ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗം ഉദ്ഘാടനം ചെയ്തു
സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് റാപ്പിഡ് എക്സ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരു മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ രണ്ട് ഭാഗങ്ങൾ രാജ്യത്തിന് സമർപ്പിച്ചു
“ഡൽഹി-മീററ്റ് ആർആർടിഎസ് ഇടനാഴി പ്രാദേശിക സമ്പർക്കസൗകര്യങ്ങളിൽ ഗണ്യമായ മാറ്റം കൊണ്ടുവരും”
“ഇന്ന്, ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ സർവീസ്, നമോ ഭാരത് ട്രെയിനിനു തുടക്കം കുറിച്ചു”
“നമോ ഭാരത് ട്രെയിൻ പുതിയ ഇന്ത്യയുടെ പുതിയ യാത്രയെയും പുതിയ തീരുമാനങ്ങളെയും നിർവചിക്കുന്നു”
“പുതിയ മെട്രോ സൗകര്യം ലഭിച്ച ബെംഗളൂരുവിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു”
“നമോ ഭാരത് ട്രെയിനുകൾ ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ നേർക്കാഴ്ചയാണ്”
“അമൃത് ഭാരത്, വന്ദേ ഭാരത്, നമോ ഭാരത് എന്നിവ ഈ ദശകത്തിന്റെ അവസാനത്തോടെ ആധുനിക റെയിൽവേയുടെ പ്രതീകമായി മാറും”
“ഡൽഹി, ഉത്തർപ്രദേശ്, കർണാടക എന്നിങ്ങനെ എല്ലാ നഗരങ്ങളിലും ആധുനിക-ഹരിത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത്”
“നിങ്ങൾ എന്റെ കുടുംബമാണ്, അതിനാൽ നിങ്ങൾക്കാണ് എന്റെ മുൻഗണന. ഈ ജോലി നിങ്ങൾക്കു വേണ്ടിയാണു ചെയ്യുന്നത്. നിങ്ങൾ സന്തുഷ്ടരെങ്കിൽ, ഞാൻ സന്തുഷ്ടനായിരിക്കും. നിങ്ങൾക്ക് കഴിവുറ്റവരെങ്കിൽ രാജ്യവും കഴിവുറ്റതാകും”

ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗത്തിന്റെ ഉദ്ഘാടനം ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സാഹിബാബാദ് റാപ്പിഡ് എക്സ് സ്റ്റേഷനിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ത്യയിൽ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉദ്ഘാടനം ചെയ്തുകൊണ്ട്, സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് റാപ്പിഡ് എക്സ് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരു മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ രണ്ട് ഭാഗങ്ങൾ ശ്രീ മോദി രാഷ്ട്രത്തിന് സമർപ്പിച്ചു.
റീജണൽ റാപ്പിഡ് ട്രെയിനായ നമോ ഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്തു.

 

സദസിനെ അഭിസംബോധന ചെയ്യവേ, ഇന്ത്യയുടെ ആദ്യത്തെ അതിവേഗ റെയിൽ സർവീസായ നമോ ഭാരത് ട്രെയിൻ ജനങ്ങൾക്ക് സമർപ്പിക്കുന്നത് രാജ്യത്തിന് ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാല് വർഷം മുമ്പ് ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിക്ക് തറക്കല്ലിട്ടത് ശ്രീ മോദി അനുസ്മരിച്ചു. സാഹിബാബാദ് മുതൽ ദുഹായ് ഡിപ്പോ വരെയുള്ള പാതയിൽ അതിന്റെ പ്രവർത്തനം ഇന്നാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തറക്കല്ലിട്ട പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുള്ള ഗവണ്മെന്റിന്റെ  പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഒന്നര വർഷത്തിന് ശേഷം ആർആർടിഎസിന്റെ മീററ്റ് ഭാഗം പൂർത്തിയാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്താനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നമോ ഭാരതിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവച്ച ശ്രീ മോദി രാജ്യത്തെ റെയിൽവേയുടെ പരിവർത്തനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. നമോ ഭാരതത്തെ കാത്യായനി മാതാവ് അനുഗ്രഹിച്ചിരിക്കുന്നുവെന്ന് നവരാത്രി ആഘോഷവേളയെക്കുറിച്ചു പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത നമോ ഭാരത് ട്രെയിനിന്റെ മുഴുവൻ സപ്പോർട്ട് സ്റ്റാഫും ലോക്കോ പൈലറ്റുമാരും സ്ത്രീകളാണെന്നും അദ്ദേഹം അറിയിച്ചു. “രാജ്യത്ത് കരുത്താർജ്ജിച്ചുവരുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് നമോ ഭാരത്” - ശ്രീ മോദി പറഞ്ഞു. നവരാത്രി ആഘോഷവേളയിൽ ഇന്നത്തെ പദ്ധതികളുടെ ഗുണഭോക്താക്കളായി മാറിയ ഡൽഹി, എൻസിആർ, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നമോ ഭാരത് ട്രെയിനിന് ആധുനികതയും വേഗതയുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “നമോ ഭാരത് ട്രെയിൻ പുതിയ ഇന്ത്യയുടെ പുതിയ യാത്രയെയും അതിന്റെ പുതിയ തീരുമാനങ്ങളെയും നിർവചിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വികസനം സംസ്ഥാനങ്ങളുടെ വികസനത്തിലാണെന്ന തന്റെ വിശ്വാസം പ്രധാനമന്ത്രി ആവർത്തിച്ചു. മെട്രോയുടെ രണ്ട് ഭാഗങ്ങൾ ഐടി ഹബ്ബായ ബംഗളൂരുവിലെ സമ്പർക്കസൗകര്യം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം എട്ട് ലക്ഷത്തോളം യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ എല്ലാ മേഖലകളിലും പുരോഗതിയുടെയും വികസനത്തിന്റെയും സ്വന്തം ഗാഥ രചിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ 3 ന്റെ സമീപകാല വിജയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. കൂടാതെ ഇന്ത്യയെ മുഴുവൻ ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയ ജി20 യുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഏഷ്യൻ ഗെയിംസിൽ നൂറിലധികം മെഡലുകൾ നേടി റെക്കോർഡ് സൃഷ്ടിച്ച പ്രകടനം, ഇന്ത്യയിൽ 5ജിയുടെ സമാരംഭവും വിപുലീകരണവും, രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ ഇടപാടുകളുടെ റെക്കോർഡ് എണ്ണം എന്നിവയും അദ്ദേഹം പരാമർശിച്ചു.

ലോകത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ ഉയര്‍ച്ചയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, മൊബൈല്‍ ഫോണുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വ്യഗ്രതയെക്കുറിച്ചും സംസാരിച്ചു. യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധരംഗത്തെ നിര്‍മ്മാണങ്ങളേയും അദ്ദേഹം പരാമർശിച്ചു. ''നമോ ഭാരത് ട്രെയിനും ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ്'', പ്ലാറ്റ്‌ഫോമുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീന്‍ വാതിലുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. നമോ ഭാരത് ട്രെയിൻ ഉണ്ടാക്കുന്ന ശബ്ദത്തിന്റെ അളവ് ഹെലികോപ്റ്ററുകളേക്കാളും വിമാനങ്ങളേക്കാളും കുറവാണെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ഭാവിയിലെ ഇന്ത്യയുടെ ഒരു നേര്‍ക്കാഴ്ചയാണ് നമോ ഭാരതെന്നും രാജ്യത്തിന്റെ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയോടുകൂടിയ പരിവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

80 കിലോമീറ്റർ നീളുന്ന ഈ ഡല്‍ഹി മീററ്റ് പാത ഒരു തുടക്കം മാത്രമാണെന്നും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളുമായി ആദ്യഘട്ടത്തില്‍ ഈ നമോഭാരത് ട്രെയിന്‍ ബന്ധിപ്പിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍, സമ്പർക്കസൌകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സംവിധാനം സൃഷ്ടിക്കുമെന്നും ശ്രീ മോദി അറിയിച്ചു.

 

ഈ നൂറ്റാണ്ടിലെ മൂന്നാം ദശകം ഇന്ത്യന്‍ റെയില്‍വേയുടെ പരിവര്‍ത്തനത്തിന്റെ ദശകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ചെറിയ സ്വപ്‌നങ്ങള്‍ കാണുക, പതുക്കെ നടക്കുക, എന്നീ ശീലങ്ങൾ എനിക്കില്ല. ഇന്ത്യന്‍ ട്രെയിനുകള്‍ ലോകത്തില്‍ മറ്റൊന്നിനും പിന്നിലാണെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടില്ലെന്ന് ഇന്നത്തെ യുവതലമുറയ്ക്ക് ഒരു ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'', പ്രധാനമന്ത്രി മോദി പറഞ്ഞു. സുരക്ഷ, ശുചിത്വം, സൗകര്യങ്ങള്‍, ഏകോപനം, സംവേദനക്ഷമത, കഴിവ് എന്നിവയില്‍ ഇന്ത്യന്‍ റെയില്‍വേ ലോകത്ത് ഒരു പുതിയ ഉന്നതസ്ഥാനം കൈവരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 100 ശതമാനം വൈദ്യുതീകരണം എന്ന ലക്ഷ്യത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ അധികം അകലെയല്ല. നമോ ഭാരത്, വന്ദേ ഭാരത് തുടങ്ങിയ ആധുനിക ട്രെയിനുകൾ, അമൃത് ഭാരത് റെയില്‍വേ സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴിലെ റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം എന്നിവയും അദ്ദേഹം അക്കമിട്ടു സൂചിപ്പിച്ചു. ''അമൃത് ഭാരത്, വന്ദേ ഭാരത്, നമോ ഭാരത് എന്നിവയുടെ ത്രിത്വം ഈ ദശകത്തിന്റെ അവസാനത്തോടെ ആധുനിക റെയില്‍വേയുടെ പ്രതീകമായി മാറും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ സരായ് കാലേ ഖാന്‍, ആനന്ദ് വിഹാര്‍, ഗാസിയാബാദ്, മീററ്റ് ബസ് സ്‌റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവയെല്ലാം നമോ ഭാരത് സംവിധാനത്തിലൂടെ ബന്ധിപ്പിക്കപ്പെടുന്നുണ്ടെന്ന്, ബഹുമാതൃകാ സമ്പർക്കസൌകര്യത്തിന്റെ ചിന്തയ്ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട വായുനിലവാരം പ്രദാനം ചെയ്തും മാലിന്യക്കൂമ്പാരങ്ങള്‍ ഒഴിവാക്കിയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും പൊതുഗതാഗത സേവനങ്ങള്‍ വര്‍ദ്ധിപ്പിച്ചും എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഗവണ്‍മെന്റിന്റെ ശ്രദ്ധ എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ ഗവണ്‍മെന്റ് എന്നത്തേക്കാളും കൂടുതല്‍ പണം ചെലവഴിക്കുന്നുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി, കര, വായു, കടല്‍ എന്നീ മേഖലകളിലൂടെയുള്ള സമഗ്ര വികസന ശ്രമങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇന്ത്യയിലെ നദികളില്‍ നൂറിലധികം ജലപാതകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജലഗതാഗത സംവിധാനങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് അറിയിച്ച പ്രധാനമന്ത്രി, വാരണാസി മുതല്‍ ഹാല്‍ദിയ വരെ ഗംഗാനദിയിലാണ് ഏറ്റവും വലിയ ജലപാത വികസിപ്പിക്കുന്നതെന്നും വ്യക്തമാക്കി. ഉള്‍നാടന്‍ ജലപാതയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദേശത്തിനപ്പുറത്തേക്കും അയക്കാമെന്നും അദ്ദേഹം പറഞ്ഞു. 3200 കിലോമീറ്ററിലധികം യാത്ര പൂര്‍ത്തിയാക്കി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് എന്ന ലോകറെക്കോര്‍ഡ് സൃഷ്ടിച്ച ഗംഗാവിലാസ് നദി ക്രൂയിസിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തെയും നവീകരണത്തെയും കുറിച്ച് സംസാരിച്ച അദ്ദേഹം കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെന്നും പറഞ്ഞു. ഭൂശൃംഖലയെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ആധുനിക അതിവഗപാതകളുടെ ശൃംഖല വിപുലീകരിക്കുന്നതിന് 4 ലക്ഷം കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ടെന്നും നമോ ഭാരതും മെട്രോ ട്രെയിനുകളും പോലുള്ള ആധുനിക ട്രെയിനുകള്‍ക്കായി 3 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും അറിയിച്ചു.

 

ഡല്‍ഹിയിലെ മെട്രോ ശൃംഖലയുടെ വിപുലീകരണം പോലെ തന്നെ ഉത്തര്‍പ്രദേശിലെ നോയിഡ, ഗാസിയാബാദ്, ലഖ്നൗ, മീററ്റ്, ആഗ്ര, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളും സമാന പാതയാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ പോലും ബെംഗളൂരുവിലും മൈസൂരുവിലും മെട്രോ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായെന്നും ഇന്ത്യയിലെ വിമാനക്കമ്പനികള്‍ 1000-ലധികം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും വിപുലീകരിക്കപ്പെട്ട എയര്‍ കണക്റ്റിവിറ്റിയിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള കുതിപ്പിനെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി ചന്ദ്രനില്‍ കാലുകുത്തിയ ചന്ദ്രയാനെക്കുറിച്ചും പരാമര്‍ശിച്ചു. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രയായ ഗഗന്‍യാനും ഇന്ത്യയുടെ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുമായി 2040 വരെ നീളുന്ന ഒരു റോഡ്മാപ്പ് ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് ശ്രീ മോദി അറിയിച്ചു. 'നമ്മുടെ ബഹിരാകാശ പേടകത്തില്‍ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനില്‍ ഇറക്കുന്ന ദിവസം വിദൂരമല്ല', പ്രധാനമന്ത്രി പറഞ്ഞു. ഈ കാര്യങ്ങളത്രയും രാജ്യത്തെ യുവജനങ്ങള്‍ക്കായി നടത്തുന്നതാണെന്നും അവര്‍ക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

നഗര മലിനീകരണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുകാട്ടി. ഇത് രാജ്യത്ത് ഇലക്ട്രിക് ബസുകളുടെ ശൃംഖല വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് 10,000 ഇലക്ട്രിക് ബസുകള്‍ നല്‍കുന്ന പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ടു കഴിഞ്ഞു. ഡല്‍ഹിയില്‍ 600 കോടി രൂപ ചെലവില്‍ 1300ല്‍ അധികം ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണ്. ഇതില്‍ 850ല്‍ അധികം ഇലക്ട്രിക് ബസുകള്‍ ഡല്‍ഹിയില്‍ ഓടിത്തുടങ്ങി. അതുപോലെ, ബെംഗളൂരുവിലും 1200-ലധികം ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് 500 കോടി രൂപയുടെ സഹായം നല്‍കുകയാണ്. “ഡല്‍ഹി, യുപി, കര്‍ണാടക എന്നിങ്ങനെ എല്ലാ നഗരങ്ങളിലും ആധുനികവും പരിസ്ഥി സൗഹൃദപരവുമായ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

 

രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനാണു പ്രഥമ പരിഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെട്രോ അല്ലെങ്കില്‍ നമോ ഭാരത് പോലുള്ള ട്രെയിനുകള്‍ യാത്രക്കാരുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്ന അനായാസതയും രാജ്യത്തെ യുവാക്കള്‍ക്കും വ്യവസായികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ലഭിക്കുന്ന ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവർക്ക് എങ്ങനെ പുതിയ അവസരങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ''ആശുപത്രികള്‍ പോലുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ചോര്‍ച്ച തടയാനും പണത്തിന്റെ സുഗമമായ ഇടപാടുകളും  ഉറപ്പാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇപ്പോൾ നടക്കുന്ന ഉത്സവകാലം ചൂണ്ടിക്കാട്ടി, കര്‍ഷകര്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ പ്രയോജനത്തിനായി കേന്ദ്രമന്ത്രിസഭ അടുത്തിടെ എടുത്ത തീരുമാനങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പയര്‍ ക്വിന്റലിന് 425 രൂപയും കടുകിന് 200 രൂപയും ഗോതമ്പിന് 150 രൂപയും കൂട്ടിക്കൊണ്ട് റാബി വിളകളുടെ താങ്ങുവിലയില്‍ ഗവണ്‍മെന്റ് വന്‍ വര്‍ധനവ് വരുത്തിയതായി അദ്ദേഹം അറിയിച്ചു. 2014ല്‍ ക്വിന്റലിന് 1400 രൂപയായിരുന്ന ഗോതമ്പിന്റെ താങ്ങുവില ഇപ്പോള്‍ 2000 രൂപ കടന്നെന്നും പയറിന്റെ താങ്ങുവില കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇരട്ടിയിലേറെ വര്‍ധിച്ചെന്നും കടുകിന്റെ താങ്ങുവില ഇക്കാലയളവില്‍ ക്വിന്റലിന് 2600 രൂപ വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് വിലയുടെ ഒന്നര ഇരട്ടിയിലധികം താങ്ങുവില നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിതമായ നിരക്കില്‍ യൂറിയയുടെ ലഭ്യത ഉറപ്പാക്കുന്ന നടപടികളെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. രാജ്യാന്തര വിപണിയില്‍ 3000 രൂപ വിലയുള്ള യൂറിയ ബാഗുകള്‍ 300 രൂപയില്‍ താഴെ വിലയ്ക്ക് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. പ്രതിവര്‍ഷം രണ്ടര ലക്ഷം കോടിയിലേറെയാണ് ഗവണ്‍മെന്റ് ഇതിനായി ചെലവഴിക്കുന്നത്. വിളവെടുപ്പിനുശേഷം ബാക്കിവരുന്ന അവശിഷ്ടങ്ങള്‍, അത് വൈക്കോലോ കുറ്റിയോ ആയിക്കൊള്ളട്ടെ, അത് പ്രയോജനപ്പെടുത്തുന്നതിലെ ഗവണ്‍മെന്റിന്റെ ഊന്നല്‍ പ്രധാനമന്ത്രി പ്രത്യേകം പറഞ്ഞു. 9 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10 മടങ്ങ് എത്തനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം സ്ഥാപിക്കുന്ന ജൈവ ഇന്ധന, എത്തനോള്‍ യൂണിറ്റുകളെയും അദ്ദേഹം പരാമര്‍ശിച്ചു.

എത്തനോള്‍ ഉല്‍പ്പാദനത്തില്‍ നിന്ന് ഇതുവരെ 65,000 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 'കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ മാത്രം 18,000 കോടിയിലധികം രൂപയാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കിയത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീററ്റ്-ഗാസിയാബാദ് മേഖലയിലെ കര്‍ഷകരെ കുറിച്ച് സംസാരിക്കവെ, 2023ലെ 10 മാസത്തിനുള്ളില്‍ എത്തനോളിനായി 300 കോടിയിലധികം രൂപ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
 ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ വിലയില്‍ 500 രൂപ കുറച്ചത്, 80 കോടിയിലധികം പൗരന്മാര്‍ക്ക് നല്‍കിയ സൗജന്യ റേഷന്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4 ശതമാനം ക്ഷാമബത്തയും ആശ്വാസധനസഹായവും,  ബി, സി ഗ്രൂപ്പുകളില്‍പ്പെട്ട ലക്ഷക്കണക്കിന് ഗസറ്റഡ് ഇതര റെയില്‍വേ ജീവനക്കാര്‍ക്കുള്ള ദീപാവലി ബോണസ് തുടങ്ങിയ ഉത്സവകാല സമ്മാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു.  'ഈ തീരുമാനങ്ങള്‍ വിപണിയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും, ഇത് മുഴുവന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യും' അദ്ദേഹം പറഞ്ഞു.

 

മനസില്‍ സ്പര്‍ശിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഉത്സവവുമായി ബന്ധപ്പെട്ട് ഓരോ കുടുംബത്തിലുമുള്ള സന്തോഷം വര്‍ദ്ധിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ കുടുംബങ്ങളുടെയും സന്തോഷം  ഉത്സവാന്തരീക്ഷത്തിന് കാരണമാകുന്നു. ''നിങ്ങള്‍ എന്റെ കുടുംബമാണ്, അതു കൊണ്ടു തന്നെ നിങ്ങള്‍ക്കാണ് എന്റെ മുന്‍ഗണന. ഇത് നിങ്ങള്‍ക്കു വേണ്ടിയാണ് ചെയ്യുന്നത്. നിങ്ങള്‍ സന്തോഷവാനാണെങ്കില്‍, ഞാനും സന്തോഷിക്കും. നിങ്ങള്‍ കഴിവുള്ളവരെങ്കില്‍ രാജ്യവും പ്രാപ്തമാകും'', പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. കര്‍ണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പരിപാടിയില്‍ പങ്കെടുത്തത്. .

ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് RRTS ഇടനാഴി

ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴിയുടെ 17 കിലോമീറ്റര്‍ മുന്‍ഗണനാ വിഭാഗം സാഹിബാബാദിനെ 'ദുഹായ് ഡിപ്പോ'യിലേക്ക് ഗാസിയാബാദ്, ഗുല്‍ദാര്‍, ദുഹായ് സ്റ്റേഷനുകൾ വഴി ബന്ധിപ്പിക്കും. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് 2019 മാര്‍ച്ച് 8-നാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്.

 

പുതിയ ലോകോത്തര ഗതാഗത അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിലൂടെ രാജ്യത്തെ പ്രാദേശിക സമ്പർക്കസൌകര്യം പരിവര്‍ത്തനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി വികസിപ്പിച്ചത്.  ഒരു പുതിയ റെയില്‍ അധിഷ്ഠിത, സെമി-ഹൈ-സ്പീഡ്, ഹൈ-ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്റ്റമാണ് ആര്‍ ആര്‍ ടി എസ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍,  ഒരു പരിവര്‍ത്തന, പ്രാദേശിക വികസന സംരംഭമായാണ് ആര്‍ ആര്‍ ടി എസ് വികസിപ്പിച്ചിട്ടുളളത്.  ഓരോ 15 മിനിറ്റ് ഇടവേളയിലും അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ ഉദ്ദേശിച്ചുള്ള ഇന്റര്‍ സിറ്റി സര്‍വീസ്, ആവശ്യമെങ്കില്‍  അഞ്ചു മിനിറ്റ് ഇടവേളയിലും നടത്താനാകും. 
ദേശീയ തലസ്ഥാന മേഖലയില്‍ മൊത്തം എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികള്‍ വികസിപ്പിക്കാന്‍ കണ്ടെത്തിയിട്ടുണ്ട്, അതില്‍ ഡല്‍ഹി - ഗാസിയാബാദ് - മീററ്റ് ഇടനാഴി, ഡല്‍ഹി - ഗുരുഗ്രാം - എസ്എന്‍ബി - അല്‍വാര്‍ ഇടനാഴി, ഡല്‍ഹി - പാനിപ്പത്ത് ഇടനാഴി ഉള്‍പ്പെടെ മൂന്ന് ഇടനാഴികള്‍  ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതില്‍ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് RRTS 30,000 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിച്ചിട്ടുള്ളത്. ഈ ഇടനാഴി ഗാസിയാബാദ്, മുറാദ്നഗര്‍, മോദിനഗര്‍ എന്നീ നഗര കേന്ദ്രങ്ങളിലൂടെ ഒരു മണിക്കൂറില്‍ താഴെ യാത്രാസമയത്തിനുള്ളില്‍ ഡല്‍ഹിയെ മീററ്റുമായി ബന്ധിപ്പിക്കും.

രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആര്‍ ആര്‍ ടി  എസ് , അത്യാധുനിക പ്രാദേശിക സഞ്ചാര പദ്ധതിയായും ലോകത്തിലെ ഏറ്റവും മികച്ചതുമായും  താരതമ്യപ്പെടുത്താവുന്നതാണ്. ഇത് രാജ്യത്ത് സുരക്ഷിതവും വിശ്വസനീയവും ആധുനികവുമായ ഇന്റര്‍സിറ്റി കമ്മ്യൂട്ടിംഗ് പരിഹാരങ്ങള്‍ നല്‍കും. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി, RRTS ശൃംഖലയ്ക്ക് റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ് സര്‍വീസുകള്‍ മുതലായവയുമായി വിപുലമായ മള്‍ട്ടി മോഡല്‍ സംയോജനം ഉണ്ടായിരിക്കും. ഇത്തരം പരിവര്‍ത്തനാത്മക പ്രാദേശിക സഞ്ചാര പരിഹാരങ്ങള്‍ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും; തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളും പ്രവേശനവും ഉറപ്പാക്കും. ഒപ്പം വാഹന തിരക്കും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ബെംഗളൂരു മെട്രോ
ബൈയപ്പനഹള്ളിയെ കൃഷ്ണരാജപുരയിലേക്കും കെങ്കേരിയെ ചള്ളഘട്ടയിലേക്കും ബന്ധിപ്പിക്കുന്ന രണ്ട് മെട്രോ സ്ട്രെച്ചുകള്‍ പ്രധാനമന്ത്രി ഔപചാരികമായി രാജ്യത്തിന് സമര്‍പ്പിക്കും. ഔപചാരികമായ ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ ഈ ഇടനാഴിയിലൂടെയുള്ള യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി 2023 ഒക്ടോബര്‍ 9 മുതല്‍ ഈ രണ്ട് മെട്രോ സ്ട്രെച്ചുകളും പൊതു സേവനത്തിനായി തുറന്നിരുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"