These Laws signify the end of colonial-era laws: PM Modi
The new criminal laws strengthen the spirit of - "of the people, by the people, for the people," which forms the foundation of democracy: PM Modi
Nyaya Sanhita is woven with the ideals of equality, harmony and social justice: PM Modi
The mantra of the Bharatiya Nyaya Sanhita is - Citizen First: PM Modi

പരിവർത്തനാത്മകമായ ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ചണ്ഡീഗഢിന്റെ സ്വത്വം, സത്യവും നീതിയും സ്ഥാപിക്കുന്ന ശക്തിയുടെ രൂപമായ ചണ്ഡീദേവി മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെയും മാതൃകയുടെയാകെ അടിസ്ഥാനം ഇതേ തത്വശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് വികസ‌ിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിന്റെയും ഇന്ത്യൻ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്നന്നതിന്റെയും സുപ്രധാന ഘട്ടത്തിലാണ് എന്നതിനാൽ ഇതു മഹത്തായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കായി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യക്ഷമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ നേർക്കാഴ്ച തത്സമയ പ്രദർശനത്തിലൂടെ തനിക്ക് ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. നിയമങ്ങളുടെ തത്സമയ പ്രദർശനമാതൃക  കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയ വേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ അറിയിച്ചു. ചണ്ഡീഗഢ് ഭരണസംവിധാനത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

 

രാജ്യത്തെ പുതിയ ന്യായസംഹിത തയ്യാറാക്കിയ നടപടിക്രമം ആ രേഖ പോലെ തന്നെ സമഗ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയുടെയും നിയമവിദഗ്ധരുടെയും കഠിനാധ്വാനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം നിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ പല ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരുടെ പിന്തുണയ്‌ക്കൊപ്പം സുപ്രീം കോടതിയിലെ നിരവധി ചീഫ് ജസ്റ്റിസുമാരുടെ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി, 16 ഹൈക്കോടതികൾ, ജുഡീഷ്യൽ അക്കാദമികൾ, നിയമ സ്ഥാപനങ്ങൾ, പൗര സമൂഹ സംഘടനകൾ, നിരവധി ചിന്തകർ തുടങ്ങി നിരവധി പങ്കാളികൾ സംവാദങ്ങളിലും ചർച്ചകളിലും ഏർപ്പെട്ടിട്ടുണ്ടെന്നും പുതിയ സംഹിതകൾക്കായി നിർദേശങ്ങളും ആശയങ്ങളും നൽകാൻ വർഷങ്ങളോളമുള്ള അവരുടെ വിപുലമായ അനുഭവം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ആധുനിക ലോകത്ത് രാഷ്ട്രത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിൽ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഓരോ നിയമത്തിന്റെയും പ്രായോഗിക വശങ്ങൾ പരിശോധിക്കുന്നതിനൊപ്പം തീവ്രമായ ചർച്ചകളും നടക്കുന്നുണ്ടെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ന്യായ സംഹിതയുടെ ഭാവി വശം പോലും ആലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീവ്രമായ ശ്രമങ്ങളെല്ലാം ചേർന്നാണു ന്യായ സംഹിതയുടെ നിലവിലെ രൂപം നമുക്കു നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട സുപ്രീം കോടതി, പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ, പ്രത്യേകിച്ച്, ബഹുമാനപ്പെട്ട എല്ലാ ജഡ്ജിമാർ എന്നിവർക്ക് പുതിയ ന്യായ സംഹിതയ്ക്കായുള്ള കൂട്ടായ ശ്രമങ്ങൾക്ക് ശ്രീ മോദി നന്ദി അറിയിച്ചു. മുന്നോട്ടുവന്ന് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ബാറിനും അദ്ദേഹം നന്ദി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ സജ്ജമാക്കിയ ഈ ന്യായസംഹിത ഇന്ത്യയുടെ നീതിന്യായ യാത്രയിലെ നാഴികക്കല്ലായി മാറുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ അടിച്ചമർത്തലിനും ചൂഷണത്തിനുമുള്ള മാർഗമായാണ് ക്രിമിനൽ നിയമങ്ങൾ ഉണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടി, 1857 ലെ രാജ്യത്തെ ആദ്യത്തെ പ്രധാന സ്വാതന്ത്ര്യസമരത്തിന്റെ ഫലമായി 1860 ൽ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) നിലവിൽ വന്നതായി അദ്ദേഹം പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ തെളിവു നിയമം അവതരിപ്പിക്കപ്പെടുകയും തുടർന്ന് സിആർപിസിയുടെ ആദ്യ ഘടന നിലവിൽ വരികയും ചെയ്തു. ഈ നിയമങ്ങളുടെ ആശയവും ലക്ഷ്യവും ഇന്ത്യക്കാരെ ശിക്ഷിക്കാനും അവരെ അടിമകളാക്കാനുമായിരുന്നെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും നമ്മുടെ നിയമങ്ങൾ ഒരേ ശിക്ഷാനിയമത്തിലും ശിക്ഷാ മനോഭാവത്തിലും ചുറ്റിത്തിരിഞ്ഞത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളിൽ നിയമങ്ങളിൽ മാറ്റങ്ങൾ വന്നെങ്കിലും അവയുടെ സ്വഭാവം അതേപടി തുടരുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അടിമത്ത മനോഭാവം ഇന്ത്യയുടെ പുരോഗതിക്കു വലിയ ആഘാതമേൽപ്പിച്ചുവെന്നും ശ്രീ മോദി പറഞ്ഞു.

 

ആ അധിനിവേശ മനോഭാവത്തിൽ നിന്ന് രാജ്യം ഇനി പുറത്തുവരണമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ദേശീയ ചിന്ത ആവശ്യമായി വരുന്ന രാഷ്ട്രനിർമാണത്തിൽ രാജ്യത്തിന്റെ ശക്തി ഉപയോഗിക്കണമെന്ന് അഭ്യർഥി ച്ചു. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അടിമത്ത മനോഭാവത്തിൽനിന്ന് മുക്തി നേടുമെന്ന് താൻ രാജ്യത്തോട് പ്രതിജ്ഞ ചെയ്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. പുതിയ ന്യായസംഹിതകൾ നടപ്പാക്കിയതോടെ രാജ്യം ആ ദിശയിൽ മറ്റൊരു ചുവടുവയ്പുകൂടി നടത്തിയതായി ശ്രീ മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ‘ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടെ’ എന്ന മനോഭാവമാണ് ന്യായസംഹിതയ്ക്കു കരുത്തേകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമത്വം,സൗഹാർദം, സാമൂഹ്യനീതി എന്നീ ആശയങ്ങളോടെയാണ് ന്യായസംഹിത നെയ്തതെന്ന് അഭിപ്രായപ്പെട്ട ശ്രീ മോദി, നിയമത്തിന്റെ മുന്നിൽ ഏവരും തുല്യരാണെങ്കിലും പ്രായോഗിക യാഥാർഥ്യം വ്യത്യസ്തമാണെന്ന് പറഞ്ഞു. നിയമങ്ങളെ ഭയപ്പെട്ടിരുന്ന പാവപ്പെട്ടവർ, കോടതിയിലേക്കും പൊലീസ് സ്റ്റേഷനിലേക്കും കടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ മനഃശാസ്ത്രത്തിൽ മാറ്റം വരുത്താൻ പുതിയ ന്യായസംഹിത പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമം സമത്വത്തിന്റെ ഉറപ്പാണെന്ന് ഓരോ പാവപ്പെട്ടവർക്കും വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന യഥാർഥ സാമൂഹ്യനീതിയുടെ സാക്ഷാത്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ന്യായസംഹിതയ്ക്കും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയ്ക്കും കുറ്റകൃത്യങ്ങൾക്കു വിധേയരാക്കപ്പെടുന്നവരോട് സംവേദനക്ഷമതയുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. രാജ്യത്തെ പൗരന്മാർ അതിന്റെ വിശദാംശങ്ങൾ അറിയേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നടക്കുന്ന തത്സമയ ഡെമോ കാണാൻ സദസ്സിനോട് ആഹ്വാനം ചെയ്ത ശ്രീ മോദി, ഇന്ന് ചണ്ഡീഗഢിൽ നടത്തിയ തത്സമയ ഡെമോ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് പ്രോത്സാഹിപ്പിക്കണമെന്നും സംപ്രേഷണം ചെയ്യണമെന്നും പറഞ്ഞു. പരാതി ലഭിച്ച് 90 ദിവസത്തിനകം, കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ഇരയാക്കപ്പെട്ടവർക്കു നൽകണം, എസ്എംഎസ് പോലുള്ള ഡിജിറ്റൽ സേവനങ്ങൾ വഴി ഈ വിവരങ്ങൾ നേരിട്ട് അവരിലേക്ക് എത്തും തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമങ്ങൾ ഉൾപ്പെടുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും ജോലിസ്ഥലത്തും വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉൾപ്പെടെയുള്ള സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക അധ്യായം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് നീതി സംഹിതകൾ ഉറപ്പാക്കിയതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കെതിരായ ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ ആദ്യ വാദംകേൾക്കൽ നടന്ന് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തണമെന്നും വാദം പൂർത്തിയായി 45 ദിവസത്തിനുള്ളിൽ വിധി പറയണമെന്നും രണ്ട് തവണയിൽ കൂടുതൽ മാറ്റിവയ്ക്കാതെ വിധി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

“പൗരൻ ആദ്യം എന്നതാണ് ന്യായസംഹിതയുടെ അടിസ്ഥാന മന്ത്രം” - ഈ നിയമങ്ങൾ പൗരാവകാശങ്ങളുടെ സംരക്ഷകരായി മാറുകയാണെന്നും ‘സുഗമമായ നീതിയുടെ’ അടിസ്ഥാനമാണെന്നും ശ്രീ മോദി പറഞ്ഞു. നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇപ്പോൾ സീറോ എഫ്ഐആർ നിയമവിധേയമാക്കിയെന്നും ഇപ്പോൾ എവിടെനിന്നും കേസ് രജിസ്റ്റർ ചെയ്യാമെന്നും അഭിപ്രായപ്പെട്ടു. ഇരയ്ക്ക് എഫ്ഐആറിന്റെ പകർപ്പ് നൽകാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും ഇര സമ്മതിച്ചാൽ മാത്രമേ പ്രതികൾക്കെതിരായ ഏത് കേസും പിൻവലിക്കൂവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ പൊലീസിന് ആരെയും സ്വന്തം നിലയിൽ തടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്നും അവരുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നത് ന്യായ സംഹിതയിൽ നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനവികതയും സംവേദനക്ഷമതയും പുതിയ ന്യായ സംഹിതയുടെ മറ്റ് പ്രധാന വശങ്ങളായി ഉയർത്തിക്കാട്ടിയ ശ്രീ മോദി, ഇപ്പോൾ പ്രതികളെ ശിക്ഷിക്കാതെ വളരെക്കാലം ജയിലിൽ അടയ്ക്കാൻ കഴിയില്ലെന്നും ഇപ്പോൾ 3 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്റെ കാര്യത്തിൽ മേലുദ്യോഗസ്ഥന്റെ സമ്മതത്തോടെ മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നും പറഞ്ഞു. ചെറിയ കുറ്റകൃത്യങ്ങൾക്കും നിർബന്ധിത ജാമ്യം അനുവദിക്കുന്ന വ്യവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ കുറ്റകൃത്യങ്ങളിൽ ശിക്ഷയുടെ സ്ഥാനത്ത് സാമൂഹ്യസേവനം എന്ന മാർഗവും നിലവിലുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് കുറ്റാരോപിതർക്ക് സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കനുസൃതമായി ക്രിയാത്മകമായ ദിശയിൽ മുന്നേറാൻ പുതിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ന്യായസംഹിത ആദ്യമായി കുറ്റവാളികളാകുന്നവരോട് വളരെ സംവേദനക്ഷമതയുള്ളതാണെന്നും ന്യായ സംഹിത നടപ്പാക്കിയതിന് ശേഷം, പഴയ നിയമങ്ങൾ കാരണം തടവിലാക്കപ്പെട്ട ആയിരക്കണക്കിന് തടവുകാരെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചതായും ശ്രീ മോദി പറഞ്ഞു. പുതിയ ന്യായസംഹിതകൾ പൗരാവകാശങ്ങളുടെ ശാക്തീകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീതിയുടെ ആദ്യ മാനദണ്ഡം സമയോചിതമായ നീതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, പുതിയ ന്യായ സംഹിത അവതരിപ്പിച്ചതിലൂടെ രാജ്യം അതിവേഗ നീതിയിലേക്ക് വലിയ കുതിച്ചുചാട്ടം നടത്തിയെന്ന് പറഞ്ഞു. ഏത് കേസിലും ഓരോ ഘട്ടവും പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ച്, ന്യായസംഹിതയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനും വേഗത്തിൽ വിധി പ്രസ്താവിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി നടപ്പാക്കിയ ന്യായസംഹിതയ്ക്ക് പക്വത പ്രാപിക്കാൻ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ചുരുങ്ങിയ സമയത്തിനുള്ളിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ഫലങ്ങൾ വളരെ തൃപ്തികരമാണെന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. വെറും 2 മാസവും 11 ദിവസവും കൊണ്ട് വാഹന മോഷണക്കേസ് പൂർത്തിയാക്കിയ ചണ്ഡീഗഢിലെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. ഒരു പ്രദേശത്ത് അശാന്തി പടർത്തിയ കേസിൽ പ്രതിക്ക് വെറും 20 ദിവസത്തിനുള്ളിൽ പൂർണമായ വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു. ഡൽഹിയിലെയും ബിഹാറിലെയും അതിവേഗ നീതിയുടെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. വേഗത്തിലുള്ള ഈ വിധികൾ ഭാരതീയ ന്യായസംഹിതയുടെ ശക്തിയും സ്വാധീനവും കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ പൗരന്മാരുടെ താൽപ്പര്യങ്ങൾക്കും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സമർപ്പിക്കപ്പെട്ട ഗവണ്മെന്റ് ഉണ്ടെങ്കിൽ മാറ്റങ്ങളും ഫലങ്ങളും ഉറപ്പാണെന്ന് ഈ മാറ്റം കാണിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നീതിക്കുവേണ്ടിയുള്ള തന്റെ ശക്തി എങ്ങനെ വർധിച്ചുവെന്ന് ഓരോ ഇന്ത്യക്കാരനും അറിയാൻ ഈ വിധികൾ രാജ്യത്ത് കഴിയുന്നത്ര ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയതും നിലവിലില്ലാത്തതുമായ കാലതാമസം സൃഷ്ടിച്ചിരുന്ന നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് ഇത് കുറ്റവാളികളെ ജാഗരൂകരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

"നിയമങ്ങളും വ്യവസ്ഥകളും കാലിക പ്രസക്തമാകുമ്പോൾ മാത്രമേ അവ ഫലപ്രദമാകൂ", ശ്രീ മോദി പറഞ്ഞു.  കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും രീതികൾ മാറിയതിനാൽ ഇന്ന് ആധുനികരീതിയിലുള്ള പുതിയ നിയമങ്ങൾ അവതരിപ്പിക്കേണ്ടത് ആവശ്യമായി വന്നു. ഡിജിറ്റൽ തെളിവുകൾ ഒരു പ്രധാന തെളിവായി സൂക്ഷിക്കാമെന്നും അന്വേഷണത്തിനിടെ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ മുഴുവൻ പ്രക്രിയയുടെയും വീഡിയോഗ്രാഫി നിർബന്ധമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന് ഉപയോഗപ്രദമായ ഇ-സാക്‌ഷ്യ, ന്യായ ശ്രുതി, ന്യായ സേതു, ഇ-സമ്മൺ പോർട്ടൽ തുടങ്ങിയ സംവിധാനങ്ങൾ  വികസിപ്പിച്ചിട്ടുള്ളതായും പറഞ്ഞു. ഇനി കോടതിക്കും പോലീസിനും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഫോണിൽ നേരിട്ടോ സമൻസ് നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷി മൊഴികളുടെ ഓഡിയോ-വീഡിയോ റെക്കോർഡിംഗും നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഡിജിറ്റൽ തെളിവുകളും കോടതിയിൽ സാധുവായിരുക്കുകയാണെന്ന്  സൂചിപ്പിച്ച ശ്രീ മോദി,  നീതി ലഭ്യമാക്കുന്നതിന് അത് അടിസ്ഥാനമായി മാറുമെന്നും കുറ്റവാളിയെ അറസ്റ് ചെയ്യുന്നതുവരെയുള്ള കാലതാമസം ഒഴിവാക്കാൻ സഹായിക്കുമെന്നും പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഈ മാറ്റങ്ങൾ ഒരുപോലെ പ്രധാനമാണെന്നും ഡിജിറ്റൽ തെളിവുകളുടെയും സാങ്കേതികവിദ്യയുടെയും സംയോജനം തീവ്രവാദത്തിനെതിരെ പോരാടാൻ നമ്മെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിയമത്തിലെ സങ്കീർണതകൾ കൊണ്ട്, അത് മുതലെടുക്കാൻ ഭീകരർക്കോ തീവ്രവാദ സംഘടനകൾക്കോ ​​കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിയമ സംഹിതകൾ എല്ലാ വകുപ്പുകളുടെയും കാര്യക്ഷമത വർധിപ്പിക്കുമെന്നും രാജ്യത്തിൻ്റെ പുരോഗതി വേഗത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയ മോദി, നിയമ തടസ്സങ്ങൾ മൂലം കുതിച്ചുയർന്ന അഴിമതി തടയാൻ ഇത് സഹായിക്കുമെന്നും എടുത്തുപറഞ്ഞു. നീതി ലഭ്യമാകുന്നതിലെ കാലതാമസം  ഭയന്ന്   മുൻകാലങ്ങളിൽ മിക്ക വിദേശ നിക്ഷേപകരും  ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയ്യാറായിരുന്നില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ ഈ ഭയം അവസാനിക്കുമ്പോൾ നിക്ഷേപങ്ങൾ വർദ്ധിക്കുമെന്നും അതുവഴി രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ നിയമം അവിടത്തെ പൗരന്മാർക്ക് വേണ്ടിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതുകൊണ്ടുതന്നെ നിയമ നടപടികളും പൊതുജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയുള്ളതായിരിക്കണം എന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പാളിച്ചകളും കുറ്റവാളികൾക്ക് എതിരെ സത്യസന്ധരായ ആളുകൾക്ക് നിയമനത്തിന് മുന്നിലെത്താനുള്ള ഭയവും ഉയർത്തിക്കാട്ടിയ ശ്രീ മോദി, പുതിയ ന്യായ സംഹിതകൾ  അത്തരം പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിച്ചതായി പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിലെ 1500-ലധികം പഴയ നിയമങ്ങൾ ഗവണ്മെന്റ് ഇല്ലാതാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നമ്മുടെ രാജ്യത്ത് പൗര ശാക്തീകരണത്തിൻ്റെ ഒരു മാധ്യമമായി നിയമം മാറുന്നതിന് നമ്മുടെ കഴ്ചപ്പാടുകളും വിശാലമാക്കേണ്ടതുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ചർച്ചകളും കൂടിയാലോചനകളും ഇല്ലാത്ത നിരവധി നിയമങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെയും മുത്തലാഖിൻ്റെയും ഉദാഹരണം പരാമർശിച്ചുകൊണ്ട്, ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നിട്ടുണ്ടെന്നും ശ്രീ മോദി വ്യക്തമാക്കി. ഇപ്പോൾ വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമം ചർച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരന്മാരുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്താൻ വേണ്ടി നിർമ്മിച്ച നിയമങ്ങൾക്കും അതേ പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2016-ലെ ദിവ്യാംഗരുടെ അവകാശ നിയമം നടപ്പിലാക്കിയ കാര്യം പരാമർശിച്ചുകൊണ്ട്, ഇത് ദിവ്യാംഗരെ ശാക്തീകരിക്കുക മാത്രമല്ല, സമൂഹത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും സംവേദനക്ഷമതയുള്ളതുമാക്കുന്നതിനുള്ള ഒരു കാമ്പയിൻ കൂടിയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരി ശക്തി വന്ദൻ നിയമം സമാനമായ വലിയ മാറ്റത്തിന് അടിത്തറയിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ ട്രാൻസ്‌ജെൻഡേഴ്‌സുമായി ബന്ധപ്പെട്ട നിയമങ്ങൾ, മധ്യസ്ഥ നിയമം, ജിഎസ്ടി നിയമം എന്നിവ ആവിഷ്കരിച്ചിട്ടുണ്ടെന്നും അതിൽ ക്രിയാത്മകമായ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ഏത് രാജ്യത്തിൻ്റെയും ശക്തി അതിൻ്റെ പൗരന്മാരാണ്, രാജ്യത്തെ നിയമം പൗരന്മാരുടെ ശക്തിയാണ്,” പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. ഇത് ജനങ്ങളെ നിയമം അനുസരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും നിയമത്തോടുള്ള പൗരന്മാരുടെ ഈ വിശ്വസ്തത രാജ്യത്തിൻ്റെ വലിയ സമ്പത്താണെന്നും ശ്രീ മോദി പറഞ്ഞു. പൗരന്മാരുടെ വിശ്വാസം തകരാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യായ സംഹിതയുടെ പുതിയ വ്യവസ്ഥകൾ അറിയാനും അതിന്റെ ഉള്ളറകൾ മനസ്സിലാക്കാനും എല്ലാ വകുപ്പുകളോടും, എല്ലാ ഏജൻസികളോടും, ഓരോ ഉദ്യോഗസ്ഥനോടും, ഓരോ പോലീസുകാരോടും ശ്രീ മോദി അഭ്യർത്ഥിച്ചു. ന്യായ സംഹിത ഫലപ്രദമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഗവൺമെന്റുകൾ സജീവമായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, സമൂഹത്തിൽ അതിന്റെ സ്വാധീനം  അങ്ങനെ ദൃശ്യമാകുമെന്നും പറഞ്ഞു. ഈ നിയമം വിഭാവനം ചെയ്യുന്ന പുതിയ അവകാശങ്ങളെക്കുറിച്ച് കഴിയുന്നത്ര ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ന്യായ സംഹിത കൂടുതൽ ഫലപ്രദമായി നടപ്പാക്കിയാൽ, രാജ്യത്തിന് മികച്ചതും ശോഭനവുമായ ഒരു ഭാവി നൽകാൻ നമുക്ക് കഴിയുമെന്നും, അത് നമ്മുടെ കുട്ടികളുടെ ഭാവിയും നമ്മുടെ  സേവന സംതൃപ്തി നിർണ്ണയിക്കുകയും ചെയ്യുമെന്നും പറഞ്ഞു. ഈ ദിശയിൽ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് രാഷ്ട്രനിർമ്മാണത്തിൽ നമ്മുടെ പങ്ക് വർദ്ധിപ്പിക്കുമെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചാണ്‌ ശ്രീ മോദി പ്രസംഗം ഉപസംഹരിച്ചത്. 

 

പഞ്ചാബ് ഗവർണറും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്ററുമായ ശ്രീ ഗുലാബ് ചന്ദ് കതാരിയ, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, രാജ്യസഭാ എംപി ശ്രീ സത്‌നം സിംഗ് സന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ രൂപമാറ്റം വരുത്തിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പിലാക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചണ്ഡീഗഡിൽ രാജ്യത്തിന് സമർപ്പിച്ചു.

സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ നീക്കം ചെയ്യുന്നതിനും ശിക്ഷയിൽ നിന്ന് നീതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നീതിന്യായ വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് മൂന്ന് നിയമങ്ങളുടെയും ആശയരൂപീകരണത്തിന് കാരണമായത്. ഇത് കണക്കിലെടുത്തുകൊണ്ട്  "സുരക്ഷിത സമൂഹം, വികസിത ഇന്ത്യ - ശിക്ഷയിൽ നിന്ന് നീതിയിലേക്ക്"എന്നതായിരുന്നു  ഈ പരിപാടിയുടെ പ്രമേയം.

 

2024 ജൂലൈ 1-ന് രാജ്യവ്യാപകമായി നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ, ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതൽ സുതാര്യവും കാര്യക്ഷമവും സമകാലിക സമൂഹത്തിൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യവുമാക്കാൻ ലക്ഷ്യമിടുന്നു. സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, വിവിധ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് നീതി ഉറപ്പാക്കൽ തുടങ്ങിയ ആധുനിക വെല്ലുവിളികളെ നേരിടാൻ പുതിയ ചട്ടക്കൂടുകൾ കൊണ്ടുവരികയും, ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ചരിത്രപരമായ പുനർനിർമ്മാണത്തെ ഈ നാഴികക്കല്ലായ പരിഷ്കാരങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ക്രിമിനൽ നീതിന്യായരംഗം എങ്ങനെ പുനർനിർമ്മിക്കുന്നുവെന്നു വെളിവാക്കുന്ന, ഈ നിയമങ്ങളുടെ പ്രായോഗിക വശങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. പുതിയ നിയമങ്ങൾ പ്രാവർത്തികമാക്കുന്ന ക്രൈം സീൻ അന്വേഷണത്തെ അവലംബിച്ചുകൊണ്ടുള്ള ഒരു തത്സമയ പ്രദർശനവും നടന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In young children, mother tongue is the key to learning

Media Coverage

In young children, mother tongue is the key to learning
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 11
December 11, 2024

PM Modi's Leadership Legacy of Strategic Achievements and Progress