പുതുതായി വൈദ്യുതീകരിച്ച ഭാഗങ്ങളും പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും നാടിനു സമർപ്പിച്ചു
"വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും സമ്പർക്കസൗകര്യം വർധിപ്പിക്കുകയും ചെയ്യും"
"നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ കഴിഞ്ഞ 9 വർഷം അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ചു"
"ഞങ്ങളുടെ ഗവണ്മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിന് മുൻഗണന നൽകി"
"അടിസ്ഥാനസൗകര്യങ്ങൾ എല്ലാവർക്കുമുള്ളതാണ്, അത് വിവേചനം കാണിക്കുന്നില്ല. അടിസ്ഥാനസൗകര്യ വികസനമാണ് യഥാർഥ സാമൂഹ്യ നീതിയും യഥാർഥ മതനിരപേക്ഷതയും"
"അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളാണ്"
"വേഗതയ്ക്കൊപ്പം ഹൃദയങ്ങളെയും സമൂഹങ്ങളെയും അവസരങ്ങളെയും ജനങ്ങളുമായി കൂട്ടിയിണക്കുന്ന മാധ്യമമായി ഇന്ത്യൻ റെയിൽവേ മാറി"

അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് യാത്രയ്ക്ക് 5 മണിക്കൂർ 30 മിനിറ്റാകും എടുക്കുക. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മൂന്ന് വികസനപ്രവർത്തനങ്ങൾ ഒരുമിച്ച് പൂർത്തീകരിക്കുന്നതിനാൽ വടക്കുകിഴക്കൻ മേഖലയുടെ സമ്പർക്കസംവിധാനങ്ങൾക്ക് ഇന്നു മഹത്തായ ദിനമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഒന്നാമതായി, വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ആദ്യ വന്ദേഭാരത് എക്സ്‌പ്രസ്. പശ്ചിമ ബംഗാളിനെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസാണിത്. രണ്ടാമതായി, അസമിലെയും മേഘാലയയിലെയും ഏകദേശം 425 കിലോമീറ്റർ റെയിൽവേ പാത വൈദ്യുതവൽക്കരിച്ചു. മൂന്നാമതായി, അസമിലെ ലുംഡിങ്ങിൽ പുതിയ ഡെമു/മെമു ഷെഡ് ഉദ്ഘാടനം ചെയ്തു. ഈ സുപ്രധാന വേളയിൽ അസം, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവയ്ക്കൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഴുവൻ പൗരന്മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഗുവാഹത്തി-ന്യു ജൽപായ്ഗുരി വന്ദേ ഭാരത് ട്രെയിൻ അസമും പശ്ചിമ ബംഗാളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിനു കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് യാത്ര സുഗമമാക്കുകയും വിദ്യാർഥികൾക്ക് വലിയ നേട്ടങ്ങൾ നൽകുകയും വിനോദസഞ്ചാരം, വ്യവസായം എന്നിവയിൽ നിന്നുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഈ വന്ദേ ഭാരത് മാതാ കാമാഖ്യ ക്ഷേത്രം, കാസിരംഗ, മാനസ് ദേശീയോദ്യാനം, പോബിതോറ വന്യജീവി സങ്കേതം എന്നിവയിലേക്കുള്ള സമ്പർക്കസൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോങ്, മേഘാലയയിലെ ചിറാപുഞ്ചി, അരുണാചൽ പ്രദേശിലെ തവാങ്, പാസിഘട്ട് എന്നിവിടങ്ങളിലെ യാത്രയും വിനോദസഞ്ചാരസാധ്യതകളും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എൻഡിഎ ഗവൺമെന്റ് അധികാരത്തിലിരുന്ന 9 വർഷക്കാലത്തേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, ഈ വർഷങ്ങളിൽ രാജ്യം നിരവധി നേട്ടങ്ങളിലേക്കും നവ ഇന്ത്യക്കായുള്ള അഭൂതപൂർവമായ വികസനത്തിനും സാക്ഷ്യം വഹിച്ചെന്ന് അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട മഹത്തായ പാർലമെന്റ് മന്ദിരത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അത് ഇന്ത്യയുടെ ആയിരം വർഷം പഴക്കമുള്ള ജനാധിപത്യ ചരിത്രത്തെ ഭാവിയിലെ സമ്പന്നമായ ജനാധിപത്യവുമായി ബന്ധിപ്പിക്കുമെന്ന് പറഞ്ഞു. മുൻ ഗവണ്മെന്റുകളെക്കുറിച്ചു പരാമർശിക്കവേ, 2014ന് മുമ്പുള്ള അഴിമതികൾ ദരിദ്രരും വികസനത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളും ഏറ്റവും കൂടുതൽ ആഘാതം അനുഭവിച്ചതിന്റെ എല്ലാ റെക്കോർഡുകളും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ ഗവണ്മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നത്" - വീടുകൾ, കക്കൂസുകൾ, പൈപ്പിലൂടെയുള്ള കുടിവെള്ള കണക്ഷൻ, വൈദ്യുതി, വാതക പൈപ്പ്‌ലൈൻ, എയിംസ് വികസനം, അടിസ്ഥാനസൗകര്യ വികസനം, റോഡുകൾ, റെയിൽപാത, വ്യോമപാത, ജലപാത, തുറമുഖങ്ങൾ, മൊബൈൽ സമ്പർക്കസൗകര്യങ്ങൾ എന്നിവയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഗവണ്മെന്റ് പൂർണശക്തിയോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വികസനത്തിന്റെ അടിത്തറയായി മാറുകയും ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ വേഗത ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണെന്നും സൂചിപ്പിച്ചു. ദരിദ്രർ, പിന്നാക്കക്കാർ, ദളിതർ, ഗോത്രവർഗക്കാർ, സമൂഹത്തിലെ മറ്റ് പിന്നാക്കവിഭാങ്ങൾ എന്നിവരെ ശക്തിപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്നതാണ് ഈ അടിസ്ഥാനസൗകര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കുമുള്ളതാണ്; അത് വിവേചനം കാണിക്കുന്നില്ല” - ഈ തരത്തിലുള്ള വികസനം സാമൂഹ്യനീതിയുടെയും മതനിരപേക്ഷതയുടെയും സംശുദ്ധ രൂപമാണെന്ന് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യയുടെ കിഴക്കൻ - വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് പതിറ്റാണ്ടുകളായി അടിസ്ഥാനസൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 9 വർഷം മുമ്പുവരെ വൈദ്യുതിയോ ടെലിഫോണോ മികച്ച റെയിൽ - റോഡ് - വ്യോമ സമ്പർക്കസൗകര്യമോ ഇല്ലാതിരുന്ന ധാരാളം ഗ്രാമങ്ങളും കുടുംബങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സേവനമനോഭാവത്തോടെയുള്ള പ്രവർത്തനത്തിന്റെ ഉദാഹരണമാണു മേഖലയിലെ റെയിൽവേ സൗകര്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ റെയിൽവേ സൗകര്യങ്ങൾ ഗവണ്മെന്റിന്റെ വേഗതയുടെയും തോതിന്റെയും ഉദ്ദേശ്യത്തിന്റെയും തെളിവാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കോളനിവാഴ്ചക്കാലത്തു പോലും അസം, ത്രിപുര, ബംഗാൾ എന്നിവയെ റെയിൽവേയുമായി ബന്ധിപ്പിച്ചിരുന്നത് ഈ മേഖലയിലെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, സ്വാതന്ത്ര്യത്തിന് ശേഷവും, ഈ മേഖലയിലെ റെയിൽവേ വിപുലീകരണം അവഗണിക്കപ്പെട്ടു. ഒടുവിൽ 2014ന് ശേഷം നിലവിലെ ഗവണ്മെന്റിനുമേൽ ഈ ചുമതല വന്നുചേരുകയും ചെയ്തു.

വടക്കുകിഴക്കൻ ജനതയുടെ സംവേദനക്ഷമതയ്ക്കും സൗകര്യങ്ങൾക്കും താൻ ഏറ്റവും കൂടുതൽ മുൻഗണന നൽകിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഈ മാറ്റം വ്യാപകമായി അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ന് മുമ്പ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ശരാശരി റെയിൽ ബജറ്റ് ഏകദേശം 2500 കോടി രൂപയായിരുന്നു. ഇത് ഈ വർഷം നാലിരട്ടിയെന്ന നിലയിൽ 10,000 കോടി രൂപയിലേറെയായി വർധിച്ചു. ഇപ്പോൾ മണിപ്പുർ, മിസോറം, നാഗാലാൻഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. "വളരെ വൈകാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനനഗരങ്ങളും ബ്രോഡ്ഗേജ് ശൃംഖലയുമായി കൂട്ടിയിണക്കപ്പെടും"  - അദ്ദേഹം പറഞ്ഞു. "ഒരു ലക്ഷം കോടി രൂപയാണ് ഈ പദ്ധതികൾക്കായി ചെലവഴിക്കുന്നത്" - ശ്രീ മോദി പറഞ്ഞു.

"ഗവണ്മെന്റിന്റെ വികസന പ്രവർത്തനങ്ങളുടെ തോതും വേഗതയും അഭൂതപൂർവമാണ്" - അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ മുമ്പത്തേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് പുതിയ റെയിൽവേ പാതകൾ സ്ഥാപിക്കുന്നത്. റെയിൽ പാതകളുടെ ഇരട്ടിപ്പിക്കൽ മുമ്പത്തേതിനേക്കാൾ 9 മടങ്ങ് വേഗതയിൽ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 9 വർഷത്തിനുള്ളിലാണ് റെയിൽ പാത ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗവണ്മെന്റ് ആരംഭിച്ചതെന്നും അതു പൂർത്തീകരിക്കുന്നതിനായി ഗവണ്മെന്റ് വളരെ വേഗത്തിൽ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല വിദൂര പ്രദേശങ്ങളെയും റെയിൽവേയുമായി കൂട്ടിയിണക്കുന്നതിലേക്ക് നയിച്ച വികസനത്തിന്റെ വേഗതയെ പ്രധാനമന്ത്രി പ്രശംസിച്ചു. ഏകദേശം 100 വർഷത്തിന് ശേഷമാണ് നാഗാലാൻഡിന് രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത്, കുറഞ്ഞ വേഗതയിലൂടെ മാത്രം ട്രെയിനുകൾക്കു പോകാൻ കഴിയുമായതിരുന്ന നാരോ ഗേജ് പാത ഉണ്ടായിരുന്ന അതേയിടത്താണ് ഇപ്പോൾ, വന്ദേ ഭാരത് അർധ അതിവേഗ ട്രെയിനുകളും തേജസ് എക്സ്‌പ്രസും ഓടുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളുടെ ആകർഷണമായി മാറിയ ഇന്ത്യൻ റെയിൽവേയുടെ വിസ്താഡോം കോച്ചുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

"വേഗതയ്ക്കൊപ്പം ഹൃദയങ്ങളെയും സമൂഹങ്ങളെയും അവസരങ്ങളെയും ജനങ്ങളുമായി കൂട്ടിയിണക്കുന്ന മാധ്യമമായി ഇന്ത്യൻ റെയിൽവേ മാറി" - ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലെ ആദ്യ ട്രാൻസ്‌ജെൻഡർ ചായക്കട ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിൽ നിന്ന് മെച്ചപ്പെട്ട പെരുമാറ്റം പ്രതീക്ഷിക്കുന്നവർക്ക് മാന്യമായ ജീവിതം നൽകാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. 'ഒരു സ്റ്റേഷൻ, ഒരുൽപ്പന്നം' പദ്ധതിക്ക് കീഴിൽ, വടക്കുകിഴക്കൻ റെയിൽവേ സ്റ്റേഷനുകളിൽ 'പ്രാദേശികതയ്ക്കായുള്ള ആഹ്വാന'ത്തിന് ഊന്നൽ നൽകുന്ന കടകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് പ്രാദേശിക കരകൗശല വിദഗ്ധർക്കും കലാകാരർക്കും പുതിയ വിപണി പ്രദാനം ചെയ്യും. വടക്കുകിഴക്കൻ മേഖലയിലെ നൂറുകണക്കിന് സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തിയതിന്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. "സംവേദനക്ഷമതയുടെയും വേഗതയുടെയും ഈ സംയോജനത്തിലൂടെ മാത്രമേ വടക്കുകിഴക്കൻ മേഖല പുരോഗതിയുടെ പാതയിൽ മുന്നേറുകയും വികസിത ഇന്ത്യക്കു വഴിയൊരുക്കുകയും ചെയ്യൂ." - അദ്ദേഹം പറഞ്ഞു.

 

പശ്ചാത്തലം

അത്യാധുനിക വന്ദേ ഭാരത് എക്സ്‌പ്രസ് ഈ മേഖലയിലെ ജനങ്ങൾക്ക് വേഗത്തിലും സുഖസൗകര്യങ്ങളോടെയും സഞ്ചരിക്കാനുള്ള മാർഗമൊരുക്കും. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും ഉത്തേജനം പകരും. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രണ്ട് സ്ഥലങ്ങളെയും കൂട്ടിയിണക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു മണിക്കൂർ യാത്രാ സമയം ലാഭിക്കാൻ സഹായിക്കും. വന്ദേ ഭാരത് 5 മണിക്കൂർ 30 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുമ്പോൾ,  നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ അതേ യാത്ര പൂർത്തിയാക്കാൻ 6 മണിക്കൂർ 30 മിനിറ്റാണെടുക്കുന്നത്.

പുതുതായി വൈദ്യുതീകരിച്ച ഭാഗങ്ങളുടെ 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. ഉയർന്ന വേഗതയിൽ ഓടുന്ന ട്രെയിനുകൾ മലിനീകരണരഹിത ഗതാഗതത്തിനും ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കാനും സഹായിക്കും. വൈദ്യുത എൻജിനിൽ  ഓടുന്ന ട്രെയിനുകൾക്ക് മേഘാലയയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും  ഇത് തുറക്കും.

അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡെമു റേക്കുകൾ പരിപാലിക്കുന്നതിന് ഈ പുതിയ സൗകര്യം സഹായകമാകും. ഇത് ഇവയുടെ പ്രവർത്തനം മികച്ച രീതിയിലാക്കും. 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."