേശിലേക്കുള്ള വ്യവസായസൗകര്യങ്ങൾ സുഗമമാക്കും.

ജീവനക്കാരുടെയും നൈപുണ്യമുള്ള തൊഴിലാളികളുടെയും പരിശീലനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗുവാഹത്തിയിൽ നൈപുണ്യവികസനകേന്ദ്രം ആരംഭിച്ചിട്ടുണ്ടെന്നും കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി ഗുവാഹത്തിയിൽ പുതിയ സൗകര്യം നിർമിക്കുന്നുണ്ടെന്നും അറിയിച്ചു. “ആഡംബര യാത്രാക്കപ്പലോ ചരക്കുകപ്പലോ ആകട്ടെ, അവയെല്ലാം ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഉത്തേജനം നൽകുക മാത്രമല്ല ചെയ്യുന്നത്, അവയുടെ സേവനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളാകെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

ജലപാതകൾ പരിസ്ഥിതിക്കു മാത്രമല്ല, സാമ്പത്തികലാഭത്തിനും സഹായിക്കുമെന്ന് ഒരു പഠനം പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ജലപാതകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവു റോഡുകളുടേതി‌നേക്കാൾ രണ്ടരമടങ്ങു കുറവാണെന്നും റെയിൽവേയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിലൊന്നു കുറവാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലോജിസ്റ്റിക്സ് നയത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിനു കിലോമീറ്റർ ജലപാതാശൃംഖല വികസിപ്പിക്കാൻ ഇന്ത്യക്കു ശേഷിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ 125ലധികം നദികളും അരുവികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുനീക്കത്തിനും യാത്രാവശ്യങ്ങൾക്കും വികസിപ്പിക്കുന്നതിനൊപ്പം തുറമുഖം അടിസ്ഥാനമാക്കിയുള്ള വികസനം കൂടുതൽ വിപുലീകരിക്കുന്നതിന് ഇതു പ്രേരണയേകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജലപാതകളുടെ ആധുനിക ബഹുതല ശൃംഖല നിർമിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, വടക്കുകിഴക്കൻ മേഖലയിലെ ജലസമ്പർക്കസൗകര്യം ശക്തിപ്പെടുത്തിയ ബംഗ്ലാദേശുമായും മറ്റു രാജ്യങ്ങളുമായുമുള്ള പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു.

പ്രസംഗം ഉപസംഹരിക്കവേ, രാജ്യത്തെ ജലപാതകൾ തുടർച്ചയായി വികസിപ്പിക്കുന്നതിന്റെ പ്രക്രിയയെക്കുറിച്ചു പ്രധാനമന്ത്രി വ്യക്തമാക്കി. “വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് കരുത്തുറ്റ സമ്പർക്കസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്”- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജലശക്തി, വ്യാപാരം, വിനോദസഞ്ചാരം എന്നിവയ്ക്ക് ഇന്ത്യയുടെ നദി പുതിയ ഉയരങ്ങളേകുമെന്നു പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി, ആഡംബരക്കപ്പലിലെ എല്ലാ യാത്രക്കാർക്കും ഹൃദ്യമായ യാത്ര ആശംസിച്ചു. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ, കേന്ദ്ര തുറമുഖ ഷിപ്പിങ്-ജലപാതാമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം:

എം വി ഗംഗാ വിലാസ് :
എംവി ഗംഗാ വിലാസ് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഢിലെത്തും. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 27 നദീതടങ്ങളിലൂടെ സഞ്ചരിക്കും. എംവി ഗംഗാവിലാസിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. കന്നിയാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ യാത്രയുടെ മുഴുവൻ ദൈർഘ്യത്തിനും പേരുനൽകി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് എംവി ഗംഗാ വിലാസ് ക്രൂയിസ്  രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബിഹാറിലെ പട്ന, ഝാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ്  51 ദിവസത്തെ ക്രൂയിസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്കാരം, ചരിത്രം, ആത്മീയത എന്നിവയിൽ മുഴുകാനും അനുഭവസമ്പന്നമായ ഒരു യാത്ര ആരംഭിക്കാനും ഈ യാത്ര സഞ്ചാരികൾക്ക് അവസരം നൽകും.

റിവർ ക്രൂയിസ് ടൂറിസം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായി, റിവർ ക്രൂയിസിന്റെ വലിയ സാധ്യതകൾ ഈ സേവനം ആരംഭിക്കുന്നതോടെ തുറന്നു കൊടുക്കപ്പെടും. ഇത് ഇന്ത്യയിൽ  റിവർ ക്രൂയിസ് ടൂറിസത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടും.

വാരാണസിയിലെ  ടെന്റ് സിറ്റി : 

ഈ മേഖലയിലെ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഗംഗാ നദിയുടെ തീരത്താണ് ടെന്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. വാരാണസിയിലെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ വരവ്, പ്രത്യേകിച്ച് കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിന് ശേഷം, താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന നഗരഘട്ടങ്ങൾക്ക് എതിർവശത്താണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാരാണസി വികസന അതോറിറ്റിയാണ് ഇത് പിപിപി മാതൃകയിൽ വികസിപ്പിച്ചിരിക്കുന്നത്. സമീപത്തുള്ള വിവിധ കടവുകളിൽ നിന്ന് ബോട്ടുകളിലാണ് വിനോദസഞ്ചാരികൾ ടെന്റ് സിറ്റിയിലെത്തുക. ടെന്റ് സിറ്റി എല്ലാ വർഷവും ഒക്ടോബർ മുതൽ ജൂൺ വരെ പ്രവർത്തിക്കും, മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മൂന്ന് മാസത്തേക്ക് ഇത് പൊളിച്ചുനീക്കും.

ഉൾനാടൻ ജലപാതാപദ്ധതികൾ :
 

പശ്ചിമ ബംഗാളിൽ ഹാൽദിയ ബഹുതല ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ജൽ മാർഗ് വികാസ് പ്രോജക്റ്റിന് കീഴിൽ വികസിപ്പിച്ചെടുത്ത, ഹാൽദിയ മൾട്ടി മോഡൽ ടെർമിനലിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്, കൂടാതെ ഏകദേശം 3000  ടൺ കേവുഭാരം വരെയുള്ള  കപ്പലുകൾ കൈകാര്യം ചെയ്യാൻ ബെർത്തുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂർ, ചോചക്പൂർ, ജമാനിയ, ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ കാൻസ്പൂർ എന്നിവിടങ്ങളിലായി നാല് ഫ്ലോട്ടിംഗ് കമ്മ്യൂണിറ്റി ജെട്ടികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, ബിഹാറിലെ ദിഘ, നക്ത ദിയാര, ബർഹ്, പട്‌ന ജില്ലയിലെ പാണപൂർ, സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ എന്നിവിടങ്ങളിലെ അഞ്ച് കമ്മ്യൂണിറ്റി ജെട്ടികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാനദിയിൽ 60ലധികം കമ്മ്യൂണിറ്റി ജെട്ടികൾ നിർമ്മിക്കുന്നു. ചെറുകിട കർഷകർ, മത്സ്യബന്ധന യൂണിറ്റുകൾ, അസംഘടിത കാർഷിക ഉൽപ്പാദന യൂണിറ്റുകൾ, തോട്ടക്കാർ, പൂക്കടകൾ, കരകൗശല വിദഗ്ധർ എന്നിവർക്ക് ഗംഗാനദിയുടെ ഉൾപ്രദേശങ്ങളിലും പരിസരങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലളിതമായ ലോജിസ്റ്റിക്സ് പ്രതിവിധികൾ നൽകി ജനങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി ജെട്ടികൾ പ്രധാന പങ്ക് വഹിക്കും.

വടക്കുകിഴക്കിനായുള്ള  മാരിടൈം സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഗുവാഹത്തിയിൽ നിർവഹിച്ചു. വടക്ക് കിഴക്കൻ മേഖലയിലെ സമ്പന്നമായ പ്രതിഭകളെ ആദരിക്കുന്നതിനും വളർന്നുവരുന്ന ലോജിസ്റ്റിക് വ്യവസായത്തിൽ മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിനും ഇത് സഹായിക്കും.
 
ഇവ കൂടാതെ ഗുവാഹത്തിയിലെ പാണ്ഡു ടെർമിനലിൽ കപ്പൽ അറ്റകുറ്റപ്പണി സൗകര്യത്തിനും എലിവേറ്റഡ് റോഡിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.  ഒരു കപ്പൽ കൊൽക്കത്തയിലെ റിപ്പയർ ഫെസിലിറ്റിയിലേക്കും തിരിച്ചും കൊണ്ടുപോകാൻ ഒരു മാസത്തിലധികം സമയമെടുക്കുന്നതിനാൽ  പാണ്ഡു ടെർമിനലിലെ ഷിപ്പ് റിപ്പയർ സൗകര്യം വിലപ്പെട്ട സമയം ലാഭിക്കും. മാത്രമല്ല, കപ്പലിന്റെ ഗതാഗതച്ചെലവും ലാഭിക്കുന്നതിനാൽ പണത്തിന്റെ കാര്യത്തിലും ഇത് വലിയ ലാഭമുണ്ടാക്കും. പാണ്ഡു ടെർമിനലിനെ ദേശീയ  പാത 27മായി ബന്ധിപ്പിക്കുന്ന സമർപ്പിത റോഡ് കണക്റ്റിവിറ്റി 24 മണിക്കൂറും   സാധ്യമാക്കും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi