സ്മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി
'' 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ് പുതിയ പാര്‍ലമെന്റ്''
''ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ സന്ദേശം ലോകത്തിന് നല്‍കുന്ന നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഇത്''
''ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ട് പോകുന്നു''
''പവിത്രമായ ചെങ്കോലിന്റെ അന്തസ്സ് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. സഭാ നടപടികളില്‍ ചെങ്കോല്‍ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും''
''നമ്മുടെ ജനാധിപത്യമാണ് നമ്മുടെ പ്രചോദനം, നമ്മുടെ ഭരണഘടനയാണ് നമ്മുടെ ദൃഢനിശ്ചയം''
'' നമ്മുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ മാനങ്ങള്‍ രൂപപ്പെടുത്തുന്ന കാലഘട്ടമാണ് അമൃത കാലം ''
''ഇന്നത്തെ ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ച് കലയുടെ ആ പ്രാചീന മഹത്വത്തെ ആശ്ലേഷിക്കുന്നു. ഈ ഉദ്യമത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ പുതിയ പാര്‍ലമെന്റ് മന്ദിരം''
''ഈ കെട്ടിടത്തിന്റെ ഓരോ കണികയിലും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യത്തിന് നാം സാക്ഷ്യം വഹിക്കുന്നു''
''തൊഴിലാളികളുടെ സംഭാവനകളെ അനശ്വരമാക്കുന്നത് ആദ്യമായി ഈ പുതിയ പാര്‍ലമെന്റിലാണ്''
''ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓരോ ഇഷ്ടികയും ഓരോ ചുവരും ഓരോ കണികയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമര്‍പ്പിക്കുന്നു'''
''140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയമാണ് പുതിയ പാര്‍ലമെന്റിനെ മൂര്‍ത്തമാക്കുന്നത്''

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ ദര്‍ശനം ചെയ്യുന്ന നന്ദിയോട് കൂടിയ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നേരത്തെ സ്ഥാപിച്ചു. അദ്ദേഹം വിളക്കില്‍ ദീപം തെളിക്കുകയും ചെങ്കോലില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തില്‍ അനശ്വരമായ ചില നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചില തീയതികള്‍ കാലത്തിന്റെ മുഖത്ത് അനശ്വരമായ ഒപ്പായി മാറുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി 2023 മേയ് 28 അത്തരത്തിലുള്ള ഒരു ദിന മാണെന്നും പറഞ്ഞു. '' അമൃത് മഹോത്സവത്തിനായി ഇന്ത്യയിലെ ജനങ്ങള്‍ അവര്‍ക്ക് തന്നെ ഒരു സമ്മാനം നല്‍കി'', അദ്ദേഹം പറഞ്ഞു. ഈ മഹത്തായ അവസരത്തില്‍ പ്രധാനമന്ത്രി എല്ലാവരെയും അഭിനന്ദിച്ചു.

ഇത് കേവലം ഒരു കെട്ടിടമല്ലെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. '' ലോകത്തിന് ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ സന്ദേശം നല്‍കുന്ന നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഇത്'', അദ്ദേഹം പറഞ്ഞു. ''ഈ പുതിയ പാര്‍ലമെന്റ് മന്ദിരം ആസൂത്രണത്തെ യാഥാര്‍ത്ഥ്യത്തിലേക്കും നയങ്ങളെ സാക്ഷാത്കരണത്തിലേക്കും, ഇച്ഛാശക്തിയെ നിര്‍വഹണത്തിലേക്കും, സങ്കല്‍പത്തെ സിദ്ധിയിലേക്കും ബന്ധിപ്പിക്കുന്നു'' അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മാദ്ധ്യമമാകും ഇത്. അത് സ്വയം പര്യാപ്‌ത  ഭാരതത്തിന്റെ സൂര്യോദയത്തിന് സാക്ഷ്യം വഹിക്കുകയും ഒരു വികസിത ഭാരതത്തിന്റെ സാക്ഷാത്കാരം കാണുകയും ചെയ്യും. പുരാതനവും ആധുനികവുമായ സഹവര്‍ത്തിത്വത്തിന്റെ ഉദാഹരണമാണ് ഈ പുതിയ കെട്ടിടമെന്നും പ്രധാനമന്ത്രി പറഞ്ഞു.

''പുതിയ പാതകളിലൂടെ അടിവച്ചാല്‍ മാത്രമേ പുതിയ മാതൃകകള്‍ സ്ഥാപിക്കാന്‍ കഴിയൂ'', നവഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും പുതിയ വഴികള്‍ ഒരുക്കുകയും ചെയ്യുന്നുവെന്ന് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. '' ഇവിടെ ഒരു പുതിയ ഊര്‍ജ്ജം, പുതിയ ഉന്മേഷം, പുതിയ ഉത്സാഹം, പുതിയ ചിന്ത, ഒരു പുതിയ യാത്ര എന്നിവ ഉണ്ട്. പുതിയ ദര്‍ശനങ്ങള്‍, പുതിയ ദിശകള്‍, പുതിയ പ്രതിജ്ഞകള്‍, ഒരു പുതിയ വിശ്വാസം എന്നിവയുമുണ്ട്'', ശ്രീ മോദി ഉദ്‌ഘോഷിച്ചു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിലേക്കും പൗരന്മാരുടെ മനോബലത്തിലും ഇന്ത്യയിലെ മനുഷ്യശക്തിയുടെ ജീവിതത്തിലേക്കും ആദരവോടും പ്രതീക്ഷയോടും കൂടി ലോകം ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ട് പോകും'', അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനത്തില്‍ നിന്ന് ലോകത്തിന്റെ വികസനത്തിനുള്ള പ്രചോദനമാകുമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു.
മഹത്തായ ചോള സാമ്രാജ്യത്തില്‍, കടമയുടെയും രാഷ്ട്രത്തിന്റെയും സേവന പാതയുടെ പ്രതീകമായാണ് ചെങ്കോലിനെ കണ്ടിരുന്നതെന്ന് വിശുദ്ധ ചെങ്കോലിന്റെ സ്ഥാപനത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജാജിയുടെയും അദീനങ്ങളുടെയും  നേതൃത്വത്തില്‍ ഈ ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ പവിത്രമായ പ്രതീകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ചടങ്ങിനെ ആശീര്‍വദിക്കാന്‍  അദീനങ്ങളിൽ നിന്നെത്തിയ സന്യാസിമാരെ പ്രധാനമന്ത്രി ഒരിക്കല്‍ കൂടി വണങ്ങി. ''ഈ വിശുദ്ധ ചെങ്കോലിന്റെ അന്തസ്സ് വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ  ഭാഗ്യമാണ്. സഭാ നടപടികളില്‍ ഈ ചെങ്കോല്‍ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും'', അദ്ദേഹം പറഞ്ഞു.

''ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്'', ആഗോള ജനാധിപത്യത്തിന്റെ പ്രധാന അടിത്തറ ഈ രാഷ്ട്രമാണെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായം മാത്രമായിരുന്നില്ല ജനാധിപത്യമെന്നും അത് ഒരു സംസ്‌കാരവും ചിന്തയും പാരമ്പര്യവുമാണെന്നുതിനും അദ്ദേഹം അടിവരയിട്ടു. ജനാധിപത്യ അസംബ്ലികളുടെയും കമ്മിറ്റികളുടെയും തത്വങ്ങള്‍ അത് നമ്മെ പഠിപ്പിക്കുന്നുവെന്ന് വേദങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മഹാഭാരതത്തില്‍ ഒരു റിപ്പബ്ലിക്കിന്റെ വിവരണം കണ്ടെത്താന്‍ കഴിയുമെന്ന് പരാമര്‍ശിച്ച അദ്ദേഹം, ഇന്ത്യയിലെ ജനാധിപത്യം വൈശാലിയില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്തുവെന്നും പറഞ്ഞു. ''ബസ്വേശ്വര ഭഗവാന്റെ അനുഭവ മണ്ഡപം നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയ എ.ഡി 900-ലെ ലിഖിതങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇക്കാലത്തും കാലഘട്ടത്തിലും ഇത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു. ''നമ്മുടെ ജനാധിപത്യമാണ് നമ്മുടെ പ്രചോദനം, നമ്മുടെ ഭരണഘടനയാണ് നമ്മുടെ ദൃഢനിശ്ചയം'', ഈ ദൃഢനിശ്ചയത്തിന്റെ ഏറ്റവും വലിയ പ്രതിനിധി ഇന്ത്യന്‍ പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള യാത്ര അവസാനിപ്പിക്കുന്നവരുടെ ഭാഗ്യവും അവസാനിക്കുന്നു, എന്നാല്‍ മുന്നോട്ട് പോകുന്നവരുടെ വിധി കുതിച്ചുകയറുമെന്ന് ഒരു ശ്ലോകം ചൊല്ലിക്കൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു.
വര്‍ഷങ്ങളുടെ അടിമത്തത്തിനും, വളരെയധികം നഷ്ടപ്പെടലുകള്‍ക്കും ശേഷം, യാത്ര പുനരാരംഭിച്ച ഇന്ത്യ അമൃത് കാലില്‍ എത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ മാനങ്ങള്‍ രൂപപ്പെടുത്തുന്ന കാലഘട്ടമാണ് അമൃത കാല്‍. രാഷ്ട്രത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്ന അമൃത് കാലാമാണിത്. എണ്ണമറ്റ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ അമൃത് കാലമാണ് ഇത്'' അദ്ദേഹം പറഞ്ഞു. ഒരു കവിതാശകലത്തിലൂടെ ജനാധിപത്യത്തിന് പുതിയ ജീവരക്തത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ടുകൊണ്ട്, ജനാധിപത്യത്തിന്റെ കാര്യാലയം, അതായത് പാര്‍ലമെന്റും പുതിയതും ആധുനികവുമായിരിക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ സമൃദ്ധിയുടെയും വാസ്തുവിദ്യയുടെയും സുവര്‍ണ കാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. നൂറ്റാണ്ടുകളുടെ അടിമത്തം ഈ മഹത്വം നമ്മില്‍ നിന്ന് കവര്‍ന്നെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ ആത്മവിശ്വാസത്താല്‍ നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്നത്തെ ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ച് കലയുടെ ആ പ്രാചീന മഹത്വത്തെ ആശ്ലേഷണം ചെയ്യുകയാണ്. ആ ഉദ്യമത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ പുതിയ പാര്‍ലമെന്റ് മന്ദിരം'', പ്രധാനമന്ത്രി പറഞ്ഞു. ഈ കെട്ടിടത്തിന് വിരാസത്തിനൊപ്പം(പൈതൃകം) വാസ്തു (വാസ്തുവിദ്യ)വുമുണ്ട്, കല (കല) യ്‌ക്കൊപ്പം കൗശലും (നൈപുണ്യം) ഉണ്ട്, സംസ്‌കൃതി (സംസ്‌കാരം) യ്‌ക്കൊപ്പം സംവിധാന്റെ (ഭരണഘടന) കുറിപ്പുകളും ഉണ്ട്. ലോക്‌സഭയുടെ അകത്തളങ്ങള്‍ ദേശീയ പക്ഷിയായ മയിലിനെയും രാജ്യസഭ ദേശീയ പുഷ്പമായ താമരയെയും പ്രമേയമാക്കിയവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് വളപ്പില്‍ ദേശീയ വൃക്ഷമായ ആല്‍മരമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ കെട്ടിടം. രാജസ്ഥാനില്‍ നിന്നുള്ള ഗ്രാനൈറ്റ്, മഹാരാഷ്ട്രയില്‍ നിന്നുള്ള തടി, ഭദോയ് കരകൗശല വിദഗ്ധരുടെ പരവതാനി എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. ''ഈ കെട്ടിടത്തിന്റെ ഓരോ കണികയിലും ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യത്തിന് നാം സാക്ഷ്യം വഹിക്കുന്നു'', അദ്ദേഹം പറഞ്ഞു.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ലമെന്റംഗങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സാങ്കേതിക സൗകര്യങ്ങളുടെ അഭാവവും സഭയിലെ ഇരിപ്പിടങ്ങളുടെ കുറവും മൂലം നേരിടുന്ന വെല്ലുവിളികളുടെ ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിറ്റാണ്ടുകളായി നടക്കുകയാണെന്നും പുതിയ പാര്‍ലമെന്റ് വികസിപ്പിക്കേണ്ടിയിരുന്നത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരംഅത്യാധുനിക സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്നതിലും ഹാളുകള്‍ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിലായതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ വേളയില്‍ 60,000 ശ്രമികുകള്‍ക്ക് (തൊഴിലാളികള്‍ക്ക് ) തൊഴില്‍ നല്‍കിയതായും അവരുടെ സംഭാവനകള്‍ എടുത്തുകാണിച്ചുകൊണ്ട് മന്ദിരത്തില്‍ പുതിയ ഗാലറി സ്ഥാപിച്ചിട്ടുണ്ടെന്നും പുതിയ പാര്‍ലമെന്റിന്റെ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ ശ്രമിക്കുമാരുമായുള്ള (തൊഴിലാളികളുമായുള്ള) ആശയവിനിമയം അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു. ''തൊഴിലാളികളുടെ സംഭാവനകള്‍ ആദ്യമായി അനശ്വരമാക്കുന്നത് പുതിയ പാര്‍ലമെന്റിലാണ്'' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഏതൊരു വിദഗ്ധനും ഈ 9 വര്‍ഷങ്ങളെ പുനര്‍നിര്‍മ്മാണത്തിന്റെയും ഗരീബ് കല്യാണിന്റെയും വര്‍ഷങ്ങളായി കണക്കാക്കുമെന്ന് കഴിഞ്ഞ 9 വര്‍ഷങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പുതിയ മന്ദിരത്തില്‍ അഭിമാനംകൊള്ളുന്ന ഈ വേളയില്‍ പാവപ്പെട്ടവര്‍ക്ക് 4 കോടി വീടുകള്‍ നല്‍കിയതിലെ സംതൃപ്തിയും തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, 11 കോടി ശൗചാലയങ്ങള്‍, ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിനായി 4 ലക്ഷം കിലോമീറ്ററിലധികം റോഡുകള്‍, 50,000-ത്തിലധികം അമൃത് സരോവറുകള്‍, 30,000-ലധികം പുതിയ പഞ്ചായത്ത് ഭവനുകള്‍ തുടങ്ങിയ നടപടികളില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ''പഞ്ചായത്ത് ഭവനങ്ങള്‍ മുതല്‍ പാര്‍ലമെന്റ് വരെ രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനം എന്ന ഒരേ ഒരു പ്രചോദനം മാത്രമാണ് ഞങ്ങളെ നയിച്ചത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചുവപ്പുകോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത് അനുസ്മരിച്ച പ്രധാനമന്ത്രി, ഓരോ രാജ്യത്തിന്റെയും ചരിത്രത്തില്‍ ആ രാജ്യത്തിന്റെ ബോധം ഉണര്‍ത്തുന്ന ഒരു സമയം വരുമെന്ന് പറഞ്ഞു. സ്വാതന്ത്ര്യത്തിന് 25 വര്‍ഷം മുമ്പ് ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് രാജ്യത്തെ മുഴുവന്‍ ഒരു വിശ്വാസത്തില്‍ നിറച്ച ഇത്തരമൊരു കാലം ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നതിന് അദ്ദേഹം അടിവരയിട്ടു. ''ഓരോ ഇന്ത്യക്കാരനെയും സ്വരാജ് എന്ന ദൃഢനിശ്ചയവുമായി ഗാന്ധിജി ബന്ധിപ്പിച്ചു. ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സമയമായിരുന്നു അത്'', അതിന്റെ ഫലമാണ് 1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചരിത്ര കാലഘട്ടവുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന സ്വതന്ത്ര ഇന്ത്യയിലെ ഒരു ഘട്ടമാണ് ആസാദി കാ അമൃത് കാല്‍ എന്നും ശ്രീ മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കും അതാണ് അമൃത് കാല്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.. ഓരോ പൗരന്റെയും സംഭാവനകള്‍ ഉപയോഗിച്ച് ഈ 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഇന്ത്യക്കാരുടെ വിശ്വാസം രാഷ്ട്രത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതിന് ചരിത്രം സാക്ഷിയാണ്'', ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അക്കാലത്ത് ലോകത്തിലെ പല രാജ്യങ്ങളിലും ഒരു പുതിയ അവബോധം ഉണര്‍ത്തിയിരുന്നുവെന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു. ''ഇന്ത്യയെപ്പോലെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ, വലിയ ജനസംഖ്യയുള്ള ഒരു രാജ്യംവിവിധ വെല്ലുവിളികളെ നേരിടുയും ഒരു വിശ്വാസത്തോടെ മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍, അത് ലോകത്തിലെ പല രാജ്യങ്ങള്‍ക്കും പ്രചോദനമാകും. ഇന്ത്യയുടെ ഓരോ നേട്ടവും വരും ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ രാജ്യങ്ങള്‍ക്കുള്ള നേട്ടമായി മാറും'', അദ്ദേഹം പറഞ്ഞു. വികസിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം മറ്റ് പല രാജ്യങ്ങളുടെയും ശക്തിയായി മാറുന്നതിനാല്‍ ഇന്ത്യയുടെ ഉത്തരവാദിത്തം വലുതാകുമെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു.

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന്റെ വിജയത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുമെന്നും വികസിത ഭാരതത്തിലേക്ക് എല്ലാവരെയും പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''രാഷ്ട്രം  ആദ്യം എന്ന മനോഭാവത്തോടെ നാം  മുന്നേറേണ്ടതുണ്ട്. കടമയുടെ പാതയെ നാം എല്ലാറ്റിനുമുപരിയായി നിലനിര്‍ത്തേണ്ടതുണ്ട്. നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ട് നമ്മുടെ പെരുമാറ്റത്തില്‍ നാം ഒരു മാതൃകയായിരിക്കണം. നാം  സ്വന്തം വഴിയിലൂടെ അടിവയ്ക്കണം'', അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് പുതിയ പാര്‍ലമെന്റ് നവ ഊര്‍ജവും ശക്തിയും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ തൊഴിലാളികൾ  പാര്‍ലമെന്റിനെ ഇത്രയധികം ഗംഭീരമാക്കിയപ്പോള്‍, തങ്ങളുടെ സമര്‍പ്പണത്തോടെ അതിനെ ദൈവികമാക്കേണ്ടത് പാര്‍ലമെന്റംഗങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ദൃഢവിശ്വാസമാണ് പാര്‍ലമെന്റിനെ പവിത്രമാക്കുന്നതെന്ന് പറഞ്ഞു. ഇവിടെ എടുക്കുന്ന ഓരോ തീരുമാനവും വരും നൂറ്റാണ്ടുകളെ മോഡിയാക്കുകയും വരും തലമുറകളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. പാവപ്പെട്ടവരുടെയും ദളിതരുടെയും പിന്നോക്കക്കാരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും അംഗപരിമിതരുടെയും സമൂഹത്തിലെ അവശത അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളുടെയും ശാക്തീകരണത്തിന്റെ പാത ഈ പാര്‍ലമെന്റിലൂടെയാകും കടന്നുപോകുമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ''ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓരോ ഇഷ്ടികയും ഓരോ ഭിത്തിയും ഓരോ കണികയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമര്‍പ്പിക്കുന്നു'', ശ്രീ മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍, ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിര്‍മ്മിക്കുന്ന പുതിയ നിയമങ്ങള്‍ ഇന്ത്യയെ ഒരു വികസിത രാഷ്ര്ടമാക്കി മാറ്റുമെന്നും ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനും രാജ്യത്തെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പാര്‍ലമെന്റിന്റെ പുതിയ മന്ദിരം സമൃദ്ധവും ശക്തവും വികസിതവുമായ ഒരു നവഇന്ത്യയുടെ സൃഷ്ടിക്ക് അടിത്തറയായിരിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''ഇത് നയത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും അന്തസ്സിന്റെയും കടമയുടെയും പാതയിലൂടെ സഞ്ചരിക്കുകയും കൂടുതല്‍ ശക്തമാവുകയും ചെയ്യുന്ന ഇന്ത്യയാണ്'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ ഹരിവംശ് നാരായണ്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi